Image

അയര്‍ലന്‍ഡില്‍ കൊറോണബാധിതര്‍ ആയിരം കടന്നു; മരണം ആറായി

Published on 25 March, 2020
അയര്‍ലന്‍ഡില്‍ കൊറോണബാധിതര്‍ ആയിരം കടന്നു; മരണം ആറായി


ഡബ്‌ളിന്‍:അയര്‍ലന്‍ഡില്‍ കൊറോണബാധിതരുടെ എണ്ണം ആയിരം കടന്നു.തിങ്കളാഴ്ച വരെ റിപ്പബ്‌ളിക് ഓഫ് അയര്‍ലന്‍ഡില്‍ 1125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നാല്‍പ്പതിനായിരത്തിലേറെ പേര്‍ കൊറോണ ടെസ്റ്റിനായി കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്.ഇവരുടെ പരിശോധനാഫലം വരുന്‌പോള്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനാണ് സാധ്യത. കൂടുതല്‍ ടെസ്റ്റ് സെന്ററുകള്‍ ആരംഭിച്ചും കിറ്റുകള്‍ ഇറക്കുമതി ചെയ്തും കൊറോണടെസ്റ്റ് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാഉപകരണങ്ങള്‍ ,ടെസ്റ്റ് കിറ്റുകള്‍ തുടങ്ങിയവ ചൈനയില്‍ നിന്നും വിമാനമാര്‍ഗം അയര്‍ലന്‍ഡില്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ ആറിലൊന്നു പേരും ആരോഗ്യ മേഖലയില്‍ നിന്നുള്ളവരാണെന്നത് സര്‍ക്കാര്‍ ഏറെ ഗൗരവത്തോതെയാണ് നോക്കിക്കാണുന്നത്.പല നഴ്‌സുമാരും രോഗനിര്‍ണയത്തിനായി കാത്തിരിക്കുകയാണ്. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് രോഗനിര്‍ണയം എളുപ്പത്തിലാക്കണമെന്ന ആവശ്യം ഉടനെ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രോഗികളെ പരിചരിച്ച മലയാളികളടക്കമുള്ള ഇരുനൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫ് ഐസോലേഷനില്‍ പോയിരിക്കുകയാണ്. പത്തിലേറെ മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.കോറോണബാധിതരുടെ സംഖ്യ ദിനംപ്രതി ഏറുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ജോലിക്കിറക്കാനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു.

അയര്‍ലന്‍ഡില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ധനകാര്യസ്ഥാപനമായ ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ 101 ശാഖകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കുറച്ചു ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും.ഫാസ്റ്റ്ഫുഡ് കന്പനി മക്‌ഡൊണാള്‍ഡ്‌സിന്റെ മുഴുവന്‍ ബ്രാഞ്ചുകളും അടച്ചുപൂട്ടി. വീസ നിയന്ത്രണവും വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനാലും മലയാളികളടക്കമുള്ള പ്രവാസികള്‍ എങ്ങോട്ടും പോവാനാവാതെ രാജ്യത്ത് കുടുങ്ങിക്കിടക്കു അവസ്ഥയിലാണ്.

ഡബ്‌ളിനിലുള്ള ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.വിവിധകോളജ് ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ഥകള്‍ക്ക് അവിടെ തുടരാനുള്ള അനുമതി ഇന്ത്യന്‍ അംബാസഡറുടെ ഇടപെടലിനെത്തുടര്‍ന്ന് ലഭിച്ചിട്ടുണ്ട്. മലയാളികളടക്കമുളള വിദേശവിദ്യാര്‍ഥികളോട് കാന്പസ് വിട്ടുപോവാന്‍ ട്രിനിറ്റി കോളജടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അംബാസഡര്‍ ഇടപെട്ടത്. അയര്‍ലന്‍ഡില്‍ ഒരുലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ക്ക് ജോലി നഷ്ടമായി. വരും ദിവസങ്ങളില്‍ പ്രതിസന്ധിയുടെ ഭാഗമായി നാലു ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക