Image

അമേരിക്കയിലും വളരട്ടെ മലയാള സാഹിത്യം(പ്രതികരണം: തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ Published on 20 March, 2020
അമേരിക്കയിലും വളരട്ടെ മലയാള സാഹിത്യം(പ്രതികരണം: തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
ഫെബ്രുവരി 28ന് ശ്രീ തോമസ് കൂവള്ളൂര്‍ എഴുതിയ ഇ മലയാളി സാഹിത്യവാരം അവാര്‍ഡ്- ചിലചിന്തകള്‍ വായിച്ചു. അമേരിക്കന്‍ മലയാളിയുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ലേഖകന്റെ സത്യസന്ധമായ പല അഭിപ്രായങ്ങളോടുമുള്ള എന്റെ ആശംസകള്‍- അറിയിക്കുകയും ചെയ്തു കൊള്ളുന്നു.

അമേരിക്കന്‍ മലയാളികളില്‍ നല്ല എഴുത്തുകാരുണ്ട്. സാഹിത്യകാരന്മാരും സാഹിത്യകാരികളും, കലാകാരികളും കലാകാരന്മാരുമുണ്ട്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. ചുരുക്കത്തില്‍ സാഹിത്യത്തിന്റെയും കലയുടെയും സമസ്ത മേഖലകളിലും പ്രാവീണ്യമുള്ള മലയാളികള്‍ ഗള്‍ഫിലും അമേരിക്കയിലും മറ്റെല്ലാ വിദേശ രാജ്യങ്ങളിലുമുണ്ട്.

അമേരിക്കന്‍ മലയാളികള്‍ തന്നെയാണ് അവരുടെ സര്‍ഗ്ഗശക്തിയുടെ വിലയും നിലയും നേട്ടങഅങളുമൊക്കെ ഇടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുന്നത്. അതിന് കാരണമോ അറിവുകേടും, അന്ധമായ സ്വാര്‍ത്ഥതയും അസൂയയുമൊക്കെയാകുന്നു എന്ന് ഞാനിവിടെ പറഞ്ഞുകൊള്ളട്ടെ. കേരള നാട്ടില്‍ നിന്നു മാത്രമേ ഹൃദ്യമായ സാഹിത്യ സൃഷ്ടികള്‍ പൊട്ടിമുളയ്ക്കയുള്ളൂ എന്നുണ്ടോ എങ്കില്‍ കേരളത്തിലെ അനുകൂല സൗകര്യങ്ങളും സാഹചര്യവുമാണതിന് കാരണമെന്ന് നാം ഓര്‍ക്കണം. വിശ്രമം ഇല്ലാത്ത ജോലിത്തിരിക്കുകള്‍ക്കു ശേഷം, വീട്ടില്‍ വന്ന ശേഷം വീണുകിട്ടുന്ന പരിമിതമായ സമയത്തില്‍ അമേരിക്കന്‍ മലയാളികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹിതീ സേവയെ ഞാന്‍ ഇവിടെ അഭിനന്ദിച്ചു കൊള്ളുന്നു. പലര്‍ക്കും അവരര്‍ഹിക്കുന്ന പ്രോല്‍സാഹനമൊന്നും അമേരിക്കന്‍ മലയാളികള്‍ കൊടുക്കാറുമില്ല.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പതിറ്റാണ്ടുകളായി ഹാസ്യചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. രാജു മൈലപ്രായും നിരൂപണ സാഹിത്യകാരന്മാരോട് കിടപിടിക്കാന്‍ ശേഷിയും ശേമുഷിയുമുള്ള ശ്രീ. സുധീര്‍ പണിക്കവീട്ടിലും കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്തമാക്കിയിട്ടുള്ള മഹാകവി ശ്രീ. ചെറിയാന്‍ കെ. ചെറിയാനും മറ്റു പല പ്രശസ്തരായ കവികളും  കവയിത്രിമാരും, ശ്രീജയന്‍ വര്‍ഗീസിനെപ്പോലെ ബഹുമുഖ പ്രതിഭകളോടു കൂടിയ നാടകൃത്തുക്കളും നര്‍ത്തകിമാരും പരേതനായ ശ്രീ. ജോര്‍ജ് കുര്യനെപ്പോലെ പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കളും, അര്‍ത്ഥസമ്പന്നവും കാര്യമാത്ര പ്രസക്തവുമായ ലക്ഷണമൊത്ത ലേഖനങ്ങള്‍ എഴുതുകയും മലയാളം ഡെയ്‌ലി ന്യൂസിലൂടെ മികച്ച മാധ്യ പ്രവര്‍ത്തനം അനുഷ്ഠിക്കുകയും ചെയ്യുന്ന ശ്രീ. മൊയ്തീന്‍ പുത്തന്‍ചിറയും, പഠിപ്പും പാണ്ഡിത്യവുമുള്ള മറ്റു നിരവധി സാഹിത്യ പ്രതിഭകളും അമേരിക്കന്‍ മലയാളികളിലുണ്ട്. ലോക പ്രശസ്തനായ ഡോക്ടര്‍ എം.വി.പിള്ളയും, കേരളത്തിലും അമേരിക്കന്‍ മലയാളികളുടെ ഇടയിലും സുവിദിതനുമായ ശ്രീ.ജോയന്‍ കുമരകത്തെയും ശ്രീ.മുരളി ജെ.നായരെയും ശ്രീ.ജോര്‍ജ് തുമ്പയിലിനെയും ശ്രീ.ശശീധരന്‍ നായരെയും പരേതനായ പ്രൊഫസര്‍. എം.റ്റി. ആന്റണിയെയും ഡോ.എന്‍.പി.ഷീലയെയും, ജി.പുത്തന്‍കുരിശിനെയും മിസ്സിസ് എല്‍സി ശങ്കരത്തിലിനെയും സി.എം.സി.യെയും, ശ്രീ.എ.സി.ജോര്‍ജിനെയും, ശ്രീ.ജോര്‍ജ് മണ്ണിക്കരോട്ടിനെയും ശ്രീ.ജയിന്‍ മുണ്ടയ്ക്കലിനെയും മിസ്സിസ് മാര്‍ഗരറ്റ് ജോസഫിനെയും ശ്രീ. വാസുദേവ് പുളിയ്ക്കലിനെയും ശ്രീ.ജെ.മാത്യൂസിനെയും, ശ്രീ.തോമസ് കൂവല്ലൂരിനെയും ശ്രീ തമ്പി ആന്റണിയെയും മിസ്സസ് നീനാ പനയ്ക്കലിനെയും അറിഞ്ഞു കൂടാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഓര്‍മ്മക്കുറവുകൊണ്ടും ഈ വിഷയത്തിലുളള പരിമിതമായ അറിവുകൊണ്ടും പ്രഗല്‍ഭരായ മറ്റനവധി അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെയും സാഹിത്യകാരികളുടെയും പേരുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാതെയും പോയിട്ടുണ്ട്. അവര്‍ ക്ഷമിക്കുക.

കാല്‍ നൂറ്റാണ്ടിലേറെക്കാലം ഒറ്റയ്ക്ക് കൈരളി എന്ന ഒരു മലയാളം പത്രം നിസ്വാര്‍ത്ഥമായും സത്യസന്ധമായും നടത്തി ഭാഷയെയും മലയാള സാഹിത്യത്തെയും സ്‌നേഹിച്ച് സേവിച്ച ശ്രീ.ജോസ് തയ്യലിനെ നാം ഇന്ന് ഓര്‍ക്കുമോ? രണ്ടര പതിറ്റാണ്ടോളം കാലം പ്രശസ്തമായി പത്രസേവനം നടത്തുകയും ഏതോ പ്രതിസന്ധിയില്‍പ്പെട്ട് നിര്‍ത്തേണ്ടിവരുകയും ചെയ്ത മലയാള പത്രവും അമേരിക്കന്‍ മലയാള ഭാഷയെയും സാഹിത്യത്തെയും ആത്മാര്‍ത്ഥമായി പരിപോഷിപ്പിച്ചു. വിജ്ഞാന പ്രദവും സഹൃദയഹൃദയാഹ്ലാദകരവുമായ എത്രയോ നല്ല രചനകളാണ് മലയാളം പത്രം അമേരിക്കന്‍ മലയാളി വായനക്കാര്‍ക്ക് കാഴ്ച വെച്ചിട്ടുള്ളത്? എന്റെ ചില നര്‍മ്മരചനകള്‍ മലയാളം പത്രം പ്രാധാന്യം നല്‍കി കളര്‍ പേജില്‍ പ്രസദ്ധീകരിച്ചിട്ടുള്ളതും ഞാന്‍ നന്ദിയോടെ ഇത്തരണത്തില്‍ ഓര്‍ക്കുകയും ചെയ്യുന്നു.

ഇതിവിടെ ഉപസംഹരിക്കട്ടെ. സ്വന്തം  ഭാഷയെ അവഗണിച്ച, അവഗണിക്കുന്ന ലോകത്തിലെ ഏകവര്‍ഗ്ഗം മലയാളികളാകുന്നു! സ്വന്തം മക്കളോടും പോലും സ്വന്തം ഭാഷ ബോധപൂര്‍വ്വം പറയാത്ത, സ്വന്തം ഭാഷ പഠിപ്പിക്കാത്ത മലയാളം അറിയത്തില്ലെന്ന് പറയുന്നത് അഭിമാനമായി കരുതുന്ന ലക്ഷക്കണക്കിന് മക്കളുള്ള അല്‍പ്പന്മാരുടെയും പൊങ്ങന്മാരുടെ കൂട്ടമായി തീര്‍ന്നിരിക്കുന്നു മലയാളികള്‍ ഇന്ന് !
മലയാള ഭാഷയും സാഹിത്യവും വളര്‍ന്ന് അഭിവൃദ്ധിപ്പെടണമെങ്കില്‍-മലയാളിയുടെ കുടുക്കപോലെ ഇടുങ്ങിയ വീക്ഷണത്തിനും അല്‍പ്പത്തത്തിനും അസൂയയ്ക്കും അനല്‍പ്പമായ അഹങാകരത്തിനുമൊക്കെ സമൂലമായ മാറ്റമുണ്ടാകണം. ദൈവത്തെപ്പോലെ ഒരിക്കലും മാറ്റം വരാത്തവനുമാണ് മലയാളി.

അമേരിക്കയിലും വളരട്ടെ മലയാള സാഹിത്യം(പ്രതികരണം: തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
Join WhatsApp News
Sudhir Panikkaveetil 2020-03-20 15:01:20
അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാഹിത്യ പരിശ്രമങ്ങളെ അനുമോദിച്ചുകൊണ്ട് എഴുതിയ ലേഖനത്തിനു നന്ദി. അമേരിക്കൻ മലയാളി എഴുത്തുകാരെ ആരും പ്രോത്സാഹപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരിക്കുമ്പോൾ ഒരു എഴുത്തുകാരൻ കൂടിയായ താങ്കൾ അതിനു സമയം കണ്ടെത്തിയത് പ്രശംസാർഹമാണ് .എല്ലാ എഴുത്തുകാർക്കും ഒരു ദിവസം വരുമെന്ന് പ്രതീക്ഷിക്കാം.
വിദ്യാധരൻ 2020-03-20 16:49:33
മലയാള സാഹിത്യത്തിന്റ വളർച്ചയെക്കാൾ സ്വയം എങ്ങനെ പേരും പെരുമയും ഉണ്ടാക്കാം എന്നുള്ളതാണ് ഇന്ന് എഴുത്തുകാർ എന്ന് പറഞ്ഞു നടക്കുന്ന പലരുടെയും ഗൂഢമായ ആഗ്രഹം. എത്രപേർ തങ്ങളുടെ രചന വായിച്ചു എന്നതിനേക്കാൾ, എത്ര ഫലകവും പൊന്നാടയും കരസ്ഥമാക്കി എന്നതാണ് ഇവരുടെ കണക്ക്. കേരളത്തിലായാലും അമേരിക്കയിലായാലും ഒരു സാഹിത്യ അക്കാഡമി അവാർഡ് എങ്ങനെ കരസ്ഥമാക്കാം എന്നുള്ളതാണ് എഴുത്ത്കാർ എന്ന് സ്വയം പുലമ്പികൊണ്ടു നടക്കുന്നവരുടെ ഉള്ളിലെ ഒളിഞ്ഞിരിക്കുന്ന ആഗ്രഹം. പണ്ടത്തെ എഴുത്തുകാർക്ക് പണമോ പ്രതാപമോ ഇല്ലായിരുന്നു പക്ഷെ അവരുടെ പല കൃതികളും കാലാന്തരങ്ങൾക്കു ശേഷവും ഒളിമങ്ങാതെ കിടക്കുന്നു . വായനക്കാർ, ചില കവിതകൾ മനഃപാഠമാക്കി ഉരുവിടുന്നതുപോലെ അവരുടെ കൃതികളെ മനസ്സിൽ സൂക്ഷിക്കുകയും ഇടയിക്കിടക്ക് ഓർത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ നല്ല എഴുത്തുകാർ പലരുമുണ്ടെങ്കിലും അവരെ ആരും അറിയാൻ ശ്രമിക്കാറില്ല . കാരണം അവരെ പൊന്നാടക്ക് തല കുനിച്ചു നിൽക്കുന്നവരുടെ കൂട്ടത്തിലോ , നെറ്റിപ്പട്ടം കെട്ടി കൊടുക്കാൻ നിന്ന് കൊടുക്കുന്ന ആനയെപ്പോലെ ഫലകത്തിനായി കാത്തു നിൽക്കുന്നിടത്തും കാണാൻ ഇല്ല . കാരണം ഇത്തരക്കാർക്ക് പൊന്നാടയോടും ഫലകത്തോടുമുള്ള വെറുപ്പാണ്. ഈ വെറുപ്പാണ് ഡോ. സുകുമാർ അഴിക്കോട് തനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതി നിഷേധിക്കാൻ കാരണം. നല്ല എഴുത്തുകാർ സാഹിത്യത്തിന്റെ മൂല്യച്യുതിയിൽ ദുഖിക്കുന്നവരാണ്. അവർ സത്യം തുറന്നു പറയാൻ കഴിയാതെ ശ്വാസം മുട്ടുന്നവരാണ് . കാരണത്തെ ഇന്നത്തെ കച്ചവട സാഹിത്യത്തിന്റെ മുതലാളിമാർ ഒന്നായി , അവരുടെ ഗുണ്ടകളെ വിട്ട്, അവരുടെ കയ്യ്കാലുകൾ വെട്ടി കളയിക്കും. ഇന്നത്തെ സാഹിത്യത്തിലെ അധോലോക ഗുണ്ടകൾക്ക് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുമായി ബന്ധമുണ്ട് . അവരെ അമേരിക്കയിൽ കൊണ്ടുവന്ന് ദുഷിപ്പിച്ച് പ്രശംസ പിടിച്ചുപറ്റി, തങ്ങളുടെ കപടസാഹിത്യ പരിപാടികൾ തുടരുന്നു . ചിലപ്പോൾ ഇവിടെ നിന്ന് എല്ലാം കെട്ടിപ്പെറുക്കി കേരളത്തിൽ പോയി ആഘോഷിക്കുന്നു . 'മുല്ല പൂമ്പൊടി എറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം' എന്ന കവിത ശകലം ഇവരുടെ ചുണ്ടിൽ ഊറുന്നു . എന്തായാലും താങ്കളുടെ ആരോടും ബാധ്യതയില്ലാത്ത ഈ ലേഖനം, ആനയും അമ്പാരിയും പൊന്നാടയും ഫലകവും ഇല്ലാതെ നല്ല എഴുത്തുകാർക്ക് കിട്ടുന്ന അംഗീകാരമാണ് . പക്ഷെ എല്ലാരും അതിൽ സംതൃപ്‌തരായിരിക്കണം എന്ന് നിര്ബന്ധമില്ല . കാരണം പൊന്നാടകളെയും ഫലകങ്ങളേയും സ്നേഹിക്കുന്നവർ നിങ്ങളുടെ ലിസ്റ്റിൽ ഉള്ളത് കൊണ്ട്. നിങ്ങളുടെ ഈ ലേഖനത്തിന് അധികം ആയുസ്സ് ഉണ്ടായിരിക്കില്ല .കാരണം " കാപട്യകണ്ഠകം കർക്കശ കൊടും കാളാഷ്മ കണ്ടം നിറഞ്ഞതാണി ലോകം"
വായന സരസൻ 2020-03-21 03:04:30
തോമസ് ഫിലിപ്പ് പാറക്കമണ്ണിൽ ഒത്തിരി സംഗതി കവർ ചെയ്തിരിക്കുന്നു നന്നായിരിക്കുന്നു . പതിവു പോലെ വിദ്യാധരൻ മാസ്റ്റർ പ്രതികരണമായി ഒത്തിരി സത്യങ്ങൾ എഴുതിയിരിക്കുന്നു . ഉഗ്രൻ . ഈ കൊറോണ വന്നതു ചില അമെരിക്കൻ സാഹിത്യകാരന്നു സ്വയം വീമ്പടിക്കുന്ന ചിലർക്കൊരു അടിയായി പോയി . വിമാനവും ഇല്ല . പല പ്രകാശനംഗളും അവാർഡ് പൊന്നാട പരിപാടികളും ക്യാൻസൽ ചെയ്‌യേണ്ടി വന്നു . കോട്ടയത്തും , കൊല്ലത്തും , തിരുവന്തപുരത്തും സാഹിത്യ event മാനേജർമാർക്ക്‌ പണം കൊടുത്തു ഏർപ്പാടാക്കിയിരുന്നു പരിപാടികൾ ആണു ക്യാൻസൽ ആയി പോയതെന്നു പറയപ്പെടുന്നു . പണ നഷ്ടവും, സ്വയം ഏർപ്പാട് ആക്കിയ അവാർഡുകളും പൊന്നാടകളും ആണു നഷ്ടമായത് . അതെല്ലാം നാട്ടിൽ നിന്ന് പ്രബലരുടെ കൈയ്യിൽ നിന്നു ഏറ്റു വാങ്ങിയ വാർത്തകളും ഫോട്ടോകളും വരെ മീഡിയയിൽ കൊടുക്കാൻ ഏർപ്പാടാക്കിയതായിരിന്നു . എല്ലാം കൊറോണ ചതിച്ചു. എന്നാലും ചിലരൊക്കെ കാശ് വീശി പോകാതെ തന്നെ ഒപ്പിച്ചു എന്നാണു പറച്ചിൽ. പലരുടയും കൃതികൾ എഴുതി തരാൻ ആയി നാട്ടിൽ കൂലി എഴുത്തുകാരേയും ഏല്പിച്ചിരിക്കുന്നതായി വായന സരസൻ അറിഞ്ഞു . ഇനി ഇപ്പൊ ഫോമാ ഫൊക്കാന കൺവെൻഷൻ നടന്നാൽ അവിടെ വല്ലതും പൊന്നാടയോ മറ്റോ കിടക്കുമോ എന്നാണു അറിയേണ്ടത്‌ ? ഒരു ഫലകത്തിനോ പൊന്നാടക്കോ അവരുടെ ഗോയിങ് റേറ്റ് അറിയേണ്ടത് .?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക