Image

ഉറ്റവര്‍ക്ക് പ്രോട്ടോക്കോളില്‍ അന്ത്യനിദ്ര, മതപരമായ ആചാരങ്ങളില്ല (ശ്രീനി)

Published on 29 March, 2020
ഉറ്റവര്‍ക്ക് പ്രോട്ടോക്കോളില്‍ അന്ത്യനിദ്ര, മതപരമായ ആചാരങ്ങളില്ല (ശ്രീനി)
ഉറ്റവരുടെയും ഉടയവരുടെയും തോരാ കണ്ണീരും തീരാവേദനയും കണ്ടും അനുഭവിച്ചും അറിഞ്ഞുകൊണ്ടാണ് ഓരേ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആയിരങ്ങള്‍ ഒരേ സമയം മരിച്ചുവീഴുമ്പോള്‍ അവരവരുടെ മതപരമായ ആചാരങ്ങളൊക്കെ മാറ്റിവച്ച് കൂട്ടത്തോടെ സംസ്‌കരിക്കുകയേ നിര്‍വാഹമുള്ളൂ. ലോകത്തിന്റെ വിവിധ കോണുകളില്‍ അങ്ങനെ സംഭവിക്കുന്നു. കൊറോണ മൂലം കേരളത്തില്‍ ആദ്യം മരിച്ച കൊച്ചി സ്വദേശി, 69 വയസുള്ള മട്ടാഞ്ചേരി ചുള്ളിക്കല്‍ യാക്കൂബ് ഹൂസൈന്‍ സേട്ടിന്റെ സംസ്‌കാരവും ബന്ധുമിത്രാദികളെ വൈകാരികമായി കടുത്ത ദുഖത്തിലാഴ്ത്തി. മട്ടാഞ്ചേരി കച്ചി ഹനഫി മസ്ജിദ് കബര്‍സ്ഥാനാണ് അതിന് സാക്ഷ്യം വഹിച്ചത്.

ഇന്ത്യയില്‍ കൊവിഡ് മരണം 20 ആയ മാര്‍ച്ച് 28-ാം തീയതീയാണ് കേരളത്തിലും രോഗം ബാധിച്ച് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ നിന്ന് എത്തിയ സേട്ടിനെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാര്‍ച്ച് 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല. ചേതനയറ്റ ശരീരം വീഡിയോ കോള്‍ വഴിയാണ് ബന്ധുക്കളെ കാണിച്ചത്. യാക്കൂബ് ഹുസൈനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന ടാക്‌സി െ്രെഡവറും കൊവിഡ് ബാധിതരാണെന്ന് വ്യക്തമായിട്ടുണ്ട്. ഭാര്യ സെറീന ബായ്യയിയും ചികിത്സയിലാണ്. ഭര്‍ത്താവിന്റെ നിശ്ചലമായ ശരീരം സ്‌ക്രീനിലൂടെ കണ്ട ഈ വീട്ടമ്മയുടെ ഹൃദയം നുറുങ്ങിയിരിക്കണം.

മരണാനന്തരച്ചടങ്ങുകള്‍ ഒഴിവാക്കി പൂര്‍ണമായും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഹുസൈന്റെ സംസ്‌ക്കാരചടങ്ങുകള്‍ നടത്തിയത്. ഇങ്ങനെയുള്ള രീതി മതപരമായ ആചാരങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കുന്ന മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പക്ഷേ, നിലവിലുള്ള സാഹചര്യം ആചാരങ്ങളെ അകറ്റുന്നതാണ്. 'ശാരീരിക അകലം, സാമൂഹിക ഒരുമ...' എന്നതാണല്ലോ ഇപ്പോള്‍ നമ്മുടെ രോഗ പ്രതിരോധ മുദ്രാവാക്യം. അതുകൊണ്ട് വിട്ടുവീഴ്ചകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനിവാര്യമാണ്.

മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേരളത്തിന് പുതിയ അറിവായിമാറിയ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ ഇങ്ങനെയാണ്. മരണസമയത്തോ സംസ്‌കാരസമയത്തോ വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനാണ് ഈ പ്രോട്ടോക്കോള്‍. ഐസൊലേഷന്‍ വാര്‍ഡ് മുതല്‍ സംസ്‌കാരച്ചടങ്ങങ്ങ് നടത്തുന്ന സ്ഥലം വരെ ആരോഗ്യപ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റ് (പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് കിറ്റ്) ധരിക്കണം. വെള്ളം കടക്കാത്ത ഏപ്രണ്‍, കണ്ണിനെ സംരക്ഷിക്കുന്ന ഗോഗിള്‍സ്, എന്‍-95 മാസ്‌ക്, കൈയുറകള്‍ എന്നിവയടങ്ങുന്നതാണ് പി.പി.ഇ.കിറ്റ്. ബന്ധുവിന്റെ മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നവരും പി.പി.ഇ.കിറ്റ് ധരിക്കണം. അന്ത്യ ചുംബനമോ സ്പര്‍ശനമോ അനുവദിക്കില്ല.

ചോര്‍ച്ചയുണ്ടാകാത്ത പ്ലാസ്റ്റിക് ബാഗിലാണ് മൃതദേഹം പൊതിയുക. ഒരു ശതമാനം വീര്യമുള്ള ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ബാഗിന്റെ പുറംഭാഗം അണുവിമുക്തമാക്കണം. തുടര്‍ന്ന് മോര്‍ച്ചറിയിലെ തുണിയിലോ ബന്ധുക്കള്‍ നല്‍കുന്ന തുണിയിലോ ബാഗ് പൊതിയാം. പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരായിരിക്കണം മൃതദേഹം പുറത്തേക്കെടുക്കേണ്ടത്. മൃതദേഹം മോര്‍ച്ചറിയില്‍ നാലു ഡിഗ്രി താപനിലയിലാണ് സൂക്ഷിക്കുക. മൃതദേഹം എംബാം ചെയ്യാനോ പോസ്റ്റുമോര്‍ട്ടം നടത്താനോ പാടില്ല. പ്രത്യേകകാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം അനുവദിക്കൂ. മൃതദേഹത്തോടൊപ്പം പോകുന്നവര്‍ പി.പി.ഇ കിറ്റ് ധരിക്കണം. സംസ്‌കാരത്തിനു ശേഷം ഒരു ശതമാനം വീര്യമുള്ള ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ആംബുലന്‍സ് ശുചീകരിക്കണം.

ശവസംസ്‌കാരത്തിനു മുമ്പ് മരിച്ചയാളുടെ മുഖം കാണാം. എന്നാല്‍, പി.പി.ഇകിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരായിരിക്കണം മുഖാവരണം നീക്കുക. മൃതദേഹം സ്പര്‍ശിക്കാത്ത രീതിയിലുള്ള മതപരമായ ചടങ്ങുകള്‍ അനുവദിക്കാം. മൃതദേഹത്തെ കുളിപ്പിക്കുവാന്‍ അനുവദിക്കില്ല. മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ അവയുടെ ചാരം ചടങ്ങുകള്‍ക്കായി ശേഖരിക്കാം. അല്ലെങ്കില്‍ പത്തടി താഴ്ചയിലേറെ കുഴിയെടുത്ത് സംസ്‌കരിക്കണം. ഇതാണ് ഡീപ്പ് ക്രിമേഷന്‍. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം. സംസ്‌കാരത്തിനു ശേഷം കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും കൈകള്‍ സോപ്പിട്ട് നന്നായി കഴുകണം. വ്യക്തിശുചിത്വം പാലിക്കണം. വരും ദിവസങ്ങളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണാന്‍ ഇടയാവാതിരിക്കട്ടെ.

വാല്‍ക്കഷണം

മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയടക്കം വരുത്തിവയ്ക്കുമെന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരക്കാര്‍ക്ക് മദ്യം ലഭ്യമാക്കും. മറ്റാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി-വാര്‍ത്ത.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്. ചവറ സ്വദേശി ബിജു വിശ്വനാഥന്‍ (50), കുണ്ടറ സ്വദേശി സുരേഷ് (38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ സ്വദേശി കെ.സി വിജിലും (28) ആത്മഹത്യ ചെയ്തിരുന്നു. വീടിന് സമീപത്തെ സ്‌റ്റേഡിയത്തിന് സമീപത്തെ വളപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് വിജിലിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന്് കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജാണ് (35) ആദ്യം ആത്മഹത്യ ചെയ്തത്. തൃശൂര്‍ പെരിങ്ങാല ചായിക്കാര പുളിക്കല്‍ മുരളിയും (44) തൂങ്ങിമരിച്ചു.

ഏതായാലും അമിത മദ്യാസക്തര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമുളവാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും കള്ള് ഷാപ്പുകളും അടച്ചിട്ട അവസ്ഥയില്‍ റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയോ സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം ലഭ്യമാക്കണമെന്ന യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീന്റെ ഫേസ്ബുക്ക് പോസ്റ്റ് കൗതുകമുണര്‍ത്തി. ബിവറേജ് അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് ഗുലാം ഹസന്‍ മുനവ്വറലിയെ കടത്തിവെട്ടിയത്.

ഏതായാലും മുഖ്യമന്ത്രിയുടെ മദ്യ ചികില്‍സ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതു പോലെയാണെന്നാണ് ചിലരുടെ അഭിപ്രായം. 'മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം...' എന്ന ചൊല്ലിനെ മുറുകെപ്പിടിക്കുന്നവരുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക