Image

കനകം പോലെ കറിവേപ്പില(ഉല്ലാസ് ശശിധരന്‍, ലോസ് എഞ്ചല്‍സ്)

ഉല്ലാസ് ശശിധരന്‍, ലോസ് എഞ്ചല്‍സ് Published on 31 March, 2020
 കനകം പോലെ കറിവേപ്പില(ഉല്ലാസ് ശശിധരന്‍, ലോസ് എഞ്ചല്‍സ്)
2019 ഡിസംബര്‍ 24, ക്രിസ്തുമസിന്റെ തലേദിവസം അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ കാലിഫോര്‍ണിയയിലെ ലോസ്ഏഞ്ചലസ് കൗണ്ടിയില്‍ നിന്നും ഏകദേശം നൂറു മൈല്‍ അകലെയുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക്  യാത്ര ചെയുകയാണ് ഞാന്‍. അതില്‍ എന്തിത്ര അതിശയം എന്ന്  നിങ്ങള്‍ ചിന്തിച്ചേക്കാം. ഈ യാത്രയുടെ ലക്ഷ്യം എന്തെന്ന് അറിയണമെങ്കില്‍ സ്വന്തം നാട്ടിലേതിന് സമാനമായി പ്രവാസ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ മലയാളിയുടെ ഭക്ഷണ ശീലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്  വേണ്ടിവരും.     

പണ്ടുകാലം മുതല്‍ക്കേ മലയാളിയുടെ പാകം ചെയ്തതോ, ചെയാത്തതോ ആയ ഭക്ഷണങ്ങളില്‍ അതായത് കാച്ചിയ പാലിലും, പയസത്തിലുമൊഴികെ ഒട്ടുമിക്ക ഭക്ഷണങ്ങളുടെയും രുചി പൂര്‍ണ്ണമാക്കുന്ന ഒരു തണ്ട് കറിവേപ്പിലയ്ക്കുവേണ്ടിയാണ് എന്റെ ഈ യാത്ര.ഒരു കറിക്കൂട്ടില്‍ കറിവേപ്പില ഇല്ലങ്കില്‍ അതിനുണ്ടാകുന്ന അപൂര്‍ണത  മലയാളിയെപോലെ മനസിലാകുന്ന മറ്റൊരു ജനവിഭാഗം അപൂര്‍വ്വമായിരിക്കും . നാടിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ സ്വന്തം വീട്ടുവിളപ്പില്‍  നിന്നുള്ളത്   ഒഴികെ രുചിക്കൂട്ട് എന്നതിന്  പുറമെ വിഷഹാരി കൂടിയായ കറിവേപ്പില പുറമേനിന്ന് വാങ്ങുകയാണങ്കില്‍  വിഷകാരിയായി തീര്‍ന്നിരിക്കുന്നു. 

എന്നുള്ള സത്യം കൂടി ഈ തരുണത്തില്‍ ചിന്ത്യം.

ഈ ദേശത്തെ (സാന്റാക്ലാരിറ്റ) വിപണി പരിശോധിക്കുകയാണെങ്കില്‍ ഒരു ഔണ്‍സ് (28 ഗ്രാം ) കറിവേപ്പിലക്ക് ആറ് ഡോളര്‍ (450/- രൂപ ) വരെ വില കൊടുക്കേണ്ടിവരുമെന്നു  കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കും. എന്നാല്‍ പിന്നെ സ്വന്തമായി ഒരു കറിവേപ്പ്  നട്ടുവളര്‍ത്തിക്കൂടേ എന്ന ചോദ്യം വരാം. സാധ്യമാണ് പക്ഷെ വര്‍ഷത്തില്‍ ഒരിക്കല്‍ അനുഭവപ്പെടുന്ന അതിശൈത്യത്തെ അതിജീവിക്കുക ഇന്നത്തെ നമ്മുടെ കറിവേപ്പിന് വളരെ ശ്രമകരമാണ്. കൂടാതെ സാധാരണ തണുപ്പുകാലങ്ങളില്‍ പോലും ഇല കൊഴിയുന്നത് കറിവേപ്പിന്റെ സ്വഭാവമാണ്. ഇങ്ങനെയാണെങ്കില്‍ പോലും അപൂര്‍വം ചില മലയാളി ഭവനങ്ങളില്‍ വളരെ ശ്രമകരമായി കറിവേപ് പരിപാലിച്ചുപോരുന്നു.

ഈയുള്ളവനും ആറുവര്ഷങ്ങള്ക്കുമുമ്പേ ഒരു ചെറു കറിവേപ്പിന്‍തൈ 
നട്ടുവളര്‍ത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കറിവേപ്പിന്റെ ഗുണം എന്തെന്നെയറിയാത്ത മെക്‌സിക്കോക്കാരനായ തോട്ടക്കാരന്‍ മടിക്കാതെ അത്  വേരോടെ പിഴുതെറിയുവാനുള്ള സന്മനസ് കാണിച്ചു. തോട്ടക്കാരന്‍ നാട്ടില്‍ അവതിക്കുപോയ തക്കം നോക്കി ഒരു കറിവേപ്പിന്‍തൈ കൂടി  ഞാന്‍ നട്ടു. കറിവേപ്പിന്റെ ഭാഗ്യമോ, അതോ എന്റെ ഭാഗ്യമോ അവധിക്കു  പോയ തോട്ടക്കാരന്‍ തിരികെ വന്നിട്ടില്ല.  

മറ്റൊരു രസകരമായ കാര്യം മലയാളികളുടെ കൂട്ടായിമകള്‍ നടത്തുന്ന ആഘോഷങ്ങളിലും മത്സരങ്ങളിലും മറ്റും പാരിതോഷികമായി നല്കുന്നതെ കറിവേപ്പിന്‍തൈയാണ്  കാരണം, ഇവിടെ ഓണ്‍ലൈനായി ഒരു കറിവേപ്പിന്‍തൈ വാങ്ങണമെങ്കില്‍ ഏകദേശം 3500/- രൂപയ്ക് തുല്യമായ അമേരിക്കന്‍ ഡോളര്‍ നല്‍കേണ്ടതുണ്ട്. അതുപോലെ ശൈത്യകാല ആരംഭത്തില്‍ ആരാധനാലയങ്ങള്‍ വഴി സൗജന്യമായി കറിവേപ്പില നല്‍കുന്ന സമ്പ്രദായം ഇവിടെയുണ്ട്. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്മ്പ്  ചെന്നൈ പട്ടണത്തിലെ ഒരു പച്ചക്കറി ചന്തയില്‍ ചിതറിക്കിടക്കുന്ന 

കറിവേപ്പില, മല്ലിയില, മറ്റ്  പച്ചക്കറികള്‍ എന്നിവയെ ചവിട്ടിമെതിച്ചുകൊണ്ട് മറ്റ് യാത്രികര്‍ക്കൊപ്പം എനിക്കും നടക്കേണ്ടിവന്ന സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം ഓര്‍ക്കുന്നു. ഇപ്പോഴും ആ കച്ചവടസ്ഥലത്തെ സ്ഥിതി ഒട്ടും വിത്യസ്ഥമല്ല. നാം പാഴാക്കിക്കളയുന്ന ഇത്തരം വസ്തുക്കളുടെ മൂല്യം കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്നതുപോലെയാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ അല്പം കൂടി സാമൂഹിക പ്രതിബദ്ധത നമുക്ക് ഏവര്‍കും ഉണ്ടാകേണ്ടതാണ്.

നമുക്ക് എക്കാലത്തേക്കും മൂല്യമായി സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ ആരോഗ്യം. നമ്മുടെ ആരോഗ്യസംരക്ഷണത്തിന് കാവല്‍ നില്‍ക്കുന്ന അനേകം ഔഷധ സസ്യങ്ങള്‍ക്കും തുല്യം നില്‍ക്കുന്ന ഒന്നാണ് കറിവേപ്.
സങ്കുചിത മനസിന്റെ വികാസ പ്രാപ്തിക്കുവേണ്ടിയെങ്കിലും മൂല്യമേറിയ കര്‍മ്മ പദ്ധതി എന്ന നിലയെക്ക് കറിവേപ്പിലപോലുള്ള ചെറുസസ്യങ്ങളെ നട്ടുവളര്‍ത്തുക എന്നുള്ളത് നമ്മളില്‍ മാനസിക വികാസവും, നൈര്‍മല്യവും, ആനന്ദവും, സ്‌നേഹവും നിലനിര്‍ത്തുകയും അവ മറ്റുള്ള സജ്‌നങ്ങളിലേക്ക്  പകര്‍ന്നുനല്‍കുന്നതിനുള്ള പ്രചോദനം ആവുകയും ചെയ്യും എന്നുള്ളതിന് യാതൊരു സംശയവുമില്ല.

പച്ചപ്പിന്റെ അഭാവം മനുഷ്യനെ വേട്ടയാടുന്ന അവസ്ഥയിലേക്ക് കാലവും, ശീലവും നമ്മെ എത്തിച്ചിരിക്കുന്ന ഈ അവസരത്തില്‍ ജീവകം എ, ബി, സി, ഇ ആന്റി ഓക്‌സിഡന്റുകള്‍, അമിനോആസിഡുകള്‍, ഗ്ലൈക്കോസൈഡ്, ഫ്‌ളാവാനോയിഡ്, പ്ലാന്റസ്റ്റിറോള്‍സ്, ഇതുകൂടാതെ കാല്‍സ്യം, ഫോസ്ഫറസ് ,അയോണ്‍, മഗ്‌നീഷ്യം, കോപ്പര്‍ എന്നിവയുടെ കലവറയും കരള്‍, കുടല്‍ രോഗങ്ങളള്‍ക്കും, കീമോതെറാപ്പി മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്കും അകാലനര, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും അത്യുത്തമമായ ഈ ഔഷധസസ്യത്തെ പാഴാകാതിരിക്കുകയും, സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ബോധവത്കരിക്കുകയും ചെയുക എന്നുള്ളത്  അസാധ്യമായ ഒരു കാര്യമല്ല എന്നത്  ഓര്‍ക്കുക.

ഇത് എഴുതുമ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്കവേണ്ടി ജന്മനാട്ടിലേക്ക് വന്ന എന്റെ മനസ്സില്‍ ഉണ്ടാകുന്ന ഒരു ആശങ്ക ഞാന്‍ നിങ്ങളോട് പങ്കുവെക്കട്ടെ, ഏകദേശം നാല് വയസു പ്രായം ഉള്ള എന്റെ പ്രവാസി കറിവേപ് ഇന്ന് ജീവനോടെ ഉണ്ടോ ........

കറിവേപ്പിന് പൊന്നിന്റ വിലയുള്ള നാട്ടിലേക്ക് തിരികെ.

 കനകം പോലെ കറിവേപ്പില(ഉല്ലാസ് ശശിധരന്‍, ലോസ് എഞ്ചല്‍സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക