Image

കൊറോണ തടവിലാക്കിയ ലോകം- (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 30 March, 2020
കൊറോണ തടവിലാക്കിയ ലോകം- (ദല്‍ഹികത്ത് : പി.വി.തോമസ് )
കൊറോണ ലോകത്തെ മാരകമായി ഗ്രസിച്ചിരിക്കുകയാണ്. അമേരിക്കയും യൂറോപ്പും ഏഷ്യയും മരണത്തിന്റെ നിഴലില്‍ ആണ്. പോര്‍ വിമാനങ്ങള്‍ ലോകത്തിന് വില്‍ക്കുന്ന രാജ്യങ്ങള്‍ ആരോഗ്യപരിരക്ഷണ ഉപകരണങ്ങളായ മാസ്‌ക്കും വെന്റിലേറ്ററും പുറം രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ്. അമേരിക്കയും യൂറോപ്പും എന്ന വന്‍ മിഥ്യകളെ ഈ മഹാമാരി തകര്‍ത്തു. വൈദ്യശാസ്ത്രമേഖലയിലെ അവരുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അവരുടെ സാമ്പത്തീക- സൈനീക മേല്‍ക്കോയ്മയും തകരുകയാണ്.  അവരുടെ ശാസ്ത്രീയ ഗവേഷണങ്ങള്‍  കണ്ടുപിടുത്തങ്ങളും  തല്‍ക്കാലത്തേക്കെങ്കിലും അര്‍ത്ഥമില്ലാതായിരിക്കുകയാണ്. കൊറോണയുടെ(കോവിഡ് 19) പ്രഭവകേന്ദ്രമായ ചൈന കനത്ത നാശനഷ്ടത്തിനും മരണത്തിനും ശേഷം പതിയെ രക്ഷപ്പെട്ടു വരുകയാണ്. അവിടെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കൊന്നും ഒരു പക്ഷേ മനുഷ്യരാശിയുടെ അവസാനം വരെ ഉത്തരം ലഭിച്ചില്ലെന്നിരിക്കും. ഇന്‍ഡ്യ പൊരുതുകയാണ് കൊറോണക്കെതിരെ അതിന് നേതൃത്വം നല്‍കിക്കൊണ്ട് പിണറായി വിജയന്റെ കേരളവും ഉണ്ട്. ഇതുവരെ കാര്യങ്ങള്‍ ഒരുവിധം നിയന്ത്രണത്തില്‍ ആണ്. പക്ഷേ, അതിഥി തൊഴിലാളികളുടെ- വിജയന്റെ മധുരമായ ഒരു പദപരിചയപ്പെടുത്തല്‍-താമസവും ഭക്ഷണവും പണവും ഉറപ്പുവരുത്താതെ കേന്ദ്രം പൊടുന്നനെ പ്രഖ്യാപിച്ച ദേശീയമായ അടച്ചിടല്‍ രാജ്യവ്യാപകമായ കൂട്ടപലായനത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മാര്‍ച്ച് 24-ന് 21 ദിവസത്തേയ്ക്ക് പൊടുന്നനെ പ്രഖ്യാപിച്ച ഒഴിച്ചു കൂടാനാവാത്ത ഈ പ്രഖ്യാപനം പക്ഷേ ദേശാടകരായ ഈ തൊഴിലാളി സംഘത്തെ കണക്കിലെടുത്തതായി കാണുന്നില്ല. പ്രധാനമന്ത്രി മോഡി വരച്ച ലക്ഷ്മണരേഖ ഇവര്‍ക്ക് ബാധകം അല്ല, കാരണം ഇവര്‍ക്ക് ഭവനങ്ങള്‍ ഇല്ല, ഉണ്ടെങ്കില്‍ മറ്റെവിടെയോ ആണ്. അങ്ങോട്ടുള്ള പ്രയാണം ആണ് 1947-ലെ വിഭജനത്തെ അനുസ്മരിക്കുന്ന ലോങ്ങ് മാര്‍ച്ച് ആയി ഇന്ന് ഇന്‍ഡ്യയുടെ പല നഗരങ്ങളിലും കാണുന്നത്. ഇരുന്നൂറും മുന്നൂറും കിലോമീറ്റര്‍ നടന്ന് ഇവര്‍ ഇവരുടെ ഗ്രാമങ്ങളില്‍ എത്തുമോ? ഈ ഗ്രാമങ്ങള്‍ ഈ മഹാമാരിയുടെ മറ്റ് താണ്ഡവ കേന്ദ്രങ്ങള്‍ ആകുമോ?
ലോകം പരീക്ഷപ്പെടുകയാണ്. കൊറോണ എന്ന അദൃശ്യനായ ഒരു അണുമൃത്യുതാണ്ഡവം ആടുകയാണ്. ശൂന്യാകാശ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രവും ശാസ്ത്രജ്ഞരും പരീക്ഷണശാലകളും നോക്കുകുത്തികള്‍ ആവുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മേഘം കൊണ്ട് മറച്ച റഡാറിന്റെ ബലത്തില്‍ വിജയകരമാക്കിയ ഭരണാധികാരി പാട്ടകൊട്ടി വൈറസിനെ നിഗ്രഹിക്കുവാന്‍ ആഹ്വാനം നല്‍കുന്ന കാഴ്ച ശാസ്ത്രത്തെയും അമ്പരിപ്പിക്കുന്നു. ഈസ്റ്ററും വിഷവും ഉഗാധിയും പൊങ്കലും കൊറോണയില്‍ ഒലിച്ചു പോകുമ്പോള്‍ ഭക്തര്‍ അമ്പരക്കുന്നു. ആള്‍ ദൈവങ്ങള്‍ മാസ്‌ക്ക വച്ച് അനുഗ്രഹം വര്‍ഷിക്കുന്നു. അമ്മയുടെ ആലിംഗനം സാനിററൈസ് ചെയ്ത ആശ്രമത്തില്‍ നിരോധിക്കപ്പെടുന്നു. ആള്‍ദൈവങ്ങള്‍ ആപ്രത്യക്ഷമാകുന്നു. വ്യാജപ്രവാചക•ാരുടെ വായടക്കുന്നു കൊറോണ. അത്ഭുതരോഗശാന്തി കേന്ദ്രങ്ങള്‍ അടച്ചു പൂട്ടപ്പെടുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വികലമായ ഒരു മൂകരാഗതാളം കെട്ടിനില്‍ക്കുന്നു. ഞായറാഴ്ചയ്ക്കളിലെയും കടമുള്ള ദിവസങ്ങളിലെയും കുര്‍ബ്ബാന മുടങ്ങുന്നു. കൊറോണയെ ചൈനീസ് വൈറസ് എന്ന വുഹാന്‍ വൈറസ് എന്നു വിളിച്ചാക്ഷേപിച്ച ഭരണാധികാരി അവസാനം സ്വയംപരിശോധനയ്ക്ക് വിധേയനായി രക്ഷപ്പെട്ടെങ്കില്‍ ആയിരങ്ങളുടെ ജീവന്‍അപകടത്തിലാക്കുന്നു. കൊറോണ അദ്ദേഹത്തിന്റെ വൈറ്റ്ഹൗസിലേക്കുള്ള പുനപ്രവേശനം തടഞ്ഞാല്‍ അത്ഭുതമില്ല.

പൗരത്വഭേദഗതിയെയും ദേശീയ ജനസംഖ്യ പട്ടികയെയും അതിര്‍ത്തികളെതന്നെ കാറ്റില്‍ പറത്തിയും വീസയും പാസ്‌പ്പോട്ടും ഇല്ലാതെ കൊറോണ പറന്നെത്തുന്നു, മരണത്തിന്റെ വിത്ത് വിതച്ചുകൊണ്ട്. ഭരണാധികാരദ്വയം സ്തബ്ദമാകുന്നു. ദേശീയ അടച്ചുപൂട്ടലിനെ തൃണവല്‍ഗണിച്ച് രാമവിഗ്രഹ പൂജ പ്രതിഷ്ഠ നടത്തിയ മുഖ്യ യോഗിവര്യന്‍ ബഹുമാന്യനേതാവായി വാഴ്ത്തപ്പെടുന്നു. കൊറോണ ജനതയെ കൊന്നൊടുക്കുന്നു. പക്ഷേ, രാഷ്ട്രീയ നേതാക്ക•ാര്‍ ഇതുവരെയും രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ആണ്. നീണാള്‍ വാഴട്ടെ. ജനതയെ നയിക്കുവാന്‍ നേതാക്ക•ാര്‍ വേണമല്ലോ. ഡോക്ടര്‍മാരും നഴ്‌സുമാരും അല്പാല്പമായി കൊറോണക്ക് കീഴടങ്ങുന്നു. ഭയപ്പെടേണ്ട അവര്‍ക്ക് മോഡി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് തുക 50 ലക്ഷംരൂപയാണ്.

മക്കയും വത്തിക്കാനും അടച്ചുപൂട്ടുന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നിശബ്ദതയുടെ നിഴല്‍ പുരളുന്നു. പോപ്പിന്റെ പരിശോധന ഫലം നെഗറ്റീവ് ആകുമ്പോള്‍ ആഹ്ലാദത്തിന്റെ തരംഗം. പക്ഷേ അത് പോപ്പിന്റെ സഹപ്രവര്‍ത്തകനായ വൈദികന്റെ ഫലം പോസിറ്റീവ് ആകുമ്പോള്‍ മങ്ങുന്നു. ബക്കിംങ്ങ്ഹാം പാലസ് അടച്ചു പൂട്ടപ്പെടുന്നു. 97 വയസ്സുള്ള അമ്മ മഹാറാണിയെ ഏകാന്തവാസത്തിനായി മാറ്റി പാര്‍പ്പിക്കുന്നു. മകന്‍ ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിക്കപ്പെടുന്നു. തീര്‍ന്നില്ല സങ്കടങ്ങളുടെ പട്ടിക. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിക്കുന്നു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അനാഥമാവുകയാണോ? സ്‌പെയിന്‍ രാജകുടുംബത്തിലും കൊറോണ മരണം വിതച്ച് മുന്നേറുന്ന ചിത്രമാണ് മുമ്പില്‍ തെളിയുന്നത്.

അണുഗവേഷണശാലകള്‍ സ്ഥാപിക്കാതെ പടുകൂറ്റന്‍ പ്രതിമകള്‍ക്കായി ആയിരക്കണക്കിന് കോടിരൂപ ദുര്‍വ്യയം ചെയ്ത ഭരണാധിരദ്വയത്തിന് ഇപ്പോഴും അനുതാപം ഇല്ല. നിര്‍ദ്ധനര്‍ക്കും നിരാലംബര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മേല്‍ക്കൂര നല്‍കാത്ത ഭരണാധികാരികള്‍ ക്ഷേത്രത്തിനും ആരാധനാലയങ്ങള്‍ക്കുമായി ആയിരക്കണക്കിന് കോടിരൂപ ദുര്‍വ്യയം ചെയ്യുമ്പോള്‍ കൊറോണ പൊട്ടിച്ചിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ധ്യാനകേന്ദ്രങ്ങള്‍ തിരിച്ചുവരവിനായി തയ്യാറെടുക്കവെയാണ് ധ്യാനഗുരുക്കള്‍ കൊറോണയെന്ന അണുവിന്റെ പൊരുള്‍തേടി മെഴുകുതിരിയുടെയും കുന്തിരക്കത്തിന്റെയും പിറകില്‍ ആശ്രയം തേടുന്നത്.

മതം എന്നും ശാസ്ത്രത്തിന് എതിരായിരുന്നു. ഗലീലിയോയെയും മറ്റും അവര്‍ പീഡിപ്പിച്ചുകൊന്നു. ഭരണാധികാരികള്‍ എന്നും ചിന്തകര്‍ക്കും പുതിയ ആശയങ്ങള്‍ക്കും എതിരായിരുന്നു. സോക്രട്ടീസ് മുതല്‍ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. മതത്തിനും ഭരണാധികാരികള്‍ക്കും ഉത്തരം കിട്ടാത്ത ഒരു പ്രതിഭാസം ആയി കൊറോണ പോലുള്ള വൈറസുകള്‍ മാനവരാശിയെ വേട്ടയാടുന്നു. ഇതിനുത്തരം മതമോ ഭരണാധികാരിയോ അല്ല നല്‍കുക. സ്വര്‍ഗ്ഗസമാനമായ ആരാധനാലയങ്ങളോ അംബരചുംബികളായ പ്രതിമകളോ അല്ല നല്‍കുക. സത്യാന്വേഷിയായ ശാസ്ത്രജ്ഞ•ാര്‍ ആയിരിക്കും. അവരിലൂടെ ലോകം കൊറോണയെ അതിജീവിക്കും. കൊറോണ പോലുള്ള വൈറസുകള്‍ നിര്‍മ്മിക്കുന്ന കാരാഗൃഹത്തില്‍ നിന്നും, മൃത്യുഗുഹകളില്‍ നിന്നും പുറത്തുവരും.

കൊറോണ തടവിലാക്കിയ ലോകം- (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക