Image

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു

Published on 29 February, 2020
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. പൂജപ്പുര വിജിലന്‍സ് ആസ്ഥാനത്ത് മൂന്നു മണിക്കൂറാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ ഉത്തരം നല്‍കാനായില്ല.

ഇബ്രാഹിം കുഞ്ഞിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് വിജിലന്‍സ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറും. പ്രതിചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

ചോദ്യം ചെയ്യലുമായി ഇനിയും സഹകരിക്കുമെന്നും ചെയ്തതെല്ലാം സദുദ്ദേശത്തോടും ഉത്തമബോധ്യത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ ശേഷം ഇത് രണ്ടാമത്തെ ചോദ്യം ചെയ്യലാണ്.


ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച്‌ അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചത്.കരാര്‍ കമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം.

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ലഭിച്ച ആര്‍ഡിഎസ് കമ്ബനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെതന്നെ സെക്രട്ടറിയേറ്റില്‍നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക