Image

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേയില്ല

Published on 27 February, 2020
'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേയില്ല

കൊച്ചി: 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേയില്ല. പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമൂതിരിയുടെ പടത്തലവന്‍ കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം പ്രമേയമായ സിനിമയുടെ റിലീസ് തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.


സിനിമ കുടുംബത്തേയും കുഞ്ഞാലി മരയ്ക്കാറെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച്‌ മരയ്ക്കാറുടെ പിന്‍മുറക്കാരിയും കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിയുമായ മുഫീദ അറാഫത്ത് മരയ്ക്കാറാണ് കോടതിയെ സമീപിച്ചത്. സിനിമയ്ക്കെതിരെ ഹര്‍ജിക്കാരി നല്‍കിയ പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയോ എന്നറിയിക്കാന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. വിഷയം കലയുമായി ബന്ധപ്പെട്ടതാണെന്നും എല്ലാ ആവിഷ്കാര സ്വാതന്ത്ര്യത്തിലും ഇടപെടാനാവില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

സിനിമയില്‍ കുഞ്ഞാലി മരയ്ക്കാറുടെ യഥാര്‍ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷത്തിന് കാരണമാവുമെന്നും സമുദായ സൗഹാര്‍ദം തകരുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവയ്ക്കുമെന്നുമാണ് ഹര്‍ജിയിലെ ആരോപണം.


മാര്‍ച്ച്‌ 26 ന് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നതിനു ഇടയിലാണ് ഹൈക്കോടതിയില്‍ ഈ ഹര്‍ജി എത്തിയത്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും 'മരക്കാര്‍' എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

നൂറുകോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക