Image

തൊട്ടടുത്ത രണ്ട് നഗരങ്ങള്‍; പക്ഷെ അകലം കൂടുതലാണ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 April, 2020
തൊട്ടടുത്ത രണ്ട് നഗരങ്ങള്‍; പക്ഷെ അകലം കൂടുതലാണ് (ഏബ്രഹാം തോമസ്)
അമേരിക്കയുടെ തെക്കേ അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ നഗരം സിയുഡാഡ് ഹുവാരസും അമേരിക്കന് നഗരം അല്‍പാസോയും തമ്മില്‍ ഏതാനും വാരയുടെ അകലമേയുള്ളൂ. പക്ഷെ യഥാര്‍ത്ഥ ദൂരം വളരെ വലുതാണ്. ഇത് വ്യക്തമായി മനസിലാകുന്നത് കൊറോണ വൈറസ് ഭീതിയുടെ ഈ ദിനങ്ങളിലാണ്.

കൊറോണ വൈറസിന്റെ ഗൗരവം ഇപ്പോള്‍ മനസിലാക്കുന്നില്ല എന്നത് ഒരു ബന്ധത്തിലെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയാണ്, അല്‍പാസോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ചെയര്‍ റിച്ചോര്‍ഡ് പിനെഡ പറഞ്ഞു. കാരണം മെക്‌സിക്കന്‍ പ്രസിഡന്റ് ആരെ മാനുവല്‍ ലോപസ് ഒബറഡോര്‍ കൊറോണ വൈറസ് പടരുന്നതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നില്ല എന്ന വിമര്‍ശനത്തെ പിന്താങ്ങുന്ന ഒരു വലിയ ശതമാനത്തിന്റെ പ്രതിനിധിയാണ് പിനെഡ എന്നത് തന്നെ.

പലപ്പോഴും ഭാര്യയ്‌ക്കൊപ്പം അത്താഴം കഴിക്കുവാന്‍ അതിര്‍ത്തിയിലുള്ള റെസ്റ്റോറന്റുകളില്‍ പോകാറുള്ള പിനാഡെയ്ക്ക് രണ്ട് നഗരങ്ങളുടെയും ഭൂമി ശാസ്ത്രവും ചരിത്രവും സംസ്‌കാരവുമെല്ലാം  ഹൃദിസ്ഥമാണ്. ഒരൊറ്റ പ്രദേശമായി ദീര്‍ഘകാലമായി കരുതി വരുന്ന രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് യഥാര്‍ത്ഥത്തില്‍ പരീക്ഷപ്പെടുന്നതെന്ന് പിനെഡ പറയുന്നു. അല്‍പാസോയില്‍ 'സ്്റ്റേ സേഫ്, സ്റ്റേ അറ്റ് ഹോം' നിര്‍ദേശം ഉള്ളപ്പോള്‍ ഹുവാരസിലും ഇതേ നിര്‍ദേശം തന്നെ നിലവിലുണ്ട്. പക്ഷെ പാലിക്കപ്പെടുന്നില്ല എന്ന് മാത്രം. രണ്ട് നഗരങ്ങളിലും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം.

അല്‍പാസോയിലെ ജനസംഖ്യ 7,50,000 ആണ്. വാണിംഗുകള്‍ക്ക് ശേഷം 1,000 ഡോളര്‍ പിഴയോ 180 ദിവസത്തെ ജയില്‍വാസമോ സ്‌റ്റേ അറ്റ് ഹോം നിയമം ലംഘിച്ചാല്‍ നേരിടേണ്ടിവരും. നഗരത്തിന് ഇപ്പോള്‍ ഒരു പ്രേതനഗരത്തിന്റെ രൂപമാണ് ഉള്ളത്. തൊട്ടടുത്ത മെക്‌സിക്കന്‍ നഗരം ഹുവാരസ് വിസ്തീര്‍ണ്ണത്തില്‍ അല്‍പാസോയുടെ ഇരട്ടിയുണ്ട്. ഇവിടെയും നിയമം അതുതന്നെ. പക്ഷെ ലംഘനത്തിന് പിഴയോ ജയില്‍വാസമോ ഇല്ല. എന്തായാലും തെരുവുകളില്‍ പതിവില്‍ കവിഞ്ഞ ശാന്തതയുണ്ട്. മാക്വല ഡോര ഫാക്ടറികളില്‍ പണിയെടുക്കുന്ന രണ്ടരലക്ഷം തൊഴിലാളികള്‍ക്ക് ഇപ്പോഴും ജോലി ഉണ്ട്. പിരിച്ചു വിടല്‍ നടന്നേക്കാം എന്ന് ശ്രുതിയുണ്ട്. നിരത്തുകളില്‍ ഓടുന്ന ബസുകളില്‍ യാത്രക്കാരുണ്ട്.

സ്വന്തം ഇനീഷ്യലുകള്‍ എഎംഎല്‍ഓ ആയി അറിയപ്പെടുന്ന പ്രസിഡന്റ് യാത്രകള്‍ക്ക് വിലക്ക് ഉണ്ടാവില്ല എന്നറിയിച്ചു. എന്നാല്‍ 60 വയസിന് മുകളിലുള്ള ക്യാബിനറ്റംഗങ്ങള്‍ അവരവരുടെ വീടുകളില്‍ കഴിയുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെപോലെ ആംലോയുടെ  രാഷ്ട്രീയഭാവി രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ആശ്രയിച്ചായിരിക്കും നിശ്ചയിക്കപ്പെടുക.

കൊറോണ വൈറസ് മെക്‌സിക്കോയ്ക്ക ഒരു വലിയ ദുരന്ത ഭീഷണിയാണ്. ഇറ്റലിയിലെ പോലെ കുടുംബബന്ധം-കെട്ടിപ്പിടുത്തവും, ചുംബനവും, സ്പര്‍ശനവുമെല്ലാം ദൈനംദിനജീവിതത്തിന്റെ ഭാഗങ്ങളാണ്. മെക്‌സിക്കോയില്‍ വൃദ്ധജനങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശസംബന്ധമായ രോഗങ്ങളും, ശരീരവണ്ണവും ഡയബറ്റീസും ക്രമാതീതമാണ്. ഇവ കാരണം  പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 7 ലക്ഷം പേര്‍ക്ക് കോവിഡ് -19 ന് സാധ്യതയുണ്ടെന്നും ഇവരില്‍ പലരും മരണപ്പെട്ടേക്കാം എന്നും പറഞ്ഞു.

കൊവിഡ് - 19 പ്രതിസന്ധിയില്‍ പ്രസിഡന്റ് ലോപസ് ഒബറഡോറിന്റെ നടപടികള്‍ ആപല്‍ക്കരവും മെക്‌സിക്കനുകളുടെ ആരോഗ്യത്തിന് ഭീഷണിയുമാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ ഹോംസേ മിഗ്വല്‍ വിവന്‍കോപറഞ്ഞു.
മെക്‌സിക്കോയുടെ 12.6 കോടി ജനങ്ങളുടെ 60% ദരിദ്രരാണ്. ജോലി ചെയ്യുന്നവരില്‍ പകുതിയോളം അനൗദ്യോഗിക മേഖലകളില്‍-രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കൈതൊഴിലുകാര്‍, നിര്‍മ്മാണരംഗത്തെ തൊഴിലാളികള്‍ എന്നിങ്ങനെയാണ് പണിയെടുക്കുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടി വെള്ളമോ ശൗചാലയങ്ങളോ ഇല്ല. ഭാഗികമായിപോലും ഒരു അടച്ചുപൂട്ടല്‍ ഉണ്ടായാല്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക