Image

കൊറോണകാലത്തെ സോനാഗച്ചിയിലെ പ്രണയം (ചെറുകഥ-ബെന്നി)

Published on 26 March, 2020
കൊറോണകാലത്തെ സോനാഗച്ചിയിലെ പ്രണയം (ചെറുകഥ-ബെന്നി)
എടാ കുരുത്തം കെട്ടവനെ, നശിച്ച കൊറോണാ, നിനക്ക് ഭ്രാന്താണോ?!
നശിച്ച സാത്താനേ, ലൂസിഫറിന്റെ സന്തതി!

എന്റെ കുഞ്ഞിന്റെ പിറന്നാളാ.. പെണ്ണായ ആദ്യ പിറന്നാൾ!
വിട്ടു പോകുന്നതാ നിനക്കു നല്ലത്.. ഞങ്ങൾ ദാവീദിൻ പരമ്പര...
എത്രയോ ഗോലിയാത്തുകൾ ഞങ്ങടെ ഒറ്റ കടാക്ഷത്തിൽ അടിപതറി വീണിരിക്കുന്നു!  
ചെങ്കോലും കിരീടവും വലിച്ചെറിഞ്ഞു, സിംഹാസനങ്ങൾ വെടിഞ്ഞിട്ടു, 
പെണ്ണിന്റെ ചൂടിൽ സാഷ്ടാഗം പ്രണമിച്ചെത്രയോ വീര ചക്രവർത്തിമാരെ അറിയോ നിനക്ക്, വിഡ്ഡി..!
നിസ്സാരാ കോവിടെ, ഒറ്റ കോശം പോലുമില്ലാത്ത നീയോ, പെണ്ണിനോട്  ദ്വന്ദയുദ്ധത്തിനു വരുന്നൂ?! 
ഭോഷാ...  സ്ഥലം കാലിയാക്കുന്നതാ നിനക്കു നല്ലത്. 
കൽഹാരപുഷ്പം തേടുവാൻ ഭീമനെപ്പോലും പറഞ്ഞയച്ച പെണ്ണിനോടാണോ ടാ നീ മല്പിടിത്തത്തിനു വരുന്നത്.. മൂഢനോടെന്തു വേദമോദാൻ! 

തകര ക്ഷീറ്റിൻ കുടുസ്സിൽ, പൊന്നിനെയുറക്കിക്കിടത്തി, തലയിണ കൂട്ടിനു അടുപ്പിച്ചു വെച്ച്
ചായം തേച്ചു മുഖം മിനുക്കി, 'വ്യാകുല മാതാ'വിന്റെ മുഖത്തു നോക്കി കുരിശൂ വരച്ച് 
പഴകി ദ്രവിച്ച  വാതിലുകൾ താഴിട്ടു പൂട്ടിയിട്ടവൾ ഇര തേടിയിറങ്ങി.
 
ഒന്നു രണ്ടു ഇടപാടുകാരെത്താതെ നാളെയെങ്ങിനെ, എന്റെ മോക്കടെ പിറന്നാളിൻ
മധുരം വാങ്ങും!

എടാ നശിച്ച കൊറോണാ!
എന്റെ മോളുടെ  പിറന്നാളു നാളെ 
എടാ പിശാചേ... 

വാതിൽ പടിയിൽ ഞാനെന്റെ കാണപ്പെട്ട ദൈവങ്ങളെ കാത്ത്, കാത്തു കാത്തു നില്പു്...  
ചുണ്ടു ചുമപ്പിച്ചു്.. കണ്ണെഴുതി... ഭൂമിയിലെ എന്റെ കാണപ്പെട്ട ദൈവങ്ങളെ കാത്ത്....

നസ്രായാ ,   
കല്ലേറിനു ഞങ്ങടെ കവചമായി കല്ലെടുത്തവരെ തലകുനിപ്പിച്ച അങ്ങ്, എന്തിനിന്നീ വിത്തു വിതപ്പിച്ചു?
ഈ നശിച്ച കൊറോണാ!  
'കാഞ്ചന മര'ത്തണലുകൾ നിശ്ചലം.. മഗ്‌ദലനമാർ ഞങ്ങൾ തൻ മടിശീല കാലിയും!!....

മഗ്‌ദലന!, എന്റെ പൊന്നുമോക്കടെ പിറന്നാൾ!

കാണുന്നില്ല, ഒരൊറ്റ ഇടപാടുകാരേം, തെരുവിൽ തിരിഞ്ഞു നോക്കുന്നില്ല!
'പന്ത്രണ്ടു നാളിൻ കന്യക' നെറ്റിയിൽ എഴുതി പതിച്ചിട്ടും,
തിരിഞ്ഞു നോക്കാത്ത ദുഷ്ടർ!
ശുംഭർ .. പരബോറന്മാർ... 
ഷണ്ണന്മാർ.... കശ്മലർ!!!

നസ്രായാ ,
എന്റെ പൊന്നു മോക്കടെ പിറന്നാൾ! പിതാവേതെന്നറിയാത്ത ബാല്യം,
പെണ്ണായ ആദ്യ പിറന്നാൾ, സോനാഗച്ചിയിലെ അവളുടെ കൂട്ടുകാർ,
പന്ത്രണ്ട് മെഴുതിരികൾ ഊതികെടുത്താൻ, അവളു
ടെ പേരെഴുതിയ 
ചെറിയൊരു പ്ലം കേയ്ക്ക് !

തകരക്കുടിൽ പുറത്തുന്ന് പൂട്ടി കാത്തയെന്റെ പൂമൊട്ടിന്റെ പിറന്നാൾ...

കഴുവേറി കൊറോണാ, എന്തിനു നീ?!
പന്ത്രണ്ടുനാളിൻ കന്യക! 
ഒരിടപാടുകാരനേം കാണുന്നില്ല!.. രാവിതു പുലരുന്നു.. മോളുണരും.......  
'പെണ്ണാ'യതിൻ ആദ്യ പിറന്നാൾ... "'ഒരു ചുവന്ന ചുരിദാറും ഒരു പ്ലം കേക്കും ..
പിന്നെ മ്മാ, മോക്കടെ രസഗുള .. കുറേ വേണേ !!
പൊന്നാമ്മാ...  അതുമതി പിറന്നാളിന്....." 
മൗനിയായി ഞാൻ... ചുട്ടുപൊട്ടിച്ചു ചുരത്തിയ കണ്ണീർ തളച്ചു  ഉള്ളിൽ...  ഹെന്റെ ഈശോ മറിയം ഔസേപ്പു പുണ്യാളാ...
രണ്ടു മെഴുതിരി കത്തിച്ചേക്കാമേ....

ചുവന്ന ചുരിദാർ..... 
ഹെന്റെ ഈശോ, അവൾക്കും ചുവന്ന ചുരിദാറോ!  ''അമ്മ.. മോക്ക് ശാസ്ത്രജ്ഞ ആയാ മതി ട്ടോ...
കൊറോണയെ മോള് തളക്കും, മ്മാ.... മോള് തളക്കും..."
കണ്ണിൽ അഗ്നിത്തിളക്കം.. കെട്ടിപ്പിടിച്ചൊരുമ്മ നൽകി ഞാൻ!

മുഖം മിനുക്കി കണ്ണെഴുതി, ചുണ്ടു ചുമപ്പിച്ച് 
"അമ്മക്ക് നൈറ്റ് ഡ്യൂട്ടിയാ മോളോ പ്രാർത്ഥിച്ചുറങ്ങണേ..
'അന്നന്നു ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ...
ആമേൻ ....ആമേൻ ...ആമേൻ ...'
'കൃപ നിറഞ്ഞ മറിയമേ, ശുദ്ധമുള്ള കനൃക മ൪ത്ത മറിയമേ,
തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി .
..'
പൊന്നോ.. പൊന്നുമോളോ, മൂന്നുവട്ടം പ്രാർത്ഥിച്ചിട്ടു ഉറങ്ങീക്കോളൂട്ടോ... 
കാലേ കാണാം.. പൊന്നുമ്മ..."

നസ്രായാ..........
*'കാഞ്ചന മര'ത്തിലെ സ്വപ്നഗലികൾ, നേരം പാതിരാ കഴിഞ്ഞയ്യോ!.. 
റാഫി റോഡിൽ അങ്ങിന്റെ നാമത്തിൻ കുരിസ്സുതൊട്ടി, കവലയിലെ വല്യഭണ്ണാരം
ഞാനെന്നും ദശാംശം തരുന്ന വല്യ ഭണ്ണാരം! തിരികെ പോകുമ്പോഴും ഇരിപ്പതു തരാറില്ലേ?! 
ഉള്ളതു മുഴുവൻ തന്നിട്ടാ ഇവളിങ്ങു പോന്നത്... മുട്ടു കുമ്പിട്ട്, മൂന്നു കുമ്പിട്ട്...
ഒരു നല്ല കസ്റ്റമറിനായ്  മൂന്നു മെഴുതിരി കത്തിച്ചു, ചുറ്റുവിളക്കിൽ എണ്ണയൊഴിച്ചു..
പോരെ അങ്ങിന്?!

തെരേസ്സാമ്മാ......
'കാഞ്ചന മര'ങ്ങളുടെ താഴ്വരകളിൽ, അമ്മയുടെ കാല്പാദങ്ങൾ പതിഞ്ഞില്ല!
ഇവിടെ സ്വപ്നങ്ങൾ വില്കുന്നവരെ അമ്മയും പേടിച്ചോ?!
 
ഹാ ..നസ്രായ...
ഇതാ ഒരു ഡീൽ...
ഫിഫ്റ്റി ഫിഫ്റ്റി ! എന്താ പോരേ...
വൈകിയ രാവായീ, പകുതി പകുതി പകുക്കാം!

ഹാ ...  
ഒരിടപാടുകാരൻ അകലെ.. അവൻ  വീഴും .. വീഴ്ത്തണം...പേശണില്ല ഇവൾ......  
പുഞ്ചിരിച്ചു, കുണുങ്ങി കുണുങ്ങി, കണ്ണിറുക്കി, ചുരിദാറൊന്നനക്കി...
ഹാ..  വീണവൻ!   
എന്റെ കാണപ്പെട്ട ദൈവം മുന്നിൽ.. ഉറപ്പിച്ചു ഡീൽ!
പാവം, അവൻ മുഴുവനും പിന്നെ ബോണസും മുൻ‌കൂർ തന്നു...

എന്റെ പൊന്നിന്റെ പിറന്നാൾ... 'പെണ്ണാ'യ ആദ്യ പിറന്നാൾ!
കൈ നിറയെ തന്നിട്ട് പോയി അവൻ,  മോൾക്ക് ഒരു സമ്മാന പൊതിയും!!! 

നസ്രായാ.... നന്ദി ..നന്ദി 
ഫിഫിറ്റി ഫിഫിറ്റി ഡീൽ!  ഇതാ, ഇപ്പോഴേ പിടിച്ചോളൂ, വാക്കുമാറാത്തവളാ ഇവൾ!
'വ്യാകുല മാതാ'വിന്റെ  കുരിശ്ശ് തൊട്ടിയിൽ രണ്ടു മെഴുതിരി കൂടുതൽ. മൂന്നു കുമ്പിടീൽ....
നന്ദി ..നന്ദി
   
എന്റെ പ്രാണ പ്രിയനെ, എന്റെ പ്രിയ കൽക്കത്തേ.. നീയെന്നെ ഒരിക്കലും നിരാശയാക്കിയിട്ടില്ല.
നന്ദി, കൽക്കട്ട, നന്ദി!!!

*സോനാഗച്ചി

(COVID-19 ഏറ്റവും കൂടുതൽ സാമ്പത്തികമായി ബാധിച്ചിരിക്കുന്നതു ലൈംഗീക തൊഴിലാളികളെ ആണ് എന്ന വാർത്തയോട് പ്രതികരിച്ച്‌ എഴുതിയത്.)
Join WhatsApp News
kanAkkoor 2020-03-27 08:58:31
കഥ വായിച്ചു. നന്നായിട്ടുണ്ട്. ആശംസകള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക