Image

മെട്രോമാന്‍ ഇ. ശ്രീധരന്‍ വിശ്രമ ജീവിതത്തിലേക്ക്‌

Published on 29 February, 2020
മെട്രോമാന്‍ ഇ. ശ്രീധരന്‍ വിശ്രമ ജീവിതത്തിലേക്ക്‌

കൊച്ചി: മെട്രോമാന്‍ ഇ. ശ്രീധരന്‍ വിശ്രമ ജീവത്തിലേക്ക്‌. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേശക സ്ഥാനമുള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന്‌ അദ്ദേഹം ജൂണ്‍ 30ന്‌ വിരമിക്കും.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പൊന്നാനിയിലെ വീട്ടിലായിരിക്കും വിശ്രമ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. മാതൃഭൂമിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ധേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

88 വയസായി. ഇനിയും ഇങ്ങനെ ജോലി ചെയ്യാനാകില്ല. ആരോഗ്യപ്രശ്‌നങ്ങളും കുറച്ചുണ്ട്‌- ശ്രീധരന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. മുഖ്യ ഉപദേഷ്ടാവ്‌ സ്ഥാനത്തു നിന്ന്‌ ഒഴിവാകുന്നതായി ഡിഎംആര്‍സിയെ അറിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

എനിക്കു പ്രായമായെന്ന്‌ അവര്‍ക്കുമറിയാം. അതിനാല്‍ അനുമതി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. അവരെന്നെ സ്ഥിര ഉപദേഷ്ടാവായി നിയമിച്ചതല്ല. കേരളത്തിലെ ജോലികള്‍ക്കു വേണ്ടിയാണ്‌ ഉപദേഷ്ടാവാക്കിയത്‌- അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ പേട്ട എത്തുന്നതോടെ കേരളത്തിലെ ചുമതലകളെല്ലാം പൂര്‍ത്തിയാകും. പാലാരിവട്ടം പുനര്‍നിര്‍മാണം ഒഴികെ മറ്റൊന്നും ഔദ്യേഗികമായി നിലനില്‍ക്കുന്നില്ല. 

പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മിക്കാമെന്ന്‌ മുഖ്യമന്ത്രിക്ക്‌ വാക്കു കൊടുത്തു പോയെന്നും ഇനി പിന്മാറാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.2012ലാണ്‌ കേരളത്തിലെത്തിയത്‌. ഇപ്പോള്‍ എട്ട്‌ വര്‍ഷം കഴിഞ്ഞു. 

കൊച്ചി മെട്രോ ഒഴികെ മറ്റൊന്നും ഉദ്ദേശിച്ച രീതിയില്‍ നടന്നില്ല. അതില്‍ സങ്കടമുണ്ട്‌- അദ്ദേഹം പറഞ്ഞു. എല്ലാ ചുമതലകളില്‍ നിന്നും പെട്ടെന്ന്‌ ഒഴിവാകാനാകില്ലെന്നും വിശ്രമ ജീവിതത്തിന്റെ ഭാഗമായി ഇതെല്ലാം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക