Image

ചാള്‍സ് രാജകുമാരന് രോഗവിമുക്തി, ബ്രിട്ടനില്‍ ആകെ മരണം 1408, 22,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 31 March, 2020
ചാള്‍സ് രാജകുമാരന് രോഗവിമുക്തി, ബ്രിട്ടനില്‍ ആകെ മരണം 1408, 22,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ലണ്ടന്‍: തുടര്‍ച്ചയായി രണ്ടുദിവസങ്ങളില്‍ ഇരുന്നൂറിനു മുകളിലായിരുന്ന മരണനിരക്ക് 180 ആയി കുറഞ്ഞ ആശ്വസത്തിലായിരുന്നു ഇന്നലെ ബ്രിട്ടന്‍. എന്നാല്‍ രോഗികളുടെ എണ്ണം ഇപ്പോഴും ദിവസേന കൂടി വരികയാണ്. 22,210 പേര്‍ക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ചാള്‍സ് രാജകുമാരന്‍ രോഗമുക്തനായതായും ഏകാന്തവാസം അവസാനിപ്പിച്ചതായും സ്ഥിരീകരണമായി. ഏതാനും ദിവസങ്ങള്‍ക്കകം കര്‍മനിരതനായി സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്  വ്യക്തമാക്കി.

സര്‍വീസില്‍ തിരികെയെത്താന്‍ സന്നദ്ധത അറിയച്ച 20,000 വരുന്ന വിരമിച്ച നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനം അടുത്തയാഴ്ച മുതല്‍ എന്‍എച്ച്എസിന് ലഭ്യമായി തുടങ്ങും. താല്‍കാലിക ആശുപത്രികളിലാകും ഇവരുടെ സേവനം മുഖ്യമായും പ്രയോജനപ്പെടുത്തുക.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് രോഗമാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ വസതിയില്‍നിന്നും ഇറങ്ങിയോടിയ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്‌സ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഐസലേഷനില്‍ പ്രവേശിച്ചു. പ്രധാനമന്ത്രി ഇപ്പോഴും ഔദ്യോഗിക വസതിയില്‍ ഏകാന്തവാസത്തിലാണ്. ടെലികോണ്‍ഫറന്‍സിലൂടെയും മറ്റുമാണ് അദ്ദേഹം ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ദിവസേനയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്ന ചുമതല മുതിര്‍ന്ന മന്ത്രിമാര്‍ക്ക് നല്‍കി.

രാജ്യത്തെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഈസി ജെറ്റ് എല്ലാ സര്‍വീസുകളും ഇന്നലെ മുതല്‍ താല്‍കാലത്തേക്ക് നിര്‍ത്തി. വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്ന നാല്‍പതിനായിരത്തിലേറെ യാത്രികരെ തിരികെയെത്തിച്ച ശേഷമാണ് ഇവര്‍ സര്‍വീസ് അവസാനിപ്പിച്ചത്. കമ്പനിയുടെ നിരവധി ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്‍എച്ച്എസിന്റെ താല്‍കാലിക ആശുപത്രികളില്‍ സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക