Image

നോണ്‍ വെജ് കഴിച്ചാൽ കൊറോണ വ്യാപിക്കുമോ? കൊറോണയുടെ സമയത്തും ഇന്‍ഡ്യാക്കാര്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ പന പോലെ വളരുകയാണ് (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 23 March, 2020
നോണ്‍ വെജ്  കഴിച്ചാൽ  കൊറോണ വ്യാപിക്കുമോ? കൊറോണയുടെ സമയത്തും ഇന്‍ഡ്യാക്കാര്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ പന പോലെ വളരുകയാണ് (വെള്ളാശേരി ജോസഫ്)
കോവിഡ് - 19 എന്ന് നാമകരണം ചെയ്തിട്ടുള്ള കൊറോണയുടെ സമയത്തും ഇന്‍ഡ്യാക്കാര്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ പന പോലെ വളരുകയാണ്. അതിലൊന്നാണ് മുട്ടയും മീനും ഇറച്ചിയും ഒക്കെ കഴിച്ചാല്‍ കോവിഡ് - 19 അതിവേഗത്തില്‍ പടരും എന്നുള്ളത്. 'നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി' (NECC) രണ്ടു ദിവസം മുമ്പ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ദേശീയ പത്രങ്ങളില്‍ പരസ്യം ചെയ്യുക വരെ ഉണ്ടായി. കഴിഞ്ഞ ദിവസം സ്വാമി രാംദേവ് യോഗ ചെയ്യുന്നതും, പുഷ് അപ്പ് എടുക്കുന്നതും റിപ്പബ്ലിക്ക് ചാനല്‍ ലൈവ് ആയി കാണിക്കുകയുണ്ടായി. ശരീരത്തിന്റ്റെ ഫിറ്റ്‌നെസിനും, മാനസികാരോഗ്യത്തിനും യോഗാഭ്യാസം വളരെ നല്ലതാണ്. പക്ഷെ ഹഠയോഗം അനുഷ്ഠിച്ചത് കൊണ്ട് മാത്രം കോവിഡ് - 19 പകരാതിരിക്കുമോ?

ഇന്ത്യയിലെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരുന്ന അനേകം പേര്‍ കൊറോണ സമയത്തു തന്നെ അന്ധ വിശ്വാസം പ്രചരിപ്പിക്കുകയാണ്. നിരവധി ബി.ജെ.പി. നേതാക്കള്‍ അത് ആവര്‍ത്തിക്കുക പോലും ചെയ്യുന്നു. അവര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റ്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലാ. പശുവിന്റ്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തിയ ആളുകളെ മാലയിട്ടാദരിക്കുന്ന സംഘ പരിവാറുകാരില്‍ നിന്ന് അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നടപടി പ്രതീക്ഷിക്കുന്നത് തന്നെ വലിയ തെറ്റാണ്.

ഇന്ന് ഉത്തരേന്ത്യക്കാരും നന്നായി ഇറച്ചിയും, മീനും, മുട്ടയും ഒക്കെ കഴിക്കും. ഇതെഴുതുന്നയാള്‍ ഡല്‍ഹിയില്‍ പഠിച്ചപ്പോള്‍ എന്റ്റെ റൂം മേറ്റ് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള ഒരു ബ്രാഹ്മണന്‍ മിശ്ര ആയിരുന്നു. പുള്ളി ബീഫ് അടക്കം എല്ലാം കഴിച്ചുട്ടെണ്ടെന്നാണ് എന്നോട് പറഞ്ഞത്. നല്ല വണ്ണവും, പൊക്കവുമുള്ള ആളായത് കൊണ്ട് ഒരു ഫുള്‍ ചിക്കനൊക്കെ പുള്ളി കഴിക്കുമായിരുന്നു. ഇന്ന് മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ചിക്കന്‍ വറുത്തതും, ചിക്കന്‍ സൂപ്പും, മുട്ടയും, മീന്‍ ടിക്കയുമൊക്കെ കിട്ടും. സ്വന്തം വീട്ടില്‍ നോണ്‍ വെജിറ്റേറിയന്‍ ഉണ്ടാക്കാത്തവര്‍ പോലും പുറത്തു പോയി കഴിക്കുന്നത് ഇതെഴുതുന്നയാള്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.  

ആധുനികവല്‍കരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോണ്‍ വെജിറ്റെറിയന്‍ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്‌സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ ഇതാണ് കാണിക്കുന്നത്. 2016 - ല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ കണക്കുകളില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ 90 ശതമാനത്തില്‍ ഏറെയും പേര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.

ഇന്ത്യയില്‍ പൊതുവെ പശു ഇറച്ചി ആരും കഴിക്കാറില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീന്‍ കഴിക്കുന്നത് പോലെ ഇന്ത്യയില്‍ ദളിത്, ആദിവാസി വിഭാഗങ്ങളില്‍ പെട്ടവര്‍ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീന്‍ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫില്‍ പശു ഇറച്ചിയും പെടും. പശു ഇറച്ചിയും, പോത്തിറച്ചിയും, എരുമയുടെ ഇറച്ചിയും കൂടി ചേരുന്നതാണ് ഇന്ത്യയില്‍ ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദളിതരും, പാവപെട്ടവരും, മുസ്ലീങ്ങളും വില കുറഞ്ഞ മാംസം എന്ന രീതിയില്‍ ബീഫ് കഴിക്കുന്നവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണെങ്കില്‍ ഉത്തരേന്ത്യയില്‍ പോലും ബീഫ് കഴിക്കുന്നതിനു മതപരമായ വിലക്കില്ല. ചരിത്രകാരന്മാര്‍ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തില്‍ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുന്‍പ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവര്‍ ആണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗ ജനത. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശു ഇറച്ചി ഒരു പ്രശ്‌നമേ അല്ല. ഇന്ത്യയിലെ ഗോത്ര വര്‍ഗ ജനതകള്‍ക്ക് അവര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങള്‍ ഉണ്ട്. നാഷണല്‍ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ പെട്ടവര്‍ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ നാഷണല്‍ ജ്യോഗ്രഫിക് വളരെ നന്നായി കാണിച്ചിട്ടുണ്ട്.

കേരളത്തില്‍ നോണ്‍ വെജിറ്റെറിയന്‍ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല. ബംഗാളികളും നോണ്‍ വെജിറ്റെറിയന്‍ ആഹാരത്തിന്റ്റെ കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്‌കാരത്തിന്റ്റെ ഭാഗം തന്നെയാണ്. വലിയ മീന്‍ പട്ടില്‍ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണര്‍. പഞ്ഞാബികള്‍ക്കാണെങ്കില്‍ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരില്‍ ആണെങ്കില്‍ അനവധി മാംസാഹാര വിഭവങ്ങളുണ്ട്. 27 തരം മട്ടന്‍ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴര്‍ക്കാനെങ്കില്‍ ചെട്ടിനാടന്‍ ചിക്കനുണ്ട്.

2006 -ലെ സി.എസ്.ഡി.എസ്. സര്‍വ്വേ പറയുന്നത് 69 ശതമാനം ഇന്ത്യാക്കാരും മാംസാഹാരികള്‍ ആണെന്നാണ്. 45 ശതമാനം ബ്രാഹ്മണര്‍ പോലും മാംസാഹാരികള്‍ ആണെന്നാണ് സി.എസ്.ഡി.എസ്. സര്‍വ്വേ പറയുന്നത്. അത് കൊണ്ട് സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവല്‍കരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിന്റ്റെ അഭിവാജ്യ ഖടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവര്‍ ഒന്നോര്‍ത്തിരിക്കുന്നതു നല്ലതാണ്.

ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ നോണ്‍ വെജിറ്റെറിയന്‍ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്‌സ് - നോടും ഇന്‍ഡ്യാക്കാര്‍ക്കും പ്രതിപത്തി ഏറി വരുന്നതായിട്ടാണ് കാണിക്കുന്നത്. നൂഡില്‍സും അതു പോലുള്ള ആഹാരങ്ങളും വീടുകളില്‍ മാത്രമല്ല; കവലകളിലും കിട്ടും. ഉത്തരേന്ത്യയിലെ അനേകം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ഇതെഴുതുന്നയാള്‍ക്കിത് നേരിട്ട് കാണുവാന്‍ സാധിച്ചിട്ടുണ്ട്. അത് കൂടാതെ ഭാര്യയും, ഭര്‍ത്താവും ജോലി ചെയ്യുന്ന ഇന്ത്യയിലെ ഇന്നത്തെ അണു കുടുംബങ്ങളില്‍ ആര്‍ക്കാണ് പാരമ്പര്യ ഭക്ഷണ രീതികള്‍ കര്‍ശനമായി പിന്തുടരാന്‍ സമയമുള്ളത്? അത് കൊണ്ട് തന്നെ ബ്രെഡ്ഡും, ബട്ടറും, ജാമും, ഓംലെറ്റും ഒക്കെ ഇന്ത്യയിലെ പല കുടുംബ ആഹാര ക്രമങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്നത്തെ കുട്ടികള്‍ക്കാണെങ്കില്‍ ഐസ്‌ക്രീമിനോടും, പിസയോടും, നൂഡില്‍സിനോടും ഒക്കെ താല്‍പര്യം നല്ലതു പോലെ ഉണ്ട്.

ഇന്ത്യയിലെ പട്ടാള ക്യാമ്പുകളിലെല്ലാം പൂണുല്‍ ഇട്ട ഉയര്‍ന്ന ജാതിക്കാര്‍ വരെ മീന്‍, മുട്ട, ചിക്കന്‍, മട്ടണ്‍ എല്ലാം കഴിക്കുന്നവരാണ്. ഞങ്ങളുടെ അടുത്തുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റ്റെ ക്യാമ്പിലേക്ക് അവര്‍ സ്ഥിരമായി മട്ടണും ചിക്കനും ഒക്കെ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്. മലയാളികള്‍ സണ്‍ഡേ സ്‌പെഷ്യല്‍ ആയി സ്വകാര്യമായി ഉണ്ടാക്കുന്ന ബീഫ് കറിയില്‍ നിന്നും വാങ്ങി കഴിക്കുന്ന ചില പൂണൂല്‍ ധാരികളും ഇഷ്ടം പോലുള്ള നാടാണ് ഇന്ത്യ. മനുഷ്യന്‍ അടിസ്ഥാനപരമായി സസ്യഭുക്കല്ല; മിശ്രഭുക്കാണ് എന്നതാണ് ഇതൊക്കെ കാണിക്കുന്നത്.

ഇപ്പോള്‍ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവര്‍ ധാരാളം ഉണ്ട്. അവരുടെ പ്രധാന വാദം പല്ലിന്റ്റെ ഘടന, മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങള്‍, മനുഷ്യ സ്വഭാവത്തില്‍  മാംസാഹാരം വരുത്തുന്ന മാറ്റങ്ങള്‍ - ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സസ്യാഹാരം ആണ് മനുഷ്യന് നന്ന് എന്നാണെന്നാണ്. എണ്ണയില്‍ വറുക്കാത്തതും, ഉപ്പും, മുളകും, മസാലയും, പുളിയും ഒന്നും അധികമില്ലാത്ത സസ്യാഹാരത്തിന്റ്റെ മഹത്ത്വം ഇതെഴുതുന്ന ആളും നിഷേധിക്കുന്നില്ല. പക്ഷെ അപ്പോഴും ചോദ്യം ഉയരുന്നു - മനുഷ്യന്‍ അടിസ്ഥാനപരമായി മാംസാഹാരിയോ; അതോ സസ്യാഹാരിയോ?

മനുഷ്യ ചരിത്രത്തിന്റ്റെയും, മനുഷ്യന്റ്റെ ആഹാര രീതിയുടെയും ചരിത്രം 'The Great Human Race' എന്ന പരമ്പരയിലൂടെ നാഷണല്‍ ജ്യോഗ്രഫിക് വളരെ നന്നായി കാണിക്കുന്നുണ്ട്. ടാന്‍സാനിയായില്‍ ഒരു സ്ത്രീയെയും, പുരുഷനെയും ആദിമ കാലത്തെ എന്നത് പോലെ ആഹാരം കഴിച്ചു കൊണ്ട് ജീവിക്കുന്ന കാഴ്ചയാണ് നാഷണല്‍ ജ്യോഗ്രഫിക് കാണിച്ചു തരുന്നത്. ആദ്യം മനുഷ്യന്‍ മറ്റു മൃഗങ്ങള്‍ കീഴ്‌പ്പെടുത്തുയ മൃഗങ്ങളെ അവര്‍ ഭക്ഷിച്ചതിനു ശേഷമുള്ള മാംസം കഴിച്ചിരുന്നു. പിന്നീടാണ് കല്ലുകള്‍ കൊണ്ട് മൃഗങ്ങളെ കീഴ്‌പ്പെടുത്താനുള്ള ആയുധങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കുന്നത്. മനുഷ്യന്‍ തീ കണ്ടെത്തുന്നതു വരെ കായ്കിഴങ്ങുകളും ജീവികളേയും പച്ചയ്ക്കാണ് ഭക്ഷിച്ചിരുന്നത്. ഒറ്റയ്ക്കും, കൂട്ടത്തോടെയുമുള്ള വേട്ടയാടലുകള്‍ മനുഷ്യന്റ്റെ ആവശ്യമായിരുന്നു. വെന്ത മാംസം കഴിച്ചു തുടങ്ങിയതില്‍ പിന്നെയാണ് മനുഷ്യന് ശാരീരികമായ ചില മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. പല്ലിന്റ്റെ വലിപ്പം കുറഞ്ഞതും കുടലിന്റ്റെ നീളം കുറഞ്ഞതുമൊക്കെ ഇതില്‍ വരും. കൃഷി കണ്ടു പിടിക്കുന്നത് വരെ മനുഷ്യന്‍ വെറും നായാടി ആയിരുന്നു.

കൃഷി കണ്ടു പിടിച്ചതോടൊപ്പം മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും തുടങ്ങി. ആടും, ഒട്ടകവും, പശുവും, യാക്കും ഒക്കെ ഇങ്ങനെ മനുഷ്യന്‍ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്ത മൃഗങ്ങളാണ്. പാലിന് വേണ്ടി മാത്രമല്ല; മാംസത്തിനും വേണ്ടി കൂടെയായിരുന്നു ഇങ്ങനെ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്തത്. യഥാര്‍ത്ഥത്തില്‍ കൃഷി കണ്ട് പിടിച്ചത് തന്നെ മനുഷ്യന്റ്റെ അടിസ്ഥാനപരമായ വേട്ടയാടലിന് എതിരായിരുന്നു എന്ന വാദം കൂടി നരവംശ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഉണ്ട്. അനേകം നൂറ്റാണ്ടുകളിലെ പരിണാമങ്ങള്‍ക്ക് ഒടുവിലാണ് മനുഷ്യന്റ്റെ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി മാംസാഹാരത്തിനും, കായ്കിഴങ്ങുകള്‍ക്കും അനുരൂപമായിരുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ചത്. മണിക്കൂറുകള്‍ കുനിഞ്ഞ് നിന്ന് അരിക്കും ഗോതമ്പിനും വേണ്ടി ഞാറ് നടുന്നതും, കള പറിക്കുന്നതും മറ്റും നായാടിയായ മനുഷ്യന്‍ അനേകം നൂറ്റാണ്ടുകള്‍ക്കു ശേഷം രൂപപ്പെടുത്തിയ ജീവിതചര്യ ആണ്. മാംസാഹാരികള്‍ ക്രൂരന്മാരാണെന്ന നിഗമനം ശുദ്ധ ഭോഷ്‌കാണ്. മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങള്‍ കൃത്യമായി 'ആല്‍ക്കലയിന്‍' അല്ല. 'അസിഡിക്' കൂടി ചേര്‍ന്നതാണ്. അത് കൊണ്ട് തന്നെ മനുഷ്യന്റ്റെ ദഹന രസം സസ്യാഹാരത്തിനു മാത്രം അനുയോജ്യമാണെന്ന വാദവും തെറ്റാണ്.

മാംസാഹാരത്തില്‍ അധിഷ്ഠിതമായ ആദിമ മനുഷ്യന്റ്റെ ജീവിതചര്യക്ക് തെളിവുണ്ടോ എന്ന് ശാസ്ത്ര കൗതുകമുള്ളവര്‍ ചോദിച്ചു പോകും. തെളിവുണ്ട് എന്നു തന്നെയാണ് കൃത്യമായ ഉത്തരം. പ്രസിദ്ധ ചരിത്രകാരനായ വില്‍ ഡ്യൂറന്റ്റ് തന്റെ ഭാര്യയായ ഏരിയല്‍ ഡ്യൂറന്റ്റുമൊപ്പം നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയിട്ടുണ്ട്. 13 വോളിയത്തിലുള്ള 'The Story of Civilization' ചരിത്ര വിദ്യാര്‍ത്ഥികളുടേയും, നരവംശ ശാസ്ത്രജ്ഞന്മാരുടേയും ഒരു നിധിയാണ്. അതീവ മനോഹരമായ ഭാഷാ ശൈലി കൊണ്ടും, ഗവേഷണത്തിന്റ്റെയും, തെളിവുകളുടെയും വിപുലത കൊണ്ടും ഏതൊരു വായനക്കാരനെയും അമ്പരപ്പിക്കുന്നതാണ് വില്‍ ഡ്യൂറന്റ്റിന്റ്റെ കൃതികള്‍. നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയതിന് പുറമേ 'The Story of Philosophy', 'Lessons from History' - എന്നീ പുസ്തകങ്ങളും വില്‍ ഡ്യൂറന്റ്റ് എഴുതിയിട്ടുണ്ട്. 'ബെസ്റ്റ് സെല്ലെര്‍' പട്ടികയിലുള്ള 'The Story of Civilization' - ലെ ആദ്യ വോളിയമാണ് 'Our Oriental Heritage'. ആ പുസ്തകത്തിലെ പ്രസിദ്ധമായ അധ്യായമാണ് 'From Hunting to Industry'. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ആദിമ മനുഷ്യന്റ്റെ നായാടലില്‍ നിന്ന് വാണിജ്യത്തിലേക്കുള്ള ചരിത്രമാണിത്.
വില്‍ ഡ്യൂറന്റ്റ് ആഫ്രിക്കയില്‍ പോയ അനേകം മിഷനറിമാരുടെ യാത്രാ വിവരണങ്ങളും, പര്യവേഷക സംഘങ്ങളുടെ കണ്ടെത്തലുകളില്‍ നിന്നും ആദിമ മനുഷ്യന്റ്റെ ആഹാര രീതിയുടെ ചരിത്രം വിവരിക്കുന്നു. എല്ലാ ആദിമ മനുഷ്യരുടെ കൂട്ടവും മാംസാരികള്‍ മാത്രമല്ല; അവര്‍ മനുഷ്യ മാംസവും തിന്നിരുന്നു എന്നാണ് വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വില്‍ ഡ്യൂറന്റ്റ് പറയുന്നത്. ഗോത്ര ജനതകള്‍ തമ്മില്‍ യുദ്ധമുണ്ടാകുമ്പോള്‍ കീഴ്‌പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സര്‍വ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ കാഴ്ചകള്‍ വിവരിച്ചു കൊണ്ട് വില്‍ ഡ്യൂറന്റ്റ് പറയുന്നത്. നാഷണല്‍ ജ്യോഗ്രഫിക്കും ഇപ്പോള്‍ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവര്‍ ആഫ്രിക്കയിലെ ഉള്‍ ഭാഗങ്ങളില്‍ ഉണ്ടെന്നാണ് പറയുന്നത്.

ഇന്ത്യയിലെ ഗോത്ര വര്‍ഗ ജനതകള്‍ക്കിടയിലും അവര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങള്‍ ഉണ്ട്. ആന്‍ഡമാന്‍ ദ്വീപുകളില്‍ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ പെട്ടവര്‍ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവര്‍ ആണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗ ജനത. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.

ഇനി കേരളത്തിന്റ്റെ പ്രാദേശിക സസ്‌കാരത്തിലേക്കു വന്നാലോ? മല്‍സ്യത്തിലും, മാംസത്തിലും, മുട്ടയിലും ഒക്കെ അധിഷ്ഠിതമായ ഒരു വിപുലമായ ഭക്ഷ്യ സംസ്‌കാരം കേരളത്തില്‍ ഉണ്ടായിരുന്നു; കേരളീയമായ വൈദ്യ സംസ്‌കാരത്തില്‍ പോലും ഉണ്ടായിരുന്നു. കേരളത്തില്‍ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടില്‍ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തില്‍ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍ ഉള്ളവര്‍ മീന്‍ കഴിക്കുന്നവരാണല്ലോ. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും പണ്ട് ആട്ടിന്‍ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയില്‍ മുക്കുറ്റി ചേര്‍ത്ത് കൊടുക്കുന്ന രീതി, താറാമുട്ടയില്‍ കങ്കായനം ഗുളികയും, കരിയാംബൂവും ചേര്‍ത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങള്‍ നമ്മുടെ ആയുര്‍വേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു.

ഇന്ത്യയില്‍ സസ്യാഹാരികള്‍  വെജിറ്റേറിയന്‍സ്) ആണ് കൂടുതല്‍ രോഗികള്‍ എന്നാണ് ബാന്ഗ്ലൂരിലെ പ്രസിദ്ധമായ 'Institute of Naturopathy & Yogic Sciences' - ലെ ചീഫ് ഫിസിഷ്യന്‍ ഇതെഴുതുന്ന ആളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. കാരണം ലളിതം. സസ്യാഹാരത്തിന്റ്റെ പേരില്‍ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകള്‍ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിന്റ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോള്‍ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്?

ഭക്ഷണ കാര്യത്തില്‍ 'കണ്‍ക്ലൂഷന്‍' ഒന്നേയുള്ളൂ. നിങ്ങള്‍ക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുര്‍വേദ ആചാര്യന്മാര്‍ പറയുന്നത്. പല ആയുര്‍വേദ ഡോക്ടര്‍മാരും എന്നോടിത് നേരിട്ടു പറഞ്ഞിട്ടുണ്ട്. യോഗാചാര്യന്മാരും, സന്യാസികള്‍ പോലും പറഞ്ഞിട്ടുണ്ട്. കുമയൂണ്‍ യോഗ സംസ്ഥാന്‍ സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാന്‍ വിജയ് സരസ്വതി നേരിട്ട് ഇതെഴുതുന്ന ആളോട് പറഞ്ഞിട്ടുണ്ട് - 'ദഹന ശക്തിയുണ്ടോ എന്തും കഴിക്കാം' - എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഇതൊന്നും പറയാന്‍ പാടില്ലല്ലോ. സംസ്‌കാരത്തിന്റ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവല്‍കരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ. ഇന്നിപ്പോള്‍ സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവല്‍കരിച്ച് പലരും പലതും പറയുന്നു. അതൊക്കെ ഹിന്ദു സമൂഹത്തിന്റ്റെ അഭിവാജ്യ ഖടകങ്ങളായാണ് പലരും കാണുന്നത്.

ഇന്ധ്യയില്‍ ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകില്‍ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. ആയുര്‍വേദത്തില്‍ ഗോമാംസം അടക്കമുള്ള പല മാംസ ഭക്ഷണങ്ങളുടെ ഗുണ ഗുണങ്ങളെ കുറിച്ച് കൃത്യമായ വിവരണമുണ്ട്. ആടിന്റ്റെ മാംസം പോലെ തന്നെ വേറെ പല ഗുണങ്ങളും ഉള്ളതാണ് ഗോമാംസവും. ഇറച്ചികള്‍ വേര്‍ തിരിക്കുമ്പോള്‍ മതത്തിന്റ്റെ കണ്ണില്‍ കൂടി നോക്കുമ്പോഴാണ് കുഴപ്പം മുഴുവനും. വാജീകരണ ചികിത്സയില്‍ ഗോമാംസം അത്യുത്തമമാണ്. ചില രോഗികള്‍ക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികള്‍ സസ്യാഹാരികളായ രോഗികള്‍ ആണെങ്കില്‍ അവര്‍ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയെ പോലുള്ളവര്‍ പറയുന്നത്. ചരക സംഹിതയില്‍ തന്നെ ഗോമാംസത്തിന്റ്റെ ഗുണ ഗുണങ്ങള്‍ അടങ്ങിയ ഉദ്ധരിണികള്‍ ഉണ്ട്.

പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോള്‍ ആളുകള്‍ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോള്‍ അവര്‍ക്ക് പാലിനും, ചാണകത്തിനും വേറെ മാര്‍ഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യയിലെ കാര്‍ഷിക സംസ്‌കാരത്തിന്റ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗോവധ നിരോധനം ഇന്ത്യയില്‍ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാര്‍ഷിക സംസ്‌കാരത്തില്‍ അധിഷ്ഠിതമാണോ? ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴും ചാണകം മെഴുകിയ തറയിലാണോ എല്ലാവരും കിടക്കുന്നത്? ചാണകം മെഴുകിയ മുറ്റങ്ങളും വീടുകളിലും നിന്ന് സിമന്റ്റിട്ടും, റെഡ് ഓക്‌സഡുമായി വീടുകളുടെ ഫ്‌ലോറുകള്‍ മാറി. പിന്നീട് മൊസയ്ക്ക് വന്നു. ഇപ്പോള്‍ ടൈല്‍സും, മാര്‍ബിളുമൊക്കെയായി. ഉത്തരേന്ത്യയിലും ഇത്തരം വിപുലമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. വിദൂര ഗ്രാമങ്ങളില്‍ മാത്രമാണ് മാറ്റമില്ലാത്തത്. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പോലെ കേരളത്തില്‍ ചാണകം ഉണക്കിയെടുത്താണോ പാചകം ചെയ്യുന്നത്? പശുവും, എരുമയും ആണോ കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്ര? പാല്‍, തൈര്, വെണ്ണ, നെയ്യ്, പനീര്‍, പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നുള്ള ബര്‍ഫി പോലുള്ള അനേകം പലഹാരങ്ങള്‍ - ഇതൊക്കെ മിക്ക ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും, നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഉണ്ട്. പാലിനെ കൂടാതെ ഉത്തരേന്ത്യയുടെ പോലെ പാല്‍ ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉണ്ടോ? ഉത്തരേന്ത്യന്‍ ഗ്രാമ സംസ്‌കാരം കേരളത്തിലും പറിച്ചു നടാന്‍ ശ്രമിക്കുകയാണ് ചില സംഘടനകള്‍. യമനില്‍ ആടിനെ മേയ്ക്കാന്‍ പോകുന്നവരില്‍ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്‌നേഹികള്‍ക്കും, സസ്യാഹാര പ്രിയര്‍ക്കും ഇല്ല. 'നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി' (NECC) രണ്ടു ദിവസം മുമ്പ് മുട്ടക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്കെതിരെ ദേശീയ പത്രങ്ങളില്‍ പരസ്യം ചെയ്യുവാന്‍ നിര്‍ബന്ധിതമായത് തന്നെ കാണിക്കുന്നത് അതാണ്. കോവിഡ് - 19 എന്ന കൊറോണയുടെ സമയത്തെങ്കിലും വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവര്‍ മിതത്വം പാലിക്കേണ്ടതുണ്ട്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
VJ Kumr 2020-03-25 10:45:43
Vegitarian foods are more healthy than Non-Vegitarian foods, See below the News from USA: : 23+ Healthy Fried Rice Recipes, 30 Healthy Bowl Recipes, 34 Quinoa Recipes for Weight Loss, 51 Healthy Overnight Oats Recipes, 9 Fantastic Farro Recipes Read more: https://www.eatthis.com/coronavirus- healthy-grocery-list/?utm_source=msn&utm_medium= feed&utm_campaign=msn-feed
VJ Kumr 2020-03-25 13:25:51
Even more Europeans and American people like vegetarian foods, see below: One reason is that many people who follow a vegetarian diet tend to consume a high proportion of fresh, healthful, plant-based foods, which provide antioxidants and fiber. According to a 2019 Gallup poll, 5% of people in the United States describe themselves as vegetarian, including 2% of people aged 55 and over, 8% of those aged 18–34 years, and 7% of people aged 35–54. Read more: https://www.medicalnewstoday.com/articles/8749
Trans Vegetable. 2020-03-25 14:53:40
ഞാൻ കഴിക്കുന്നത് ട്രാൻസ്‌ഫോമിട് വെജിറ്റബിൾ ആണ്. ഇതിനേക്കാൾ ഒക്കെ പ്രിയം ഇനി മുതൽ കുടിക്കുവാൻ ഗോ മൂത്രവും, ചാണകം കൊണ്ടുള്ള കേക്ക്, ബിസ്ക്കറ്റ്, പായസം ഒക്കെ ആയിരിക്കും. -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക