Image

രണ്ട് സിനിമകള്‍: ട്രാന്‍സ്; അയ്യപ്പനും കോശിയും (അനില്‍ പുത്തന്‍ ചിറ)

Published on 02 April, 2020
രണ്ട് സിനിമകള്‍: ട്രാന്‍സ്; അയ്യപ്പനും കോശിയും (അനില്‍ പുത്തന്‍ ചിറ)
ട്രാന്‍സ്

ആളൊഴിഞ്ഞ അള്‍ത്താരകളിലെ 'സ്വര്‍ഗ്ഗീയ വിശ്വാസം' അണിഞ്ഞൊരുങ്ങാന്‍ തുടങ്ങുമ്പോഴേക്കും, അത്ഭുത രോഗശാന്തിക്കാരിലുള്ള 'അന്ധവിശ്വാസം' കരഘോഷാരവങ്ങളില്‍ ശരവേഗത്തില്‍ ഉലകം ചുറ്റി തിരിച്ചെത്തിയിട്ടുണ്ടാകും! ഒന്നുമില്ലായ്മയില്‍ നിന്ന് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍, മയക്കുമരുന്നുകള്‍ വില്‍ക്കാതെ, ബാങ്ക് കൊള്ളയടിക്കാതെ, നിയമത്തിന്റെ പരിപൂര്‍ണ്ണ പരിരക്ഷയോടെ ശത കോടീശ്വരനാകുന്ന മായാജാലം...

രാജമാണിക്യവും ഉസ്താദ് ഹോട്ടലും അടക്കം, ഒന്നിനൊന്നു മികച്ചതെന്ന് പറയാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത അന്‍വര്‍ റഷീദ്, 'എവിടെയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി....' ആ ചോദ്യത്തിന്റെ അസന്ദിഗ്ദ്ധമായ ഉത്തരമാണ്, അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍, അമല്‍ നീരദിന്റെ ഛായാഗ്രഹണത്തില്‍, ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും അത്യുജ്വല അഭിനയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ട്രാന്‍സ്

ഞെട്ടിച്ച പ്രകടനമാണ്, തന്റെ കഥാപാത്രത്തിലേക്ക് സന്നിവേശം നടത്തിയ ധര്‍മ്മജന്‍! ഒരേയൊരു സീനിലാണെങ്കില്‍ പോലും, കാണികളെ മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിഞ്ഞ ധര്‍മ്മജന്‍ പ്രതീക്ഷകളെക്കാളും എത്രയോ അപ്പുറം മനോഹരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത് ചാര്‍ളിയിലും മഹേഷിന്റെ പ്രതികാരത്തിലും കണ്ട സൗബിനെ ട്രാന്‍സില്‍ തേടുന്നവര്‍ നിരാശരാകും...

കടപ്പുറത്തുനിന്ന് തുടങ്ങിയ ബാല്യം; നാക്കിന്റെ ഒറ്റക്കരുത്തില്‍ മോട്ടിവേഷണല്‍ സ്പീക്കറില്‍ തുടങ്ങുന്ന വിജു പ്രസാദിന്റെ യൗവ്വനം; ഫാന്‍ കറങ്ങുന്ന ഒച്ച കേള്‍ക്കുമ്പോള്‍, ഫാനില്‍ തൂങ്ങിയ അമ്മയുടേയും സഹോദരന്റെയും ഓര്‍മ്മകളില്‍ ഉറങ്ങാന്‍ പറ്റാതെ താളം തെറ്റുന്ന ജീവിതം; നീറുന്ന മനസുമായി ജീവിക്കുന്ന, കിട്ടിയ ആദ്യ അവസരത്തില്‍ പിടിച്ചുകയറി, അവിടെനിന്ന് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തുന്ന സാക്ഷാല്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടന്‍! ഫഹദ് ഫാസിലിന്റെ അതുല്യമായ പരകായപ്രവേശം!

ഒന്ന് മുത്തമിടാനായി കെട്ടിപ്പിടിക്കാനായി തലോടലിനായി, ഒരു നോട്ടത്തിനായി വാക്കിനായി, വരികാത്ത് നില്‍ക്കുന്ന, കണ്ണുണ്ടെങ്കിലും കാണാന്‍ സാധിക്കാത്ത മനുഷ്യര്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കില്‍, ആ കറുപ്പ് അലങ്കാരമായി അണിയുന്ന, ഉന്മാദാവസ്ഥയില്‍ 'Praise The Lord', 'Glory to The Lord' അലമുറയിടുന്ന വിശ്വാസികള്‍!

സംവിധായകന്‍ കാണികളോട് സംവാദിക്കുന്നതാണ് ഒരു സിനിമ! സംവിധാനം ഒരു ജോലി മാത്രമല്ല, സാമൂഹിക പ്രതിബദ്ധയുള്ള കലാകാരന്‍ തനിക്ക് സമൂഹത്തോട് വിളിച്ചുപറയാനുള്ളത്, ദൃശ്യരൂപത്തില്‍ സംവേദനം ചെയ്യുന്ന വേദി കൂടിയാണ് സിനിമ ക്രിസ്തുമതത്തിനെ ഗ്രസിച്ചിട്ടുള്ള തിന്മയുടെ വിഷബീജങ്ങളായ കപട ധ്യാന ഗുരുക്കളുടെയും, കാപട്യം കൈമുതലായ രോഗശാന്തി ശുശ്രൂഷക്കാരുടെയും ഉഡായിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ മറ്റൊരു സമുദായക്കാര്‍ തന്നെ മുന്നില്‍ നില്‍ക്കേണ്ടിവന്നു എന്നതാണ് ഒരു വിരോധാഭാസം.

ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്താല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' നാടകം നിരോധിച്ച കേരളത്തില്‍, ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ചു മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിയെടുത്ത കേരളത്തില്‍, തെരുവില്‍ ഒരു വിപ്ലവമോ വിവാദമോ ഉണ്ടാക്കാതെ ജനമനസ്സ് കീഴടക്കി ഈ സിനിമ മുന്നേറുന്നെങ്കില്‍, കേരളം ഭരിക്കുന്ന ശ്രീ പിണറായി വിജയനും അതില്‍ അഭിമാനിക്കാം.

ഗവണ്മെന്റ് നികുതിയിളവുകള്‍ നല്കിയിട്ടാണെങ്കിലും ശരി, സ്‌കൂളിലെ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടാണെങ്കിലും ശരി, ഈ സിനിമ മലയാളികളെയെല്ലാം നിര്‍ബന്ധപൂര്‍വ്വം കാണിച്ചിരിക്കണം! നിഗൂഢതകള്‍ മാത്രം ചുറ്റിനില്‍ക്കുന്ന അത്ഭുത രോഗശാന്തിക്കാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഒരാളെയെങ്കിലും രക്ഷിക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞാല്‍, ഇത്ര അധികം ലക്ഷ്യം നിറവേറിയ ഒരു സിനിമ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം...

അയ്യപ്പനും കോശിയും

നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും, പഴഞ്ചൊല്ല് നീട്ടി വലിച്ചു മൂന്ന് മണിക്കൂര്‍ സിനിമയാക്കിയാല്‍ അതിന്റെ പേരാണ് അയ്യപ്പനും കോശിയും! ഊട്ടിയിലേക്കുള്ള യാത്രയില്‍ അട്ടപ്പാടിയിലെ മദ്യനിരോധന മേഖലയില്‍ വെച്ച്, പട്ടാളത്തില്‍നിന്ന് 17 വര്‍ഷത്തെ രാജ്യസേവനത്തിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച കോശി കുര്യനെ (പൃഥ്വിരാജ്), പോലീസ് സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായര്‍ (ബിജു മേനോന്‍), മജിസ്‌ട്രേട്ടിന് ജാമ്യം കൊടുക്കാന്‍ പറ്റാത്ത വകുപ്പിട്ട് അറസ്റ്റു ചെയ്യുന്നു, കുറഞ്ഞത് 10-12 ദിവസം സബ്ബ് ജയിലില്‍ കഴിയേണ്ടിവരുമെന്ന സത്യം സംയമനത്തോടെ മനസ്സിലാക്കാന്‍ ആവശ്യപ്പെടുന്നു

കോശിയെ സംബന്ധിച്ചിടത്തോളം അത് ആത്മാഭിമാനതിനേറ്റ വലിയ ഒരു ക്ഷതമാണ്, അവിടെ തുടങ്ങുന്നു ചതിയുടെ, ഹുങ്കിന്റെ, പ്രതികാരത്തിന്റെ, ആരെങ്കിലും ഒരാള്‍ കൊല്ലപ്പെടുന്നതുവരെയുള്ള, ബാലി-സുഗ്രീവയുദ്ധം

ചതിയിലൂടെ ഉദ്യോഗത്തില്‍നിന്നു തല്‍ക്കാലമായി നീക്കം ചെയ്യപ്പെട്ട പോലീസുദ്യോഗസ്ഥ ജെസ്സി, ഏറ്റവും ലളിതമായ ഭാഷയില്‍ 'ഭ! ചെറ്റേ, അവന്റെയൊരു സിമ്പതി' എന്ന് പരസ്യമായി മുഖത്തുനോക്കി തെറി വിളിക്കുമ്പോഴും 'അവള്‍ക്കത് പറയാനുള്ള എല്ലാ അവകാശവുമുണ്ട്'ന്ന് മറുപടി കൊടുക്കുന്ന; 'ഡാ..നിന്റെ അമ്മച്ചി ചത്തില്ലല്ലോലെ... അതിനെയങ്ങു കൊന്നേ കളഞ്ഞേക്കടാ.... മോനെയോര്‍ത്തു നാണിക്കാതെ ആ പെണ്ണെങ്കിലും ചാവട്ടെ'ന്ന് നാവിന് മൂര്‍ച്ചയുള്ള ആദിവാസി പെണ്ണ് കണ്ണമ്മയുടെ വായില്‍നിന്നു വീഴുന്നത് പകച്ചു കേള്‍ക്കുന്ന, ഗര്‍വ്വിഷ്ഠനായ കോശി

വീട്ടുകാര്‍ നായന്മാരുടെ പാടത്തു പണിക്ക് പോയതുകൊണ്ട്, അമ്മ വഴി 'നായര്‍' നാമം കുടുംബപ്പേരായി പ്രതിക്ഷേധ സൂചകമായി ചാര്‍ത്തികിട്ടിയ, ഹരിജനങ്ങളായ സഖാക്കളെ തീര്‍ക്കാന്‍ ജന്മിമാര് കുമ്മാട്ടികളുടെ കോലത്തിലിറക്കുന്ന പതിമൂന്ന് പാണ്ടികളെ കാലപുരിക്കയച്ച, മുണ്ടൂര് മാടന്‍ന്നു വിളിപ്പേരുള്ള, പിടിപ്പും സ്വാധീനവുമുള്ളവരോട് പേടി ഉള്ളിന്റെ ഉള്ളിലുള്ള, മനസ്സില്‍ നന്മയുള്ള അയ്യപ്പന്‍

ഇവര്‍ തമ്മിലുള്ള കിടുങ്ങുന്ന കോഴിപ്പോരില്‍, വീട്ടില്‍ ഒന്നുമറിയാതെയിരിക്കുന്ന സാധു സ്ത്രീകള്‍ പോലും, പൊരുതലിന്റെയും പോരാട്ടത്തിന്റെയും കഷ്ടതയും നഷ്ടവും അനുഭവിക്കേണ്ടി വരുന്നു.

കട്ടപ്പനയിലെ റബ്ബര്‍ മുതലാളി കുര്യന്‍ ജോണ്‍ (നിര്‍മ്മാതാവ് രഞ്ജിത്ത്) മക്കളെ വിജയകരമായി വഴിതെറ്റിക്കുന്ന, മകന്റെ രക്ഷക്ക് മകനറിയാതെ വാടക ഗുണ്ടകളെ ഏര്‍പ്പാടാക്കുന്ന, രക്ഷാകര്‍ത്താവ് എങ്ങനെയാവരുത് എന്ന് തെളിയിക്കുന്ന, അപ്പന്റെ വേഷത്തില്‍ തിളങ്ങുന്നു.

രാമലീല, ഡ്രൈവിംഗ് ലൈസന്‍സ്, ഷെര്‍ലോക് ടോംസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥയെഴുതിയ സച്ചിയാണ് സംവിധാനം. പാത്രിരാത്രിയില്‍ വെള്ളമടിച്ചു കോണ്‍ തെറ്റി, അബോധാവസ്ഥയില്‍ നാട്ടുകാരുടെ നെഞ്ചത്ത് കയറാന്‍ നടക്കുന്ന വാചകക്കസര്‍ത്തുകളെ സഹായിക്കാന്‍ പോയാല്‍, ആ പാമ്പ് പണി പാലും വെള്ളത്തില്‍ തരുമെന്ന് സമര്‍ത്ഥിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.

വെല്ലുവിളിയും അട്ടഹാസവും അലര്‍ച്ചയും പലപ്പോഴും മുഴങ്ങുന്നു, ഇടി പൊട്ടുന്നുമില്ല! നിന്ന് താളം ചവുട്ടി 'ഇപ്പോ അടിക്കും, ഇപ്പോ തൊഴിക്കും' ഡയലോഗ് കാച്ചി വിടാതെ, നേര്‍ക്ക് നേരെ നിന്ന് 'തേങ്ങാ ഉടക്ക് സ്വാമി'ന്ന് പ്രേക്ഷകര്‍ ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ടാകും! എന്നിരുന്നാല്‍ പോലും സമയം പോകാന്‍ വേറെ വഴിയില്ലാത്തതിനാല്‍ കാണേണ്ടിവരുന്ന ഒരു സിനിമയല്ല അയ്യപ്പനും കോശിയും. ഇവര് പൊളിക്കും
രണ്ട് സിനിമകള്‍: ട്രാന്‍സ്; അയ്യപ്പനും കോശിയും (അനില്‍ പുത്തന്‍ ചിറ)
Join WhatsApp News
Siju P 2020-04-02 20:33:47
Well composed and crisp reviews! Enjoyed your writing as much as the movies themselves. Would be great to credit the writers too. I request emalayalee to turn this into a regular column.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക