Image

കുടിയേറ്റ തൊഴിലാളികളുടെ കുട്ട പലായനം; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

Published on 30 March, 2020
കുടിയേറ്റ തൊഴിലാളികളുടെ കുട്ട പലായനം; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച്‌ ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ കുട്ട പലായനം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി. പ്രശ്നത്തില്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ കൂട്ടമായി തെരുവിലിറങ്ങിയതായത് ഡല്‍ഹി അതിര്‍ത്തികളില്‍ വലിയ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. ബസുകളില്‍ ഇവരില്‍ കുറേപേരെ ഡല്‍ഹി അതിര്‍ത്തിക്കപ്പുറത്ത് വിട്ടിരുന്നു. 


ടെന്‍റുകള്‍ സ്ഥാപിച്ച്‌ അവരെ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ അവശ്യസേവനത്തിനല്ലാത്ത ഒരു വാഹനവും കടത്തിവിടുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 


തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്ബളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


കുടിയേറ്റ തൊഴിലളികളുടെ യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിര്‍ത്തികളും അതതു സര്‍ക്കാരുകള്‍ അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികളില്‍ നിന്ന് വാടക ഈടാക്കരുതെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


 കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും അവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി എടുക്കണം. യാത്ര ചെയ്യുന്നവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കണം. മൂന്നാഴ്ച ലോക്ക്ഡൗണില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. കൊവിഡ് പടരാതിരിക്കാന്‍ ഈ നടപടികള്‍ അനിവാര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക