Image

നീ (കവിത: ജിഷ രാജു)

Published on 21 March, 2020
നീ (കവിത: ജിഷ രാജു)
എനിക്ക് പറയാനുള്ളത്
നീ കേള്‍ക്കുമോ?

എനിക്കത് പറഞ്ഞേ തീരൂ...

നിന്റെ കിടപ്പുമുറിയുടെ
ജനല്‍പ്പടിയില്‍
ഇരിക്കുന്ന പ്രാവുകള്‍ ഇല്ലേ?
നീ തിനയിട്ടു കൊടുക്കുന്ന പ്രാവുകള്‍.....
അവരുടെ ചാരനിറം
നിന്നെപ്പോലെത്തന്നെ
എനിക്കും ഇഷ്ടമാണ്.

നീ നനയ്ക്കുന്ന
ഒരു മരമില്ലേ?
പച്ച ഇലകള്‍
മഞ്ഞയായി കൊഴിഞ്ഞ്
വീണ്ടും തളിര്‍ത്ത്
പൂക്കാതെ നില്‍ക്കുന്ന മരം.
നീ ഇഷ്ടപ്പെടുംപോലെ
ഞാനും ആ മരത്തെ
ഇഷ്ടപ്പെടുന്നു.

ജനലഴിയിലൂടെ
നിന്നെ നോക്കി
കണ്ണ് പൊത്തികളിക്കുന്ന
കള്ള നിലാവില്ലേ?
അതിനേയും എനിക്കിഷ്ടമാണ്.

നീ നോക്കി നില്‍ക്കും
മേഖക്കൂട്ടങ്ങളുടെ
ആകൃതികളില്ലേ?
അതും എനിക്കിഷ്ടമാണ്..

നിന്റെ വിരല്‍തുമ്പില്‍
പറ്റുന്ന പുസ്തകങ്ങളുടെ
പുതുമണമുണ്ടല്ലോ?
അതും എനിക്കിഷ്ടമാണ്.

ഇടയ്ക്കിടെ ഓരോ
അവസരങ്ങളുണ്ടാക്കി
പ്രധാന്യമില്ലാത്ത കാര്യങ്ങള്‍
സംസാരിക്കുന്നത്
എന്തിനാണെന്നല്ലേ
നീ ചിന്തിക്കുന്നത്?

നിന്നോട് സ്‌നേഹമാണന്ന്
പിന്നെ ഞാന്‍ എങ്ങിനെയാണ്
പറയുക?

വര ആദി

നീ (കവിത: ജിഷ രാജു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക