മലയാളികളുടെ പ്രിയപ്പെട്ട 'മാന്നാര്‍ മത്തായിച്ചേട്ടന്' ഇന്നസെന്റിന്റെ ജന്മദിനം ആഘോഷിച്ച് ലാലും കൂട്ടരും. ലാല്‍ എഴുതി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സുനാമിയുടെ സെറ്റില്‍ വച്ചായിരുന്നു ജന്മദിനാഘോഷം നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും അടുത്ത
സുഹൃത്തുക്കള്‍ക്കുമൊപ്പം നടന് കേക്കു മുറിച്ചു.
ഉര്‍വശി തീയേറ്റേഴ്സും മത്തായിച്ചേട്ടനെയുമൊന്നും സിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവു സ്പീക്കിങ്ങും രണ്ടാം ഭാഗം മാന്നാര്‍ മത്തായി സ്പീക്കിങ്ങുമെല്ലാം ഇന്നത്തെ തലമുറയും ഏറ്റെടുത്ത സിനിമകളാണ്. ആ സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ലാലും മകന് ജീന്‍ പോള്‍ ലാലും സുനാമിയുമായി വരുന്നത്.
ലാലിന്റെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ ആണ് സംവിധാനം. പാണ്ട ഡാഡ് പ്രൊഡക്ഷന്റ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ലാലിന്റെ മരുമകന് കൂടിയാണ് അലന്.