Image

കോവിഡ് 19 മഹാമാരിയില്‍ കേളിയുടെ ഐക്യദാര്‍ഢ്യം

Published on 29 March, 2020
 കോവിഡ് 19 മഹാമാരിയില്‍ കേളിയുടെ ഐക്യദാര്‍ഢ്യം


സൂറിച്ച്: ലോകത്തെ ആകമാനം പിടിച്ചുകുലുക്കി കോവിഡ് 19 എന്ന വൈറസ് അതിവേഗം മുന്നോട്ടു പായുന്‌പോള്‍ അതുമൂലം കഷ്ടപ്പെടുന്നവരോടും മരണമടഞ്ഞവരുടെ ബന്ധുക്കളോടുമുള്ള ഐക്യദാര്‍ഢ്യം കേളി എക്‌സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി.

വികസിത, വികസ്വര, അവികസിത രാജ്യങ്ങളില്‍ എല്ലാം, ഒന്നുപോലെ വൈദ്യസഹായത്തിനും ജീവന്‍ നിലനിര്‍ത്തുന്നതിനും വേണ്ടി മനുഷ്യര്‍ നെട്ടോട്ടം ഓടുകയാണ്. ഈ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രാത്രി പകലാക്കി ആതുരസേവനരംഗത്ത് നിരവധിയായ ആളുകള്‍ പ്രവര്‍ത്തിക്കുന്നു. അനിയന്ത്രിതമായ രീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍സ്, അവര്‍ക്കുവേണ്ട വൈദ്യസഹായവും പരിചരണങ്ങളും നല്‍കുന്ന നഴ്‌സുമാര്‍, അതുപോലെ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍, ഇവരെല്ലാം തളരാതെ രോഗികളുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നില്‍ക്കാനും അവര്‍ക്കു വേണ്ട ശുശ്രൂഷ ചെയ്യുവാനും അവരുടെ കരങ്ങള്‍ക്ക് ശക്തി പകരാനും കേളി എക്‌സിക്യുട്ടീവ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജാതിചിന്തകള്‍ക്കു അതീതമായി, അതാതു രാജ്യത്തെ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനും മറ്റുള്ളവരെ ബോധവല്‍ക്കരിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സ്വയം പ്രതിരോധിക്കുന്നതിനൊപ്പം സഹജീവികളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ അപ്പാടെ നടപ്പാക്കാനും, സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയപ്പെട്ടു ജീവിക്കുവാനും നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ട്. ലോകം ഈ മഹാമാരിയെ ഒരുമയോടെ നേരിടാന്‍ നമുക്കും കൈകോര്‍ക്കാമെന്ന് കേളി പ്രസിഡന്റ്
ജോസ് വെളിയത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക