Image

മലയാള സര്‍വ്വകലാശാല കേരളത്തിന്റെ അഭിമാനമാണ് (ഷുക്കൂര്‍ ഉഗ്രപുരം)

ഷുക്കൂര്‍ ഉഗ്രപുരം Published on 30 March, 2020
മലയാള സര്‍വ്വകലാശാല കേരളത്തിന്റെ അഭിമാനമാണ് (ഷുക്കൂര്‍ ഉഗ്രപുരം)
ചരിത്രമുറങ്ങുന്ന തിരൂരിന്റെ മണ്ണില്‍ അറബിക്കടലിനോട് ചേര്‍ന്ന്  വൈജ്ഞാനിക അലയൊലികള്‍ സൃഷ്ടിക്കുകയാണ് മലയാളം സര്‍വ്വകലാശാല. ഇവിടുത്തെ മണല്‍ത്തരികള്‍ പോലും വൈജ്ഞാന നിര്‍മ്മിതിയുടെ കുളിര്‍ക്കാറ്റിന്‍ സ്പര്‍ശനമേറ്റ് സചേതനമായിട്ടുണ്ടാവണം. മലയാളത്തിന്റെ ഭാഷാപിതാവ് തുഞ്ചന്റെ തത്തയും, ഒരു വിളിപ്പാടകലെയുള്ള പൊന്നാനിയിലെ വിശ്വവിഖ്യാതമായിരുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ  പാഠശാലയും അവിടുത്തെ വിളക്കത്തിരുത്തുന്ന ജ്ഞാന മുദ്രണത്തിന്റെ പ്രകാശകിരണങ്ങളുമെല്ലാം ചരിത്രത്തിന്റെ ഇതളുകളില്‍ നിന്നും ഒരു തിരമാല കണക്കെ നമ്മുടെ ഓര്‍മ്മയിലേക്ക് കടന്നെത്തും.

മലയാള ഭാഷയിലൂടെയും ഇവിടുത്തെ സാമൂഹിക സാംസ്‌ക്കാരിക വൈജ്ഞാനിക നിര്‍മ്മിതിയിലൂടെയും ഒരു മഹിത മാനവ സമൂഹത്തേയും ശ്രേഷ്ഠ വ്യക്തിത്വങ്ങളേയും നിര്‍മ്മിച്ചെടുക്കുന്ന ഗുണാത്മക സക്രിയ പ്രവര്‍ത്തനത്തിലാണ് മലയാളം സര്‍വ്വകലാശാല ഏര്‍പ്പെട്ടിരിക്കുന്നത്.

ഇവിടുത്തെ പടിപ്പുര കടന്ന്  ക്യാമ്പസിനകത്ത് കയറിയാല്‍ തന്നെ മനസ്സിനൊരു ശാന്തതയും കുളിര്‍മ്മയും അനുഭവപ്പെടും. ആകാശത്തിന്റെ സമുന്നതിയിലേക്ക് വിരല്‍ ചൂണ്ടി ജ്ഞാനത്തിന്റെ പ്രഭാവത്തെ ദ്യോതിപ്പിക്കുന്ന അശോക വൃക്ഷവും, ജ്ഞാനികളുടെ വിശുദ്ധ സ്മരണയില്‍ സ്ഥുതി കീര്‍ത്തനമാലപിക്കുന്ന മാടപ്രാവുകളും ആരുടേയും മനം കവരുക തന്നെ ചെയ്യും. നമ്മുടെ മലയാളക്കരയിലെ പാഠശാലകളിലെയെല്ലാം മനം മടുപ്പിക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളില്‍ നിന്നും വ്യത്യസ്തമാണിവിടുത്തെ കെട്ടിടങ്ങള്‍; പൗരാണികതയുടെ ആത്മാവ് അതിനു മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ടാവണം. ഈ റാഗിംഗ് വിരുദ്ധ ക്യാമ്പസിലെ പുല്‍ത്തകിടും ഉദ്യാനവും വേരുകളാഴ്ത്തുന്നത് വിദ്യാര്‍ത്ഥികളുടെ മനസ്സിനകത്താണ്.

ഇവിടുത്തെ ഗ്രന്ധപ്പുര  മാതൃകാപരമാണ്. ഇവിടെയുള്ള ഏറ്റവും നല്ല കെട്ടിടമാണ് ഗ്രന്ധപ്പുരക്കായ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിന്റെ ഭാഷാ, സാമൂഹിക ,സാംസ്‌ക്കാരിക വൃത്താന്തം എത്ര വിപുലവും പര്യാപ്തവുമാണെന്നതിന്റെ ആഴം മനസ്സിലാക്കാന്‍ ഈ ഗ്രന്ധപ്പുരയിലെ 'പുസ്തകങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും ' മാന്വലിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി.

ഇവിടെ ഒരു ധൈഷണിക നിര്‍മ്മിതിയും യാന്ത്രികമായി നടക്കുന്നില്ല; മറിച്ച് സക്രിയമായ സജീവ  പ്രയത്‌നങ്ങളിലൂടെയാണ് അവ സാധ്യമാകുന്നത്. ഇവിടെയുള്ള വ്യത്യസ്ഥ പഠനവകുപ്പുകള്‍ക്കും, പഠിതാക്കള്‍ക്കും, ഗുരുവര്യര്‍ക്കുമിടയില്‍ പരസ്പര സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ഒരു ചിന്താധാര പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അത് മാതൃഭാഷയായ അമ്മ മലയാളത്തിന്റെ സ്‌നേഹമുറ്റുന്ന ഹൃദയമാവാം. ഈ ക്യാമ്പസില്‍ ഒരു വിദ്യാര്‍ത്ഥിയും മറ്റൊരാളെ റാഗ്‌ചെയ്യുന്ന പ്രാകൃതത്വവും അന്തകാരവും നിറഞ്ഞ പ്രവര്‍ത്തിയെ ഒരിക്കലും നിങ്ങള്‍ക്ക് കാണാനാവില്ല; മറിച്ച് സ്‌നേഹപൂര്‍ണ്ണമായ പഠന പാഠ്യേതര സഹായങ്ങള്‍ നല്‍കുന്ന ഹൃദയത്തില്‍ മാലാഘയുടെ തൂവല്‍ സ്പര്‍ശമേറ്റ ഒത്തിരി നല്ല കൂട്ടുകാരെ ഇവിടെ കാണാം. 

വായനയും ചിന്തയും  ക്യാമ്പസുകളില്‍ മരിച്ചുവീണ് കേവലം വൈജ്ഞാനിക മരീചികകളായി നമ്മുടെ അഭിനവ കലാലയങ്ങള്‍ മാറുമ്പോള്‍ അവക്കെതിരെയുള്ള ശക്തമായ തിരുത്തായി മാറുകയാണ് മലയാള സര്‍വ്വകലാശാല. ഒരു വലിയ സ്വപ്ന  സാക്ഷാത്കാരത്തിനും വേണ്ടി അറബിക്കടലിന്റെയോരത്ത് നില്‍പ്പുറപ്പിച്ചതാണ് തുഞ്ചത്തെഴുത്തച്ഛന്‍  മലയാള സര്‍വകലാശാല. നൂറ്റാണ്ടുകള്‍ക്കപ്പുറം പോര്‍ച്ചുഗീസുകാരന്‍ വാസ്‌കോഡ ഗാമ തുഴയെറിഞ്ഞ് അറബിക്കടലിലൂടെ ഹിന്ദുസ്ഥാന്‍ കീഴടക്കാനായി വന്നപ്പോള്‍ സാമൂതിരി രാജാവിന്റെ നാവികപ്പടയിലെ ചീഫ് കമാണ്ടര്‍ കുഞ്ഞാലി മരക്കാരും (ഇന്ത്യയുടെ ആദ്യത്തെ നാവിക മേധാവി), സാമൂതിരി രാജാവിനെ  വൈദേശിക സമ്പര്‍ക്കങ്ങള്‍ക്കായി സഹായിക്കുകയും, പോര്‍ച്ചുഗീസ് പടയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും  തുരത്തിയോടിക്കുന്നതിനായി 'തുഹ്ഫതുല്‍ മുജാഹിദീന്‍ ' (പോരാളികള്‍ക്കൊരു സമ്മാനം) എന്ന ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത് ധൈഷണിക നേതൃത്വം നല്‍കിയ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (കേരളത്തിന്റെ തുസിഡൈഡ്‌സ്,, കേരളത്തിന്റെ പ്രഥമ ചരിത്രകാരന്‍) ഈ മണ്ണില്‍ വേരുള്ള ധീര പുത്രരാണ്. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തന്റെ അധ്യാപന കര്‍മ മണ്ഡലമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തിരഞ്ഞെടുത്തതും ഈ മണ്ണിനെയാണ്.

ഇന്ന് നാഗരികതയുടെ പുതു സംഘട്ടന യുഗത്തില്‍ സാംസ്‌കാരിക സാഹിത്യ സാമൂഹിക അധിനിവേഷങ്ങള്‍ പലവിധ അക്രമണോല്‍സുക  കടന്നുകയറ്റങ്ങള്‍ നടത്തുമ്പോള്‍ മലയാള സംസ്‌ക്കാരത്തിന്റെ സ്വത്വ സംരക്ഷണം ചോരാതെ ചെറുത്ത് നില്‍പ്പ്  സാധ്യമാക്കുന്നുണ്ട് ഈ സര്‍വ്വകലാശാല.
Join WhatsApp News
SHAHID 2020-04-01 10:09:07
Thank you very much Sir Very informative write up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക