Image

ഫരീദാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സമരം ശക്തമാക്കുന്നു

Published on 20 May, 2012
ഫരീദാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സമരം ശക്തമാക്കുന്നു
ന്യൂഡല്‍ഹി: ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫരീദാബാദിലും ഗ്രേറ്റര്‍ നോയിഡയിലും നടക്കുന്ന സമരം മലയാളി നഴ്‌സുമാര്‍ ശക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചര്‍ച്ച നടത്തിയിട്ടും ശമ്പള വര്‍ധനവ് നടപ്പിലാക്കാനാകില്ലെന്ന കടുത്ത നിലപാടുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയതോടെയാണ് നഴ്‌സുമാര്‍ സമരം കൂടുതല്‍ ശക്തമാക്കുന്നത്.

സമരം അവസാനിപ്പിക്കുന്നതിനായി വിവിധ തലങ്ങളില്‍ നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് ആശുപത്രി അധികൃതര്‍ വിട്ടുനിന്നതോടെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ക്യുആര്‍ജി ആശുപത്രിയിലും ഗ്രേറ്റര്‍ നോയിഡയിലെ ശാരദാ ആശുപത്രിയിലുമാണ് പത്ത് ദിവസത്തിലേറെയായി സമരം നടത്തുന്നത്. ശമ്പള വര്‍ധനയുള്‍പ്പെടെ 30 ഇന ആവശ്യങ്ങളുന്നയിച്ചാണു സമരം.

നഴ്‌സുമാര്‍ ഉയര്‍ത്തിയിട്ടുള്ള ആവശ്യങ്ങള്‍ ഒന്നു പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍. ലേബര്‍ കമ്മീഷണര്‍ ആശുപത്രി മാനേജ്‌മെന്റുകളുമായും നഴ്‌സുമാരുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെ, പ്രതികാര നടപടികളുമായാണ് ആശുപത്രി അധികൃതര്‍ മുന്നോട്ടുപോകുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത അധികൃതര്‍ നഴ്‌സുമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, പ്രശ്‌നത്തില്‍ ഇടപെട്ട കേരളത്തിലെ എംപിമാര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രതികാര നടപടികള്‍ കുറച്ചിട്ടുണെ്ടന്നു നഴ്‌സുമാര്‍ വ്യക്തമാക്കി. ഹോസ്റ്റലില്‍ നിന്നു മാറ്റുമെന്ന ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിച്ചു. എന്നാല്‍, കടുത്ത താപനിലയും പൊടിക്കാറ്റും മൂലം അവശതയിലായ നഴ്‌സുമാര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക