Image

'ഒന്നും തോന്നല്ലേ... ( ആൻസി സാജൻ)

Published on 26 March, 2020
'ഒന്നും തോന്നല്ലേ... ( ആൻസി സാജൻ)
ഈ ലോകം എത്ര വേഗമാണ് ഒന്നായി മാറിയത്. ഒറ്റവിചാരത്തിൽ ഉറങ്ങിയെഴുന്നേൽക്കുന്നത്. അപ്രതിരോധ ശക്തികളെന്നു കരുതി പ്രതാപം കൊണ്ടതൊന്നും ഇപ്പോൾ കാഴ്ചയിലില്ല. രാജ്യം രാജ്യത്തിനു മേലും ജനം ജനത്തിനു മേലും ആധിപത്യമുറപ്പിക്കാൻ നടത്തിയ തേരോട്ടങ്ങളെല്ലാം പാഴായതുപോലെ .
എത്ര വേഗമാണ് മനുഷ്യരാശി ,ജീവസ്പന്ദനം തുടരണേ എന്ന ഒരൊറ്റ മൗന നിലവിളിയുമായി നിസ്സഹായതയോടെ സ്വന്തം മാളങ്ങളിൽ നൂണ്ട് കയറിയത്.
               ലോകം മുഴുവൻ പടരുന്ന കൊറോണ 19 എന്ന മഹാവ്യാധിക്ക് സ്ഥലവും സമയവും സന്ദർഭവും നോട്ടമില്ല. രാജകൊട്ടാരങ്ങളിലും അധികാരമട്ടുപ്പാവുകളിലും ആഡംബരം പൂത്തു വിളയുന്ന അന്തപ്പുരങ്ങളിലുമെല്ലാം അനുവാദം ചോദിക്കാതെ അത് ചുറ്റിത്തിരിയുന്നു.
          ആരുടെയെങ്കിലും തെറ്റാണോ അതോ പാപമാണോ അതുമല്ലെങ്കിൽ കൈപ്പിഴയാണോ... ഇതൊന്നും മനസ്സിലാക്കാൻ മനുഷ്യ ശക്തിക്കോ ശാസ്ത്രബലത്തിനോ തൽക്കാലം കഴിയുന്നില്ല. മതവും ജാതിയും വിവിധ ദൈവങ്ങളുമായി അതിർത്തി പാലിച്ചിരുന്ന സമൂഹം ഇപ്പോൾ യഥാർത്ഥ ദൈവത്തെ അന്വേഷിക്കുകയാണ്. മനുഷ്യരുടെ കപട സ്തുതിപ്പുകളിൽ മയങ്ങുകില്ല ആ യഥാർത്ഥ ദൈവം.
അടച്ചു പൂട്ടിയ ആരാധനാലയങ്ങളും നിർത്തി വച്ച ആൾക്കൂട്ട പൂജകളും ഇപ്പോൾ ആശ്വാസമാണ് നൽകുന്നത്.
പരസ്പര ബഹുമാനത്തോടെ ആത്മാർത്ഥമായ പ്രാർത്ഥനകൾ നടത്തി ആത്മധൈര്യത്തോടെ ജീവിച്ച പഴയ തലമുറയുടെ ജീവിത രീതി ഓർത്തു നോക്കാം. എത്ര സമാധാനമായിരുന്നു മനുഷ്യർക്കിടയിൽ...
     ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ജീവിത ചലനങ്ങളിലും അത്യാധുനികമായ സൗകര്യങ്ങൾ നേടി കുതിച്ചു പൊയ്ക്കൊണ്ടിരിക്കയായിരുന്നു നാം. എളിമയുള്ള ഒരു ചിരിയോ ഹൃദയം കുളിർപ്പിക്കുന്ന മസൃണമായൊരു കാഴ്ചയോ ഇന്ന് നമുക്കിടയിൽ കണ്ടുവെന്ന് വരുകില്ല. ജനിച്ച നാടിനു നേർക്കുപോലും തിരിഞ്ഞു നോക്കാത്ത ഒരു യാത്രയായിരുന്നു നമ്മുടേത്. എന്നാൽ വീട്ടിലേക്ക് തിരികെയെത്താൻ വെമ്പൽ പൂണ്ട് നിൽക്കയാണിന്നു നാം. നമ്മുടെ അതിരുകളെല്ലാം അടയ്ക്കപ്പെട്ടു.
എവിടെ ,എന്തിനു പോകുന്നു എന്ന ചോദ്യത്തെ നമുക്കിന്ന് പേടിയാണ്.
കൈയും മുഖവും കഴുകി വാ ,കഴിക്കാനെടുക്കാം എന്ന് അരുമയോടെ വിളിച്ചിരുന്ന   വീട്ടിൽ നിന്നാണ് നാം ഓടിപ്പോയത്. കൈ കഴുകാതെ ,കാൽ കഴുകാതെ
തെളിഞ്ഞ മനസ്സില്ലാതെ കരണ്ടികളിലും കത്തിയിലും മുള്ളിലും കൂടി ആമാശയത്തിലേയ്ക്ക് കടന്നു പോയതൊന്നും നമ്മുടെ ഹൃദയം തൊട്ടില്ല.

ഇപ്പോൾ സോപ്പു തേടി നടക്കയാണ് ലോകജനത.
വേവിച്ച ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും ജീവികളുടെ പച്ച മാംസം കടിച്ചു പറിച്ച്  മൃഗങ്ങളെപ്പോലെ തിന്നുന്നവരെയും കാണുന്നതിനെയെല്ലാം അങ്ങാടിയിൽ കൊന്നു കൂട്ടി വച്ച് വിൽക്കുന്നവരെയും പുതിയ മാധ്യമങ്ങൾ നമുക്ക് കാണിച്ചുതരുന്നു.
ലോകത്തിന്റെ ഫാക്ടറി എന്ന് പേരെടുത്ത നാട്ടിൽ കൊച്ചു കുഞ്ഞിനെ ജീവനള്ള വാൽ മാക്രിയെ സ്പൂണിൽ കോരി കഴിപ്പിക്കുന്നതും നാം കണ്ടു.
എത്ര നാളാണ്
വൈറസുകൾ അടങ്ങിയിരിന്നത് ??

അമേരിക്കൻ പ്രസിഡന്റും സംഘവും ഭാരതം സന്ദർശിച്ച വേളയിൽ ഇവിടുന്ന് പച്ചവെള്ളം പോലും അവരാരും തൊടില്ല എന്ന് വായിച്ചു. സകല സന്നാഹങ്ങളും കൊണ്ടുവന്ന് ഒരു കോടി ജനങ്ങൾക്കു മുൻപിൽ കൈ വീശിയിട്ട് അവർ പോയി. അധിക നാളായില്ല.
    പിന്നെ വീട്ടുതടങ്കലിലായ ജനങ്ങളുടെ കാര്യം. കട്ടനിട്ട് കുടിക്കാൻ പഞ്ചാരയും കാപ്പിപ്പൊടിയും പോലുമില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്.
  നിന്നു തിരിയാനിടമില്ലാതെ  ഒറ്റമുറികളിൽ തിങ്ങിയിരുന്ന് വിഷമിക്കുന്നവരുണ്ട്.
അവരെയൊക്കെ ഓർക്കാനുള്ളവർ ഓർക്കണേ....
      വെനീസെന്നും റോമിലെ പത്രോസിന്റെ ദേവാലയമെന്നുമൊക്കെ കേട്ട് ഉളള് കുളിർത്തവരാണ് നാം.
മാണിസാറും കെ.വി.തോമസും അതുപോലെയുള്ളവരും വത്തിക്കാനിലെ ചടങ്ങുകളിൽ പങ്കെടുത്ത് പോപ്പിന്റെ അനുഗ്രഹം വാങ്ങുന്നത് കണ്ട് ആശിക്കാൻ പോലും ശക്തിയില്ലാതെ അമ്പരന്ന് പോയവർക്ക് ഇപ്പോൾ എല്ലാം ഒരു പോലെയായി...

     എന്നാലും പറയട്ടെ കൊറോണേ... അതിഥികൾക്കൊരു മര്യാദയുണ്ട്.ഏറെ മുഷിപ്പിക്കാതെ മടങ്ങണം...
അവനവന്റെ പായ വിരിച്ച് അതിൽ കിടന്നുറങ്ങിയാലേ നല്ല ഉറക്കം കിട്ടൂ...
പിന്നെ ഇവിടെ,ഞങ്ങളെല്ലാം ഒരു വിധം കഞ്ഞിയൊക്കെ ( വല്യ കൂട്ടാനൊന്നും ഇല്ലേലും) കുടിച്ച് കഴിയുവാരുന്നു.
പാറ്റയിടല്ലേ ....


ഒന്നൂടെ, വളരെ നിഷ്കളങ്കമായിരുന്ന കാലത്ത് ഹൃദയം കൂപ്പി പ്രാർത്ഥിച്ച പോലെ
ഒന്നു പ്രാർത്ഥിക്കട്ടെ,
ദൈവമേ, മാർപ്പാപ്പേനെ കാത്തോണേ,
ഞങ്ങടെ എലിസബത്ത് രാജ്ഞിയെ കാത്തോണേ,
റഷ്യയിൽ ലെനിൻ ഉണ്ടായിരുന്നേൽ
അദ്ദേഹത്തെയും കാക്കണേ എന്നു പ്രാർത്ഥിച്ചേനെ...

ഞങ്ങടെ മുഖ്യമന്ത്രിയേം
ഷൈലജ ടീച്ചറേം
ഞങ്ങളെയെല്ലാം കാത്തോണേ...


രാഷ്ട്രീയ പ്രവർത്തനം
വെറും ഫോൺ വിളിയും പ്രസംഗവും
കാറിലുള്ള ജൈത്രയാത്രയുമല്ല എന്നും
ഇക്കാലത്ത് കണ്ടു.

ആർക്കും ഒന്നും തോന്നല്ലേ'' '
അല്ല ഒന്നും തോന്നൂലാന്ന് അറിയാം..

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക