Image

ഗോ കൊറോണ ഗോ; വിഷമ സമയത്ത് അല്‍പ്പം കളിയും കാര്യവും (ജോസഫ് അബ്രഹാം)

ജോസഫ് അബ്രഹാം Published on 02 April, 2020
ഗോ കൊറോണ ഗോ; വിഷമ സമയത്ത് അല്‍പ്പം കളിയും കാര്യവും  (ജോസഫ് അബ്രഹാം)
ബഹുമാനപ്പെട്ട പിണറായി സഖാവ്  പറഞ്ഞതല്ലേ  എന്നാല്‍ പിന്നെ   ഭാര്യയെ വീട്ടു ജോലികളില്‍ സഹായിച്ചേക്കാമെന്നു കരുതി. സഖാവും  ഞാനും തമ്മില്‍ ഒരിക്കല്‍ ഒരു നാല്‍പ്പത്തഞ്ചു മിനിട്ടോളം ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹം അന്നു പാര്‍ട്ടി സിക്രട്ടറി ആയിരുന്നു. ബാംഗ്ലൂര്‍ നിന്നു ഞങ്ങള്‍ രണ്ടുപേരും കിംഗ്-ഫിഷര്‍ കമ്പനിയുടെ ഒരേ വിമാനത്തിലാണ് മംഗലാപുരം വരേയ്ക്കും യാത്ര ചെയ്തത്. അടുത്ത സീറ്റില്‍ വന്നിരുന്നപ്പോള്‍ മൂപ്പര്‍ ഒന്നു ചിരിച്ചു, ഞാനും ഒന്നു ചിരിച്ചു.  എന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പനിയുടെ  തിരിച്ചറിയല്‍ കാര്‍ഡിലേക്ക് മൂപ്പര്‍  ഒന്നു നോക്കി.  പിന്നെ വിമാനത്തില്‍ ലഭിക്കുന്ന 'ഡക്കാന്‍ ക്രോണിക്കില്‍' തുറന്നു ഗൌരവമായ വായനയായി. 

ഞാനും വിട്ടു കൊടുത്തില്ല.  അന്നു നാട്ടില്‍ ലാപ്-ടോപ് കമ്പ്യൂട്ടറുകള്‍  അത്ര സുലഭമല്ലാത്ത കാലമാണ്. അന്നൊക്കെ ചില കമ്പനി 'എക്‌സിക്കുട്ടന്മാര്‍'  ട്രെയിനിലും   വിമാനത്തിലും കയറിയാല്‍    പിന്നെ ഒരു കാര്യവുമില്ലാതെ  ലാപ്-ടോപ് കമ്പ്യൂട്ടര്‍ തുറന്നു 'ഷോ' കാണിക്കുന്നതു കാണാം. അങ്ങിനെയൊരു സാധനം എന്റെ കയ്യിലും ഉണ്ടായിരുന്നു ഞാനും അതു  തുറന്നുവച്ചു.  മംഗലാപുരം എത്തുന്നതുവരെ സഖാവ് ഡെക്കാന്‍ ക്രോണിക്കളും ഞാന്‍ ലാപ്-ടോപും തുറന്നു പിടിച്ചു.  മംഗലാപുരം  എത്തിയപ്പോള്‍ മൂപ്പര്‍ ഒന്നോടെ ചിരിച്ചു  തലയാട്ടി  ഞാനും ചിരിച്ചു.

എന്തായാലും എനിക്ക് അത്രയും 'അടുപ്പമുള്ള'  പിണറായി സഖാവ്  പറഞ്ഞതല്ലേ അതുകൊണ്ട്  അത്താഴം കഴിഞ്ഞതോടെ  പാത്രങ്ങള്‍ കഴുകുന്ന ജോലി ഞാന്‍ ഏറ്റെടുത്തു. പാത്രം കഴുകുന്നതിനിടയില്‍  വയറു നിറഞ്ഞ സന്തോഷത്തിലും നാളെയും വീട്ടില്‍ ഇരുന്നാല്‍ ശമ്പളം കിട്ടുമല്ലോ എന്നുള്ള  ആമോദത്തിലും വെറുതെ  റഫീക്  അഹമ്മദു സാഹിബിനെ  മൂളിപ്പോയി.  പക്ഷെ  സമയവും സന്ദര്‍ഭവും വച്ചു നോക്കിയാല്‍ സംഗതി ശുദ്ധ വികട സരസ്വതി തന്നെ.

'' മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരമിരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകല്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍
ഒടുവിലായകത്തേക്കെടുക്കും ശ്വാസകണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍''...

അത്രത്തോളം എത്തിയപ്പോഴേക്കും  ഉറക്കെ ഒരു ശകാരം കേട്ടു.              ' വെറുതെ വഴിയെ പോണ കൊറോണയെ  വീടിനകത്തേക്കു  വിളിച്ചു കേറ്റാതെ മിണ്ടാതിരി '
 
ഉടനെ  ഞാന്‍ പാട്ടിന്റെ ലിറിക്‌സ് ഒന്നും മാറ്റിപ്പിടിച്ചു.  ഈയിടെ   നമ്മുടെ നാട്ടിലൊക്കെ ഹിറ്റായ 
 ''ഗോ കൊറോണ  ഗോ , ഗോ കൊറോണ ഗോ''   എന്ന കിണ്ണം കാച്ചിയ  പാട്ടുണ്ടല്ലോ അതങ്ങട്  കഴുകികൊണ്ടിരുന്ന  കിണ്ണം കൊട്ടി   പാടി.   അതോടെ രംഗം ശാന്തമായി.

എന്നാലും, ഓര്‍ത്തപ്പോള്‍ റഫീഖ്  അഹമ്മ്ദ് സാഹിബിന്റെ  വരികള്‍  ഖല്‍ബില്‍  കാട്ടുതീയായി  പടര്‍ന്നുകയറി.  ഇനി  ഈ പണ്ടാരം കൊറോണ  എങ്ങാനും  കഴുത്തിന് പിടിച്ചാല്‍  അടുത്തിരിക്കാന്‍ ഒരാളും ഉണ്ടാകില്ല. അടുത്തിരിക്കാന്‍ പോയിട്ട്  ആളെ കണ്ടാല്‍ തന്നെ എല്ലാരും  ഓടി  രക്ഷപ്പെടും.   ഇനി മിശിഹാ തബുരാന്റെ രണ്ടാമത്തെ   വരവില്‍  കാഹളനാദം കേള്‍ക്കുമ്പോള്‍പോലും  എഴുനേറ്റു ചെല്ലാന്‍  പറ്റുമോ എന്നറിയില്ല  കാരണം  W.H.O യുടെ പ്രോട്ടോകോളനുസരിച്ചു അത്രയും  ആഴത്തിലാണ്    കുഴിച്ചിടുന്നത്.

സംഗതി എന്തായാലും ഇവിടെ  കാര്യങ്ങള്‍ കൈവിട്ടു പോയി എന്നതു  സത്യമാണ്.  ഇനി  ഇതിലാരെയും പഴിച്ചിട്ടു ഒരു കാര്യവുമില്ല.  എന്തുകൊണ്ട് മതിയായ  മുന്‍കരുതല്‍ എടുത്തില്ല എന്ന ചോദ്യമൊന്നും ഇനി പ്രസക്തമേയല്ല. ഇനി മുന്നോട്ടെന്ത് ? എന്നതു മാത്രമാണ് നമ്മുടെ വിഷയം.  മാത്രവുമല്ല അമേരിക്കന്‍ ജനത ഭരണകര്‍ത്താക്കളോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട്   പ്രതിസന്ധികളെ നേരിട്ടതാണ്  ഇതുവരെയുള്ള ചരിത്രം.  ചോദ്യങ്ങള്‍ ഉണ്ടാകും അതെല്ലാം  ഈ ഘട്ടത്തെ അതിജീവിച്ചതിനു ശേഷം മാത്രം.  അവരുടെ   ചോറും ഇവിടെയാണ്  അതുപോലെ അവരുടെ കൂറും ഇവിടെത്തന്നെയാണ്.  എന്തായാലും  മരണസംഖ്യ മിനിമം  ഒരു ലക്ഷമെങ്കിലും  ആകാമെന്ന  ദു:ഖകരമായ നിഗമനമാണ്   നിലവിലുള്ളത്. 

ഇതിനിടയില്‍  അമേരിക്ക തകരുമോ ഇല്ലയോ  എന്നൊക്കെയുള്ള ചൂടുപിടിച്ചുള്ള  
ചര്‍ച്ചകളും  നടക്കുന്നുണ്ട്.  ഇക്കാണുന്നത്  മുതലാളിത്തത്തിന്റെ തകര്‍ച്ചയാണെന്നു ചിലര്‍ക്കു പക്ഷം.  അതല്ല  അമേരിക്കയുടെ താന്‍പ്രമാണിത്വത്തിനേറ്റ അടിയാണെന്നു ചിലര്‍.  ഇതൊക്കെ പറയുമ്പോള്‍ ചിലരുടെയെങ്കിലും കടമിഴിയില്‍ ഒരു ഗൂഡസന്തോഷത്തിന്റെ കമലദളം വിരിയുന്നതും കാണാം. 

 പണ്ട് ഭരണത്തിലിരിക്കെ പോലീസുകാര്‍ സി. പി. ഐ ക്കാരെ  തല്ലിചതച്ച കഥ കേട്ടിട്ടുണ്ട്.    സി.പി.ഐ ക്കാരെ പോലീസ് തല്ലിയ കാര്യം അന്നത്തെ പ്രതിപക്ഷമായിരുന്ന കൊണ്‌ഗ്രെസ്സ് നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സി.പി.ഐക്കാര്‍ അതിനെ എതിര്‍ത്തുകൊണ്ട് വിളിച്ച  ''ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്നാ കോണ്‍ഗ്രസ്സെ''  എന്ന മുദ്രാവാക്യം പോലെ  ആവും വിധം അമേരിക്കന്‍ മലയാളികള്‍  ഈ ആക്ഷേപങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നുമുണ്ട്.  അപ്പോഴേക്കും  ചിലര്‍    പോലീസുകാരുടെ ലാത്തിയടിപ്പാടിന്റെ സെല്‍ഫിയും  ഏത്തമീടിക്കലും  പൊക്കിപിടിച്ച് വരുന്നതു കണ്ടു.  പോലീസുകാര്‍ തല്ലുന്നത്  ആളുകള്‍ നന്നാവാന്‍ വേണ്ടീട്ടാന്നു അതുകൊണ്ട് കുഴപ്പമില്ലാന്നു ചിലരുടെ പക്ഷം.  അങ്ങിനെ ഒറിജിനല്‍ മലയാളികളും  അമേരിക്കന്‍ മലയാളികളും തമ്മില്‍ പരസ്പരം നല്ല ചെളി വാരിയേറും  അടിപിടിയും ഈ കൊറോണക്കിടയില്‍  നല്ല ഉഷാറായി തന്നെ നടക്കുന്നുണ്ട്. 

ഇതിനിടയില്‍ ഒരു അമേരിക്കന്‍ മലയാളി സഖാവ് പിണറായി വിജയനെ അമേരിക്കന്‍ പ്രസിഡണ്ടാക്കണമെന്ന  ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും നാട്ടില്‍ 

ഒരുപാടാളുകള്‍ അതിനെ 'ലൈക്കുന്നതും' 'ഷെയറുന്നതും'  കണ്ടു.  സംഗതി എന്തായാലും ഒരാവേശത്തില്‍ പറയുന്നതാണെങ്കിലും  ഇത്തരത്തിലുള്ള പോസ്റ്റുകള്‍  പൌരത്വം സ്വീകരിക്കുമ്പോള്‍ ഏറ്റുചൊല്ലുന്ന  സത്യപ്രതിജ്ഞയുടെ ലംഘനമായി വ്യാഖാനിക്കപ്പെടാന്‍  ഇടയുള്ളതിനാല്‍ അല്പം ജാഗ്രത പുലര്‍ത്തുന്നതു നന്നായിരിക്കും.  ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഇപ്പോള്‍  'ഇമ്രാന്‍ ഖാനെ' ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കണം എന്നൊന്ന്  പറഞ്ഞു നോക്കിയാല്‍ എങ്ങിനെയിരിക്കും?

 ലോകത്ത് ഇതിനു മുന്‍പും ഇതിലും വലിയ മഹാമാരികളും യുദ്ധങ്ങളുമൊക്കെ നടന്നിട്ടുണ്ട്  അനേകകോടികള്‍ മരണപ്പെട്ടിട്ടുമുണ്ട്.  അതുകൊണ്ടൊന്നും  ഒരു രാഷ്ട്രവും  ഇല്ലാതായിട്ടില്ല. രാഷ്ട്രങ്ങള്‍ ഇല്ലാതായതും  സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായതുമെല്ലാം  മുഖ്യമായും രാഷ്ട്രീയവും അഭ്യന്തരവുമായ  കാരണങ്ങളാലാണ്.  നമുക്ക്  ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ അങ്ങിനെയുള്ള അനേകം രാജ്യങ്ങളെ ഇപ്പോഴും കാണുവാന്‍ കഴിയും.

എന്നതായാലും  ഒന്നു മാത്രം ഇപ്പോള്‍ എനിക്കറിയാം മരിച്ചു വീഴുന്നതും ഇനി വീഴുന്നവരുമൊന്നും  മുതലാളിമാരോ, മുതലാളിത്വമോ  അല്ല.  വെറും  സാധാരാണ മനുഷ്യരാണ്.  അന്നന്നു വേണ്ടുന്ന ആഹാരത്തിനു പണിയെടുക്കുന്ന സാധാരണക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,  പോലീസുകാര്‍ തുടങ്ങിയവര്‍. ഇതിനിടയില്‍ വീണുപോയ മലയാളികള്‍ 
ചിലരുണ്ട് , ചിലര്‍ രോഗഗ്രസ്തരായി എന്ന ദുഖവാര്‍ത്തയും  വരുന്നുണ്ട്.

എങ്ങിനെയെങ്കിലും  ഒന്നു ചത്തു കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു  നടന്നവര്‍ പോലും ഇപ്പോള്‍ കൊറോണയെ പേടിച്ചു ഒളിവിലാണ്.  പിന്നെ ഇതിനിടയില്‍ ഒരു  സന്തോഷമെന്നത്  ഇപ്പോള്‍ മരിച്ചാല്‍ ഞങ്ങള്‍ കത്തോലിക്കര്‍ക്ക്  ഒരു ബോണസുണ്ട്.  വെറുതെ നരകത്തിലെ വിറകുകൊള്ളിയായി പോകേണ്ട കാര്യമൊന്നുമില്ല. കൊറോണ ബാധിച്ചു മരിക്കുന്നവര്‍ക്ക്  പൂര്‍ണ്ണ ദണ്ഡനവിമോചനം സഭ ഓഫര്‍ ചെയ്തിട്ടുണ്ട്. അതോണ്ട്  മോളിലെത്തുമ്പോള്‍  പുസ്തകം വിടര്‍ത്തി വച്ചുകൊണ്ടുള്ള വിശുദ്ധ പത്രോസിന്റെ വിചാരണയെ പേടിക്കേണ്ട കാര്യമില്ല.  

മിനിമം  ഒരു ലക്ഷം അതു വേണമെങ്കില്‍  രണ്ടു-രണ്ടര ലക്ഷം വരെ ആകാം എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ  ജാക്ക്-പോട്ട്  പോലൊന്നുമല്ല  എല്ലാവര്‍ക്കും ഒരു ഒന്നൊന്നര ചാന്‍സുണ്ട്. അപ്പോള്‍ ഇച്ചിരെ മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാ. പഴയ ചങ്ങാതിമാരെയൊക്കെ  ഒന്നു  വിളിച്ചു  കുശലംപറയുക  ശത്രുക്കളോടു ക്ഷെമിക്കുക  പറ്റുന്നവരോടൊക്കെ  സ്‌നേഹം കാണിക്കുക. 

ഇതൊക്കെ പറയുമ്പോള്‍  ചിലരൊക്കെ എന്നെ ഭീരുവെന്നോ, ദോഷൈകദൃക്ക്  എന്നൊക്കോ വിളിക്കുമെന്നറിയാം.  പക്ഷെ ഞാന്‍ പറയും ഇതൊക്കെ ഒരു സുധീരമായ പ്ലാന്‍ ആണെന്ന്. അതായത്  പണ്ട് പിള്ളാച്ചന്റെ  പാര്‍ട്ടിക്കാര്‍ പറഞ്ഞപോലെ  ചില ' പ്ലാന്‍ ബി' ചിന്തകള്‍ മാത്രം. അപ്പോള്‍ ഇന്നിപ്പോ  കൂടുതലായി  ഒന്നും 

ചെയ്യുവാന്‍ ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നതിനാല്‍  അടുക്കളയില്‍ നിന്നും ഒരു പ്ലേറ്റും  ഒരു സ്പൂണും എടുത്തു  ഉറക്കെ പാടുവാന്‍ പോവുകയാണ്.  

 ''ഗോ കൊറോണ ഗോ ,  ഗോ കൊറോണ ഗോ''

ഇനി  സംഗതിയെങ്ങാനും  നമ്മുടെ കേണല്‍  ലാലേട്ടന്‍ പറഞ്ഞപോലെ നടന്നാലോ ?   ഈ കിണ്ണത്തില്‍ കൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ ഒരു മന്ത്രധ്വനി പോലെ കൊറോണയുടെ  അടുത്ത് ചെന്നു ' നീ പോ മോനെ കഴുവേറി കൊറോണെ'  എന്നു പറഞ്ഞാലോ   നമുക്ക്  വലിയ ചെലവൊന്നും   ഇല്ലാലോ.  ഒരു പഴയ കിണ്ണവും  ഒരു തവിയും പോരെ ? . 

അപ്പോള്‍ എല്ലാവര്‍ക്കും  ' ഗോ കൊറോണ  ഗോ''  ആശംസകള്‍. 

ഗോ കൊറോണ ഗോ; വിഷമ സമയത്ത് അല്‍പ്പം കളിയും കാര്യവും  (ജോസഫ് അബ്രഹാം)
Join WhatsApp News
Estate 2020-04-02 08:04:51
It may sounds like a cruel comment but It is a good idea to plan your estate and finance. We should be prepared for any eventuality. Let everyone be safe
Sudhir Panikkaveetil 2020-04-02 12:46:32
Usage of anecdote, relevant and timely humor added flavor to Shri Joseph Abraham's article. This was a brilliant entertainer. Kudos to the author.
Joseph Abraham 2020-04-02 13:27:48
Thank you Sudhir Sir. Just trying to give some reading pleasure. If my letters could amuse someone for a second of their time it is a great reward for me
josecheripuram 2020-04-02 19:03:30
You have a great sense of humor,which linked with reality.Keep writing we are here to read.
Nice 2020-04-02 18:06:20
Very nice, timely
American Malayalee 2020-04-03 12:17:18
അമേരിക്കയും ഇവിടുത്തെ ഭരണവും അത്രയ്ക്ക് മോശവും. കേരളമാണ് ഇതിലും എത്രയോ നല്ലതെന്നു വീമ്പിളക്കുന്നവർ പിന്നെ എന്തിനാണ് ആ സ്വർഗ്ഗരാജ്യം ഉപേക്ഷിച്ചു ഇവിടെ തങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല. !!! ഈ കൊറോണക്കാലം കഴിഞ്ഞാൽ ഞങ്ങൾ കൂടും കുടുക്കയുമെടുത്ത് കേരളത്തിലേക്കു തിരികെ പോവുകയാണെന്ന് വിളിച്ചുപറയാൻ അവരിൽ എത്രപേർ തയ്യാറാകുമെന്ന് അറിയാൻ താല്പര്യമുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക