Image

ശ്വസനത്തിന്റെ കാവല്‍ഭടന്മാര്‍ (റെസ്പിറ്റോറി തെറാപിസ്റ്റിന്റെ അനുഭവക്കുറിപ്പ്- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 30 March, 2020
ശ്വസനത്തിന്റെ കാവല്‍ഭടന്മാര്‍ (റെസ്പിറ്റോറി തെറാപിസ്റ്റിന്റെ അനുഭവക്കുറിപ്പ്- ജോര്‍ജ് തുമ്പയില്‍)
80 വയസ്സെങ്കിലും കാണും പാട്രിക്കിന് (യഥാര്‍ത്ഥ പേരല്ല), കോവിഡ് പോസിറ്റീവ് ആണ്. പക്ഷേ, ഐസിയു അഡ്മിഷന് കാരണം അതല്ല-ആസ്തമ എക്‌സാസിര്‍ബേഷന്‍ ആണ്. സാധാരണഗതിയില്‍ ആല്‍ബുട്ടറോളും സെറവന്റും കൊടുത്താല്‍ ഭേദമാകേണ്ടതാണ്. പക്ഷേ, വെന്റിലേറ്ററില്‍ ആയിട്ട് ഇന്നിതു മൂന്നാം ദിവസം. രാവിലെ 9-ന് ആദ്യ വെന്റിലേറ്റര്‍ ചെക്കിന് വന്നതാണ്. സെര്‍വോ ഐ വെന്റിലേറ്റര്‍ ആണ്. രണ്ട് മിനിറ്റ് എടുത്തു കൈ അണു വിമുക്തമാക്കി, ഗൗണ്‍ ധരിച്ച്, മാസ്‌ക്കും വച്ച്, കയ്യുറയും ധരിച്ച് (മനസ്സില്‍ പ്രാര്‍ത്ഥിച്ച്) പാട്രിക്കിന്റെ മുറിയില്‍ കയറിയതാണ്. പാട്രിക്ക് ഒന്നാമത്തെ പേഷ്യന്റ്, ഇനി ഇതു പോലെ പതിമൂന്നു പേര്‍ വേറെ. അത് ഈ യൂണിറ്റില്‍ മാത്രം. മറ്റൊരിടത്ത് നൂറു പേരിലധികമാണ് പോസിറ്റിവായി കിടക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനത്തിലിരിക്കുന്ന 65 വെന്റിലേറ്ററുകള്‍ കൂടാതെ അവശേഷിക്കുന്നത് വെറും പത്തെണ്ണം കൂടി മാത്രം. അതിനു ശേഷം വരുന്ന രോഗികളെ എങ്ങനെ വെന്റിലേറ്റ് ചെയ്യുമെന്ന ആശങ്ക ഒരു വശത്ത്.
പാട്രിക്കിന്റെ മോണിറ്ററില്‍ ഹാര്‍ട്ട് റേറ്റ് 68, റെസ്പിറ്റോറി റേറ്റ് 10, ഓക്‌സിജന്‍ സാച്ചുറേഷന്‍ 82 ശതമാനം. വെന്റിലേറ്റര്‍ സെറ്റിംഗ്‌സ് ടൈഡല്‍ വോളിയം 450, റേറ്റ് 12, പീപ്പ് 7, ഓക്‌സിജന്‍ 100 ശതമാനം. പി.ആര്‍.വി.സീ മോഡ്. മാക്‌സിനടിയിലും കാണാം മുഖത്ത് ദൈന്യഭാവം, കണ്ണുകളില്‍ നിസ്സഹായാവസ്ഥ. സ്‌റ്റെതസ്‌കോപ്പ് എടുത്തു ബെല്‍ ആല്‍ക്കഹോള്‍ വൈപ്പ് കൊണ്ട് വൃത്തിയാക്കി നെഞ്ചിന്റെ രണ്ട് വശങ്ങളും പരിശോധിച്ചു. വീസിംഗ് ഉണ്ട്. ഒപ്പം നെഞ്ചില്‍ ഫ്‌ളൂയിഡ് ഉണ്ടെന്നുള്ളതിന്റെ റെയില്‍സും. കോവിഡ് രോഗികള്‍ക്ക് നെബുലൈസേഷന്‍ നിരോധിച്ചിരിക്കുന്നതിനാല്‍ എം.ഡി.ഐ (മീറ്റേഡ് ഡോസ് ഇന്‍ഹെയ്ല്‍) മാത്രമാണ് കൊടുക്കുന്നത്. തത്ക്കാലം അത് നേഴ്‌സുമാരുടെ ജോലി ഭാഗമാക്കിയിട്ടുണ്ട്.

എങ്ങനെയുണ്ട് തുടങ്ങിയ മാസ്‌ക്കിനടിയില്‍ കൂടിയുള്ള ചോദ്യങ്ങള്‍ക്ക് മുക്കിയും മൂളിയുമുള്ള വ്യക്തമാകാത്ത മറുപടികള്‍. ദൈന്യത നിഴലിക്കുന്ന കണ്ണുകള്‍. അടുത്ത നിമിഷം എന്തു സംഭവിക്കുന്നുവെന്നറിയാന്‍ കഴിയാതെ ഉഴറുന്ന വൈഷമ്യം. ഓര്‍ഡര്‍ നോക്കി. ബ്ലഡ് ഗ്യാസിനുള്ള സമയത്തിന് ഇനിയും രണ്ടു മണിക്കൂറുകള്‍ ബാക്കി. വീണ്ടും വരാമെന്ന പ്രതീക്ഷ നല്‍കി പാട്രിക്കിനോടു യാത്ര പറഞ്ഞ് അടുത്ത മുറിയിലേക്ക്. മനസ് ആകെ മരവിച്ച അവസ്ഥയില്‍, പാട്രിക്കിനെയും മറ്റ് രോഗികളെയും പറ്റിയുള്ള ആശങ്ക ഒരു വശത്ത്. അവസാന വെന്റിലേറ്ററും ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെയെന്ത് എന്ന ചോദ്യം മറുവശത്ത്. ഫെഡറല്‍ റിസര്‍വില്‍ നിന്നും നാലായിരത്തോളം വെന്റിലേറ്ററുകള്‍ 20 മൈല്‍ ദൂരേയുള്ള എഡിസണിലെ വെയര്‍ഹൗസില്‍ എത്തി എന്ന വാര്‍ത്ത ടിവിയില്‍ കണ്ടത് അരമണിക്കൂര്‍ മുന്‍പാണ്.

ഇക്കഴിഞ്ഞ ദിവസം ഈ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ റോബി എന്ന റോബര്‍ട്ടിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ വിട്ടു. ആകപ്പാടെയുള്ള 70 റെസ്പിറ്റോറി തെറാപ്പിസ്റ്റുകളില്‍ 15 പേരും രോഗശയ്യയില്‍. സാധാരണയായി പകല്‍ പത്തു പേരും രാത്രി 9 പേരുമുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ വളരെ ബുദ്ധിമുട്ടി ഒമ്പതും എട്ടും പേരെ വീതം മാത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൊച്ചുകുട്ടികളും മുതിര്‍ന്ന മാതാപിതാക്കളും ഉള്ള വീട്ടിലേക്ക് കോവിഡ് രോഗികളെ പരിചരിച്ചതിനു ശേഷം ചെന്നുകയറുന്ന മാനസിക വ്യഥ ഉള്ളില്‍ പേറുകയാണ് ഓരോരുത്തരും. ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നുമൊക്കെ ഓരോ തെറാപ്പിസ്റ്റിനും അറിയാം. അതിനിടയ്ക്ക് ഇത്തരമൊരു തൊഴിലിന് എന്തിന് ഇറങ്ങിപ്പുറപ്പെട്ടു എന്നു ചിന്തിക്കുന്നവരും കുറവല്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ല. ജീവിതത്തിനും മരണത്തിനും മധ്യേയുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഓരോരുത്തരും നടന്നുപോവുന്നത്. അതിനിടയില്‍ മറ്റൊന്ന് ചിന്തിക്കാന്‍ ആര്‍ക്കാണ് നേരം.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹ്യൂമന്‍ റിസോഴ്‌സസ് (പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പ്രവര്‍ത്തന പരിചയവുമായി സൗദി അറേബ്യയില്‍ നിന്നും അമേരിക്കയില്‍ കാലു കുത്തിയപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല അമേരിക്ക എനിക്കായി കരുതി വച്ചിരുന്നത് ഇത്തരത്തിലൊരു പ്രൊഫഷനായിരിക്കുമെന്ന്. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തി മാത്രം. വിവിധ ശ്രേണിയിലുള്ള പടവുകള്‍ ചവിട്ടിക്കയറ്റിയ ദൈവകൃപയെ ഓര്‍ത്ത് നന്ദി മാത്രം. ഒട്ടേറെപ്പേരോടു കടപ്പാടുണ്ട്. എല്ലാം ഹൃദയത്തോടു ചേര്‍ത്തു വെക്കുന്നു...
വെന്റിലേഷന്റെ കലയും ശാസ്ത്രവും സംബന്ധിച്ച ഉപദേശവും ക്ലിനിക്കല്‍ വിദ്യാഭ്യാസവും നേടിയ ഒരേയൊരു മെഡിക്കല്‍ പ്രൊഫഷനാണ് റെസ്പിേറ്റാറി തെറാപ്പി. ലൈസന്‍സുള്ള ഫിസിഷ്യന്‍മാര്‍ക്കു പുറമേ മെക്കാനിക്കല്‍ വെന്റിലേഷന്‍ നല്‍കാന്‍ ഇവര്‍ക്കു മാത്രമാണ് അനുമതി.

രാജ്യത്തും പുറത്തും ഉള്ള റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ക്കു ഭാരിച്ച ജോലിയുള്ള സമയമാണിത്. കൊറോണയുടെ അതിപ്രസരത്താല്‍ വലയുന്ന കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കൃത്രിമ ശ്വാസസഹായം നല്‍കാന്‍ ഇവര്‍ കൂടിയേ തീരൂ. കാരണം, ഡോക്ടര്‍മാര്‍ക്കും നേഴ്‌സിനും അവരുടെ സേവനത്തിന് ഇപ്പോള്‍ തീവിലയാണ്. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ആളുകളുമായി ചികിത്സാപരമായി പ്രവര്‍ത്തിക്കുന്നതിനായി ഈ പ്രത്യേക ആരോഗ്യ പരിപാലകര്‍ക്ക് കാര്‍ഡിയോ പള്‍മോണറി കെയറില്‍ പരിശീലനം നല്‍കുന്നു. കോവിഡ് 19 പോരാട്ടത്തില്‍ ഇവര്‍ മുന്‍നിരയിലാണ്, രോഗികളെ അതിജീവിക്കാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെല്ലാം റെസ്പിേറ്റാറി പ്രൊഫഷണലുകള്‍ കൊറോണയുടെ മുന്‍നിരയിലാണുള്ളത്. പ്രതിബദ്ധതയുള്ള റെസ്പിറ്റോറി തെറാപിസ്റ്റുകള്‍ പള്‍മനറി ഡോക്ടര്‍മാരുടെ ചങ്കാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കൃത്രിമ ശ്വാസോച്ഛ്വാസത്തിനും ഇവരുടെ കൂട്ടുക്കെട്ട് അനിവാര്യമാണ്-ഒരേ തൂവല്‍പക്ഷികള്‍.

വെന്റിലേറ്റര്‍ വൈദഗ്ദ്ധ്യമുള്ള റെസ്പിേറ്റാറി പ്രൊഫഷണലുകളാണ് കോവിഡ് 19 രോഗികളെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. മതിയായ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇവര്‍ ജോലി ചെയ്യുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇവരെയും കോവിഡ് ആക്രമിക്കാവുന്നതാണ്. ഇത്തരത്തില്‍ റെസ്പിേറ്റാറി പ്രൊഫഷണലുകളില്‍ 40 ശതമാനത്തോളം പേരാണ് കൊവിഡ് 19 രോഗബാധിതരായി ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിക്കുന്നത്. ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ആക്രമിക്കുകയാണ് കൊറോണ വൈറസ് ചെയ്യുന്നത്. ഇവിടെയാണ് വെന്റിലേറ്ററുകളുടെ സഹായം ഒരു രോഗിക്ക് ആവശ്യമായി വരുന്നത്. 
ലൈഫ് സപ്പോര്‍ട്ട് മെഷീനുകളാണ് വെന്റിലേറ്ററുകള്‍. കോവിഡ് 19 ഉള്ള 5% രോഗികള്‍ക്ക് സാധാരണ ശ്വസന പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കഴിയില്ല, മാത്രമല്ല അവ അന്തര്‍ലീനമാകാന്‍ ശ്വസന ട്യൂബ് (ഋിറീൃേമരവലമഹ ഠൗയല) അവരുടെ ശ്വസനമാര്‍ഗത്തില്‍ സ്ഥാപിക്കുകയും വേണം. പരിശീലനം ലഭിച്ച റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ രോഗിയുടെ ശ്വസന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉചിതമായ വെന്റിലേറ്റര്‍ ക്രമീകരണങ്ങള്‍ നിര്‍ണ്ണയിക്കുന്നു. ആ സമയം മുതല്‍, അവര്‍ നിരന്തരമായ നിരീക്ഷണവും വിലയിരുത്തലും രോഗിക്ക് നല്‍കുകയും രോഗിയുടെ അവസ്ഥ മെച്ചപ്പെടുകയോ വഷളാകുകയോ ചെയ്യുന്നതിനനുസരിച്ച് വെന്റിലേറ്റര്‍ ക്രമീകരണം പരിഷ്‌കരിക്കുകയും ചെയ്യുന്നു. കൈയുടെ മണിബന്ധത്തിനു മുകളിലുള്ള രക്തക്കുഴലില്‍ (റേഡിയല്‍) നിന്നോ കൈമടക്കിന്റെ മുകളിലുള്ള രക്തക്കുഴലില്‍ നിന്നോ (ബ്രേക്കിയല്‍) രക്തമെടുത്ത് എ.ബീ.ജി മെഷിനില്‍ വിശകലനം ചെയ്യുമ്പോള്‍ ശരീരത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും അളവ് അറിയാനാവും. ഇതിലെ ഏറ്റക്കുറവ് അനുസരിച്ച് വെന്റലിലേറ്ററിലെ പാരാമീറ്റേഴ്‌സ് ക്രമീകരിക്കണം.

യുഎസില്‍ ഏകദേശം 120,000 റെസ്പിേറ്റാറി തെറാപ്പിസ്റ്റുകളുണ്ട്, ന്യൂജേഴ്‌സിയില്‍ മൂവായിരത്തിലധികം. ന്യൂയോര്‍ക്കില്‍ ഏഴായിരവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവര്‍ക്കു കൂടുതല്‍ ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ പലപ്പോഴും ഈ പ്രതിസന്ധി ഘട്ടത്തില്‍ രോഗികളുമായും മെഡിക്കല്‍ ടീമുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ ജീവനെക്കുറിച്ചു പോലും മറന്നു പോകുന്നു. ഈ ജോലികള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണെന്നു അവര്‍ തിരിച്ചറിയുന്നു.

കൊറോണ അതിരൂക്ഷമായ ഓരോ ദിവസവും റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ ജോലിസ്ഥലത്ത് എത്തുമ്പോള്‍,സംരക്ഷണ കയ്യുറകള്‍, ഒരു മാസ്‌ക്, ഒരു ആശുപത്രി ഗൗണ്‍, ഗോഗലുകള്‍ എന്നിവ ധരിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് പോകുന്നു. അവിടെ രോഗികള്‍ ആശുപത്രി കിടക്കകളിലാണ് കിടക്കുന്നത്, പലരുടെയും ശ്വസന ട്യൂബുകള്‍ മൂക്കിലൂടെയോ തൊണ്ടയിലൂടെയോ ആണ്. യന്ത്രങ്ങള്‍ അവയ്ക്കായി ശ്വസനം നടത്തുന്നു, വായു പമ്പ് ചെയ്യുകയും അടുത്ത ശ്വാസം കൃത്രിമമായി ഉത്പാദിപ്പിക്കുന്നതിനു് മുമ്പായി അത് പുറത്തുവിടുകയും ചെയ്യുന്നു. മാരകമായ കൊറോണ വൈറസിനെ അതിജീവിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് വെന്റിലേറ്ററുകള്‍. 

കോവിഡ് 19 ല്‍ നിന്നുള്ള ഏറ്റവും ദുരിതത്തിലായ രോഗികളില്‍ പലരും  കഠിനമായ ന്യുമോണിയ ബാധിച്ചവരാണ്. ശ്വാസകോശത്തിലേക്ക് നിര്‍ണായക ഓക്‌സിജന്‍ എത്തിക്കുകയും പരാജയം തടയുന്നതിനായി ശരീരത്തിന്റെ അവയവങ്ങളിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്ന വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് ശ്വസിക്കുമ്പോള്‍ രോഗികളെ നയിക്കാനുള്ള റെസ്പിേറ്റാറി തെറാപ്പിസ്റ്റുകളുടെ വൈദഗ്ദ്ധ്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്നു കൊണ്ട് ശ്വാസം വീണ്ടെടുക്കലും ശ്വാസംമുട്ടലും തമ്മിലുള്ള വ്യത്യാസത്തെ അവര്‍ കൃത്യതയോടെ അളന്നെടുത്തു പ്രവര്‍ത്തിക്കുന്നു. ശ്വസനത്തിന്റെ കാവല്‍ഭടന്മാരാണ്, റെസ്പിറ്റോറി തെറാപ്പിസ്റ്റുകള്‍.

രോഗബാധിതരായ മിക്ക രോഗികള്‍ക്കും കൊവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടെങ്കിലും, ശ്വാസകോശ, ഹൃദയ അവസ്ഥകള്‍, വിട്ടുവീഴ്ച ചെയ്യാത്ത രോഗപ്രതിരോധ സംവിധാനങ്ങള്‍, ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രമേഹം എന്നിവ മൂലം വിഷമിക്കുന്ന മുതിര്‍ന്ന രോഗികള്‍ വളരെ പെട്ടെന്നു വൈറസിന്റെ പിടിയിലാവും. ചിലത് ശ്വാസകോശ സംബന്ധമായ തകരാറുകളിലേക്ക് പോകുകയും പലര്‍ക്കും സ്വന്തമായി ശ്വസിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും. അപ്പോഴാണ് ഒരു റെസ്പിേറ്റാറി തെറാപ്പിസ്റ്റിന്റെ വൈദഗ്ദ്ധ്യം, സംവേദനക്ഷമത, അനുഭവം എന്നിവ ആവശ്യമായിവരുന്നത്. ഒരു മിനിറ്റില്‍ നിരവധി തവണ കമ്പ്യൂട്ടറൈസ്ഡ് വെന്റിലേറ്ററിലൂടെ പുറത്തുവരുന്ന വായു പലപ്പോഴും മുറിയിലെ വായുവിന്റെയും ഓക്‌സിജന്റെയും സംയോജനമായാണ്  രോഗിയുടെ ശ്വാസകോശത്തിലേക്കും പുറത്തേക്കും പ്രവഹിക്കുന്നത്. മോണിറ്ററിംഗ് സിസ്റ്റങ്ങളും അലാറങ്ങളും വായു മര്‍ദ്ദം, അളവ്, ഒഴുക്ക് എന്നിവ കൃത്യമായി അളക്കേണ്ടതുണ്ട്. അതേസമയം, വ്യക്തിഗത രോഗിയുമായി പൊരുത്തപ്പെടുന്നതിന് മെഷീന്റെ പാരാമീറ്ററുകള്‍ നന്നായി ക്രമീകരിക്കണം. സംസാരശേഷിയില്ലെങ്കിലും രോഗിയുടെ സുഖപ്രദമായ നിലയെയും ഓക്‌സിജന്റെ ആവശ്യങ്ങളെയും കുറിച്ച് നന്നായി അറിയണം.
രോഗികള്‍ക്ക് സഹായകരമായ പരിചരണം നല്‍കാന്‍ മാത്രമേ റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ക്ക് ഇപ്പോള്‍ കഴിയുന്നുള്ളു. കാരണം കൊറോണ വൈറസിന്റെ വ്യാപ്തി അത്രയും വലുതാണ്. വെന്റിലേറ്റര്‍ ക്രമീകരിക്കുക, മോണിറ്ററുകള്‍ കൃത്യമായി പഠിക്കുക, വര്‍ദ്ധിച്ചുവരുന്ന മാറ്റങ്ങള്‍ക്കായി രോഗികളെ നിരീക്ഷിക്കുക, രോഗിയുടെ ശരീരത്തിന്റെ പ്രതിരോധം രോഗത്തെ ചെറുക്കുകയും അത് അതിന്റെ ഗതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുവരെ അവരുടെ രക്ത വാതകങ്ങളില്‍ പരിശോധന നടത്തുക എന്നൊക്കെയാണ് ഇപ്പോള്‍ റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ പലയിടത്തും ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. പഴയ രോഗികള്‍ സുഖപ്പെടുന്നതിനു മുന്‍പ് പുതിയ രോഗികള്‍ എത്തുന്നു. ഇതാവട്ടെ കൈകാര്യം ചെയ്യാവുന്നതിലും വളരെ കൂടുതലാണ്.

ചില രോഗികളെ വെന്റിലേറ്ററുകളില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയുമോയെന്നറിയാന്‍ റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ എല്ലാ ദിവസവും ചെറിയ പരീക്ഷണങ്ങള്‍ (വീനിങ്) നടത്തുന്നു. രോഗികളെ വെന്റിലേറ്ററില്‍ നിന്ന് ഇറക്കി അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് റെസ്പിേറ്റാറി തെറാപ്പിസ്റ്റുകളുടെ ലക്ഷ്യം. ചില രോഗികള്‍ക്ക് ശ്വാസകോശ സംബന്ധമായ തകരാറുകള്‍ നേരിടാം, മറ്റുള്ളവര്‍ അത് ചെയ്യുന്നില്ല. ഒന്നിലധികം അവയവങ്ങള്‍ പരാജയപ്പെടാം. ആ സാഹചര്യത്തില്‍ ഒരു പരിചയസമ്പന്നനായ ശ്വസനചികിത്സകന് പോലും, ആത്യന്തികമായി ജീവിതത്തെയോ മരണത്തെയോ നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. എന്നിട്ടും കാലക്രമേണ, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് ഓക്‌സിജന്‍ കുറവായിരിക്കാന്‍ അവര്‍ രോഗികളെ സഹായിക്കുന്നു. അതിന് സമര്‍പ്പണം ആവശ്യമാണ്; ക്ഷമ ആവശ്യമാണ്.

എന്നാല്‍ കോവിഡ് 19 വ്യാപ്തി വര്‍ദ്ധിച്ചതോടെ ഈ നില മാറിയിരിക്കുന്നു. റെസ്പിേറ്റാറി തെറാപ്പിസ്റ്റുകള്‍ കൊവിഡ് രോഗികളുടെ സമീപത്തേക്ക് പോകുന്നതിനു മുമ്പ് ഇപ്പോള്‍ ആദ്യം ഒരു പനിയുടെ ലക്ഷണമുണ്ടോയെന്നറിയാനായി സ്വന്തം താപനില പരിശോധിക്കണം. കൂടാതെ രോഗലക്ഷണങ്ങളെ നിരാകരിക്കുന്നതിന് ഒരു ചോദ്യാവലി പൂരിപ്പിക്കുകയും വേണം. ഒരു റെസ്പിേറ്റാറി തെറാപ്പിസ്റ്റ് പതിറ്റാണ്ടുകളുടെ കരിയറില്‍ ഒരിക്കലും അഭിമുഖീകരിക്കാത്ത പുതിയ വെല്ലുവിളികളാണ് കോവിഡ് അവര്‍ക്കു നല്‍കി കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഏതൊരാള്‍ക്കും 14 ദിവസത്തേക്ക് ക്വാറന്റൈന്‍ കാലമാണ്. അതു കൊണ്ടു തന്നെ റെസ്പിേറ്റാറി തെറാപ്പിസ്റ്റുകളുടെ കാര്യത്തില്‍ കാര്യമായ കുറവ് ഉണ്ടായിരിക്കുന്നു. ആശുപത്രികളില്‍ ജോലിക്കാരല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്ന മെഡിക്കല്‍ സംഘത്തെ ആശുപത്രി പ്രവര്‍ത്തനം സുഗമമായി നടക്കാനായി പലേടത്തും നിയോഗിച്ചിട്ടുണ്ട്. പക്ഷേ, എത്രനാള്‍ ഇങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കി.

നാളെ വരുമ്പോള്‍ നവീനമായ ഒരു പദ്ധതികൂടി ആവിഷ്‌ക്കരിക്കാനുണ്ട്. ദിവസങ്ങള്‍ കഴിയും തോറും രോഗികള്‍ക്കായി വെന്റിലേറ്റര്‍ കിട്ടാതെ വരുന് സാഹചര്യമുണ്ടായാല്‍, ഒറ്റ വെന്റിലേറ്ററില്‍ നിന്നും നാലു രോഗികള്‍ക്കായുള്ള സെറ്റപ്പ് പരീക്ഷിക്കാമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേഷനോട് പറഞ്ഞിട്ടുണ്ട്. വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പക്ഷേ, അതിനും അതിന്റേതായ പരിമിതികളും പ്രശ്‌നങ്ങളും ഉണ്ട്, നോക്കട്ടെ.

വീട്ടില്‍ പോകാന്‍ സമയമായി. ഇതിനിടയില്‍ പാട്രിക്ക് ഒരു തവണ കോഡിന്് വിധേയനായി രക്ഷപ്പെട്ടു. നൈട്രിക്ക് ഓക്‌സൈഡ് തെറാപ്പി കൂടി ചേര്‍ത്തതോടെ ഓക്‌സിജന്‍ സാച്ചുറേഷനില്‍ കാര്യമായ മാറ്റമുണ്ടായി. ബ്ലെഡ് പ്രഷറും മെച്ചപ്പെട്ടു. മുറിയുടെ പുറത്തു നിന്ന് കണ്ണാടി സ്‌ക്രീനിലൂടെ നോക്കിയപ്പോള്‍ പാട്രിക്കിന്റെ മുഖത്ത് കണ്ടത് ഒരു മന്ദസ്മിതമായിരുന്നോ? അറിയില്ല. സ്റ്റാറ്റസ് അറിയാന്‍ രാത്രി  വിളിച്ച് നോക്കാന്‍ ത്രാണിയില്ല. എന്തു വന്നാലും നാളെ കാണാം, നാളെ കാണും എന്ന ശുഭാപ്തി വിശ്വാസത്തോടെ- രാത്രി 8.30 ആയി- പോട്ടെ. പാട്രിക്ക് സുഖം പ്രാപിക്കുക. ഒപ്പം കോവിഡിന്റെ പിടിയിലമര്‍ന്ന അമേരിക്കയിലുള്ള 130,000  ല്‍പ്പരം പേരും.

Join WhatsApp News
Thomas Thomas Palathra STATEN Island New York 2020-03-30 11:39:42
My good friend George, Recalling our text messages of last week. I read this article with anxiety and heart beats. Such a heart breaking and informative article. I should say you wrote this from the bottom of your heart. I appreciate your good heart to find some time to share your experience. I have no words to express my feelings. Our prayers are with you for your life saving efforts. May god bless you and the 130000 Respiratory specialists and all the medical staff. With prayers and love. Your friend Thomachan, Thomas Thomas Staten Island.
Francis Thadathil 2020-03-30 18:10:26
Excellent article. Came in right by right person. I was eagerly waiting one such item from you since last week. Yet again you proved as a great journalist. Kudus to you George chettan
RAJU THOMAS 2020-03-30 18:54:04
A thorough article with the science of the ventillator and with feeling and sincerity about the emotional and psychological and familial concerns that haunt a respiratory therapist at work in the frightful circumstances described. Professionals like you are true heroes.
Biju Luckose Manadyel 2020-03-30 21:48:13
It is a true life story of Respiratory Therapist during in Covid 19 Epidemic. Nicely done. Good job.
Edison Abraham 2020-03-30 21:52:31
Excellent article George. God bless all the health care workers and the patients
George Thumpayil 2020-03-31 11:28:15
കൊവിഡ് 19-എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലെ മുന്നണി പോരാളികളായ റെസ്പിറ്റോറി തെറാപിസ്റ്റുകളിലൊരാളാണ് ഞാനും. കണ്ടതും കേട്ടതുമല്ല, നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഈ കുറിപ്പിന് ആധാരം. വായിച്ച് അഭിപ്രായം കുറിച്ചവര്‍ക്കും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചവര്‍ക്കും ഇ-മെയ്‌ലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ അറിയിച്ചവര്‍ നിരവധിയാണ്. എല്ലാവരോടും നന്ദി. വല്ലാത്ത വിഷമവിചാരങ്ങളിലൂടെയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും സ്ഥിതിഗതികള്‍ അനിയന്ത്രമായി മുന്നേറുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് വീണ്ടും ബോധ്യപ്പെടുന്നു. എത്ര പാഠങ്ങള്‍ മുന്നിലുണ്ടായിട്ടും തനിക്ക് ഇതൊന്നുമൊരു പ്രശ്‌നമല്ലെന്ന ഗര്‍വ്വോടെ നടന്നിരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടിയാണിത്. ഇനിയെങ്കിലും നമുക്കുപഠിക്കാം. മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കാം. ജാഗ്രതയോടെ സാമൂഹിക അകലത്തിലേക്ക് നീങ്ങാം. ജനുവരി ആദ്യം മുതല്‍ക്കേ ഇതുമായി ബന്ധപ്പെട്ട് ഇ-മലയാളിയില്‍ എത്രയോ ലേഖനങ്ങള്‍ ഞാനെഴുതിയിരുന്നു. അപ്പോഴൊന്നും യുഎസില്‍ ഇത് താണ്ഡവമാടാന്‍ തുടങ്ങിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യക്കുരുതി കൊറോണയുടെ രൂപത്തില്‍ യുഎസിനെ കീഴടക്കുമ്പോള്‍ അറിയാതെ കണ്ണു നനഞ്ഞു പോകുന്നു. ഒരിറ്റു വായുവിനു വേണ്ടി കിടന്നു പിടയുന്നത് ഒരു മനുഷ്യജീവനാണല്ലോ എന്ന് അറിയാതെ ഓര്‍മ്മിച്ചു പോകുന്നു. നിസഹായതയ്ക്ക് മരണത്തിന്റെ ഗന്ധമാണെന്നു തിരിച്ചറിയുന്നു....
Kalimkoottil 2020-03-31 17:11:47
Hi Georgekutty A fine explanation. Please be careful. God bless you 👍❤️
Tharak Abraham 2020-03-31 23:52:23
Very well written Thumpayil Uncle. God bless !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക