Image

പ്രണയത്തിന്റെ കപ്പേള

Published on 09 March, 2020
പ്രണയത്തിന്റെ കപ്പേള


ചിരപരിചിതമായ ജീവിത പരിസരങ്ങളില്‍ നിന്നു കൊണ്ടു കഥ പറയുന്ന സിനിമകള്‍ വേഗത്തില്‍ പ്രേക്ഷക മനസ്‌ കീഴടക്കാറുണ്ട്‌. അതിന്റെ കഥയും അതിലെ കഥാപപാത്രങ്ങളുമൊക്കെ നമുക്ക്‌ വളരെ പരിചയമുള്ളവരായിരിക്കും എന്നതാണ്‌ അതിന്റെ കാരണം.

 മുഹമ്മദ്‌ മുസ്‌തഫ എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കിയ കപ്പേള എന്ന ചിത്രം കേരളത്തിലെ ഏതൊരു ഗ്രാമാന്തരീക്ഷത്തിലും നടക്കുന്ന കഥയാണ്‌. അതിലെ കഥാപാത്രങ്ങളും നമ്മുടെയെല്ലാം ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമുക്ക്‌ നേരെ വന്നിട്ടുള്ളവരാകും.

പൂവര്‍മല എന്ന മലയോര ഗ്രാമത്തിലാണ്‌ ജെസിയുടെ (അന്ന ബെന്‍) വീട്‌. അവിടെ സഹോദരിക്കും ചാച്ചനും അമ്മയ്‌ക്കുമൊപ്പം ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ തന്നെയാണ്‌ അവളുടെ ജീവിതവും. 

ഒരു ദിവസം അവളുടെ ഫോണില്‍ നിന്നും ഒരു നമ്പര്‍ തെറ്റി വിഷ്‌ണു (റോഷന്‍ മാത്യു) എന്ന ഓട്ടോ ഡ്രൈവറായ ചെറുപ്പ്‌കാരന്റെ മൊബൈലിലേക്ക്‌ കോള്‍ പോകുന്നു. പതുക്കെ പതുക്കെ അവര്‍ തമ്മില്‍ അടുക്കുന്നു. 

ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും അവര്‍ അഗാധമായി പ്രണയിക്കുന്നു. അങ്ങനെയിരിക്കേ ജെസിക്കു നാട്ടിലെ ധനികനായ ബെന്നിയുടെ വിവാഹാലോചന വരുന്നു. തന്റെ അനുവാദം കൂടാതെ ബെന്നിയുമായി വീട്ടുകാര്‍ കല്യാണം നടത്തിക്കളയുമോ എന്നു പേടിച്ച്‌ ജെസി കാമുകനായ വിഷ്‌ണുവിനെ കാണാന്‍ കോഴിക്കോട്ടേക്ക്‌ യാത്ര തിരിക്കുന്നു.

കോഴിക്കോട്ട്‌ എത്തുന്ന ജെസിയും വിഷ്‌ണുവും ആദ്യമായി കാണുന്നതിന്റെ സന്തോഷം പങ്കു വയ്‌ക്കുന്നതിനിടിലേക്കാണ്‌ റോയ്‌(ശ്രീനാഥ്‌ ഭാസി കടന്നു വരുന്നത്‌. അയാള്‍ ആരെന്നോ എന്തെന്നോ അറിയില്ല. സംഘര്‍ഷംസൃഷ്‌ടിച്ചു കൊണ്ടാണ്‌ അയാളുടെ വരവ്‌. തുടര്‍ന്ന്‌ ജെസിക്കും വിഷ്‌ണവിനുമുണാകുന്ന ചങ്കിടിപ്പ്‌ പ്രേക്ഷകരിലേക്കും പടരുന്നു.

അഭിനയരംഗത്തു നിന്നും സംവിധാന രംഗത്തേക്ക്‌ മാറിയ മുസ്‌തഫയുടെ ആദ്യ സിനിമ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുന്ന രീതിയില്‍ തന്നെയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

 നവാഗത സംവിധായകന്റെ പതര്‍ച്ചയില്ലാതെ വളരെ ലളിതമായ ഒരു കഥാതന്തുവിനെ ഒട്ടും മടുപ്പിക്കാതെ ഒടുക്കം വരെ കൊണ്ടു പോകാന്‍ കഴിയുന്നത്‌ ചെറിയ കാര്യമല്ല. തിരക്കഥയും മുസ്‌തഫ തന്നെയാണ്‌ എഴുതിയിരിക്കുന്നത്‌.

കുമ്പളങ്ങി നൈറ്റ്‌സും ഹെലനുമൊക്കെ കടന്നു വരുമ്പോള്‍ അന്ന ബെന്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഏറെ മുന്നേറിയിരിക്കുന്നു എന്നു പറയാം.

 നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കത നന്നായി അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ അന്നയ്‌ക്കായിട്ടുണ്ട്‌. ഇതുവരെ കാണാത്ത കാമുകനെ തേടി പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന കാലത്ത്‌ അത്തരത്തില്‍ ഒരു സംഭവം ഈ ചിത്രത്തില്‍ കൊണ്ടു വരുന്നത്‌ കഥയുടെ വഴിത്തിരിവാകുന്നു. 

കാമുകനായ വിഷ്‌ണു എന്ന കഥാപാത്രം റോഷന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. അമ്പരപ്പിച്ചത്‌ ശ്രീനാഥ്‌ഭാസിയാണ്‌. സ്റ്റീരിയോടൈപ്പ്‌ കഥാപാത്രങ്ങളില്‍ നിന്നും വൈറസ്‌ പോലെ ഒരു ചിത്രത്തിലെ കഥാപാത്രം ശ്രീനാഥിനു നല്‍കിയ മൈലേജ്‌ വളരെ വലുതായിരുന്നു. അതേ മികവ്‌ തന്നെയാണ്‌ ഈ സിനീമയിലും ശ്രീനാഥ്‌ പുറത്തെടുത്തിരിക്കുന്നത്‌.

തല്ലാനും കൊല്ലാനും മടിയില്ലാത്ത , കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന, പരുക്കാനായ വ്യക്തിയാണ്‌ റോയ്‌. അയാള്‍ എന്തിനാണ്‌ അവര്‍ക്കിടയിലേക്ക്‌ വരുന്നത്‌ എന്നു ചിന്തിക്കാനുള്ള സാവകാശം പ്രേക്ഷനും നല്‍കാതെയാണ്‌ കഥമുന്നോട്ടു പോകുന്നത്‌.

നമ്മുടെ സമൂഹത്തില്‍ നിന്നും പല കാരണങ്ങള്‍ കൊണ്ട്‌ വീടു വിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ക്കുള്ള മറുപടിയും സന്ദേശവുമാണ്‌ കപ്പേള എന്ന ഈ കൊച്ചു ചിത്രം. 

നമ്മള്‍ കാണുന്നതൊന്നുമല്ല ഈ സമൂഹം എന്ന തിരിച്ചറിവ്‌ നല്‍കാന്‍ ഉപകരിക്കുന്ന സിനിമ. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ചിലപ്പോള്‍ ജീവിതത്തെ എന്നന്നേയ്‌ക്കുമായി തളര്‍ത്തിയേക്കാം.

 അഴിഞ്ഞു വീഴുന്ന കാപട്യം കണ്ട്‌ പകച്ചു പോയേക്കാം. എന്നാല്‍ പ്രതീക്ഷയോടെ മുന്നോട്ടു പോയാല്‍ ജീവിതം നമുക്ക്‌ മുന്നിലേക്ക്‌ വീണ്ടും അവസരങ്ങളെത്തിക്കും എന്ന്‌ ഈ കുഞ്ഞു ചിത്രം പറയുന്നു.
സുദി കോപ്പ, നിഷ സാരംഗ്‌, ജെയിംസ്‌, തന്‍വി എന്നിവരും കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.

പ്രണയത്തിന്റെ കപ്പേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക