'എന്നാ ഒരു കോലംകെട്ട ഇരുപ്പാ ഇത് ? പൂമുഖ വാതിലില്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളിന്റെ വകയാണു ചോദ്യം.
അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെ, ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോഡിജി, മോടിയോടെ വരവേല്‍ക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം വീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു ഞാന്‍. ട്രമ്പിനെ സ്വീകരിക്കുവാന്‍ വേണ്ടി, ഗുജറാത്തിന്റെയും, ഡല്‍ഹിയുടെയും മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. ഗുജറാത്തിലെ ചേരികളെല്ലാം മതിലുകെട്ടി മറച്ചു. മതിലുപണി ട്രമ്പിനും, മോഡിയ്ക്കും ഒരു ഹരമാണ്. തെരുവുനായ്ക്കളെ പോലീസുകാര്‍ ഓടിച്ചിട്ടു പിടിച്ചു. എത്തേണ്ടടത്ത് എത്തിച്ചു. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കന്നുകാലികളെയെല്ലാം ഗോസംരക്ഷണശാലയിലെത്തിച്ചു. മൂന്നു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന റോഡ് ഷോയ്ക്കു ചിലവായത് ഏകദേശം 100 കോടി രൂപാ-കാശു പോയെങ്കിലെന്താ? ഗുജറാത്ത് മിന്നി-മിന്നിത്തിളങ്ങി.
ട്രമ്പിനും, ട്രമ്പിന്റെ കൈകോര്‍ത്ത് കരാട്ടെ വേഷത്തിലെത്തിയ ഭാര്യ മെലനിയക്കും ലോകം ഇന്നുവരെ ഒരു നേതാവിനും നല്‍കാത്ത ഒരു രാജകീയ വരവേല്‍പ്പാണ് മോദിജി ഒരുക്കിയത്. ദോഷം പറയരുതല്ലോ- അത് ഒരു ഒന്ന് ഒന്നര റോഡ്ഷോ ആയിരുന്നു. ഷോ കാണിക്കുന്നെങ്കില്‍ ഇങ്ങനെ വേണം.
'ഞാന്‍ ചോദിച്ചതു കേട്ടില്ലേ? നിങ്ങള്‍ക്ക് ഒന്നു വൃത്തിക്കു നടന്നാല്‍ എന്താ കുഴപ്പം?'- ഭാര്യയുടെ അനുബന്ധ ചോദ്യം.
എന്റെ നിലവാരത്തിനനുസരിച്ച് ഞാന്‍ വൃത്തിക്കു തന്നെയാണു നടക്കുന്നതെന്നാണ് എന്റെ വിശ്വാസം. കുളിയും ജപവുമെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ട്.
'എന്റെ വൃത്തിക്ക് എന്താവാടി ഒരു കുഴപ്പം?'
എന്റെ ശുതിത്വം ചോദ്യം ചെയ്തത് എനിക്കത്ര പിടിച്ചില്ല.
'ഓ ഒരു കുഴപ്പവുമില്ല. ആ നരച്ച മുടിയും മീശയുമൊക്കെയൊന്നു കറപ്പിച്ചുകൂടേ? അതൊക്കെ കേരളത്തിലെ മന്ത്രിമാരേയും, നേതാക്കന്മാരേയും കണ്ടു പഠിക്കണം- നിങ്ങളേക്കാള്‍ പ്രായമുള്ളവരാണ് അവരില്‍ പലരും-അവരുടെയൊക്കെ തല കണ്ടിട്ടുണ്ടോ? കരിക്കലം കമഴ്ത്തിയതു പോലെ! എന്തു ഭംഗിയാ കാണാന്‍?'
'വൃദ്ധന്മാരുടെ നര അവരുടെ ഭൂക്ഷണം'എന്നുള്ള വേദവാക്യമൊന്നും ഇവള് വായിച്ചിട്ടില്ലയോ?
എനിക്കാണെങ്കില്‍ ആവശ്യത്തിനു നരയും, അത്യാവശ്യത്തിനു കക്ഷണ്ടിയുമുണ്ട്.
'അതെന്താ-നിനക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ കാരണം?'-ഞാനൊരു സംശയം ചോദിച്ചു. കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വേണമല്ലോ!
'നാളെയല്ലില്ലെ ഞങ്ങടെ കൊച്ചപ്പന്റെ കൊച്ചുമോടെ കല്യാണം. ഒരു കിളവനാണ് എന്നെ കല്യാണം കഴിച്ചതെന്ന് അവരറിഞ്ഞാല്‍ എനിക്കാണതിന്റെ കുറച്ചില്- അവിടെ വരുന്നവരൊക്കെ അല്പം സ്വല്പം മെനയുള്ളതാ അല്ലാതെ നിങ്ങളുടെ വീട്ടുകാരേപ്പോലെയല്ല!'
'എന്തുവാടി എന്റെ വീട്ടുകാര്‍ക്കൊരു കുഴപ്പം?' എന്നൊരു ചോദ്യത്തോടു കൂടി അവളുടെ പ്രസ്താവന ഞാന്‍ ഏറ്റു പിടിച്ചാല്‍, അതൊരു വഴക്കിലെ അവസാനിക്കൂ എന്ന് എനിക്കറഇയാം-അതുകൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു.
ഏതായാലും ഭാര്യയുടെ ആഗ്രഹമല്ലേ- വയസുകാലത്ത്് എന്നെ ഒന്നു മിനുക്കിയെടുക്കണമെന്ന്-സംഗതി നടക്കട്ടെ! 'എന്നാലും ഈ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?' എന്ന ചോദ്യം എന്റെ മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു.
'അതിനിപ്പം ഇനി കളറൊക്കെ വാങ്ങിയ്ക്കേണ്ടേ?'
'അതൊക്കെ ഞാനിന്നലെ ഷോപ്പിംഗിനു പോയപ്പോള്‍ വാങ്ങിച്ചു.' അവള് രണ്ടും കല്പിച്ചാണ് പുറപ്പാട്.
'എന്നാലതിങ്ങു താ- കുറച്ചു കഴിഞ്ഞ് ഞാന്‍ പുരട്ടിക്കൊള്ളാം-'
'അതു വേണ്ടാ- ഞാന്‍ തന്നെ പുരട്ടിത്തരാം- എങ്കിലേ ശരിയാകത്തൊള്ളൂ.'
പിടിച്ച പിടിയാലേ അവളെന്നെ ബാത്തുറൂമിലേക്കു കൊണ്ടു പോയി- ഷാമ്പൂ പോലെ എന്തോ ഒന്ന് കൈയിലിട്ടു പതപ്പിച്ചു-എന്നിട്ട് എന്റെ തലയില്‍ ശരിക്കും പുരട്ടി. അതു കഴിഞ്ഞ് നെഞ്ചത്ത്-കൈയില്‍- നെഞ്ചത്ത് ആകപ്പാടെ വിരലില്‍ എണ്ണാവുന്ന രോമങ്ങളേയുള്ളൂ എനിക്ക് -
'ഇതൊക്കെ തൊലിപ്പുറത്തു പുരണ്ടാല്‍ അവിടെയെല്ലാം കറുത്തിരിക്കില്ലേ?' -വീണ്ടും എനിക്കു സംശയം.
'അതാണ് ഈ ഷാംമ്പൂവിന്റെ ഒരു മെച്ചം-നരച്ച രോമങ്ങളില്‍ മാത്രമേ ഇതു പിടിക്കയുള്ളൂ- ബാക്കിയൊക്കെ കഴുകുമ്പോള്‍ പൊയ്ക്കൊള്ളും-'
ദേഹമാകെ കരിവാരി തേച്ചു, ഒരു ആദിവാസി മൂപ്പന്റെ ലുക്കോടെ ഞാന്‍ കസേരയിലിരിപ്പാണ്- പതിനഞ്ചു മിനിറ്റ് ഇരിക്കണം.
കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെയുമിവിടെയുമൊക്കെ ചൊറിച്ചില്‍ തുടങ്ങി. ചുണ്ടു തടിച്ചു മലര്‍ന്നു- മൂക്കു ചുവന്നു തുടുത്തു- നെഞ്ചിലും, കൈയിലും, കവിളിലുമെല്ലാം മസൂരി പിടിച്ചതു പോലെ ചെറിയ കുമിളകള്‍.
'എടീ- എന്താ എന്റെ മേലെല്ലാം ചൊറിയുന്നുണ്ടല്ലോ!' അതു ചൊറിച്ചലു വന്നതുകൊണ്ടായിരിക്കാം-' അതു പറഞ്ഞിട്ട് അവള് ഒന്നു ചിരിച്ചു.
'ചൊറിയുന്ന വര്‍ത്തമാനം പറയാതെ ഇതൊന്നു നോക്ക്-'
അവള് വന്നു- വാ പൊളിച്ചുപോയി എന്നെ കണ്ടപ്പോള്‍-
'കര്‍ത്താവേ! ഇങ്ങേര്‍ക്ക് ഇത് അലേര്ജിയാ- പെട്ടെന്നു കുളിക്ക്.
ഞാന്‍ പെട്ടെന്നു തന്നെ കുളിച്ചു തോര്‍ത്തിയിട്ട് കണ്ണാടിയില്‍ നോക്കി.
ഷാംമ്പു പുരട്ടിയിടമെല്ലാം കറുത്തിരിക്കുന്നു. നെഞ്ചും വയറും പടച്ചട്ടയണിഞ്ഞ പടയാളിയെപ്പോലെ! തലയുടെ പിന്നാമ്പുറ കഷണ്ടി ഭാഗത്ത് യഹൂദന്റെ കറുത്ത പപ്പടത്തൊപ്പി കമഴ്ത്തിയപോലെ! മൂക്കിന്റെ തുമ്പത്ത് ചില പട്ടിയ്ക്കും പൂച്ചയ്ക്കുമുള്ളതുപോലെ ഒരു കറുത്ത ചുട്ടി-
എന്റെയീ കോലം കണ്ട ഭാര്യ ചിരിയടക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ട്- ചെപ്പക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുക്കുവാന്‍ കൈതരിച്ചെങ്കിലും, അതിന്റെ പിന്നാലെ വരുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്ത്തപ്പോള് അതു വേണ്ടായെന്നു കാച്ചി-
ഈയൊരു കോലത്തില്‍ ഞാന്‍ എങ്ങിനെയാ കല്യാണത്തിനു വരുന്നത്?'- ആ മംഗളകര്‍മ്മത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുവാന് ഞാനൊരു ശ്രമം നടത്തി.
അതു സാരമില്ല- ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇട്ടാല്‍ മതി. മുഖത്ത് കുറച്ചധികം പൗഡറുമിടാം- ആള്‍ക്കൂട്ടത്തിനിടയില്‍ ആരും അതൊന്നും ശ്രദ്ധിക്കത്തില്ലെന്നേ- 'പിന്നെ എന്റെ കൂടെ നടക്കണ്ടാ- അല്പം അകലം പാലിച്ചു നടന്നാല്‍ മതി-'
ഏതായാലും വരാനുള്ളത് വന്നു- ഇനി ഏതായാലും ഫുഡ് കഴിച്ചിട്ടേ പോകുന്നുള്ളൂ. ആഹാരം കഴിക്കുവാന്‍ നേരത്ത് ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചു. പെട്ടെന്ന് എന്റെ ടേബിളിലിരുന്നവര് എന്റെ കൈയിലേക്കു നോക്കി പരസ്പരം എന്തോ പിറുപിറുക്കുന്നു.
'ചേട്ടന് ഈയിടെ ചൈനയിലെങ്ങാനും പോയിരുന്നോ?' ഒരു വിരുതന് കുശലം ചോദിച്ചു-
'ഇല്ല- എന്താ ചോദിച്ചത്?'
'അല്ല- കൈയ്യലേം മുഖത്തേം പാടു കണ്ടതു കൊണ്ടു ചോദിച്ചതാ- ഇനി വല്ല 'കൊറോണാ' മറ്റോ ആണോ?' പെട്ടെന്നു തന്നെ എന്റെ ടേബിളിലിരുന്നവര് സ്ഥലം കാലിയാക്കി.
പ്രസിഡന്റ് ട്രമ്പ് ഒരു പക്കാ ബിസിനസുകാരനാണ്. സ്വീകരണത്തിന്റെ തിരക്കെല്ലാം കഴിഞ്ഞപ്പോള്‍, അദ്ദേഹം മോദിജിയെ തന്റെ പ്രൈവറ്റ് റൂമിലേക്കു വിളിച്ചു. കതകിനു കുറ്റിയിട്ട ശേഷം അദ്ദേഹം കൂടെ കൊണ്ടു വന്ന ബ്രീഫ് കേസ് തുറന്നു കാണിച്ചു.
'മലപ്പുറം കത്തി, അമ്പും വില്ലും, മെഷീന് ഗണ്ണ്, റേഡിയോ ബോംബ്- ഇഷ്ടമുള്ളത് എടുത്ത്ു കൊള്ളുക'- കളിപ്പാട്ടം കണ്ട കൊച്ചുകുട്ടിയേപ്പോലെ മോഡിജിയുടെ കണ്ണുകള്‍ വികസിച്ചു.
'എല്ലാം കുറേശ്ശ വേണമെന്നുണ്ട്- ഈയിടെയായി കാശിന്റെ കാര്യത്തില്‍ അല്പം പരുങ്ങലിലാ-'
'അതൊന്നും സാരമില്ലെന്നേ! തല്ക്കാലം പലിശ തന്നാല്‍ മതി- മുതലു പിന്നീടു ഞാന്‍ മൊതലാക്കിക്കൊള്ളാം-' കൊല്ലനുമറിഞ്ഞില്ല- കൊല്ലത്തിയുമറിഞ്ഞില്ല- മുന്നൂറു കോടി ഡോളറിന്റെ ആയുധക്കരാറില്‍ രണ്ടു പേരും വിരല്‍ പതിപ്പിച്ചു.
കിലോയ്ക്ക് മുപ്പതിനായിരം രൂപാ വിലയിലുള്ള ഹിമാലയന്‍ കേറാല് കൂണുകറിയും കൂട്ടി, അവര്‍ സദ്യ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഡെല്‍ഹിയുടെ മറ്റൊരു ഭാഗം വര്‍ഗ്ഗീയ കലാപത്താല്‍ കത്തിയെരിയുകയായിരുന്നു.
ഇവിടെ പാലു കാച്ചില്, അവിടെ പുര കത്തല്' ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനോട് ഒരപേക്ഷ-
'നന്ദി-വീണ്ടും-വരിക-'