Image

യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി മുഖ്യമന്ത്രി കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാര്‍ കൊടുക്കണമോ?- അഡ്വ. ഹരീഷ് വാസുദേവന്‍‌

Published on 28 March, 2020
യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി മുഖ്യമന്ത്രി കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാര്‍ കൊടുക്കണമോ?- അഡ്വ. ഹരീഷ് വാസുദേവന്‍‌

കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കണ്ണൂരില്‍ മൂന്ന് പേരെ യതീഷ് ചന്ദ്ര ഐ.പി.എസ് ഏത്തമിടീപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍‌. കണ്ണൂരില്‍ യതീഷ് ചന്ദ്ര ഐ.പിഎസ് 3 പേരെ പരസ്യമായി റോഡില്‍ നിര്‍ത്തി ഏത്തം ഇടീക്കുന്ന വീഡിയോ കണ്ടു. 


പൗരന്മാരുടെ വ്യക്തിപരമായ അന്തസിനെപ്പറ്റി ഉല്‍കണ്ഠയുള്ള ഒരു മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവിലയാണ് ഇയാള്‍ കല്പിച്ചത്. യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയന്‍ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാര്‍ കൊടുക്കണമോയെന്ന് ഹരീഷ് ചോദിച്ചു. മറുപടി മുഖ്യമന്ത്രി പറഞ്ഞാല്‍ മതി.ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.


അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പോലീസേ,

ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് മനുഷ്യരെ വീട്ടില്‍ തടവിലിട്ടതല്ല. ഒരുമിച്ചു രക്ഷപ്പെടാനാണ് എല്ലാവരും വീട്ടിലിരിക്കാന്‍ പറഞ്ഞത്. അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ നിശ്ചിത സമയം പുറത്തിറങ്ങാം. കയ്യില്‍ ഒരു കടലാസില്‍ ആവശ്യവും പേരും വിലാസവും എഴുതി സൂക്ഷിച്ചാല്‍ മതി. കയ്യകലം പാലിക്കണം. ആവശ്യം കഴിഞ്ഞാല്‍ തിരികെ കയറണം. നിയമം ലംഘിക്കുന്നവരെ കണ്ടാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ പറയാം.. പോകുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാം, കേസെടുക്കാം.. വണ്ടി പിടിച്ചെടുക്കാം.. അതിനു വഴങ്ങാത്തവരോട് മാത്രം ബലം പ്രയോഗിക്കാം.. ലാത്തി ചാര്‍ജ്ജ് നടത്താം..


പോലീസ് പറയുന്നത് കേള്‍ക്കാത്തവരെ അപ്പോള്‍ തല്ലുക, ചോദിക്കുകയും പറയുകയും ചെയ്യാതെ തന്നെ വഴിയില്‍ കാണുന്നവരെ തല്ലുക, ഏത്തം ഇടീക്കുക, മാപ്പ് പറയിക്കുക, വീഡിയോ എടുത്ത് ഇടുക ഇതൊന്നും നിങ്ങളുടെ പണിയല്ല. ജോലി സംബന്ധമായ ഫ്രഷ്‌ട്രേഷന്‍ അധികാര ദുര്‍വിനിയോഗത്തിനുള്ള ന്യായമല്ല. 


പോലീസ് അല്ല നാട് ഭരിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. കൊറോണ കാലം കഴിഞ്ഞു മനുഷ്യര്‍ സുരക്ഷിതരായി ഒരുനാള്‍ പുറത്തിറങ്ങുമ്ബോള്‍ ജനം തിരിച്ചു പ്രതികരിക്കും.. ഇന്ന് പിന്തുണ നല്‍കുന്ന മേലധികാരികള്‍ക്ക് അന്ന് പിന്തുണയ്ക്കാന്‍ പറ്റണം എന്നില്ല.


നിങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞത് മനസിലാകാത്ത പൊലീസുകാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കിത് ബോധ്യമാക്കി കൊടുക്കണം. അഭ്യര്ഥനയാണ്. കര്‍ശനമായി നിയമം പാലിക്കണം, എന്നാല്‍ മര്യാദയും വേണം.


കൊല്ലത്ത് ഒരു CI വീട്ടില്‍പ്പോയി തെറ്റു ചെയ്ത പയ്യനെ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. CI യ്ക്കും ചെയ്‌ത തെറ്റ് ബോധ്യമുണ്ട്. കണ്ണൂരില്‍ യതീഷ് ചന്ദ്ര IPS 3 പേരെ പരസ്യമായി റോഡില്‍ നിര്‍ത്തി ഏത്തം ഇടീക്കുന്ന വീഡിയോ കണ്ടു. പൗരന്മാരുടെ Personal Dignity യെപ്പറ്റി ഉല്‍കണ്ഠയുള്ള ഒരു മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവിലയാണ് ഇയാള്‍ കല്പിച്ചത്. യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയന്‍ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാര്‍ കൊടുക്കണമോ?
മുഖ്യമന്ത്രി പറഞ്ഞാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക