Image

ബിഗ്‌ബോസ്സ് (കഥ:സൂസന്‍ പാലാത്ര)

Published on 27 February, 2020
ബിഗ്‌ബോസ്സ് (കഥ:സൂസന്‍ പാലാത്ര)
ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള പതിവു പ്രാര്‍ത്ഥന നടത്തി. ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ ഒരു ഉള്‍വിളി. ഫോണെടുത്തു.മെയില്‍ ഒന്നു പരിശോധിച്ചു.  കര്‍ത്താവേ, വിശ്വസിക്കാന്‍ പ്രയാസം. ബിഗ് .ബോസ് സീസണ്‍ 2 ല്‍, തനിക്ക്. ഹയ്യോ ഫോണ്‍ ഓഫായി. ചാര്‍ജ്ജുതീര്‍ന്നു. രാത്രിയില്‍ ചാര്‍ജു കുത്താറില്ല, മെസേജ് വായിക്കണം. എന്തൊരു കഷ്ടകാലം കറന്‍റു പോയി. കുറേനേരം പവര്‍ ബാങ്ക് തപ്പി നടന്നു. കിട്ടിയില്ല. ഭര്‍ത്താവും മകളും നല്ല ഉറക്കത്തിലാണ്. രണ്ടു പേരെയും കുലുക്കി വിളിച്ചു. ഭര്‍ത്താവ് ഒച്ചയിട്ടു:
" പോയിക്കിടന്നുറങ്ങെടീ"

" മോളെ അമ്മയ്ക്ക് ബിഗ് ബോസ്സില്‍ കിട്ടിയെടീ "  മകളെ വിളിച്ചുണര്‍ത്താന്‍ പാടുപെട്ടു.
"പൊന്നമ്മേ ശല്യം ചെയ്യാതെ, ഞാനൊന്നു റങ്ങിക്കോട്ടെ "
അമ്മയ്ക്ക് "ബിഗ് ബോസ്സില്‍ കിട്ടിയെടീ "
"ഓ ബിഗ് ബോസ്സ് കോപ്പ്
പോയിക്കിടന്നുറങ്ങാന്‍ നോക്ക് "
അവള്‍ തിരിഞ്ഞു കിടന്നു. പുതപ്പെടുത്ത് തലമൂടി, ക്ഷണത്തില്‍ കൂര്‍ക്കം വലിയും തുടങ്ങി.

നാളെത്തന്നെ ബാങ്കില്‍ കൊണ്ട് പണയം വച്ച് പണമുണ്ടാക്കണം. കുറേ ദിവസം ധരിക്കാന്‍ ഉള്ള ഡ്രസ്സും അത്യാവശ്യ സാധനങ്ങള്‍ എല്ലാം വാങ്ങണം. കരാറില്‍പ്പറഞ്ഞിരിക്കുന്നത് ദിവസം മുപ്പത്തയ്യായിരം വച്ചു തരുമെന്നാണ്. അത്രയുമൊന്നും വേണ്ട. ദിവസം ഇരുപതിനായിരം വച്ചു കിട്ടിയാല്‍ മതിയെന്നാണ് കൊതിച്ചത്. പക്ഷേ ഇത്രേം കിട്ടിയല്ലോ. അത്യാവശ്യ കടങ്ങള്‍ വീട്ടാം. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ കേടുപാടുകള്‍ തീര്‍ക്കണം. രണ്ടു പെണ്‍മക്കളെയും നല്ല നല്ല രീതിയില്‍ കെട്ടിച്ചയയ്ക്കണം. അത്യാവശ്യം തുക കൊടുത്ത് ഭര്‍ത്താവിന് ഒരു കച്ചവടം ഇട്ടു കൊടുക്കണം. സൂസന്‍  സ്വപ്നങ്ങളില്‍ മുഴുകി.

       ആദ്യ ദിനത്തില്‍ സ്വയം പരിചയപ്പെടുത്താന്‍ പറയുമ്പോള്‍ ഈ  ദാരിദ്യക്കഥയൊന്നും പറയില്ല. പ്രേക്ഷകര്‍ക്കു് ഇഷ്ടമാവില്ല. പ്രേക്ഷകരെ കയ്യിലെടുക്കണം. രജിത് കുമാറിന് ബിഗ്‌ബോസ്സിന് പുറത്ത് ഭയങ്കര ഫാനാണ്. അദ്ദേഹത്തോട് നല്ല അടുപ്പം സ്ഥാപിക്കണം. പക്ഷേ ലാലേട്ടന്‍ പറഞ്ഞല്ലോ 24 മണിക്കൂറിലെ കാര്യങ്ങളില്‍ നിന്ന് എഡിറ്റ് ചെയ്ത് ഒന്നര മണിക്കൂറേ കാണിയ്ക്കുന്നുള്ളൂവെന്ന്.  തന്റെ സ്വഭാവം വച്ചാണേല്‍ സത്യത്തിനു മാത്രമേ കൂട്ടുനില്ക്കാന്‍ പറ്റൂ. അപ്പോള്‍ ഉള്ളിലുള്ളവരോട് പറ്റിച്ചേര്‍ന്നില്ലേല്‍ അവര്‍ നോമിനേറ്റ് ചെയ്യും. രജിത് സാറിന്റെ ഫാന്‍സ് അദ്ദേഹത്തിനു മാത്രേ വോട്ടു കൊടുക്കൂ. പിന്നെ താന്‍ അംഗമായ  വിവിധ വാട്‌സാപ്പ് കൂട്ടായ്മകള്‍ എഫ് ബി കൂട്ടായ്മകള്‍ ഉണ്ട്. പക്ഷേ വിരലേലെണ്ണാനുള്ളവരെ വോട്ടു തരൂ എന്നും വരാം. എന്തായാലും നേരം പുലരട്ടെ. എല്ലാ ഗ്രൂപ്പിലും കേറി എല്ലാവര്‍ക്കും ലൈക്കും കമന്റ്‌സും സ്‌നേഹവും ആവോളം വിതറാം. ബിഗ് ബോസ്സില്‍ കിട്ടിയ അഡ്മിഷന്‍ പുറത്തു പറയാന്‍ വയ്യ. ഗോപ്യമായി വയ്ക്കണം. നാളെത്തന്നെ പോണം.
         മോഹന്‍ലാലിനു് എന്തു പ്രായം കാണും? തന്റെ പ്രായമുണ്ടോ? കുറവാണെങ്കിലും ലാലേട്ടാ എന്നു വിളിക്കണം മൂന്നു വയസ്സുകാരനും തൊണ്ണൂറു വയസ്സുകാരനും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്.
      ആദ്യ ദിനം കണ്ണഞ്ചിപ്പിക്കുന്ന നിറമുള്ള തൊങ്ങലുള്ള വസ്ത്രം വേണം. വസ്ത്രം തനിക്ക് സിമ്പിള്‍ മതി. എവിടെച്ചെന്നാലും താന്‍ താനാണ്. തന്റെ അന്തസ്സത്ത കളഞ്ഞു കുളിക്കില്ല. കക്കൂസു കഴുകാനായാലും അടുക്കളപ്പണിയായാലും എല്ലാം നന്നായി ചെയ്യണം. ഈ വീട്ടില്‍ കെട്ടിക്കോണ്ടു വന്ന കാലം തുടങ്ങി കക്കൂസു കഴുകലും, തുണിയലക്കും, അടിച്ചുവാരലും, വീടു തുടയ്ക്കലും, പാത്രം മിഴക്കലുമാണ്. ഒരു നന്ദി വാക്ക് ഭര്‍ത്താവോ മക്കളോ തന്നിട്ടില്ല. ബിഗ് ബോസ്സ് ഹൗസിലാണേല്‍ അവരെല്ലാവരും കൂടും.  നല്ല പൈസേം കിട്ടും. ചിരി വരുന്നു. നല്ല വാല്യുബിള്‍ കൂലിപ്പണി. എത്ര വിശന്നാലും ഒരാര്‍ത്തിയും കാണിക്കില്ല. അവിടെ ചിലരൊക്കെ ഒരു മിഠായിയ്ക്കുവേണ്ടിയൊക്കെ എന്നാ ആര്‍ത്തിയാ കാണിക്കുന്നേ. താന്‍ ഇത്തിരി അളവു കുറച്ചേ കഴിയ്ക്കൂ, ബാക്കി വല്യ വിശപ്പുകാര്‍ക്ക് കൊടുക്കും. പിന്നെ അവര്‍ക്കു തന്നെ നോമിനേറ്റു ചെയ്യാന്‍ പറ്റത്തില്ലല്ലോ.

        ഫിസിക്കല്‍ ടാസ്കു വരുമ്പോള്‍ ജയിക്കാനായി അവരെന്തും ചെയ്യും. തൊഴിക്കും, ഇടിയ്ക്കും, കടിക്കും. വട്ടം കെട്ടിപ്പിടിയ്ക്കും. പിടിച്ചു നില്ക്കാന്‍ പറ്റുമോ? നോക്കാം.

      തീരെ വയ്യാതെ വരുമ്പോള്‍ രജിത് കുമാര്‍ കാണിക്കുന്നതു പോലെ, ക്യാമറയ്ക്കു മുന്നില്‍ച്ചെന്ന് സങ്കടങ്ങള്‍ പറഞ്ഞ്  ബിഗ് ബോസ്സിനെയും പ്രേക്ഷകരെയും കയ്യിലെടുക്കണം. സീസണ്‍ 1ല്‍ സുരേഷിനു കൊടുത്ത പോലെ തന്നെക്കൊണ്ട് നിമിഷ കഥകളും കവിതകളും എഴുതിക്കാന്‍ ആരും കാണാതെ തന്റെ വള്ളി മൈക്കിലൂടെ പറയണം. അവിടെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നാല്‍ അതും പ്രേക്ഷകരോട് പറയണം.
       ബൈബിള്‍ ഹൗസിനുള്ളില്‍  കയറ്റില്ല. പക്ഷേ വചനങ്ങള്‍ ഒട്ടുമിക്കതും ഹൃദയത്തിലുണ്ട്. വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കണം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, താന്‍ പ്രാര്‍ത്ഥിക്കുന്നതു മുഴുവന്‍ വള്ളി മൈക്കിലൂടെ പുറം ലോകം കേള്‍ക്കില്ലേ, ശ്ശൊ മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ ഏകാഗ്രത നഷ്ടപ്പെടും. തലയില്‍ തുണിയിട്ട്, മുട്ടുകുത്തി, കണ്ണടച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കണം. ആ പ്രാര്‍ത്ഥന പുറം ലോകമറിഞ്ഞാലും നല്ലതാണ്. എല്ലാരും വോട്ടു ചെയ്യും. എസ്. ബി. ഐ. കബളിപ്പിച്ച് കൈവശപ്പെടുത്തിയ സ്വര്‍ണ്ണം തിരിച്ചു തരും. തന്റെ പുസ്തകങ്ങള്‍ ധാരാളം വിറ്റഴിയും. ധാരാളം നല്ല അവാര്‍ഡുകള്‍ ലഭിക്കും. ഡി.സി.,എസ്.പി. സി. എസ്., മനോരമ അങ്ങനെ എല്ലാ പ്രസാധകരും തന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. അങ്ങനെ എല്ലാ തീരാക്കടങ്ങളും മാറി വളരെപ്പെട്ടെന്ന് തന്റെ കുടുംബം പച്ച പിടിക്കും. പിണങ്ങിനിന്നവരെല്ലാം അടുത്തു കൂടും എന്തെല്ലാം മെച്ചമാണ്.
     
        ഇനി അഥവാ ഹൗസിനുള്ളിലുള്ളവര്‍ മുഖം നോക്കാതെ തന്നെ നോമിനേറ്റു ചെയ്താല്‍ തന്നെ പ്രേക്ഷക വോട്ടുകളുണ്ടല്ലോ.......
എലിമിനേഷനാണ്.
എല്ലാവരും തകര്‍ന്നു നില്ക്കുന്നു. ആരുടെ മുഖത്തും രക്തപ്രസാദമില്ല. അമ്മ മരിച്ച കുഞ്ഞിനെപ്പോലെ എല്ലാവരും വാവിട്ടു കരയുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു. 
എവിക്ഷന്‍ പ്രക്രിയ ആരംഭിച്ചു.
മോഹന്‍ലാല്‍ പറഞ്ഞു: "ഈയാഴ്ചത്തെ എലിമിനേഷനിലുള്ളവര്‍ എഴുന്നേറ്റു നില്ക്കൂ " താനുള്‍പ്പടെ മൊത്തം ആറുപേരാണ്.
" സൂസന്‍ പാലാത്ര നിങ്ങള്‍ ഇവിടെ വേണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിങ്ങള്‍ പ്രേക്ഷകരുടെ മുത്താണ്.... നിങ്ങള്‍ക്ക്  ഇരിക്കാം" എലിമിനേഷനില്‍ എണീറ്റു നില്ക്കുന്ന .... പേടിച്ചരണ്ട മാന്‍പേടയെപ്പോലെ നില്ക്കുന്ന മത്സരാര്‍ത്ഥികള്‍ പോലും ആര്‍ത്തു ചിരിച്ചു. തനിയ്ക്കും ചിരിയടക്കാനായില്ല. നിലത്തു വീണ് കുമ്പിട്ട് താന്‍ പറഞ്ഞു; താങ്ക്യൂ ജീസസ്സ്, പിന്നെ എണീറ്റു നിന്നു ലാലേട്ടനെ ഭവ്യതയോടെ നോക്കിപ്പറഞ്ഞു " താങ്ക്യൂ ലാലേട്ടാ, താങ്ക്യൂ ബിഗ്‌ബോസ്സ്........"

മഴ പെയ്യുന്നോ മുഖത്തും തലയിലും  വെള്ളത്തുള്ളികള്‍ തെറിച്ചു വീഴുന്നു!

     "എന്തൊരു ബഹളമാ അമ്മേ എഴുന്നേറ്റേ " മകള്‍ അനു മുന്നില്‍ നിന്നു ചിരിയ്ക്കുന്നു.
"പപ്പാ അമ്മ എന്തൊക്കെയാ ഉറക്കത്തില്‍ വിളിച്ചുകൂവിയത്?"

" അതേ ടാ  താങ്ക്യൂ ലാലേട്ടാ, താങ്ക്യൂ ബിഗ് ബോസ്സ് എന്നൊക്കെ "

"അപ്പോള്‍ ജീസസ്സിനെ വിട്ടോ?"

"ഇല്ലെടാ താങ്ക്യൂ ജീസസ് എന് ആദ്യം പറേന്ന
 കേട്ടു "

ഭര്‍ത്താവിന്റെയും മക്കളുടെയും പരിഹാസശരങ്ങള്‍ നേരിടാനാവാതെ, ഒരു പ്രഭാതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക