Image

ലഗേജ്‌ കൂടുതല്‍, മൗറീഷ്യസ്‌ പ്രസിഡന്റിനെ വാരണാസി വിമാനത്താവളത്തില്‍ തടഞ്ഞു

Published on 29 February, 2020
ലഗേജ്‌ കൂടുതല്‍, മൗറീഷ്യസ്‌ പ്രസിഡന്റിനെ വാരണാസി വിമാനത്താവളത്തില്‍ തടഞ്ഞു


വാരണാസി: ലഗേജ്‌ അധികമായതിനാല്‍ മൗറീഷ്യസ്‌ പ്രസിഡന്റ്‌ പ്രിത്വിരാജ്‌ സിംഗ്‌ രൂപനെ ഉത്തര്‍പ്രദേശിലെ വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. വാരണാസിയിലെ ക്ഷേത്ര നഗരങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ മൗറീഷ്യസ്‌ പ്രസിഡന്റ്‌ രണ്ട്‌ ദിവസത്തേക്ക്‌ ഇന്ത്യയിലെത്തിയത്‌.

ആറുപേരാണ്‌ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്‌. ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേയാണ്‌ വാരണാസി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ അധിക ലഗേജ്‌ കാരണം പ്രിത്വിരാജ്‌ സിംഗിനോട്‌ പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ടത്‌.

വിമാനത്താവളത്തിന്റെ ഡയറക്ടറായ ആകാശ്‌ദീപ്‌ വിവരം അറിഞ്ഞപ്പോള്‍ത്തന്നെ സ്ഥലത്തെത്തി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്‌ കൗശല്‍ രാജ്‌ ശര്‍മ്മയും വിമാനത്താവളത്തിലെ ജീവനക്കാരോട്‌ സംസാരിച്ചിരുന്നു. 

അതേസമയം വിമാനത്താവളത്തിന്റെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന്‌ ജീവനക്കാരും വ്യക്തമാക്കി. 

ഒടുവില്‍ പ്രശ്‌നം പരിഹരിക്കാനായി മധ്യസ്ഥര്‍ വ്യോമയാന മന്ത്രാലയത്തോടും എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും സംസാരിച്ചു. 

മറ്റൊരു രാജ്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ലഗേജിന്റെ അധികഭാരത്തിന്‌ പിഴ ഈടാക്കരുതെന്നായിരുന്നു മധ്യസ്ഥരുടെ ആവശ്യം.

അധികൃതരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ ലഗേജിന്റെ അധികഭാരത്തിന്‌ പിഴ ഈടാക്കിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ മാനേജര്‍ ആതിഫ്‌ ഇഡ്‌റിഷും അധികഭാരത്തിന്‌ പിഴ ഈടാക്കിയാണ്‌ പ്രശ്‌നം പരിഹരിച്ചതെന്ന്‌ ലാല്‍ ബഹദൂര്‍ ശാസ്‌ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കി. 

ശേഷം പ്രിത്വിരാജ്‌ സിംഗ്‌ ഡല്‍ഹിയിലേക്ക്‌ യാത്ര തിരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക