Image

വിമാനത്താവളങ്ങളിലെ യൂസേഴ്‌സ്‌ ഫീയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രമേയം

Published on 19 May, 2012
വിമാനത്താവളങ്ങളിലെ യൂസേഴ്‌സ്‌ ഫീയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രമേയം
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരില്‍ നിന്ന്‌ യൂസേഴ്‌സ്‌ ഫീ ഈടാക്കുന്നതിനെതിരേ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവന്നു. കേരളത്തില്‍ നിന്നുള്ള സി.പി.എം എം.പി കെ.എന്‍. ബാലഗോപാല്‍ കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണച്ചു.

ബാലഗോപാല്‍ എട്ടുമാസം മുമ്പ്‌ നോട്ടീസ്‌ നല്‍കിയ ഭേദഗതി പ്രമേയമാണ്‌ ഇന്ന്‌ രാജ്യസഭ ചര്‍ചയ്‌ക്ക്‌ എടുത്തത്‌. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ യൂസര്‍ഫീ പിരിവ്‌ നിയമവിരുദ്ധമാണെന്ന്‌ കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതി വിധിച്ചകാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിനുശേഷം പാര്‍ലമെന്‍റിലുന്നയിച്ച ചോദ്യത്തിന്‌ യൂസര്‍ഫീ ഇനത്തില്‍ ദല്‍ഹി വിമാനത്താവള കമ്പനി 1481 കോടി രൂപ സമാഹരിച്ചുവെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചത്‌.

എയര്‍പോര്‍ട്ട്‌ നിയന്ത്രണ അതോറിറ്റി നിയമപ്രകാരം എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്ക്‌ മാത്രമേ യാത്രക്കാരില്‍നിന്ന്‌ ഫീസ്‌ ഈടാക്കാനാവൂ എന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക