Image

യുക്മ കേരളാപൂരം വള്ളംകളി മാറ്റിവച്ചു, പുതിയ തീയതി ഓഗസ്റ്റ് 29 ന്

Published on 22 March, 2020
 യുക്മ കേരളാപൂരം വള്ളംകളി മാറ്റിവച്ചു, പുതിയ തീയതി ഓഗസ്റ്റ് 29 ന്

ലണ്ടന്‍: യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ ജൂണ്‍ 20 നു നടത്താനിരുന്ന 'യുക്മ-കൊമ്പന്‍ കേരളാ പൂരം 2020' വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 29 ലേക്ക് മാറ്റിവച്ചതായി ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

കൊറോണ വൈറസിനെ നേരിടാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരിക്കുന്ന 'കോവിഡ്-19 : ക്രൈസിസ് വോളന്റിയര്‍ ഗ്രൂപ്പി' നു നേതൃത്വം നല്‍കുന്നത് യുക്മ ചാരിറ്റി ഫൗണ്ടേഷനാണ്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് മലയാളി സംഘടനകളെ ഉള്‍പ്പെടുത്തിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളംകളിക്ക് സഹകരിച്ച എല്ലാ ബോട്ട് ക്ലബുകളെ ചേര്‍ത്തുമായിരിക്കും വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.

യുക്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും യുക്മ നഴ്‌സസ് ഫോറവും ചേര്‍ന്ന് അടുത്ത ഘട്ടം എന്ന നിലയില്‍ ഒരു മെഡിക്കല്‍ ടീമും രൂപീകരിക്കുന്നതാണ്. യുക്മ നാഷണല്‍ കമ്മിറ്റിയില്‍ അംഗമായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലായിരിക്കും ഇതു നടപ്പിലാക്കുക. വിവിധ പോഷകസംഘടനകളുടെയും മറ്റ് സംഘടനകളുടേയും ഏകോപനത്തിന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും.

കോവിഡ്-19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് 'ക്വാറന്റീന്‍', 'സെല്‍ഫ് ഐസൊലേഷന്‍' തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യത്തില്‍, പ്രധാനമായും ബ്രിട്ടനിലെ മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം കുടുംബങ്ങള്‍ യുക്മ അസോസിയേഷന്‍ അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷന്‍ അംഗങ്ങളാണോ എന്നു നോക്കാതെ അതിജീവനത്തിനായി പോരടിക്കുന്ന സമൂഹത്തെ സഹായിക്കുന്നതിന് എല്ലാ സഹായവും എത്തിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാവണമെന്നും യുക്മ ദേശീയ ഭരണസമിതി അഭ്യര്‍ഥിച്ചു.

യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക് : യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് 07723956930, ഷാജി തോമസ് 07737736549, വര്‍ഗ്ഗീസ് ഡാനിയേല്‍ 07882712049, ബൈജു തോമസ് 07825642000.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക