Image

ദൈവത്തിന്റെ കളിപ്പാട്ടം (കഥ: ജോസഫ് എബ്രഹാം)

Published on 29 March, 2020
ദൈവത്തിന്റെ കളിപ്പാട്ടം (കഥ: ജോസഫ് എബ്രഹാം)
കാറിന്റെ പിന്‍സീറ്റില്‍ അല്‍പ്പം മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് പിന്നാക്കം മറയുന്ന  വഴിയോരകാഴ്ചകളില്‍ കൌതുകപൂര്‍വ്വം കണ്ണുംനട്ടിരിക്കുകയായിരുന്നു റിച്ചുജോണ്‍.  യൂനിവേഴ്‌സിറ്റിക്കു മുന്നിലുള്ള സിഗ്‌നലില്‍ കാത്തുകിടക്കവേ കൈകള്‍  കോര്‍ത്തുപിടിച്ചുകൊണ്ട് റോഡു മുറിച്ചുകടക്കുന്ന കമിതാക്കളില്‍നിന്നും കണ്ണെടുക്കാതെ  റിച്ചു  ആനിയോടാവശ്യപ്പെട്ടു.

“അമ്മ  ഐ  വാണ്ട്  എ ഗേള്‍ ഫ്രണ്ട്”
“വാട്ട് ?”
“  ഐ വാണ്ട്എ ഗേള്‍ ഫ്രണ്ട്” റിച്ചു അവന്‍റെ ആവശ്യം ആവര്‍ത്തിച്ചു.
“റിച്ചു.  ഷട്ട്..  അപ്പ്”
“നോ ...അമ്മ” റിച്ചു  ചിണുങ്ങാന്‍ തുടങ്ങി
“റിച്ചു. ഷട്ടപ്പ് ഐ..സെ”

 ആനിക്ക്‌നല്ല ദേഷ്യവും നിരാശയും വന്നു.  അവള്‍    സെല്‍ഫോണെടുത്ത്  അവന്റെ നേരെ നീട്ടി. ഫോണ്‍ കിട്ടിയപ്പോള്‍  കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ അവന്‍ കരച്ചില്‍ നിര്‍ത്തി.പിന്നെ അവന്‍റെ ശ്രദ്ദ മുഴുവനും ഫോണിലായി.

ആനി ഒരുരോഗിയുടെ മുറിയില്‍ തിരക്കിട്ട ജോലിയിലായിരുന്നു.സ്ക്രബിന്‍റെപോക്കറ്റിലിരുന്നു അടിവയറ്റില്‍ഇക്കിളികൂട്ടിക്കൊണ്ടവളുടെ സെല്‍ഫോണ്‍കുറച്ചുനേരമായിവിറകൊള്ളുന്നുണ്ടായിരുന്നു. അന്നേദിവസം ഒന്നുരണ്ടു സഹപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി അവധിയെടുത്തതിനാല്‍ അവളുടെ ജോലിഭാരം വളരെയേറെയായിരുന്നു.  ഒരു മുറിയിലെ ജോലി കഴിയുമ്പോഴേക്കും അടുത്ത ഏതെങ്കിലും മുറിയില്‍ നിന്നും സഹായത്തിനായുള്ള  വിളിയുമായി  ചുവന്ന കാള്‍ലൈറ്റ് കത്തികിടപ്പുണ്ടാകും ഉടനെ അവിടേക്കും നീങ്ങും.  ഒന്നിരിക്കാന്‍ പോലും സമയം കിട്ടാതെ വളരെ തിരക്കായിരുന്നു.പരിശോധനാഗ്ലൌസൂരിചവറ്റുകുട്ടയില്‍ നിക്ഷേപിച്ചിട്ട് ‘ഹാന്‍ഡ് സാനിട്ടയിസര്‍’പുരട്ടികൈകള്‍ കൂട്ടിത്തിരുമ്മിശുദ്ധിവരുത്തി രോഗിയുടെ റൂമില്‍നിന്നും പുറത്തിറങ്ങിയപ്പോഴേക്കും യൂണിറ്റ്‌സിക്രട്ടറിയുടെപേജിങ്ങ് ചെവിയിലെത്തി.

“ഫോണ്‍ ഓണ്‍ ഹോള്‍ഡ് ഫോര്‍മിസ്. ആന്‍ ”

ആരായിരിക്കുമിപ്പോള്‍ ഫോണില്‍ വിളിക്കുന്നതെന്നാലോചിച്ചുകൊണ്ടുഫോണെടുത്തു ‘ഹലോ’ എന്നു വച്ചപ്പോഴേക്കും മറുതലയ്ക്കല്‍ നിന്നും  പുരുഷ ശബ്ദത്തിലുള്ള ചോദ്യം വന്നു.
 
“ ഈസ് ഇറ്റ് മിസ്ആന്‍ ജോണ്‍” ?

“യെസ്”

“മേം ദിസ് ഈസ്സാര്‍ജന്‍റ്  ബട്‌ലര്‍കാളിംഗ്ഫ്രം  കൌണ്ടി പോലീസ്. ഹൌ  ആര്‍ യു ഡുയിംഗ് ടുഡേ ”

പോലീസുദ്യോഗസ്ഥനാണു  വിളിക്കുന്നതെന്നെറിഞ്ഞപ്പോള്‍ ഉള്ളില്‍നിന്നും ഒരു കാളലുണ്ടായി. പരിഭ്രമം മറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിറയാര്‍ന്ന സ്വരത്തില്‍ ഉപചാരപൂര്‍വം  അവള്‍   മറുപടി പറഞ്ഞു.

“അയാം ഗുഡ്  സര്‍, താങ്ക് യു. വാട്ട് എബൌട്ട് യു  സര്‍?.”

“ ഐം ഫൈന്‍.  താങ്ക് യു ഫോര്‍ അസ്കിംഗ്.  മേം,ഈസ് റിച്ചൂ ജോണ്‍യുവര്‍സണ്‍ ?”സാര്‍ജന്റ്‌നേരെ കാര്യത്തിലേക്ക്  കടന്നു.

 “യെസ് സര്‍,വാട്ട് ഈസ് റോങ്ങ് ...?”ആനി ഭയപ്പാടോടെചോദിച്ചു

“ നതിംങ്ങ്ടു വറി മേം. ഹീ ഈസ് ഫൈന്‍ ആന്‍ഡ് സേഫ് വിത്ത്അസ്. ....”

പാര്‍ക്കിങ്ങ് ഗാരേജില്‍ നിന്നും കാറെടുത്തുപോലീസ് ബാരക്കിലേക്ക് ആനിപാഞ്ഞു. ഉടന്‍ വരാന്‍ മാത്രമാണു  സാര്‍ജന്റ്  അവളോടു പറഞ്ഞത്.വിശദമായിഒന്നു പറഞ്ഞില്ല.ദൈവമേ അവനെന്തു കുഴപ്പമായിരിക്കും  ഒപ്പിച്ചിട്ടുണ്ടാവുക.  ആനിക്കു  വല്ലാത്ത  ആധിയായി.സാധാരണയായിഅവന്‍  ആനിയുടെ  കൂടെയല്ലാതെ   അപ്പാര്‍ട്ടുമെന്റിനു പുറത്തിറങ്ങാറില്ല. ഒന്നുകില്‍  ടി.വി യില്‍ കാര്‍ട്ടൂണുകള്‍ കണ്ടോഅല്ലെങ്കില്‍ ടാബില്‍  ഗെയിം കളിച്ചോ  സമയംപോക്കും. ‘ടോം ആന്‍ഡ് ജെറിയും’‘സ്പഞ്ച് ബാബ് സ്ക്വയര്‍ പാന്റ്‌സും’  അവനു വലിയ  ഇഷ്ടടമാണ് അതും കണ്ടുകൊണ്ടവന്‍ എത്രനേരം വേണമെങ്കിലും അനങ്ങാതിരുന്നുകൊള്ളും.

പോലീസ്  ബാരക്കിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍  കാര്‍ പാര്‍ക്കുചെയ്തുശേഷം ചങ്കിടിപ്പോടെ കെട്ടിടത്തിനകത്തേക്കവള്‍ കടന്നുചെന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്‌റ്റേഷന്റെ പടിയവള്‍ കടക്കുന്നത്. റിസെപ്ഷനിലിരിക്കുന്ന ഓഫീസര്‍ അവളെ കണ്ടപ്പോള്‍ അഭിവാദനം ചെയ്തു കൊണ്ട് ചോദിച്ചു.

“ഹലോഹൌ ആര്‍ യു മേം. ഹൌ കാന്‍ ഐ ഹെല്‍പ് യു ? ”

ആനിഅതൊന്നു കേട്ടില്ല. അവളുടെ കണ്ണുകളും കാതുകളും അവിടെ റിച്ചുവിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു.  ഓഫീസര്‍  ആനിയുടെ ശ്രദ്ധക്ഷണിക്കാന്‍ വേണ്ടി  ചോദ്യം  ആവര്‍ത്തിച്ചു.

“മേം,  ഹൌ കാന്‍ ഐ ഹെല്‍പ് യു  ?”

“റിച്ചു... മൈ സണ്‍.”

വിറയ്ക്കുന്ന ചുണ്ടുകളോടെ  ആനിപറഞ്ഞൊപ്പിച്ചു.അയാള്‍  അവളെ അകത്തേക്ക്  ക്ഷണിച്ചു. റിച്ചുലോബിയിലെ ടി വി യുടെ മുന്‍പില്‍അവനു കൂട്ടിനായിരിക്കുന്ന   വനിതാ ഓഫീസര്‍ക്കൊപ്പമിരുന്നുകൊണ്ട്   ജെറിയുടെ പുറകെ ഓടുന്ന ടോമിന്റെ  തല ഭിത്തിയിലിടിക്കുന്നതും ടോമിന്‍റെ  തലയ്ക്കു ചുറ്റും പ്രകാശവലയവും നക്ഷത്രങ്ങളും പമ്പരംപോലെ കറങ്ങുന്നതും പിന്നെ‘പ്ലിം’ എന്ന ശബ്ദത്തോടെ ടോം തലചുറ്റി  വീഴുന്നതും കണ്ടു കൈകൊട്ടി ചിരിക്കുന്നുണ്ട്.അവനെ കണ്ടതോടെ ആനിയുടെ ശ്വാസം നേരെ വീണു.അവന്‍റെ കണ്ണുകള്‍ ടെലിവിഷനില്‍ തന്നെ  പറ്റിച്ചേര്‍ന്നിരുന്നു. ആനി കടന്നു ചെന്നതവന്‍  അറിഞ്ഞതേയില്ല.ആനി അവനെ പേരെടുത്തു വിളിച്ചപ്പോള്‍  അവന്‍ തിരിഞ്ഞു നോക്കി.  ടി വി.യില്‍  നിന്നും  പൂര്‍ണ്ണമായും കണ്ണെടുക്കാതെ  ഒരു കാന്‍കൊക്കോകോള ആനിയെ കാണിച്ചുകൊണ്ട് പറഞ്ഞു

“അമ്മാ.. എനിക്കു  സോഡാ കിട്ടി.”

സാര്‍ജന്റിന്‍റെ  മുറിയിലില്‍ അങ്കലാപ്പോടെ ആനി ഇരുന്നു. സാര്‍ജന്റ്  മുഖവുരയായി പറഞ്ഞുതുടങ്ങി
“മേം  നിങ്ങളുടെ വിഷമവും ബുദ്ധിമുട്ടും എനിക്കു മനസിലാകും  എങ്കിലും നിര്‍ഭാഗ്യവശാല്‍ എന്‍റെ ഉത്തരവാദിത്വമെന്ന നിലയില്‍ എനിക്കു നിങ്ങളോട് ചില കാര്യങ്ങള്‍  ചോദിക്കാതെ വയ്യ.”

“ നിങ്ങള്‍ക്കറിഞ്ഞുകൂടായിരുന്നോ  ഇത്തരം ആളുകളെ  മേല്‍നോട്ടത്തിനാരുമില്ലാതെ   തനിച്ചാക്കി  പോകുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന കാര്യം ?”

ചോദ്യം കേട്ടുവെങ്കിലും ആനി മൌനമായിരുന്നു.സാര്‍ജന്റ്പിന്നീട് പറഞ്ഞതെല്ലാം ഞെട്ടലോടെ ആനി കേട്ടുവെങ്കിലും അവള്‍ മറിച്ചൊന്നും പ്രതികരിച്ചില്ല. മേശമേല്‍ വച്ചിരിക്കുന്ന  നെയിം പ്ലേറ്റിലെ അക്ഷരങ്ങളിലേക്കവളുടെ ശൂന്യമായ കണ്ണുകള്‍ വെറുതെ നോക്കിയിരുന്നു. അതിലെ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തയാളുടെ പേരു വായിച്ചെടുക്കാന്‍  അവള്‍ വല്ലാതെ  പണിപ്പെട്ടു.ആനി മറുപടിയൊന്നും പറയാതിരിക്കുന്നതു കണ്ടപ്പോള്‍ സാര്‍ജന്റ് ആനിയെ ഉറ്റുനോക്കി, കുറച്ചുനേരം അയാളും മൌനമായിരുന്നു. അവളുടെ മനസിലൂടപ്പോള്‍ കടന്നുപോകുന്ന വിക്ഷോഭങ്ങള്‍ അയാള്‍ക്കു മനസ്സിലാകുമായിരുന്നു.അവര്‍ക്കിടയില്‍ കനംവച്ചുവന്നമൌനത്തിനു വിരാമമിട്ടുകൊണ്ടു  പുറത്തെ  സോഫയിലേക്ക്  വിരല്‍  ചൂണ്ടി  സാര്‍ജന്റ് പറഞ്ഞു..

“ഏതായാലും  പരാതിക്കാരിപ്പോള്‍   വരുമെന്ന്  പറഞ്ഞിട്ടുണ്ട്. കൌണ്ടി സോഷ്യല്‍ വര്‍ക്കറും  ഫാമിലി കൌണ്‍സലറും ഉടനെ വരും    അവരെല്ലാം  വന്നതിനു ശേഷം  എന്തു ചെയ്യാന്‍ കഴിയുമെന്നു നോക്കാം. നിങ്ങളിപ്പോള്‍ സമാധാനമായി  അവിടെ പോയിരിക്കൂ .”

റിച്ചു അപ്പോഴും കാര്‍ട്ടൂണ്‍ കണ്ടു ചിരിക്കുകയാണ്. ആനി സോഫയില്‍ റിച്ചുവിന്റെ അടുത്തു പോയിരുന്നു. ആനിയെ കണ്ട റിച്ചു സോഡാകാന്‍ തുറന്നു കൊടുക്കാനായി അവളോട് ആവശ്യപ്പെട്ടു. ആനി സോഡാകാന്‍ തുറന്നപ്പോള്‍ അവളുടെ കൈകള്‍ വല്ലാതെ വിറകൊണ്ടു.സോഡാഅവളുടെ  വസ്ത്രത്തിലും   സോഫയിലും  തറയിലുമായി   ചിതറിവീണു ചെറുകുമിളകളായി നുരഞ്ഞുടഞ്ഞു. നിലത്തൊഴുകിപരന്ന സോഡയില്‍ നോക്കി റിച്ചു കരഞ്ഞു. അവന്‍റെ കരച്ചില്‍ കണ്ടപ്പോള്‍ ഒരു  ഓഫീസര്‍ വെണ്ടിംഗ് മെഷീനില്‍ നിന്നും ഒരു സോഡാ വാങ്ങിച്ചു കൊണ്ടുവന്നു റിച്ചുവിന്  നല്‍കി. അതോടെ അവന്‍ കരച്ചില്‍ നിര്‍ത്തി സോഡാ മൊത്തിക്കുടിച്ചുകൊണ്ട്  വീണ്ടും  ടി വി യിലേക്കുതന്നെ   കണ്ണുതിരിച്ചു.

സോഷ്യല്‍ വര്‍ക്കറുംഫാമിലികൌണ്‍സലറുംഎത്തിച്ചേര്‍ന്നു. റിച്ചുവിനെ ഇനി ഒറ്റയ്ക്കാക്കി എങ്ങും പോകില്ലെന്നും മുതിര്‍ന്നവര്‍ക്കുള്ള ‘അഡല്‍റ്റ്  ഡേ കെയര്‍’ സെന്ററില്‍ അവനെ ചേര്‍ക്കാന്‍ നടപടി സ്വീകരിക്കാമെന്നും സമ്മതിച്ചുകൊണ്ട് ആനി എഴുതിഒപ്പിട്ടു നല്‍കിയതോടെ  റിച്ചുവിനെ ആനിയുടെ കസ്റ്റഡിയില്‍തന്നെ  വിട്ടുകൊടുക്കുന്നതിനു  വിരോധമില്ലെന്ന്  സോഷ്യല്‍  വര്‍ക്കര്‍സാര്‍ജന്റിനെ അറിയിച്ചു.

ആനിയോടവര്‍ക്ക് സഹതാപം തോന്നി. പരാതിക്കാരുംപരാതിയില്ലന്നു  എഴുതി നല്കാന്‍ തയ്യാറായതോടെ  കേസ് രജിസ്റ്റര്‍ ചെയ്യുകയോ  റിച്ചുവിനെ ‘റീഹാബിലിറ്റെഷന്‍’ കേന്ദ്രത്തിലേക്ക് അയയ്ക്കുകയോ  ചെയ്യേണ്ടതിന്‍റെ  ആവശ്യമോയില്ലാതെ  കാര്യങ്ങള്‍ അവസാനിപ്പിച്ചു.റിച്ചുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും   പരാതിക്കാര്‍പാര്‍ക്കിംഗ് ലോട്ടിലെ  അവരുടെ  കാറിനരികിലേക്ക്‌നടന്നെത്തിയിരുന്നു.  തൊഴുകയ്യോടെ  അവരുടെ പുറകെ ഓടിച്ചെന്നു  ആനി അവരോട്  മാപ്പു പറഞ്ഞു.

“ഒരു മന്ദബുദ്ധി  കേറിപ്പിടിച്ചതിനു കോടതി തിണ്ണേല്‍ നെരങ്ങീന്നു  നാട്ടുകാര്‍ കേട്ടാല്‍ കൊറച്ചില്‍ ആണല്ലോന്നു വിചാരിച്ചിട്ടാ  കേസും കൂട്ടവും വേണ്ടാന്നു വച്ചത്. പിന്നെ ഒരു കാര്യം...ഇവനത്ര പൊട്ടനാണെന്നുനീ കരുതണ്ട..മൂത്ത കഴപ്പാണിവന്. അക്കാര്യത്തില്‍  ഒരു ബുദ്ധിക്കുറവുമില്ല...അതേ, നീ ആരെയെങ്കിലും ഇവനു കൂട്ടികൊടുക്കാന്‍ നോക്ക്....അല്ലെങ്കില്‍ ഈ പൊട്ടന്‍  വല്ലോന്റെ കൈകൊണ്ടു ചാവും....അല്ലേ വേണ്ട,തള്ളയാന്ന വിചാരമൊന്നും ഈ പിശാചിനില്ലല്ലോ  നീ പിടിച്ചു കൂടെ കെടത്തിക്കൊ...നിന്‍റെ മാപ്പിള ഇട്ടേച്ചുപോയതിന്‍റെ ദണ്ണവും തീരും.. എന്‍റെ ആബ്രന്നോന്‍  അന്നേരം വന്നതുകൊണ്ടു  ഞാന്‍ രക്ഷപെട്ടു...അതിനൊള്ള അടയാളം അവന്‍റെ മോന്തയിലുണ്ട്. നീ അവന്‍റെ  ഉടുപ്പൊന്നു പൊക്കിനോക്ക് ബാക്കിയൊള്ളത്  മുതുകത്തും കാണാം.അങ്ങോട്ട്  മാറിനില്‍ക്കെടി അവരാതീ...വഴീന്ന് ”

ആനിയെ തള്ളിമാറ്റി കാറിന്‍റെ  ഡോര്‍ വലിയ ശബ്ദത്തില്‍ വലിച്ചടച്ചവര്‍  കാറോടിച്ചു പോയി. ആനി തിരിഞ്ഞു  റിച്ചുവിന്റെ മുഖത്ത് നോക്കി.  വിരല്‍ തിണര്‍ത്ത പാട് അവന്‍റെ കവിളില്‍ കണ്ടു.  റിച്ചുവിനെ കാറില്‍ പിടിച്ചുകയറ്റി അവള്‍ ഡോറടച്ചു. ബനിയന്‍ മുകളിലേക്ക്  തെറുത്തു കയറ്റി  അവന്‍റെ പുറം പരിശോധിച്ചു.അവന്‍റെ പുറത്തെ ചുവന്നു തിണര്‍ത്ത പാടുകള്‍ ഒരു തുടലിമുള്ളുപോലെ അവളുടെ കരളില്‍ കൊളുത്തി വലിച്ചു. അതുവരെ പിടിച്ചു നിര്‍ത്തിയ അവളുടെ  സങ്കടമെല്ലാം പെരുമഴപോലെ പെയ്തിറങ്ങി.  പുത്രന്‍റെ തകര്‍ക്കപ്പെട്ട ദേഹത്തെ മടിയില്‍ കിടത്തിക്കൊണ്ട്  കുരിശ്ശിന്‍ ചുവട്ടിലിരുന്നു  കണ്ണുനീര്‍വാര്‍ത്ത വ്യാകുല അമ്മയെപ്പോലെആ വെള്ളിയാഴ്ച മധ്യാഹ്നത്തില്‍ തന്‍റെ  മകനെ മടിയില്‍കിടത്തിഎന്‍റെ.... മകനെ.. എന്നു വിളിച്ചുകൊണ്ട്  അവളും ഹൃദയം നുറുങ്ങി ഏങ്ങലടിച്ചു കരഞ്ഞു.

പുറത്തെ മൈനസ് ഡിഗ്രി  തണുപ്പിലും ആനി വല്ലാതെ വിയര്‍ത്തൊലിച്ചു. റിച്ചുവിന്റെ പുറത്തുകൂടെ അവള്‍ വിരലോടിച്ചു.  കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുവെങ്കിലും ഹൃദയത്തിലവള്‍ അല്പം ആശ്വാസംകൊണ്ടു.  വല്ലാതെ നിന്ദിച്ചുവെങ്കിലും മനസുകൊണ്ട്  ആ സ്ത്രീയോടും ഭര്‍ത്താവിനോടുമവള്‍ നന്ദിപറഞ്ഞു. അവരുടെ നിന്ദാവചസുകള്‍ അവളെ മുറിവേല്‍പ്പിച്ചുവെങ്കിലും അവള്‍ക്കവരോട് വിരോധമൊന്നും തോന്നിയില്ല.  അവര്‍ പരാതി പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ റിച്ചുവിനെ ഏതെങ്കിലും  ഷെല്‍ട്ടറിലേക്ക്  അയയ്ക്കുമായിരുന്നു. അവന്‍റെ കാര്യത്തില്‍ ഉപേക്ഷ കാണിച്ചതിന്റെ പേരില്‍ അവള്‍ക്കെതിരെയും നിയമനടപടികള്‍ ഉണ്ടാകുമായിരുന്നു.

കാര്‍ ഓടിക്കുന്നതിനിടയില്‍ അവള്‍  അവന്‍റെ മുഖത്തെ തിണര്‍പ്പിലേക്ക് നോക്കി  പാവത്തിന് നന്നായി  വേദനിച്ചിടുണ്ടാകും പക്ഷെ  അവനൊന്നും അറിയുന്നില്ല. എന്തിനാണ്  അവനെ തല്ലിയതെന്നു പോലും അവനു  തിരിച്ചറിവില്ലഅവന്‍ അതെല്ലാം എപ്പോഴേ മറന്നുകഴിഞ്ഞു.ഇപ്പോള്‍ കയ്യില്‍ കിട്ടിയ ഫോണില്‍  കളിച്ചുകൊണ്ടിരിക്കുകയാണ്.

അപ്പാര്‍ട്ടുമെന്റിലെ  പൊതുവായ അലക്കു മുറിയിലെവാഷിംഗ്  മെഷീനില്‍ തുണികള്‍  ഇടുകയായിരുന്നവര്‍.  അപ്പോഴാണ് റിച്ചു  അവരെ പുറകില്‍ നിന്നും വരിഞ്ഞുമുറുക്കി  കഴുത്തില്‍ ചുംബിച്ചത്.അലക്കാനുള്ള  ബാക്കി തുണികളുമായി  അവളുടെ ഭര്‍ത്താവും ആ സമയം അവിടെയെത്തി.  അയാള്‍ കാണുന്നത്  ഭയന്നു ബഹളം വയ്ക്കുന്ന ഭാര്യയേയും അവളെ ചുറ്റിപ്പിടിച്ചു നില്‍കുന്ന റിച്ചുവിനെയുമാണ്. റിച്ചുവിനെ തള്ളിമാറ്റി  പുറത്തിറങ്ങിയ അവര്‍ മുറി പുറത്തുനിന്നും പൂട്ടിയ ശേഷം  പോലീസിനെ വിളിച്ചു. മിനുട്ടുകള്‍ക്കകം നീലയും ചുവപ്പും ലൈറ്റുകള്‍ മിന്നിച്ചുകൊണ്ട് രണ്ടു പൊലീസ്  വാഹനങ്ങള്‍ കുതിച്ചെത്തി.ഒരു കൈ അരയിലെ തോക്കില്‍ചേര്‍ത്തു പിടിച്ചുകൊണ്ടു ജാഗ്രതയോടെ അക്രമിയെ  കീഴടക്കാന്‍ മുറിയില്‍ കടന്ന പോലീസ് ഓഫീസര്‍മാര്‍ പരസ്പരം മുഖത്തേക്കു നോക്കി.അലക്കു മുറിയിലെ  ജനല്‍പടിയില്‍  ശന്തനായിരുന്നുകൊണ്ട്‌റിച്ചുവപ്പോള്‍ ടാബില്‍ ഗെയിം കളിക്കുകയായിരുന്നു.പോലീസുകാര്‍ റിച്ചുവിനെ നോക്കി ചിരിച്ചു.പിന്നെ അവനെയും കൂട്ടി പോലീസ് ബാരക്കിലേക്ക്  കാറോടിച്ചു പോയി.

ആനിയുടെ  കാര്‍ ‘ടോയീസ് ആര്‍ അസ്’ എന്ന  കളിപ്പാട്ട വില്പന സ്‌റ്റോറിന്‍റെ മുന്നിലൂടെ കടന്നു പോയപ്പോള്‍  അവളാ  കടയിലേക്ക്  വെറുതെനോക്കി.  പലപ്രാവശ്യം റിച്ചുവുമൊന്നിച്ചു പോയിരുന്ന കടയായിരുന്നത്. ഈയിടെയാണതു അടച്ചുപൂട്ടിയത്.

“ മേം  കുഞ്ഞായിരുന്നപ്പോള്‍  നിങ്ങളവനു ചെറിയ ഡോളുകളെ  കളിക്കാന്‍ കൊടുക്കില്ലായിരുന്നോ ?  അപ്പോള്‍ അവന്‍ ശാന്തനായി  അതുമായി കളിച്ചുകൊണ്ട് സമയം പോക്കില്ലായിരുന്നോ?.ഇപ്പോള്‍ ചിലസമയം അവന്‍ ഇമോഷണലി ഒരു മുതിര്‍ന്ന ആളാകും ആ സമയം അവനുവേണ്ടത്  അതിനു പറ്റിയതരം   കളിപ്പാട്ടമാണ്”പോലീസ് ബാരക്കില്‍ വച്ച്കുടുംബ കൌണ്‍സലര്‍  ആനിയോടു  പറഞ്ഞു.

“ വാട്ട് യു മീന്‍ ?”നെറ്റി ചുളിച്ചുകൊണ്ട് ആനി  ചോദിച്ചു

“മേം, പ്ലീസ് ഡോണ്ട്‌ഗെറ്റ് ഒഫെന്‍ടഡ്.  എനിക്കറിയാം നിങ്ങള്‍ അവന്‍റെ അമ്മയാണെന്ന കാര്യം.  പക്ഷെ താങ്കള്‍ ദയവായിപ്രാക്റ്റിക്കലായി ഒന്നാലോചിക്കു. അവനു ചില സമയം ഒരു മുതിര്‍ന്ന പുരുഷന്‍റെ വികാരവിചാരങ്ങള്‍ ഉണ്ടെന്നറിയാമല്ലോ? മുതിര്‍ന്ന ഒരാളെപ്പോലെ അവനും സെക്‌സ് ചെയ്യാനുള്ള  തീവ്രമായ ആസക്തിയുംഅപ്പോള്‍  തോന്നും.  ബട്ട്‌ഐ നോ, ഇറ്റ് ഈസ് നോട്ട് പ്രാക്ടിക്കല്‍ ടു ഗെറ്റ്  എ  ഗേള്‍ ഫ്രണ്ട്  ഫോര്‍ ഹിം.”

“മേം..  പ്ലീസ്. സ്റ്റില്‍   ഐ ഡോണ്ട്  അണ്ടര്‍സ്റ്റാന്റ്വാട്ട് യു മീന്‍”ആനിയുടെ ക്ഷമ നശിക്കാന്‍ തുടങ്ങി

“ഐ.. മീന്‍.. എ  ‘ലവ്‌ഡോള്‍’.ദാറ്റ് വില്‍ ഹെല്‍പ് ഹിം ടുഎക്സ്സാസ്റ്റ്  ഹിസ് ഇമോഷന്‍സ്”

“അതൊക്കെ ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ കിട്ടും. ഒരു ലൈഫ് സൈസ് തന്നെ വാങ്ങിക്കോളൂ. ശരിക്കും ജീവന്‍തുടിക്കും.അതു തീര്‍ച്ചയായും  അവനൊരു നല്ല  കൂട്ടാകും സ്‌നേഹിക്കാനും.. പിന്നെ..അവനിഷ്ട്ടമുള്ളഎല്ലാത്തിനും”.

“ പിന്നെ ഇറ്റ് ഈസ്  വെരി സേഫ്.  ജസ്റ്റ് നീഡ് കാഷുവല്‍  ക്ലീനിംഗ് ആന്‍ഡ്  ഡിസ്ഇന്‌ഫെക്ടിംഗ്.ഒരുപക്ഷെ  അതവന്‍റെ പ്രശ്‌നത്തെ പരിഹരിച്ചേക്കും. പിന്നെ ഇക്കാലത്ത് ഇതിലൊന്നും  അത്ര സങ്കോചം തോന്നേണ്ട കാര്യമില്ല. ഇതൊക്കെ ഇപ്പോള്‍ സാധാരണമാണ്.  സ്ത്രീകളും പുരുഷന്മാരും ഇതൊക്കെ ധാരാളമായി  ഉപയോഗിക്കുന്നുണ്ട്. ഇക്കാലത്ത്  റോബോട്ടുകളെപോലും മനുഷ്യര്‍വിവാഹം ചെയ്യുന്നുണ്ട്.”

വഴിയില്‍ കുറേശ്ശെ മഞ്ഞുപെയ്യുന്നുണ്ട്.  രാത്രിയോടെ  ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. റോഡില്‍ മഞ്ഞുറഞ്ഞുകൂടാതിരിക്കാന്‍ മുന്‍കരുതലായി ഉപ്പു വിതറിക്കൊണ്ട്  ഒരു ട്രക്ക് ആനിയുടെ  കാറിന്‍റെ മുന്നേ പോകുന്നുണ്ടായിരുന്നു. അപ്പോഴും  കണ്ണുനീരിന്റെ ഉപ്പുരസം അവളുടെ ചുണ്ടുകളെ നനയ്ക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയപാടെ റിച്ചു ടി. വി  ഓണാക്കി.  അവനു പ്രിയപ്പെട്ട ‘സ്പഞ്ച് ബാബി’ന്റെ കാര്‍ട്ടൂണ്‍ വച്ചു.കാര്‍ട്ടൂണിലെ  ക്യാപ്‌ററനും കുട്ടികളും ചേര്‍ന്നള്ളഅവതരണ ഗാനം  വീട്ടില്‍ ഉയര്‍ന്നു.

Who lives in a pineapple under the sea?

SpongeBob Square pants.

Absorbent and yellow and porous is he?

SpongeBob Square pants.

If nautical nonsense be something you wish?
SpongeBob square pants
.
Then drop on the deck and flop like a fish
?
SpongeBob square pants
.

SpongeBob square pant (4)

പതിവുപോലെ റിച്ചുവും കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന്   ക്യാപ്റ്റന്റെ  ചോദ്യത്തിനു  മറുവാക്കായി‘സ്പഞ്ച് ബാബ്... സ്ക്വയര്‍ പാന്റ്‌സ്’എന്നാവര്‍ത്തിച്ചുറക്കെപാടിക്കൊണ്ടിരുന്നു.

ആനി ലാപ്‌ടോപില്‍ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍  തിരഞ്ഞു നോക്കി.ആയിരം  ഡോളര്‍ മുതല്‍ ഇരുപതിനായിരം വരെയുള്ള അനേകം ലവ്‌ഡോളുകള്‍ “എന്നെ വാങ്ങിക്കൂ  ഞാന്‍ നിന്നെ സന്തോഷിപ്പിക്കാം” എന്നുള്ള പരസ്യ വാചകവുമായി ആനിയുടെ മുന്നില്‍ നിരനിരയായി  വന്നുനിന്നു. എല്ലാവരും  വളരെ ജീവസുറ്റവര്‍.  ഒരു മനുഷ്യസ്ത്രീയെക്കാള്‍ മികവാര്‍ന്ന ആകാരവും ആരിലും ആസക്തിതോന്നിക്കാന്‍ പോന്ന അവയവസുകുമാരതയുമുള്ള സിലിക്കന്‍സുന്ദരികള്‍.  ഇവരില്‍ ആരെയവള്‍  റിച്ചുവിന്‍റെ കളിക്കൂട്ടുകാരിയായി അല്ലെങ്കില്‍ വധുവായി തിരഞ്ഞെടുക്കും ?.

അവള്‍ ലാപ് ടോപ്  അടച്ചുവെച്ചു. കണ്ണുകളടച്ചു കിടക്കയിലേക്ക് ചാഞ്ഞു.  ഇക്കാലത്ത് ഇതൊക്കെ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്  എന്നതൊക്കെ നേരുതന്നെ  പക്ഷെ ഇതൊന്നും  ഒരു അമ്മയ്ക്കു   ചിന്തിക്കാന്‍ പറ്റിയ കാര്യമല്ല. അവനു വേണ്ടത്  സ്‌നേഹിക്കാന്‍  ഒരു ഗേള്‍ഫ്രണ്ടിനെയാണ്.അവന്‍ കൊതിക്കുന്നത്  ഒരു മനുഷ്യജീവിയെയാണ്.  പക്ഷെ  അവനായി ഒരു മനുഷ്യയിണയെ ലഭിക്കുമോ? അവന്‍റെ കൂടെ ഒരു കളിപ്പാട്ടമായി ജീവിക്കാന്‍ അങ്ങിനെയാരെയെങ്കിലും  തയ്യാറായി വരുമോ?.  ഏയ്..  അതൊന്നും നടക്കുന്ന കാര്യമല്ല. എങ്കിലും ഒരു ‘ലവ്‌ഡോളി’നോട്  ഇണചേരുവാന്‍  റിച്ചുവിനാവില്ല.നിഷ്കളങ്കനായ  റിച്ചുവിന് അങ്ങിനെയൊന്നും തലതിരിഞ്ഞു ചിന്തിക്കാന്‍കഴിയില്ല. ബുദ്ധിയുള്ള മനുഷ്യര്‍ക്കു മാത്രമേ  അചേതന വസ്തുക്കളിലും കാമമുണരുകയും  അതില്‍ രേതസിറ്റിച്ചു സ്വയം ചുരുങ്ങാനും കഴിയൂ.‘ലവ്‌ഡോളു’കള്‍ബുദ്ധിശാലികളായമനുഷ്യരുടെ വകതിരിവില്ലാത്ത വികാരമടക്കാന്‍ നിര്‍മ്മിക്കപ്പെടുന്നവയാണ്.

ആനി കിടക്കയില്‍നിന്നും എഴുന്നേറ്റു.തലയ്ക്കു വല്ലാത്ത പെരുപ്പുതോന്നി. അവള്‍  കുളിമുറിയിലേക്കു നടന്നു.  ഇളം ചൂടുള്ള വെള്ളത്തില്‍ കുറച്ചുനേരം ഉടല്‍ കുതിര്‍ന്നപ്പോള്‍  മനസിനും ശരീരത്തിനും  ആശ്വാസം തോന്നി. ഷവറടച്ചു തലതുവര്‍ത്തി   കണ്ണാടിയുടെ മുന്‍പില്‍ വിവസ്ത്രയായി നിന്നവളുടെ പ്രതിഛായയിലേക്ക് നോക്കി. കണ്ണാടിയില്‍ നിന്നും ഒരു ലവ്‌ഡോള്‍ നിര്‍ജീവമായ കണ്ണുകള്‍കൊണ്ട് അവളെ  നോക്കി നിന്നു. സ്വന്തം ഉടലിനോടവള്‍ക്ക്  അപരിചിതത്വം തോന്നി. സ്വയം കാണാന്‍ വേവലാതികള്‍ക്കും  ഓട്ടപാച്ചിലിനുമിടയില്‍ അവള്‍ക്കൊട്ടും സമയമില്ലായിരുന്നു. ഭ്രൂണമായി ജന്മമെടുക്കാന്‍ കഴിയാത്ത നിരാശയില്‍ അണ്ഡങ്ങള്‍ ഗര്‍ഭപാത്രഭിത്തിയില്‍ തലതല്ലി ചാകുന്ന  നാളുകളില്‍ മാത്രമേ  അവളുടെ വരണ്ടഭൂമിക ഒരു സ്ത്രീ  ശരീരമാണെന്ന് അവള്‍ക്കു തോന്നിയിരുന്നുള്ളൂ.

പകലുകള്‍ അല്പായുസ്സുക്കളായി മൃതിപൂകുന്ന ഹേമന്തമായിരുന്നപ്പോള്‍. വഴിപിരിയുന്ന  സന്ധ്യയ്ക്കു ചക്രവാളത്തില്‍ അല്പമിടംപോലും നല്‍കാതെ ഭൂമിക്കുമേല്‍ രാത്രി തിടുക്കത്തില്‍ അവളുടെ കറുത്ത കമ്പളം വിരിച്ചു.ആനി റിച്ചുവിന്‍റെ മുറിയിലേക്കു ചെന്നു.  കിടക്കയില്‍ വെറുതെകണ്ണുമടച്ചവന്‍ കിടക്കുന്നുണ്ട്. അയല്‍ക്കാരിയുടെ നാവില്‍ നിന്നും ചിതറിയ തെറിവാക്കുകള്‍ അവളുടെ തലയോടിനുള്ളില്‍ തീവണ്ടിയുടെ ചൂളംവിളിപോലെ അസഹ്യമായി മുഴങ്ങാന്‍ തുടങ്ങി.  വയ്യ.. ഇനി.. വയ്യ തിരിച്ചറിവില്ലാത്ത  തന്‍റെ  കുഞ്ഞിനെ ഇനി വല്ലവരും ഇതുപോലെ പേ പിടിച്ച പട്ടിയെപ്പോലെ തല്ലി ചതയ്ക്കുന്നതു  കാണാന്‍ വയ്യ. അവള്‍ വിതുമ്പാന്‍ തുടങ്ങി.കൊല്ലാനും ചാവാനുമുള്ള  ധൈര്യവുംഅവള്‍ക്കില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍  വളരെ മുന്‍പേ തന്നെ അവളതു ചെയ്യുമായിരുന്നു.

അവന്റെ കവിളിലെയും പുറത്തെയും ചോരകല്ലിച്ച  പാടുകളിലൂടെ  അവള്‍ വിരലോടിച്ചു. തന്‍റെ മകന്‍റെ മേനിയില്‍ പതിഞ്ഞുകണ്ട  അന്യന്‍റെ കൈത്തഴമ്പുകളുടെ  കരുവാളിച്ച വടുക്കള്‍ അവളുടെ ഹൃദയത്തില്‍ ഉലയൂതി.  അവനായി സ്വന്തം ജീവന്‍ പോലും നല്കാന്‍ അവളുടെ മാതൃഹൃദയം ഒരുക്കമാണ്. പക്ഷെ  ഈ വിഷമഘട്ടം... അതിനെ  എങ്ങിനെ ഒരമ്മ അതിജീവിക്കും? മൃഗങ്ങളിലും  ഉണ്ടായിരിക്കുമോ  ദൈവത്തിന്റെ വികൃതിയായ ഇത്തരം ജന്മങ്ങള്‍ ?  ഒരു പക്ഷെ ഉണ്ടായിരിക്കാം പക്ഷെ  അവരെയാരും അതുംപറഞ്ഞുമാറ്റി നിര്‍ത്തുന്നില്ല. ഒരുമിച്ചു മേഞ്ഞും പരസ്പരം ഇണചേര്‍ന്നും അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍ ആകുലതകളെല്ലാം  മനുഷ്യകുലത്തിനു മാത്രമായി പ്രകൃതി നീക്കിവെച്ചിരിക്കുന്നു.   മൃഗങ്ങളെ നിങ്ങള്‍ എത്രയൊ  ഭാഗ്യമുള്ള ജന്മങ്ങള്‍!!.     അവള്‍ കണ്ണുകളടച്ചു നിശബ്ദയായി കുറേനേരം അവനരികിലായി കിടക്കയിലിരുന്നു.

ആനി എഴുന്നേറ്റുമുറിയിലെ  ലൈറ്റണച്ചു. പുറത്തു കാത്തിരുന്ന  ഇരുട്ട്  ആദ്യം മുറിയിലേക്കും പിന്നെ പതിയെ അവളുടെ  ആത്മാവിലേക്കും പടര്‍ന്നുകയറി.നിശാവസ്ത്രത്തോടൊപ്പം അവളുടെ ആത്മാവും നിലത്തഴിഞ്ഞുവീണു. അവളുടെ ദേഹം ജീവനറ്റൊരു കളിപ്പാവയായി രൂപാന്തരപ്പെട്ടു.ഇരുളിലിത്തിരി വെട്ടവുമായി മുറിക്കുള്ളിലെത്തിയ നിലാവപ്പോള്‍  ഒന്നും  ഉരിയാടാനാവാതെ  വിളറിയ മുഖം കുനിച്ചു  നിശ്ചലം നിന്നു.   കാറ്റതിന്റെ ദിക്കിനെ പാടെ മറന്നപ്പോള്‍  ചുറ്റുമുള്ള മരവിച്ച  പ്രപഞ്ചം നിശ്ചലമായിനിന്നു വീര്‍പ്പുമുട്ടി.  പലയിടത്തും  വേദനിക്കുന്നുണ്ടായിരുന്നെങ്കിലും ആത്മാവിറങ്ങി പോയ കളിപ്പാവ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.മരിച്ച ഉടലിലെ ഭാരമൊഴിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്ന വിങ്ങിപ്പൊട്ടലോടെ ആത്മാവവളില്‍പുന:രാവേശിച്ചു. കടുത്ത ആത്മനിന്ദയില്‍  കണ്ണുകളില്‍ നിന്നും  ഉരുകിയ ലാവ ഉള്ളംമുച്ചൂടും എരിച്ചുകൊണ്ട് നിശബ്ദമായി പുറത്തേയ്‌ക്കൊഴുകി.കരച്ചിലിന്റെ ശബ്ദം പുറത്തു വരാതിരിക്കാന്‍  ആവതു ശ്രമിച്ചെങ്കിലും  ഒരു ദീനമായ  ഞരക്കമായിട്ടെങ്കിലും പുറത്തുവരാതിരിക്കാന്‍കരള്‍പിളര്‍ന്ന ശോകത്തിനായില്ല.റിച്ചു കൈകള്‍ നീട്ടി അവളുടെ കവിളില്‍ തൊട്ടു. കയ്യില്‍ നനവു പുരണ്ടപ്പോള്‍   സങ്കടത്തോടെ അവന്‍ ചോദിച്ചു
“അമ്മാ, അമ്മ എന്തിനാ  കരയുന്നത് ?”
“ ഒന്നുമില്ല മോനെ,  മോന്‍ ഉറങ്ങിക്കോട്ടോ” ആനി   അവനെ  പുതപ്പിച്ചു.
റിച്ചു  ഉറക്കത്തിലേക്കു വഴുതിയപ്പോള്‍  ആനി കിടക്കയില്‍ എഴുന്നേറ്റിരുന്നു.  ഇരുളില്‍ തപ്പിത്തടഞ്ഞു വസ്ത്രംധരിച്ചു.പിന്നെ  ജനലിനരികിലേക്കവള്‍ നീങ്ങിചെന്നു.  വിന്‍ഡോ ബ്ലൈന്‍ഡിനിടയിലൂടെ വിരല്‍ കടത്തി അകത്തിപ്പിടിച്ചവള്‍  പുറത്തേക്ക് നോക്കി.  ഹീറ്റ് പമ്പുകള്‍  പ്രവര്‍ത്തിക്കുന്നതിന്റെ  ശബ്ദം ചില്ലുജാലകവും കടന്നു അവളുടെ ചെവികളില്‍ അസ്വസ്തതയോടെ മുരണ്ടു.  പുറത്ത് ശക്തമായി  മഞ്ഞു പെയുന്നുണ്ട്.ചുറ്റുപാടുകളെല്ലാംമഞ്ഞില്‍ മൂടിക്കഴിഞ്ഞു.  മഞ്ഞില്‍ മുക്കാലും മൂടിപ്പോയ കാറുകളുടെ  അല്പമാത്രം ദൃശ്യമായ മുകള്‍ഭാഗം  മഞ്ഞില്‍മൂടിയ ചാവുനിലത്തിലെ സ്മാരകശിലകളെപ്പോലെ മരവിച്ചു നിന്നു.അപ്പാര്‍ട്ടുമെന്റിനരികിലുള്ള   മരങ്ങളെല്ലാം വിഷാദവിവശരായി  തലകുനിച്ചു. അവരുടെ കുനിഞ്ഞ ശിരസ്സിന്മേലും ചില്ലകളിലും  ഈര്‍പ്പമുള്ള മഞ്ഞുപാളികള്‍  കനത്തില്‍  വീണുകൊണ്ടിരുന്നു.. 

ആനി കിടക്കയ്ക്കരികിലേക്ക്  നടന്നു ചെന്നു ബെഡ്‌ലാമ്പ് തെളിച്ചു. റിച്ചു  മുഖത്തൊരു ശിശുവിന്‍റെ ചിരിയോടെ  ഉറങ്ങുന്നുണ്ട്. ഉറക്കത്തില്‍ കടലിനടിയിലെ പൈനാപ്പിള്‍ വീടും ആ വീട്ടിലെ താമസക്കാരനായ ‘സ്പഞ്ച് ബാബി’നെയും അവന്‍ സ്വപ്നം കണ്ടു. അപ്പോള്‍ ക്യാപ്റ്റനും കുട്ടികളും അവിടെയെത്തി. അവരോടൊപ്പം  അവന്‍റെ ചുണ്ടുകളും ‘സ്പഞ്ച് ബാബ്.... സ്ക്വയര്‍ പാന്റ്‌സ്’  എന്ന ഈണത്തില്‍ മൃദുവായി ചലിച്ചു. റിച്ചുവിന്‍റെ മേല്‍നിന്നും വഴുതിമാറിയ പുതപ്പു നേരെയാക്കിയ  ആനി അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.അവള്‍ പുറത്തിറങ്ങി തുറന്ന ബാല്‍ക്കണിയുടെ അതിശൈത്യത്തിലേക്കിറങ്ങി ചെന്നു. പറ്റിപ്പിടിച്ച മഞ്ഞുകണങ്ങളെ തൂത്തെറിഞ്ഞുകൊണ്ട് കാറ്റതിന്റെ ചിറകു ശക്തമായി വിടര്‍ത്തി.  പറന്നെത്തിയ മഞ്ഞുകണങ്ങള്‍ അവളുടെ മുടിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചു. നിമിഷങ്ങള്‍ക്കകം മഞ്ഞുപാളികള്‍ അവളുടെമേല്‍ കട്ടിയുള്ള ഒരാവരണം തീര്‍ത്തു. പിന്നെ ആ തണുപ്പിലും അവള്‍ക്കു കുളിര്‍ന്നില്ല.   നിലത്തെ മഞ്ഞില്‍ വെള്ളത്തിരമാലകള്‍ തീര്‍ക്കുന്ന  കാറ്റില്‍  ഇലയില്ലാത്ത മരങ്ങളുടെ നഗ്‌നമായ ശിഖരങ്ങളും വിറകൊള്ളുന്നുണ്ട്.  അവള്‍ നോക്കി നില്‍ക്കെ ഒരു  പൈന്‍മരത്തിന്‍റെ  വലിയൊരു ശിഖരം കാറ്റിന്റെ താഡനവും കുഴഞ്ഞ മഞ്ഞിന്റെ ഭാരവും താങ്ങാനാവാതെ ഇരിഞ്ഞു താഴേക്കിരുന്നു. എങ്കിലും തായ്തടിയില്‍ നിന്നും പൂര്‍ണ്ണമായും അറ്റുപോകാതെ മറ്റു ചില്ലകളില്‍ തങ്ങിതടഞ്ഞുതാഴേക്കുവീഴാതെ അതു ഞാന്നുനിന്നു. മഞ്ഞു കണങ്ങള്‍ പാതി ഉതിര്‍ന്നുപോയ  ആ ശിഖരം നിര്‍ജീവമായ ഒരുകൈപോലെ   കാറ്റില്‍ വിറകൊണ്ടു നിന്നു. ഇനി എത്രനാള്‍..? ആനി വെറുതെ കണക്കുകൂട്ടി നോക്കി  സ്വയം വിടര്‍ത്തി മാറാന്‍ ആവാത്ത ആ ശിഖരം കുറച്ചുകാലം കൂടി ആ നിലയില്‍ ഞാന്നു നിന്നേക്കാം മറ്റൊരു   വലിയ കാറ്റതിനെപൂര്‍ണ്ണമായും പിളര്‍ത്താന്‍  എത്തുന്നതും കാത്തു കാത്ത്.

Join WhatsApp News
കഥാകൃത്ത് -Joseph Abraham 2020-03-30 08:51:15
ഓൺ ലൈൻ ആയപ്പോൾ മറുഭാഷയിൽ വന്ന ഭാഗത്തിന്റെ ഇംഗ്ലീഷ് തർജമ ഇവിടെ കൊടുക്കുന്നു എല്ലാവരും ക്ഷെമിക്കുമല്ലോ “ Who lives in a pineapple under the sea? Sponge Bob Square pants. Absorbent and yellow and porous is he? Sponge Bob Square pants. If nautical nonsense be something you wish? Sponge Bob square pants. Then drop on the deck and flop like a fish? Sponge-Bob square pants. Sponge Bob square pant” (4)
sabu mathew 2020-03-30 21:47:49
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടോ ? പരിഹാരമില്ലാത്ത പ്രശനങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ധാരാളം. പക്ഷെ അതൊരു ന്യൂന പക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌ന മാകുമ്പോൾ ഉത്തരം കണ്ടെത്താൻ ആരും മിനക്കെടാറില്ല . പ്രശ്നത്തിൽ പെട്ടവർ അവരുടെ വിധിയെന്ന് സമാധാനിക്കും. ഇവിടെ വളരെ ഗൗരവമാർന്ന ഒരു വിഷയം ഒരു അമ്മയ്ക്കും മകനും ഇടയിൽ ഉണ്ടാകുന്നു . വിഷമ വൃത്തത്തിലായ 'അമ്മ അതെങ്ങിനെ കൈകാര്യം ചെയ്യും ? ഒറ്റനോട്ടത്തിൽ നീചമെന്നു ആരും വിലയിരുത്തുന്ന , അമ്മയും മകനും തമ്മിലുള്ള വേഴ്ച. മലയാളിയുടെ മാത്രമല്ല ലോകരുടെ മുഴുവൻ മുൻപിലും നീചമായ, അധാർമ്മികമായ ഒന്നാണ് ഒരു അമ്മയും മകനും തമ്മിലുള്ള ലൈംഗീക വേഴ്ച എന്നത്. പക്ഷെ ഇവിടെ അങ്ങിനെയുള്ള വിചാരണയ്ക്ക് സാധുതയില്ല. അല്ലെങ്കിൽ എന്ത് പോംവഴിയാണ് വായനക്കർക്കു ആ അമ്മയോട് പറയാനുള്ളത് . ഇവിടെ വലിയൊരു ചോദ്യം അവശേഷിക്കുകയാണ് . ഒരു പോവഴി ചൂണ്ടി കാണിക്കാൻ ഇല്ലാതെ ആ അമ്മയെ എങ്ങിനെ വിചാരണ ചെയ്യും ? ഇത്തരം വിഷയങ്ങളിൽ സമൂഹത്തിനു ഒരു ഉത്തവാദിത്തവുമില്ലേ ? കഴിയില്ല കുറ്റം വിധിക്കാൻ ഈ അമ്മയോടൊത്ത് കരയുക അല്ലാതെ ? മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ഈ വിഷയം വായനക്കാർ എങ്ങിനെ സ്വീകരിക്കുമെന്ന് അറിയില്ല പ്രത്യേകിച്ച് സദാചാരം എന്നത് എല്ലാവരും ഉറക്കെ പറയുന്ന ഒരു വിഷയവും രഹസ്യമായി ചെയ്യാൻ കൊതിക്കുന്ന സംഗതിയുമായ കാലത്തിൽ
Samudrashila 2020-03-31 08:47:29
മലയാളത്തിനു പരിചിതമാണ്‌. സമുദ്രശില വായിക്കൂ.. അംബയെ അറിയൂ..
Sabu Mathew 2020-03-31 09:51:00
മലയാളത്തിന് അന്യമാണെന്നല്ല അത്ര പരിചയം ഇല്ല എന്നാണ്. സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിൽ അതോടെ ആ പ്രശ്നം ഒരു ആത്മഹത്യയുടെ രൂപത്തിൽ അവസാനിക്കുന്നു. അവരുടെ പ്രശ്നത്തിന് പരിഹാരമായി. പക്ഷെ കൊല്ലാനും ചാവാനും ധൈര്യമില്ലാത്തവരുടെ പ്രശ്നം എങ്ങിനെയാണ് പരിഹരിക്കപെടുക ? ഇത് ഒരു സാമൂഹ്യ യാഥാർഥ്യം കൂടിയാണ് ഒരിക്കൽ ഒരു സാമൂഹ്യ പ്രവർത്തക ഇത്തരം ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ആ 'അമ്മ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു ഉത്തരം കിട്ടാത്ത ചോദ്യമായി
Vipin Warrier 2020-03-31 13:16:01
- കഥാകൃത്തിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയവും ആഖ്യാന ശൈലിയുമായി തോന്നി. പ്രമേയത്തിന് അനുയോജ്യമായ intense ആയുള്ള narration. ഒരു പക്ഷെ 'അമ്മ മനസ്സുകൾക്ക് മാത്രം മനസ്സിലാവുന്ന നോവ് തീവ്രമായി തന്നെ പറഞ്ഞു ഫ ലിപ്പിച്ചിരിക്കുന്നു. കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതു ശെരിയല്ലെങ്കിലും അനുബന്ധമായി ചിലതു കൂടി പറയണമെന്ന് തോന്നി . അമ്മ മനസ്സ് സാർവത്രികമായി ഒന്ന് പോലെയെങ്കിലും , മൊത്തത്തിൽ ഒരു മലയാളി ചുവ ഉള്ള പോലെ. കഥ നടക്കുന്ന പ്രദേശത്തു സാംസ്കാരികമായി ഒരു 'അമ്മ മനസ്സിങ്ങനെ ആയിരിക്കുമോ ?? ജീവിതത്തിന്റെ late ട്വൻറിസ് അല്ലെങ്കിൽ മുപ്പതുകളിൽ മറ്റു സംസ്കാരങ്ങളിലേക്കു പറിച്ചു നടപ്പെട്ടശേഷം , അവിടെ ജനിച്ചു വളരുന്ന പെണ്കമക്കൾ കൗമാരമാകുമ്പോൾ ഇങ്ങോട്ടു പറഞ്ഞു വിടുന്ന വികൃത മനസ്സുകൾ ധാരാളം കണ്ടിട്ടുണ്ട് . ശരീരം മാത്രം അവിടെ ജീവിക്കുന്ന അവസ്ഥ . വെറുതെ അതെല്ലാം ഓർത്തു പോയി .
Adv.George Sebastian 2020-03-31 13:20:18
എന്തോ എന്റെ യാഥാസ്ഥിതിക മനസിന് കഥയുടെ പ്രധാന ഭാഗം ഉൾക്കൊള്ളാനായില്ല.. ഒരു പരിഹാരം മറ്റൊരാൾ നി ർദ്ദേശിച്ചിരുന്നുiഅത് പരീക്ഷിക്കാൻ തയ്യാറാകുന്നില്ല. കഥ റിയലിസ്റ്റിറ്റ് രീതിയിൽ പറഞ്ഞു വരുന്നതു കൊണ്ട് അതിഭാവുകത്വം എന്നു പറഞ്ഞു പോകനും വയ്യ ഏതാനും നാൾ മുമ്പ് കരി കോട്ടക്കരി എന്ന നോവലിനെതിരെ രക്തബന്ധങ്ങടെ ലൈംഗികത എന്ന രീതിയിൽ ഞാനടക്കം വിമർശിച്ചിരുന്നു. പരിചയത്തുള്ള ഒരു അമ്മ ഇത്തരത്തിലൊരാളെ ഇത്തരക്കാർക്കുള്ള ഒരു സങ്കേതത്തിലാക്കിയിരുന്നു. കഥയുടെ പ്രായോഗികതയിലേക്ക് വന്നാൽ പ്രാകൃത വാസനയാൽ ചെക്കൻ വീണ്ടും ആവശ്യപ്പെടാനും നായിക ഒഴിഞ്ഞു മാറാൻ കഴിയാതെയും വരും ഒട്ടും പ്രായോഗികത ഇല്ലാതെ പ്രവർത്തിച്ചു എന്നു അവരെ കുറ്റപ്പെടുത്തേണ്ടി വരുന്നു.
Anish Chacko 2020-03-31 15:26:49
വൈവിദ്ധ്യമാർന്ന വിഷയങ്ങളും ദർശനങ്ങളും തന്റെ കഥകളിലൂടെ പ്രതിപാദിക്കുന്ന ഈ കഥാകരന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് ദൈവത്തിന്റെ കളിപ്പാട്ടങ്ങൾ .. ജീവിതത്തിലെ നഗ്നമായ ചില സത്യങ്ങളുടെ ആവിഷ്ക്കാരമാണ് ഈ കഥ. ഈ കഥയെ പല മാനങ്ങളിലൂടെയും അർത്ഥതലങ്ങളിലൂടെയും വിലിയിരുത്തപ്പെടാം ..പക്ഷ കഥാകൃത്ത് എഴുതി വച്ച അർത്ഥതലങ്ങളിലൂടെ വായിച്ചെടുക്കുബോൾ കഥക്ക് ഒരു മാനം മാത്രമാണ് വരുന്നത് .. ആത്മാകളില്ലാത്ത കളിപ്പാട്ടങ്ങളുടെത് മാത്രം .. ആനിിയുടെ ആത്മ വ്യാപാരങ്ങളുടെ നേർ ചിത്രം വരച്ചിട്ടതിൽ .. കഥയുടെ തുടക്കം മുതലുള്ള രചന ഘടനയിലൊക്കെ കഥാകൃത്തിന്റെ വൈഭവം പ്രകടമാവുന്നു .. മഞ്ഞിൽ അടർന്നു വിഴുന്ന ശിഖരത്തിനോടുള്ള താരതമ്യം ... അതിനൊടുത്തുള്ള കുറെയേറെ വരികളിലൂടെ" എഴുത്തിന്റെ പുതിയ തലങ്ങളിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു കഥാകാരൻ ഇത്രയും സങ്കീർണ്ണമായ ഒരു വിഷയം ഇത്രയും അടക്കത്തോടെ എഴുതിയതിന് അഭിനന്ദനങ്ങൾ റിച്ചിയുടെ മനോനിലയിലേക്ക് ഇത്തിരി കൂടി ആഴത്തിൽ വായനക്കാരെ കൂട്ടി കൊണ്ടു പോകാമായിരുന്നു എന്നു തൊന്നി.
Rafeeq Tharayil 2020-04-20 16:53:07
ഇത് സമുദ്രശിലയുടെ ഷോർട് സ്റ്റോറി വേർഷൻ ആണോ?
Author 2020-04-21 23:11:31
Mr. Rafeeq. So in a way you are asking is it a copy from somebody? I haven’t read The Novel you have mentioned in your comment. However you may please point out the similarities you find to ask this question. Assume there may be some similarities does it mean nobody else can write on the same subject? I got the plot of this story from a real incident. Still you have the freedom to prove that my story is a copy of somebody’s story and I appreciate your efforts
Anish Chacko 2020-04-22 21:41:59
സമുദ്രശിലയിലെ അംബയും കളിപ്പാട്ടങ്ങളിലെ ആനിയെയും താരാതമ്യപെടുത്തുന്നത് തികച്ചും ബാലിശമാണ്.. സമുദ്രശില എന്ന സർഗ്ഗാത്മകതയുടെ ഒരു ചെറിയ ശീല് മാത്രമെടുത്ത് താരതമ്യപ്പെടുത്തുന്നത് നീതികരണമാവില്ല .. ഒരേ വിഷയത്തിൽ യാദൃശ്ചികമായും അല്ലാെതെയും ഒട്ടനവധി കഥകളും കവിതകളും എഴുതപ്പെടാറുണ്ട് ..
JOSEPH ABRAHAM 2020-04-23 17:16:41
നന്ദി പ്രിയ അനീഷ് , ഞാൻ സമുദ്ര ശില ഇതുവരെ വായിച്ചിട്ടില്ല എങ്കിലും എൻ്റെ ഈ കഥയും അതും തമ്മിൽ താരതമ്യപ്പെടുത്തി ആലോചിക്കാൻ കാരണം അമ്മയും മകനും തമ്മിലുള്ള ശാരീരികമായ ബന്ധം ആണെന്ന് കരുതുന്നു. ഒരു കൃതി മറ്റൊന്നിന്റെ പകർപ്പോ മാറ്റൊലിയോ ആകുന്നതു അതിൽ ആദ്യം ഉണ്ടായ കൃതി മൗലീകമാകുമ്പോഴാണ് അല്ലെങ്കിൽ അത് ഒരാളുടെ സമ്പൂർണ്ണ സർഗ്ഗ സൃഷ്ട്ടി ആകുമ്പോഴാണ്. മറിച്ചു ഒരു സംഭവത്തെക്കുറിച്ചു ഒന്നിലധികവും ആളുകൾ എഴുതുന്നത് തികച്ചും വ്യത്യസ്തമാണ്. കാരണം ഇവിടെ സൃഷ്ടിക്കു ആധാരമായ സംഗതി എന്നത് ഒരു സംഭവമാണ്. അതിനെ ആധാരമാക്കി ആർക്കും സ്വതന്ത്ര രചനകൾ നടത്താം. അങ്ങിനെ നടത്തിയ ഒരു രചനയും അതിൽ ഉപയോഗിച്ചിരിക്കുന്ന രീതികളും വാചകങ്ങളുമെല്ലാം അയാളുടെ മാത്രം സ്വന്തം കാരണം "സംഭവം" ആരുടേയും പകർപ്പവകാശത്തിനും കീഴിൽ വരുന്നതല്ല . ഒരു ഉദാഹരണം കൂടി പറഞ്ഞു അവസാനിപ്പിക്കാം. "കൂടത്തായി" കൊലപാതക പരമ്പരയെ അധികരിച്ചു ബെന്യാമിൻ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു . മറ്റൊരാൾ ഒരു ടി വി സീരിയലും . ഇനി വേറെ രണ്ടുപേർ അതിനെക്കുറിച്ചു സിനിമകൾ എടുക്കാനും തയ്യാറാവുന്നുണ്ട് . ഇവിടെ ആരെങ്കിലും ആരെയെങ്കിലും അനുകരിക്കുന്നുണ്ട് എന്നു കരുതാൻ കഴിയുമോ ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക