Image

നിങ്ങളുടെ കൈകള്‍ ശുദ്ധമാണോ? (സുധീര്‍ പണിക്കവീട്ടില്‍)

Published on 30 March, 2020
നിങ്ങളുടെ കൈകള്‍ ശുദ്ധമാണോ? (സുധീര്‍ പണിക്കവീട്ടില്‍)
പല മഹാമാരികളിലൂടെ മനുഷ്യര്‍ കടന്നുപോയെങ്കിലും ലോകം അവസാനിച്ചില്ല. ഓരോ മഹാമാരികള്‍ പ്രത്യക്ഷപ്പെടുമ്പോഴും ലോകാവസാനം അടുത്തുവെന്നു മനുഷ്യന്‍  ഭയവിഹ്വലനായി ചിന്തിക്കുന്നു. അപ്പോഴൊന്നും ലോകം അവസാനിച്ചില്ലെങ്കിലും അത്തരം വ്യാധികള്‍ ഒത്തിരിപേരുടെ ജീവന്‍ അപഹരിച്ചുവെന്നത് ദു:ഖകരം. 1918 ല്‍ സ്പാനിഷ് ഫ്‌ലൂ എന്ന ഇപ്പോഴത്തെ കൊറോണ വൈറസ് പോലെയുള്ള പടര്‍ച്ചവ്യാധി അമ്പത് മുതല്‍ നൂറു മില്യണ്‍ ആളുകളെ ലോകവ്യാപകമായി കൊന്നൊടുക്കി. പ്രകൃതി ദുരന്തങ്ങള്‍, പടര്‍ച്ചവ്യാധികള്‍, യുദ്ധം എന്നിവയുണ്ടാകുമ്പോള്‍ മനുഷ്യര്‍ ആദ്യം ചിന്തിക്കുന്നത് ലോകം അവസാനിക്കാന്‍ പോകുകയാണോ? അതോ ഇതെല്ലാം സംഭവിക്കുന്നത് ദൈവം കോപിക്കുന്നതുകൊണ്ടാണോ? ജീവിക്കാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം അവനെ കൂടുതല്‍ ദൈവവിശ്വാസിയാക്കുന്നു.

എല്ലാ മതങ്ങളിലും മനുഷ്യര്‍ ദൈവത്തെ അന്വേഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. നിരീശ്വരവാദി എന്ന് പറയാവുന്ന നമ്മുടെ  ഒരു കവി ഈശ്വരനെക്കുറിച്ച് എഴുതിയത് ഇങ്ങനെ. മാനം നിറയെ, മാണിക്യം കൊണ്ടോരു മണിമാളികയുണ്ടോ അവിടെ മണ്ണിലെ മനുഷ്യന്റെ ജാതകം നോക്കുന്ന മാലാഖാമാരുണ്ടോ, ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം.., കണ്ടിട്ടുള്ളവരില്ലല്ലോ. വിശുദ്ധ തോമാശ്ലീഹയോട് യേശുദേവന്‍    പറയുന്നതും നമ്മള്‍ കേള്‍ക്കുന്നു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. വേദങ്ങളില്‍ ഏറ്റവും പഴയ വേദമായ    ഋഗ്വേദത്തില്‍ "പണ്ഡിതര്‍ ഒരു ദൈവത്തെ പല പേരില്‍ വിളിക്കുന്നു" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മസൂത്രത്തിലും ദൈവം ഏകനാണ് രണ്ടാമതൊന്നില്ലെന്നു വ്യകത്മായി പറയുന്നുണ്ട്. എന്നിട്ടും നമുക്ക് ചുറ്റും നിറയെ വിഗ്രഹങ്ങള്‍ അവര്‍ക്കൊക്കെ ഓരോരോ പേരുകള്‍. ഹിന്ദുക്കള്‍ ലോകത്തിലെ എല്ലാം ദൈവമാണെന്ന് പറയുന്നു, മുസ്ലീമുകള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന്  പറയുന്നു.

ഇപ്പോള്‍ നമ്മളെ ഭയപ്പെടുത്തുന്ന കൊറോണ വൈറസ്സുകളെക്കുറിച്ച് 2018 ല്‍ അതായത്  1918 ലെ ഫഌവിന്റെ നൂറാം വാര്‍ഷികത്തില്‍ അമേരിക്കയ്ക്ക് സൂചന കിട്ടിയിരുന്നുവെന്നു മാധ്യമങ്ങളില്‍ കാണുന്നു. ഒരു പക്ഷെ അത് ഗൗരവമായി കണക്കാക്കി മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ ഈ വിഷമാവസ്ഥ വരികില്ലായിരുന്നു എന്ന് വെറുതെ സമാധാനിക്കാം. അദൃശ്യനായ ഒരു ശത്രുവിനോട് പൊരുതി ജയിക്കുക എന്ന സാഹസമാണ് ഇന്ന് എല്ലാവരെയും അഭിമുഖീകരിക്കുന്നത്.  ഇപ്പോള്‍ എല്ലാവരും വാര്‍ത്തകള്‍ സശ്രദ്ധം കേള്‍ക്കുന്നു. ഇബമലയാളിയില്‍ ശ്രീ ആന്‍ഡ്രുസ് എഴുതിയപോലെ വ്യാജവാര്‍ത്തകള്‍ കേട്ട് വഞ്ചിതരാകാതിരിക്കുക. മറ്റുള്ളവരെ ഭയപ്പെടുത്തിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും ക്രൂരമായി ആനന്ദിക്കുന്നത് ചിലരുടെ വാസനാവൈകൃതമാണ്.

ഇന്നു   ലോകം   ഒരു അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പരിഭ്രാന്തരാകുന്ന മനുഷ്യരില്‍ ഭൂരിഭാഗവും  രക്ഷയ്ക്കായി  അദൃശ്യനായ ദൈവത്തിലേക്ക് തിരിയുന്നതു നമ്മള്‍ കാണുന്നു. അതേസമയം അമ്പലങ്ങള്‍, പള്ളികള്‍, മറ്റു ആരാധനാലയങ്ങള്‍, ആള്‍ദൈവങ്ങളുടെ താമസസ്ഥലങ്ങള്‍ എല്ലാം  അടച്ചുപൂട്ടിയിരിക്കുന്നു. ദേവാലയങ്ങളില്‍ രക്ഷകന്‍ ഉണ്ടെങ്കില്‍ പിന്നെ അവിടം സന്ദര്‍ശിക്കുന്നതില്‍ എന്തിനു ഭയപ്പെടണം.? മനുഷ്യരാശിക്ക് ഇതൊരു പാഠമാണ്.  ഈ സമയവും കടന്നുപോകുമെന്ന പ്രത്യാശ മനുഷ്യനുണ്ട്. അവന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ശാസ്ത്രമാണ്. ശാസ്ത്രം അതിനായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടുമ്പോള്‍ മനുഷ്യര്‍  ഓടുന്നത് അവര്‍  വിശ്വസിക്കുന്ന ആരാധനാലയങ്ങളിലേക്കാണ്. ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് വാസ്തവമെങ്കിലും എന്തിനാണ് ആ പുണ്യം പുരോഹിതന് കൊണ്ടുകൊടുക്കുന്നത്.  ഈ മഹാമാരി ഒഴിഞ്ഞുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ബോധോദയമുണ്ടായി അവന്റെ മതഭ്രാന്തും, അവന്‍ തന്നെ സൃഷ്ടിച്ചിട്ടുള്ള ദൈവങ്ങളെയും മൂന്നു വട്ടം തള്ളിപ്പറയാനുള്ള ധൈര്യം അവന്‍ സമ്പാദിക്കുമെന്നു വെറുതെ വ്യാമോഹിക്കാം .

മനുഷ്യന്‍ കണ്ടുപിടിച്ച സകല  ആയുധങ്ങളും മരുന്നും കൊറോണയുടെ മുമ്പില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണ്. ഭാവിയില്‍ ഇതിനും മരുന്ന് കണ്ടുപിടിക്കാന്‍ സമര്‍ത്ഥനാണ്   മനുഷ്യന്‍. പക്ഷെ അപ്രതീക്ഷിതമായി ആക്രമിച്ച ഈ വിഷാണു അവനെ തോല്‍പ്പിച്ചുകളഞ്ഞു. അവന്‍ കൈകൂപ്പുന്ന ദൈവം അമ്പലത്തിലോ, പള്ളിയിലോ അല്ല അവന്റെ ഹൃദയത്തില്‍ തന്നെ എന്ന് മനസ്സിലാക്കി അവന്‍ പ്രാര്‍ത്ഥിച്ചു.അതിന്റെ ഫലം കണ്ടുകൊണ്ടിരിക്കുന്നു.  കൂട്ടത്തോടെ ഒരു സ്ഥലത്ത് ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനയല്ല. ഓരോ വ്യക്തിയും അവന്റെ കുടുംബവും ഒന്നിച്ച് അവരവരുടെ  വീട്ടില്‍ വച്ച് നടത്തുന്ന പ്രാര്‍ത്ഥന. അത് ദൈവം കേള്‍ക്കും എന്ന വിശ്വാസം അവനുണ്ട്. എങ്കില്‍ പിന്നെ വീണ്ടും നല്ല കാലങ്ങള്‍ വരുമ്പോള്‍ എന്തിനു സ്വന്തം സമ്പാദ്യം കല്ലുകളിന്മേലും നേര്‍ച്ചപാത്രങ്ങളിലും മോതിരവിരലുകളിന്മേലും ഒഴുക്കി കളയുന്ന വിഡ്ഢിത്വത്തിനു മുതിരുന്നു.

കൈകള്‍ കഴുകികൊണ്ടിരിക്കണം ഈ വൈറസിന്റെ ബാധയില്ലാതിരിക്കാന്‍ എന്നതും ഒരു പ്രതീകമാണ്. പീലാത്തോസ് കൈകഴുകി കൊണ്ട് താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കില്ലെന്ന് സ്ഥാപിച്ചു. അങ്ങനെ കൈ കഴുകുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് നിങ്ങള്‍ പിന്മാറുന്നു എന്ന ഒരു അര്‍ത്ഥവും പറയാം.  ഒരു പക്ഷെ ഈ അണുബാധ മനുഷ്യരുടെ ദുഷ്പ്രവര്‍ത്തികൊണ്ട് ദൈവം വരുത്തിയതാണെങ്കിലും ഞങ്ങള്‍ ഉത്തരവാദിയല്ലെന്നു പറഞ്ഞു മനുഷ്യരെ കൊണ്ട് കൈകഴുകിപ്പിക്കുന്നു ദൈവം. ശുദ്ധമായ കൈകള്‍ നമ്മള്‍ തെറ്റുകുറ്റങ്ങളില്‍ നിന്നും വിമുക്തരാണെന്നുകൂടി അര്‍ത്ഥതമാക്കുന്നു. സത്യമായ ഒരു പരാശക്തിയെ മനസ്സിലാക്കാതെ കണ്ട മണ്ണിലും, മരക്കമ്പുകളിലും, പരമമായ ആ ചൈതന്യത്തെ സങ്കല്‍പ്പിച്ച് വിവരമില്ലാത്തവരെ കൊള്ളയടിക്കുക എന്ന ദുഷ്കര്‍മ്മം ചെയ്തവരും അവരുടെ കള്ളപ്രലോഭനങ്ങളില്‍പ്പെട്ടു മൂഢരായി ജീവിതം നയിച്ചവരും ഇപ്പോള്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഈ സാഹചര്യം ബുദ്ധിപൂര്‍വം തിരിച്ചറിഞ്ഞു ആത്മസാക്ഷാത്കാരം നേടേണ്ടതാണ്.

മഹാമാരികള്‍ മനുഷ്യനെ എന്നും അലട്ടിയിട്ടുണ്ട്.  പണ്ട് കാലങ്ങളില്‍ മനുഷ്യര്‍ ചെറിയ ചെറിയ സമൂഹങ്ങളായി ഒരിടത്ത് കഴിഞ്ഞിരുന്നത്‌കൊണ്ട് അത് അവരുടെ സമൂഹങ്ങളില്‍ ഒതുങ്ങി നിന്നു. ഇന്ന് മനുഷ്യര്‍ക്ക് യഥേഷ്ടം എവിടെയും സഞ്ചരിക്കാമെന്നായപ്പോള്‍ വ്യാധികള്‍ അവന്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്നു.  ഇന്ന് ശാസ്ത്രം മനുഷ്യന് തുണയായിട്ടുണ്ട്. എന്നാലും മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആരോ പറഞ്ഞുവച്ച കാര്യങ്ങള്‍ പാലിക്കാനും അതില്‍ വിശ്വസിക്കാനും തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.  യൂറോപ്പിനെ പ്ലാഗ്  എന്ന രോഗം ബാധിച്ചപ്പോള്‍ അന്നത്തെ മനുഷ്യര്‍ ദൈവത്തില്‍ ആശ്രയം തേടി സ്വന്തം ശരീരം ചമ്മട്ടി കൊണ്ട് അടിച്ച് പശ്ചാത്താപവിവശരായി നിരത്തിലൂടെ നടന്നു. അങ്ങനെ ചെയ്താല്‍ ദൈവം മാപ്പു കൊടുത്ത് അസുഖം മാറ്റുമെന്ന അന്ധവിശ്വാസം. ഭാഗ്യം, ഇന്നത്തെ മനുഷ്യന്‍ അത്തരം   ദണ്ഡന മുറകള്‍ക്കൊന്നും തയ്യാറാകുന്നില്ല.  പഴയകാലത്തും മഹാമാരികള്‍ വരുമ്പോള്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞിരുന്നു. അത് ഒരു പരിധി വരെ അസുഖം പടരാതിരിക്കാന്‍ സഹായിച്ചു.

ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ പഴയകാല അനുഭവങ്ങള്‍ പാഠമാകുന്നു.  ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കണിശമായി ജനങ്ങള്‍ പാലിക്കണം.  അന്ധവിശ്വാസങ്ങളെ പടിയടച്ച് പിണ്ഡം വച്ച് കളയണം. ശുചിത്വപാലനവും, കുത്തിവയ്പ്പും, രോഗാണുനാശകമായ ഔഷധങ്ങളുമായി ശാസ്ത്രം മുന്നേറുന്നു. എന്നിട്ടും മനുഷ്യന്‍ മരിച്ച ഇന്നലകളിലെ വിഡ്ഢിത്വങ്ങള്‍ പാടി അവന്റെ സമയവും, ധനവും നഷ്ടപെടുത്തുന്നത് എത്രയോ ദയനീയം. കൊറോണ വൈറസുകള്‍ മനുഷ്യന് ചിന്തിക്കാന്‍ ഒരു അവസരം നല്‍കുന്നു.  നിസ്സഹായനായി വീട്ടിനുള്ളില്‍ കഴിയുന്ന മനുഷ്യനു ഇത് യുക്തിയുക്തം ചിന്തിക്കാനുള്ള അവസരമാണ്.  കാലം മുന്നേറിയപ്പോള്‍ ആരും കാളവണ്ടിയിലും കുതിരവണ്ടിയിലും യാത്ര ചെയ്യുന്നില്ല. പിന്നെന്തിനു പണ്ടത്തേ പനയോലക്കെട്ടുകള്‍ പരതി അതിലേക്ക് തിരിച്ചുപോകുന്നു. ഇന്ന് ജീവിക്കുക. ഇന്നലെ കഴിഞ്ഞുപോയി.

കൊറോണ വൈറസുകള്‍ കുറേപേരുടെ ജീവന്‍ അപഹരിക്കും.  അത് വളരെ സങ്കടകരം തന്നെ. മനുഷ്യന്‍ കണ്ടുപിടിച്ച ഒരു ആയുധത്തിനും, മരുന്നിനും ഈ ഭീകരനെ നശിപ്പിക്കാന്‍ കഴിയുന്നില്ല. നിസ്സാരമെന്നു തോന്നുന്ന വെള്ളവും സോപ്പും അതിനെ നശിപ്പിക്കുന്നു.  മരുന്നില്ലാത്ത ഈ മഹാവ്യാധി എല്ലാവരും ശുചിത്വം പാലിക്കുക എന്ന സന്ദേശം നല്‍കുന്നു.  കൈ കഴുകികൊണ്ടിരിക്കുക. ഒപ്പം മനസ്സും. മനസ്സിലെ എല്ലാ ദുഷ്ടതകളും കഴുകിക്കളയുക.  നന്മയുടെ നേര്‍വഴികള്‍ ഉള്ളപ്പോള്‍ എന്തിനു തിന്മയുടെ കുടിലമായ കുറുക്കുവഴികള്‍ അന്വേഷിക്കുന്നു. എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവം കേള്‍ക്കുന്നുവെന്നു വിശ്വസിക്കുന്നു.  രോഗം മാറിയാലും അത് തുടരുക.  കൊറോണ വൈറസുകളുടെ പ്രത്യേകത അത് കിരീടവും ചൂടി രാജപദവിയില്‍ ആണ് വരുന്നത് എന്നാണു. അതെ, ഹേ മനുഷ്യാ നീ നിന്നെ തന്നെ തിരിച്ചറിയുക. ദൈവം നിന്നില്‍ വസിക്കുന്നു. കൊറോണ നല്‍കുന്ന പാഠം അതാണ്.

ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക. ഈ സമയവും കടന്നുപോകും. (This, too, shall pass) നല്ല വാര്‍ത്തകള്‍ (Glad tidings) വേഗം കേള്‍ക്കുമാറാകും.

ശുഭം

Join WhatsApp News
ഗിരീഷ് നായർ 2020-03-30 11:59:35
ശ്രീ സുധീർ സർ തന്റെ ലേഖനത്തിൽ ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്ന് ഓർമ്മിപ്പിക്കുന്നു. മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും, ബാക്കി എല്ലാം സങ്കല്പങ്ങൾ മാത്രമാണ്. ഒരിക്കലും കണ്ടീട്ടോ കേട്ടിട്ടോ ഇല്ലാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിയിരിക്കുന്നു. ഇന്നലെവരെ ഇത്തരം മഹമാരികൾ അങ്ങ് ദൂരെ നിന്നു കണ്ടിരുന്നവർ ആയിരുന്നുഎങ്കിൽ ഇന്ന് അത്‌ നമ്മുടെ കണ്മുന്നിൽ എവിടെയോ ഒളിച്ചിരിക്കുന്നു. എന്നിട്ടും നമ്മൾ പഠിക്കുന്നുണ്ടോ, ഇല്ല എന്നതാണ് വാസ്തവം. നമ്മൾ നമ്മുടെ ശരീരവും മനസും ശുദ്ധമായി സൂക്ഷിക്കുക. അന്ധവിശ്വാസം വെടിയുക. ദൈവങ്ങളൊക്കെ സ്വയം നിരീക്ഷണത്തിൽ ആയി കഴിഞ്ഞു. മഹാമാരി വിട്ട് ഒഴിഞ്ഞു നമ്മുടെ ജീവൻ തിരിച്ചു കിട്ടുമ്പോൾ ദൈവങ്ങളെ കണ്ടോളു പക്ഷെ പാലഭിഷേകവും നോട്ടുമാലയുമായി ദൈവങ്ങളെ കാണാൻ പോകാതെ, ജീവിതം ഈ കാലം കൊണ്ട് ഇല്ലാതാകുന്നവരെ കാണു അവരെ ചേർത്തു പിടിച്ഛ് ഒന്നാശ്വപ്പിക്കു. മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും. ബാക്കി എല്ലാം സങ്കല്പം. സ്വന്തം ഹൃദയത്തിൽ ദൈവത്തെ കാണാതെ നിങ്ങൾക്ക് മറ്റെങ്ങും ദൈവത്തെ കാണാൻ കഴിയില്ലയെന്ന ഗുണപാഠം ലേഖകൻ ഓർമ്മിപ്പിക്കുന്നു.
ദൈവം 2020-03-30 12:46:33
ഞാൻ ദുഷ്ടനും നീതിമാനും ഒരുപോലെ പ്രഭ ചൊരിയുന്ന നീതിസൂര്യനാണ് . എല്ലാവരും എനിക്ക് തുല്യരാണ്. കൊറോണാ വൈറസും എന്നിൽ നിന്ന് പുറപ്പെട്ടതാണ് പക്ഷെ എനിക്ക് ഇവിടെ ഇരിക്കപ്പൊറുതിയില്ല. എന്നെ എന്റെ സൃഷ്ടിക്കെതിരെ ഇളക്കി വിടാനുള്ള പ്രാർത്ഥനയിലാണ് ജാതിമത വ്യത്യാസമില്ലാതെ ജനം. നിങ്ങൾക്ക് ഞാൻ ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അത് ദുർവിനയോഗം ചെയ്യുമ്പോൾ ഇതുപോലെയുള്ള മഹാമാരിയുണ്ടാകും. പ്രകൃതിക്ക് വിരുദ്ധമായി ചെയ്യുമ്പോൾ ഗുണേറിയ, എച്ച് ഐ വി , പട്ടി പനി, പന്നി പണി , എലി പനി ചിക്കെൻ ഗുനിയാ, തക്കാളി പനി എല്ലാം ഉണ്ടാകും . പ്രകൃതി വിരുദ്ധമായ പ്രവർത്തിയിൽ ഏർപ്പെടാതിരിക്കുക. നിങ്ങളുടെ കയ്യ്കൾ ശുദ്ധമാണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷെ അതിനെ ശുദ്ധമാക്കി നിറുത്തുക . ഈ മഹാമാരി നൽകുന്ന പാഠം എന്താണെന്ന് വായിച്ചെടുക്കുക .
എന്ന് ഉണരും ഇ ജനം! 2020-03-30 14:11:29
'ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ '- അതേ! വായിക്കുന്നവരും വായിക്കാത്തവരും ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയം ആണ് ഇത്. സമൂഹത്തിൻ്റെ ശുദ്ധ സ്ഥലം ആയ നേതിർത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മാത്രം അല്ല വീടും കൂടും ഇല്ലാതെ അലയുന്നവർ കൂടി ജാഗ്രത പാലിക്കേണ്ട സമയം ആണ്. പല നേതിർത്ത സ്ഥാനങ്ങളിലും കുതന്ത്രങ്ങളിലൂടെ നുഴഞ്ഞു കയറിയ കുബുദ്ധികൾ നമ്മെ ശൂന്യമാക്കുന്ന നാശത്തിലേക്കു നയിക്കുന്നു. ഒരു എഴുത്തുകാരൻ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. സമൂഹത്തെ പ്രബോധിപ്പിച്ചു നേരായ മാർഗത്തിലേക്ക് നയിക്കുക എന്നത് ആണ് പ്രബോധന മക്കൾ ആയ സാഹിത്യകാരൻമ്മാരുടെ പ്രാഥമിക കടമ. ശ്രീ. സുധീർ പണിക്കവീട്ടിൽ തൻ്റെ കടമ, ഇവിടെ വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. താങ്കൾക്ക് നന്ദി! ശരിയാണ്; ലോക ചരിത്രത്തിൽ അനേകം മഹാ ദുരന്തങ്ങളും പകർച്ചവ്യധികളും ഉണ്ടായിട്ടുണ്ട്. ഇവയെ ബുദ്ധിപൂർവം ശാസ്‌ത്രീയമായി നേരിടുക എന്നതു ആണ് ആധുനികൻ്റെ നിലനിൽപ്പിനു അടിസ്ഥാനം. വിശ്വസത്തിൻ്റെ പേരിൽ, രാഷ്‌ടീയ നേട്ടങ്ങളുടെ പേരിൽ സത്യത്തെ വളച്ചു ഒടിച്ചു സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിക്കുന്നവർ, മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും സ്വന്തം സ്റ്റോക്കും, ബാങ്ക് നിക്ഷേപവും വർദ്ധിക്കണം എന്ന് കരുതി പ്രവർത്തിക്കുന്നവർ പിശാചിൻ്റെ ജന്മം ആണ്. ഇവർ ജനിക്കാതിരുന്നു എങ്കിൽ! ഇത്തരം പിശാചുക്കൾക്കു ഹോശന്ന പാടുന്ന ഇരുകാലികൾ, പിശാച് എന്ന സങ്കല്പത്തെ മൂർത്തികരിക്കുന്ന ഹീന ജീവികൾ ആണ്. ഇവരാണ് ഇന്നത്തെ സമൂഹത്തിലെ ശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത. 1918 ലെ ഫ്ലൂ പടരുവാൻ ഉള്ള കാരണം ബുദ്ധി രഹിതർ ആയ കുറെ രാഷ്ട്രീയ നേതാക്കൾ നടത്തിയ പട നീക്കങ്ങൾ ആയിരുന്നു. തിരിഞ്ഞു നോക്കി പഠിക്കുവാൻ ഉള്ളത് ആണ് ചരിത്രം. കൊറോണ വയറസ്സ് പൊട്ടി പുറപ്പെട്ടപ്പോൾ അതിനെ ശാസ്‌ത്രീയമായ മാർഗങ്ങളിലൂടെ നേരിടേണ്ടതിനു പകരം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സത്യത്തെ മറച്ചു. ഇതിൻ്റെ ഭവിഷ്യത്തുകൾ ഇ കപട നേതാക്കൾക്കോ കപട വിശ്വസികൾക്കോ തടയുവാനോ നിയന്ത്രിക്കുവാനോ ഉള്ള കഴിവ് ഇല്ല. ബുദ്ധി രാഹിത്യം, ചിന്തിക്കുവാൻ ഉള്ള വൈമനസ്സ്, സ്വന്തം കീശ, സ്വന്തം വിശ്വസം, സ്വന്തം രാഷ്ട്രീയ ഭാവി എന്നിങ്ങനെ ഉള്ള, ഏതാനും വ്യക്തികളുടെ സ്വാർത്ഥത അനേക മനുഷ്യരെ കൊന്നു നശിപ്പിക്കുന്നു. ഇ പൈശാചികരെ പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും പിന്തുണക്കുന്ന ഇ കപട വിഡ്ഢികൾ എന്ന് ഉണരും എന്ന് മോചിതർ ആകും?-andrew
വിദ്യാധരൻ 2020-03-30 17:30:58
ആർദ്ദ്രതയോടെയും കരുണയോടെയും ചിന്തിക്കാനും കഴിവുള്ള ഒരു ശക്തി വിശേഷത്തിന്റെ ഉടമകളാണ് മനുഷ്യജീവികൾ. ഈ കഴിവുകളിൽ ചിലതൊക്കെ പക്ഷിമൃഗാദികളിലും കാണാൻ കഴിയും. പരുന്തിനെ കാണുമ്പോൾ ചിറകിനടിയിൽ അഭയം കോഴിക്കുഞ്ഞുങ്ങക്ക് അഭയം കൊടുക്കുന്ന തള്ളക്കോഴിയും , കുഴിയിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പിടിയാനയും കൊമ്പനാനയും, പശുക്കിടാവിനെ പാലുകുടിപ്പിക്കുകയും നക്കി തുടയ്ക്കുകയും ചെയ്യുന്ന പശുവും, മുട്ടയിൽ വിരിഞ്ഞ് ആഹാരത്തിനായി വായ് തുറന്നിരിക്കുന്ന പക്ഷികുഞ്ഞിന്റെ വായിൽ ആഹാരം തേടിക്കൊണ്ട് കൊടുക്കുന്ന പക്ഷികളും, എല്ലാം സ്നേഹത്തിന്റ ചില ഭാവങ്ങൾ മാത്രമാണ്. അതോടൊപ്പം അവരിലും നമ്മളിലും നമ്മളിലെല്ലാം ഭയത്തിന്റെ ഘടകങ്ങളും ഉണ്ട്. " ഈ മനോഹര ഭൂമിയിൽ' ജീവിക്കാൻ ഇഷ്ടം ഇല്ലാത്തവർ ആരാണുള്ളത്. പലപ്പോഴും നമ്മളുടെ ഭക്തിയുടെയും പ്രാർത്ഥനയുടെയും വേരുകൾ ഭയത്തിൽ ഊന്നി നിൽക്കുന്നത് കാണാം. 'സ്വർഗ്ഗം മറ്റൊരു ദേശത്തുണ്ടെന്ന്' വിശ്വസിക്കുന്ന പലർക്കും അറിയാം അവിടെ പോകണം എങ്കിൽ മരിക്കാതെ നിവർത്തിയില്ലെന്നു. പക്ഷെ മിക്കവരും മരണം ഒട്ടും ആഗ്രഹിക്കുന്നില്ലെന്നുള്ളതാണ് സത്യം . മരണത്തിൽ നിന്ന് ഒഴിവാക്കണെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യും . ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കയും വേണം കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും അരുത് . മനുഷ്യരുടെ ഈ കുഴഞ്ഞുമറിഞ്ഞ മാനസ്സീക അവസ്ഥയെ മുതലെടുക്കാൻ വളരെ അധികം കഴുകന്മാർ മരക്കൊമ്പുകളിൽ പല വേഷത്തിൽ തക്കം പാർത്തിരിക്കുന്നു .സന്യാസിമാർ, വെളിച്ചപ്പാടുകൾ, ദിവ്യന്മാർ,അമ്മമാർ, അച്ചന്മാർ, ബിഷപ്പുമാർ , മെത്രാന്മാർ എന്നിങ്ങനെ നീണ്ടു പോകുന്നു അവരുടെ പട്ടിക. മനുഷ്യരുടെ ഭയത്തെ ഇരട്ടിയാക്കി അവിടെ അവർ ദൈവങ്ങളെ വിറ്റഴിക്കുകയും സ്വയം ദൈവമായി അവതരിച്ച് കൊത്തി പറിക്കുകയും ചെയ്യും. അന്ധവിശ്വാസൾ ഒന്നിന് പിറകെ ഒന്നായി സൃഷിട്ടിച്ചുകൊണ്ടിരിക്കും. കള്ളക്കഥകൾ പ്രചരിപ്പിച്ചും സംശയവും ആശങ്കയും വളർത്തി അവരുടെ മനസ്സിനെ അധീനപ്പെടുത്തും . ഒരിക്കൽ നമ്മളുടെ മനസ്സ് അവരുടെ അധീനതയിൽ ആയി കഴിഞ്ഞാൽ, പിന്നെ രക്ഷെയില്ല . നമ്മൾ അവരുടെ പാവമാത്രം . നമ്മളുടെ ആത്മധൈര്യത്തെ കെടുത്തി ഒരു പടയാളിയെ നിരായുധൻ ആക്കുന്നതുപോലെ ആക്കും. അതോടെ നിങ്ങൾ പശുവിനെയും, ആനയേയും, മൂഷികനേയും ദൈവമായി കാണും. ഗീവറുകീസിനെയും, വേളാങ്കണ്ണിയെയും, മലയാറ്റൂർ മുത്തപ്പനെയും ഒക്കെ പുണ്യവാളന്മാർ ആക്കും, ഇന്നലെ മരിച്ചവർ വിശുദ്ധനും വിശുദ്ധയും ഒക്കെയായി ഉയർത്തെഴുന്നേൽക്കും. ജനം അവരുടെ മുന്നിൽ തല കുനിച്ചു നില്കും. മനുഷ്യരെ ഭിന്നിപ്പിച്ച് അധമനും ശ്രേഷ്ടനും ആക്കും . എലിയും പുലിയും കാളയും ആനയും ഒക്കെ ദൈവം . പച്ച മനുഷ്യൻ ശൂദ്രൻ, വൈശ്യൻ, ക്ഷത്രീയൻ, ബ്രാഹ്മണൻ എന്നൊക്കെ ആയി തീരും . ശൂദ്രനെ കാണുമ്പോൾ ഹോയ് ഹോയ് എന്ന് ശബ്ദം ഉണ്ടാക്കും, അതെ മനുഷ്യരെ നിങ്ങളുടെ കയ്യ്കൾ " ദൈവം പറഞ്ഞതുപോലെ ശുദ്ധമല്ല. മനുഷ്യനെ കൊന്നൊടുക്കാൻ അണുബോംബുകൾ സൃഷ്ടിച്ച് കലവറയിൽ സൂക്ഷിച്ചിരിക്കുന്ന നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും 'കൊറോണ ' മനുഷ്യ നിർമ്മിതമല്ലെന്ന് ? പ്രളയം പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയോ ബലാൽക്കാരത്തിന്റെ ഫലമാണ് . രോഗങ്ങൾ വൃത്തികെട്ട നിങ്ങളുടെ ജീവിത ശൈലിയുടെ ഫലമാണ് . മദ്യപിച്ചു നിങ്ങൾ കരളിന് രോഗം വരുത്തും ; നിങ്ങളുടെ ഗോമാതാവിനെ നിങ്ങൾ രാത്രികാലത്ത് മദ്യവും ചേർത്ത് ഭക്ഷിച്ചു നിങ്ങളുടെ രക്തധമനികളെ അടച്ചു കളയും . നിങ്ങളുടെ നിയന്ത്രണമില്ലത്ത തീറ്റ കൊണ്ട് നിനങ്ങൾ രക്തധമനികളുടെ ദ്വാരങ്ങളെ ചെറുതാക്കുകയും, രക്തത്തിന്റ ഒഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യും . നിങ്ങൾ മദ്യപിച്ച് പരസ്ത്രീകളെ പ്രാപിക്കുകയും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുകയും മാരകമായ രോഗങ്ങൾക്ക് അടിമയാക്കപ്പെടുകയും ചെയ്യും . അതെ നമ്മളുടെ കയ്യ്കൾ ശുദ്ധമാണോ ? ഈ ചോദ്യം കാലോചിതമാണ് . നാം നമ്മളുടെ പ്രവർത്തികളെ വിലയിരുത്തി കയ്യകളെ ശുദ്ധമാക്കി വയ്ക്കു. കൊറോണകൾ ഇനിയും ഉണ്ടാകും. മരണം ഒരു സത്യം. മരിച്ചവരെ ഓർത്ത് ദുഖിക്കുന്നവരെ ഒരു നിമിഷം ഓർക്കാം . മരിക്കാത്തവരുടെ തലയിലെ ഇരുട്ട് മാറ്റാൻ നമ്മൾക്ക് ശ്രമിക്കാം . അജ്ഞതകൊണ്ടും അന്ധവിശ്വസങ്ങൾകൊണ്ടും അന്ധകാരപൂരിതമായ നമ്മളുടെ മനസ്സിന്റെ ഇരുട്ടകളിലേക്ക് ഇത്തരം ലേഖങ്ങൾ പ്രകാശം പകരട്ടെ . എഴുത്തുകാരന് അഭ്യവാദ്യം . "ഈശ്വരൻ -നിരർത്ഥമാപ്പദം പറഞ്ഞിനി - ശ്ശാശ്വതമാക്കാനാക ഞങ്ങൾതന്നടിമത്വം. ശ്ശിലയെ പൂജിക്കാനുമീശ്വരനിടയ്ക്കിടെ- ച്ചില കൈക്കൂലിയേകി നിർവാണം പിടുങ്ങാനും ലോകത്തിൽ പുരോഹിതൻ വിലക്ക് വിറ്റീടുന്ന നാകലോകത്തേക്കുള്ള 'പാസ്‍പോർട്ട് ' വിറ്റീടാനും, ഭാവിച്ചിട്ടില്ല ഞങ്ങൾ, പാവനസ്വാതന്ത്ര്യത്തിൻ ഭാസുരപ്രഭാതം വന്നണഞ്ഞാൽ പോരും വേഗം. തകരും കിരീടത്തിൻ ശകലങ്ങൾകൊണ്ടു നികരാൻ വൈകി കാലം പാരതന്ത്ര്യത്തിൻ ഗർത്തം " (കൊടുങ്കാറ്റു കഴിഞ്ഞു - ചങ്ങമ്പുഴ )
Ninan Mathulla 2020-03-30 18:06:24
Those who are inspired by the mocking spirit use social media to mock believers. You might listen to this vieo. https://www.facebook.com/100011054230099/videos/vb.100011054230099/1081525408892590/?type=2&video_source=user_video_tab
Sudhir Panikkaveetil 2020-03-30 21:27:12
എന്റെ ലേഖനം മനസിലാക്കി വായിച്ച് അഭിപ്രായങ്ങൾ എഴുതിയവർക്കും മനസ്സിലാക്കിയില്ലെങ്കിലും വായിച്ചയാൾക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക