Image

മറയുന്ന ഭൂമി (ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 24 March, 2020
മറയുന്ന ഭൂമി (ദീപ ബിബീഷ് നായര്‍)
ആസന്നമരണമകക്കണ്ണില്‍ കണ്ടവള്‍
അമ്പരന്നൊരുവേളയെന്നാകിലും
അതിജീവനപ്പാച്ചിലിലുരുകിയെരിഞ്ഞതാ
അരുതേയെന്നലറുന്നതറിയുന്നുവോ?

ഗ്രാമമാം പിന്നാമ്പുറങ്ങള്‍ മറയുന്നു
ഗ്രാമഭംഗിയാം ഹരിതയും മങ്ങീടുന്നു
ജൈവബന്ധമാം കണ്ണികള്‍ മുറിയുന്നനുദിനം
ജീവവംശത്തിന്‍ നാശവുമരികിലെന്നോ?

ശിഥിലമാകുന്നു തോടുകള്‍ കൈവരികള്‍
മരുഭൂമിപോലുരുകുന്നവളാര്‍ദ്രയായ്
നാടിന്റെ മാറാപ്പുമാലയായ് കണ്ടൊരാ
നടവരമ്പുമാ പാടവും മറയുന്നുവോ?

തനുവരണ്ടുണങ്ങുന്ന ഭൂമിയില്‍
തണലായില്ലൊരാ തണ്ണീര്‍ത്തടങ്ങളും
താളവുമോളവുമില്ലാത്ത പുഴകളും
തരിശു ഭൂമിയും പതിവുകാഴ്ചകള്‍

കാടും മരതകപ്പച്ചപ്പിന്‍ ശോഭയും
കാറ്റിന്‍ വേഗത്തിലഗ്‌നിവിഴുങ്ങുന്നുവോ?
അജ്ഞതയേറി നാം ചെയ്യുന്നു പാതകം
അവശേഷിക്കില്ലിനി അവനിതന്‍ ശോഭയും

വശ്യസൗന്ദര്യമായ് വാസന്ത കുസുമങ്ങള്‍
വീഥിയോരങ്ങളില്‍ വിടരട്ടെയിനിയും
വേണമിനിയുമീ വാനവും ഭൂമിയും
വീണ്ടെടുക്കാനായിട്ടൊത്തു ചേരാം.........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക