Image

കുടുംബമോ ജോലിയോ എന്ന ഘട്ടം വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചത്: സുപ്രിയ പൃഥ്വിരാജ്

Published on 08 March, 2020
കുടുംബമോ ജോലിയോ എന്ന ഘട്ടം വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചത്: സുപ്രിയ പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥി എന്ന നിലയില്‍ സിനിമാ മേഖലയില്‍ സജീവമാണ് ഇന്ന് സുപ്രിയ പൃഥ്വിരാജ്. മുംബൈയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷവും ജോലി തുടര്‍ന്നിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലെ ജോലി പലപ്പോഴും വഴക്കുകള്‍ക്ക് ഇടയാക്കിയെന്നും ജോലി ഉപേക്ഷിക്കുന്നതിന് കാരണമായെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ സിനിമയിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.


'കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് പൃഥ്വി ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ ഞാന്‍ മുംബൈയിലും പൃഥ്വി കേരളത്തിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തില്‍ വരും തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി.


 അന്നൊക്കെ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. 'എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ' എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുത്തു.' സുപ്രിയ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജോലി പൂര്‍ണമായും ഉപേക്ഷിച്ചതായി പറയാനാകില്ലെന്നും ഫ്രീലാന്‍സായി ബിബിസിക്ക് ചില റിപ്പോര്‍ട്ടുകള്‍ ചെയ്തു നല്‍കുന്നുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക