Image

അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേർക്ക്‌ രോഗം ബാധിച്ചു

Published on 02 April, 2020
അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേർക്ക്‌ രോഗം ബാധിച്ചു
ന്യൂയോർക്ക്‌:അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേർക്ക്‌ രോഗം ബാധിച്ചു.  2.4 ലക്ഷത്തോളമാളുകൾ മരിച്ചേക്കാമെന്ന്‌ ട്രംപ്‌ ഭരണകൂടത്തിലെ ഉന്നത വൈദ്യശാസ്‌ത്ര വിദഗ്‌ധർ വൈറ്റ്‌ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ദിവസേന നൂറുകണക്കിന്‌ വർധിക്കുന്നതിനിടെ അടുത്ത രണ്ടാഴ്‌ച വളരെ വളരെ വേദനാകരമായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു.

സ്ഥിതിവിവര കണക്കുകൾ പ്രദർശിപ്പിച്ചാണ്‌ വൈറ്റ്‌ഹൗസ്‌ കർമസേനാ അംഗങ്ങളായ ഡോ. ആന്തണി ഫൗസി, ദിബോറ ബിർക്‌സ്‌ എന്നിവർ അമേരിക്കൻ ജനതയ്‌ക്ക്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ജനങ്ങൾ സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങൾ  കർക്കശമായി പാലിച്ചില്ലെങ്കിൽ മരണസംഖ്യ 22 ലക്ഷത്തോളം ആകാമെന്നും അവർ പറഞ്ഞു.

ട്രംപ്‌ ഭരണകൂടം തുടക്കത്തിൽ കോവിഡിനെ നിസ്സാരമായി കണ്ടതാണ്‌ അമേരിക്കയിൽ സ്ഥിതി വഷളാക്കിയത്‌. കോവിഡ്‌ അമേരിക്കയിൽ എല്ലാവർഷവുമുണ്ടാകുന്ന പകർച്ചപ്പനി പോലെയാണെന്ന്‌ മാർച്ച്‌ ഒമ്പതിന്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്യുമ്പോൾ  546 പേർക്ക്‌ മാത്രമാണ്‌ രോഗം സ്ഥിരീകരിച്ചിരുന്നത്‌. 22 പേരാണ്‌ മരിച്ചിരുന്നത്‌.  ഇപ്പോൾ ന്യൂയോർക്ക്‌ നഗരത്തിൽമാത്രം മരണസംഖ്യ 1000 കടന്നു.

ട്രംപ്‌ മുന്നറിയിപ്പുകൾ അവഗണിച്ചത്‌ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും ചൂണ്ടിക്കാട്ടി. ഇപ്പോൾ നിലപാട്‌ മാറ്റിയ ട്രംപ്‌ കൊറോണ വൈറസ്‌ സാധാരണ പകർച്ചപ്പനിയെക്കാൾ വളരെ വഷളാണെന്ന്‌ ചൊവ്വാഴ്‌ച പറഞ്ഞു. ഇതിനിടെ ട്രംപ്‌ ഭരണകൂടത്തിന്റെ വീഴ്‌ചയെ ന്യായീകരിച്ച്‌ സെനറ്റിലെ ഭൂരിപക്ഷ റിപ്പബ്ലിക്കൻ കക്ഷിനേതാവ്‌ മിച്ച്‌ മക്കോണൽ രംഗത്തെത്തി. ട്രംപിനെതിരെ നടന്ന ഇംപീച്ച്‌മെന്റ്‌ സർക്കാരിന്റെ ശ്രദ്ധതിരിച്ചു എന്നാണ്‌ വാദം. എന്നാൽ, ഇംപീച്ച്‌മെന്റിൽ സെനറ്റ്‌ കുറ്റവിമുക്തനാക്കി ഒരുമാസം കഴിഞ്ഞാണ്‌, കോവിഡ്‌ പ്രശ്‌നമല്ല എന്ന്‌ ട്രംപ്‌ പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക