Image

കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവത്തിന് സാംസ്‌ക്കാരിക കേരളത്തിന്റെ പ്രാതിനിധ്യം

Published on 27 February, 2020
കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവത്തിന് സാംസ്‌ക്കാരിക കേരളത്തിന്റെ പ്രാതിനിധ്യം
ന്യൂ ജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് ന്യൂ ജഴ്‌സി (കെ എച്ച് എന്‍ ജെ) മാര്‍ച്ച് 8ന് നടത്തുന്ന പൊങ്കാല മഹോത്സവത്തില്‍ പ്രശസ്ത കവയിത്രിയും, കേരള വനിത കമ്മീഷന്‍ മുന്‍ അംഗവും, ശബരിമല കര്‍മ്മസമിതി ദേശീയ സെക്രട്ടറിയും, തപസ്യ കലാസാംസ്‌ക്കാരിക സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഡോക്ടര്‍ പ്രമീള ദേവി പങ്കെടുക്കും.

വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ പ്രമീള ദേവി മികച്ച പ്രാസംഗികയും, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സമാധാനം തുടങ്ങി ഒട്ടനേകം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അഗ്രഗണ്യയുമാണ്. നേരാഴം, നിഷാദം, രാമേശ്വരം കടല്‍, വാടകവീട്ടിലെ സന്ധ്യ, നാടകാന്തം, അവിടുത്തെ ഹിതം എന്നീ ആറ് മലയാള കവിത സമാഹാരങ്ങള്‍, അന്‍പത്തഞ്ച് വിശ്വസാഹിത്യകൃതികളുടെ പരിഭാഷകള്‍, മൂന്ന് ഇംഗ്ലീഷ് കവിത സമാഹാരങ്ങള്‍, അഞ്ച് പഠനഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. പ്രകൃതിയും, മനുഷ്യനുമായുള്ള അഭേദ്യവും, പരസ്പരപൂരകവുമായ ബന്ധവും, മനുഷ്യമനസ്സിന്റെ വൈവിധ്യപൂര്‍ണ്ണമായ മാനങ്ങളുമെല്ലാം പ്രമീള ദേവിയുടെ രചനകളില്‍ പ്രകടമാണ്.

സമസ്തകേരള പരിഷത്ത്, കേരള സാഹിത്യ അക്കാദമി യുവകവി, മഹാകവി കുട്ടമത്ത് അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, വെണ്മണി സാഹിത്യ അവാര്‍ഡ് എന്നിങ്ങനെ സാഹിത്യത്തില്‍ പന്ത്രണ്ടും, സാമൂഹ്യസേവനത്തില്‍ ഏഴും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന പുനഃസ്ഥാപന സമിതിയില്‍ അംഗം, യു ജി സി യുടെ ആദ്യ സ്ത്രീ ശാക്തീകരണ പരിശീലക, ഇംഗ്ലീഷ് സാഹിത്യത്തില്‍ റിസര്‍ച്ച് ഗൈഡ് എന്നീ നിലകളിലും പ്രശസ്തയാണ്.

ലോകമെമ്പാടും ആറ്റുകാലമ്മക്ക് പൊങ്കാലയിടുമ്പോള്‍ ന്യൂ ജഴ്‌സിയിലെ പൊങ്കാലവേദിയിലേക്ക് കവിത കൊണ്ടും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും മലയാളത്തെ ധന്യമാക്കിയ ഡോക്ടര്‍ പ്രമീള ദേവിയുടെ സാന്നിദ്ധ്യം എന്തുകൊണ്ടും അനുയോജ്യവും, സന്തോഷകരവുമാണെന്ന് കെ എച്ച് എന്‍ ജെ പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോക്ടര്‍ ലത നായര്‍ എന്നിവര്‍ അറിയിച്ചു. സോമര്‍സെറ്റ് ശ്രീവരി ശ്രീ ബാലാജി അമ്പലത്തില്‍ മാര്‍ച്ച് 8 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെയുള്ള പൊങ്കാലക്ക് ആവശ്യമായ എല്ലാ സാമഗ്രികളും കെ എച്ച് എന്‍ ജെ നല്‍കുമെന്നും, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, പങ്കെടുക്കുവാനും KHNJ.US/events/Pongala-2020/ സന്ദര്‍ശിക്കുക.
കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവത്തിന് സാംസ്‌ക്കാരിക കേരളത്തിന്റെ പ്രാതിനിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക