Image

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനമേറ്റ ഹരിദാസിന് സഹായഹസ്തവുമായി മമ്മൂട്ടി

Published on 06 March, 2020
മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനമേറ്റ ഹരിദാസിന് സഹായഹസ്തവുമായി മമ്മൂട്ടി


ആലപ്പുഴ: മലേഷ്യയില്‍ ഹരിപ്പാട് സ്വദേശിയായ മലയാളി യുവാവിന് ക്രൂരമായി ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഹരിപ്പാട് സ്വദേശിയായ എസ്. ഹരിദാസിനെ കൃത്യമായി നാട്ടിലെത്തിക്കാന്‍ സാധിക്കുകയും ചെയ്തു.  ഇരുമ്പുദണ്ഡുകൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചും ചികിത്സയോ കൃത്യമായ ഭക്ഷണമോ നല്‍കാതെയും ആയിരുന്നു യുവാവിനെ തൊഴിലുടമ പീഡിപ്പിച്ചത്.

ഇപ്പോഴിതാ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാനായി നടന്‍ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുര്‍വേദ ആശുപത്രി രംഗത്തെത്തിയിരിക്കുകയാണ്. ഹരിദാസിന്റെ യാത്രാച്ചെലവും ചികിത്സാചെലവും പൂര്‍ണമായും ആശുപത്രി അധികൃതര്‍ ഏറ്റെടുക്കും. ഹരിദാസിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഹരിദാസിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇതേ സമയം നോര്‍ക്ക ഉദ്യോഗസ്ഥരും ഇന്നലെ ഹരിദാസിനെ കാണാന്‍ വീട്ടില്‍ എത്തിയിരുന്നു.

പ്രവാസി ക്ഷേമനിധിയില്‍ അംഗമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് നോര്‍ക്ക ഹരിദാസിന് ഉറപ്പുനല്‍കി. ഇതിനാവശ്യമായ അപേക്ഷകളും ഹരിദാസില്‍ നിന്ന് സ്വീകരിച്ചു. ഹരിദാസിന്റെ മൂത്തമകളുടെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ശേഷം ചികിത്സ ആരംഭിക്കും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും കൊച്ചി പറമ്പിള്ളി നഗറിലും പതഞ്ജലിക്ക് ആശുപത്രികളുണ്ട്. നോര്‍ക്കയുടെയും മലേഷ്യയിലെ മലയാളി അസോസിയേഷന്റെയും സഹായത്തോടെയാണു ഹരിദാസന്‍ നാട്ടിലെത്തിയത്.


 ചൈന്നെ സ്വദേശികളും മലേഷ്യയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളായ രാധാകൃഷ്ണനും സത്യയുമാണു ക്രൂരമായി പീഡിപ്പിച്ചത്. ആലപ്പുഴ ചിങ്ങോലി സ്വദേശിയായ സുദന്‍ മുഖേന 2016 ജൂണ്‍ ഒന്നിനാണു മലേഷ്യയില്‍ ചെന്നത്. 30,000 രൂപ പ്രതിമാസ ശമ്പളമാണു പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് 12,000 രൂപ മാത്രം. പരാതി പറഞ്ഞപ്പോള്‍ 16,000 രൂപയാക്കിയെങ്കിലും കഴിഞ്ഞ ഏഴു മാസമായി അതും കിട്ടിയില്ല. കുടിശിക തീര്‍ത്ത് നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ജനുവരി 28-ന് മര്‍ദനം തുടങ്ങി മുറിയില്‍ പൂട്ടിയിട്ടു. 

കടയില്‍ ജോലിക്കെത്തിച്ചപ്പോള്‍ തമിഴ്നാട് സ്വദേശിയായ മറ്റൊരാള്‍ പുതുതായി കടയിലുണ്ടായിരുന്നു. അയാളാണ് ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ബന്ധുകള്‍ക്ക് അയച്ചത്. ഹരിദാസനെ എത്രയും വേഗം രക്ഷപെടുത്തണമെന്ന സന്ദേശവുമയച്ചു. തുടര്‍ന്ന് ഹരിദാസന്റെ ഭാര്യ രാജശ്രീ എ.എം. ആരിഫ് എം.പി. ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ നടത്തിയ ശ്രമമാണു തുണയായത്. പത്താം €ാസിലും എല്‍.കെ.ജിയിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളാണു ഹരിദാസന്. അഞ്ചു സെന്റിലെ ചോരുന്ന ഷെഡിലാണു താമസം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക