Image

എന്റെ അമ്മ ഇല്ലാതായാല്‍ ഞാന്‍? (ഗംഗാദേവി.ബി)

Published on 02 April, 2020
എന്റെ അമ്മ ഇല്ലാതായാല്‍ ഞാന്‍? (ഗംഗാദേവി.ബി)
2019 മുതലാണ് ഞാൻ അവരോട് ചങ്ങാത്തം കൂടിയത് .

ഒരു നിമിത്തമാകാം അവരിലേക്ക് ഞാൻ നടന്നെത്തിയത് . എന്റെ മനസ്സിനെ ചെറുതായൊന്ന് പരുവപ്പെടുത്താൻ അവർക്കായെന്ന് ഞാൻ വിശ്വസിക്കട്ടെ .

ക്ഷമ തുലോം കുറവുള്ള ഞാൻ , അദ്ധ്യാപനം എന്ന കല അത്ര പരിചിതമല്ലാത്ത ഞാൻ ഇന്നിപ്പോൾ ആ കുഞ്ഞുങ്ങളോടൊത്ത് ആടുകയും പാട്ടുകയും ഗുസ്തി പിടിക്കുകയും .

അവരിൽ അന്തർലീനമായ പല കഴിവുകളും എന്നെ അത്ഭുതപ്പെടുത്താറുണ്ട് .

പരിശീലനങ്ങളിലൂടെ ദൈനംദിന കാര്യങ്ങളിൽ അവർ നേടുന്ന സ്വയംപര്യാപ്തത ആശാവഹം തന്നെ ആ രക്ഷിതാക്കൾക്ക് .

അവരുടെ ലോകം നമ്മളുടേതിൽ നിന്നും വളരെ ഉയരെ എന്ന് പലപ്പോഴും ചിന്തിച്ച് പോകാറുമുണ്ട് .

ഈ കോവിഡ് കാലത്ത് ആ കുട്ടികളെ കാണുന്നില്ലെങ്കിലും മനസ്സിൽ അവരെല്ലാം , അവരുടെ വികൃതികൾ , തമാശകൾ എല്ലാം .

ഇനി പഴയ പോസ്റ്റിലേക്ക് ...........

എത്ര എത്ര കുഞ്ഞുങ്ങൾ , വീട്ടുകാർ സഹനത്തിന്റെ പാതയിൽ .

ജനിച്ച് രണ്ട് മൂന്ന് വയസ്സാകുമ്പോഴാണല്ലോ രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞിന്റെ ഈ വൈകല്യം തിരിച്ചറിയുന്നത് . പിന്നെ ചികിത്സ , പ്രാർത്ഥന , വഴിപാട് ആദിയായവ .

പുതിയ കണക്കുകൾ പ്രകാരം ഇരുനൂറ്റി അമ്പതിൽ ഒരാൾ വച്ച് ഓട്ടിസത്തിന് കീഴടങ്ങുന്നു . ഭീകരമായ ഒരു വളർച്ചയാണ് ഇത് .

ജനിതവൈകല്യമായ ഇതിന്റെ വർദ്ധനവ് എന്തുകൊണ്ടാണന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല എന്നാണറിവ് .

ഓട്ടിസ്റ്റിക് കുട്ടിയുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ഇന്ന് അനവധി സൗകര്യങ്ങൾ ലഭ്യമാണ്. പക്ഷെ ഇത് ഒരു ചെറിയ പരിധിയിൽ ഒതുങ്ങുന്നു.

എറണാകുളത്ത് കേരളത്തിലെ ഒരു പ്രമുഖ എൻ ജി ഒ സൗജന്യ ഓട്ടിസം സ്ക്കൂൾ തുടങ്ങി , ധാരാളം കുട്ടികൾക്കു വേണ്ടി അന്വേഷണവും വന്നിരുന്നു . പിന്നീടെന്തോ കുട്ടികൾ ചേരാൻ മടി കാണിച്ചു , അങ്ങിനെ ആ സ്ഥാപനം നിറുത്തി . പിന്നീടാണ് മനസ്സിലായത് സൗജന്യ വിദ്യ ഇഷ്ടപ്പെടാത്ത ചിലരുടെ ശ്രമമാണ് അതിന് പിന്നിലെന്ന് .

(ഇപ്പോൾ വീണ്ടും ആ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട് എറണാകുളത്ത് )

സത്യത്തിൽ ഈ മേഖലയിലെല്ലാം സൗജന്യ വിദ്യാഭ്യാസവും പരിശീലനവുമല്ലേ ആവശ്യം .

തന്റെ കുട്ടിക്ക് ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടെന്ന് അറിയുമ്പോൾ ഒന്നും മിണ്ടാതെ മുങ്ങുന്ന അച്ഛൻമാരുള്ള ഒരു സമൂഹമാണ് നമ്മുടേത് . നിസ്സഹായരായ അമ്മമാരുടെ ഒറ്റയാൾ പോരാട്ടമാണ് പിന്നീട് പലപ്പോഴും നാം കാണുന്നത് . ഇത് സമ്പന്നരിലും ദരിദ്രരിലും കാണാം , വിദ്യാസമ്പന്നർ പോലും ഇതിൽ വ്യത്യസ്തരാകുന്നില്ല .

ആ അമ്മമാർക്ക് വിലയിടാൻ ആർക്ക് സാധിക്കും . ശ്രീമതി ജയശ്രീ മിശ്രയുടെ നോവൽ പ്രിയ എ എസിന്റെ വിവർത്തനത്തിലൂടെ " ജന്മാന്തര വാഗ്ദാനങ്ങൾ " ആയി നമ്മൾ വായിച്ചതാണ് . അതിലെ അമ്മയും ഇതുപോലെ ഒറ്റപ്പെട്ട ഒരമ്മ .

നമ്മൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഈ കുട്ടികളെ നയിക്കണം എന്ന് പറയുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടേ ?
സൗജന്യ വിദ്യാഭ്യാസം , ചികിത്സ , തൊഴിൽ പരിശീലനം , ഇവയ്ക്കെല്ലാം ഉപരിയായി ഈ കുട്ടികളുടെ പുനരധിവാസം .

അനേകം സാമൂഹ്യ സഘടനകൾ ഈ രംഗത്ത് സേവനം നടത്തുന്നുണ്ട് , പക്ഷെ അവർ കടന്നു ചെല്ലാത്ത രോഗഗ്രസ്തരായ കുഞ്ഞുങ്ങൾ ഉള്ള വീടുകൾ ധാരാളം ഇവിടെ ഉണ്ട് .

ശരിയായ ബോധവൽക്കരണത്തിന് ഈ രംഗത്ത് വലിയ പങ്കു വഹിക്കാനുണ്ട് . കുട്ടിയെ പോലെ തന്നെ ആ കുടുംബത്തിനും ഒരു താങ്ങ് വളരെ ആവശ്യമാണ് .

ഇത്തരം കുട്ടികൾ ഒതുങ്ങി പോകേണ്ടവരല്ല എന്ന സത്യം നാമെല്ലാം മനസ്സിലാക്കണം , ആ വീട്ടുകാരേയും ബോദ്ധ്യപ്പെടുത്തണം .

അച്ഛന്റേയും അമ്മയുടേയും കാലശേഷം ഇവരുടെ ജീവിതം ഒരു ചോദ്യ ചിഹ്നം ആണ് . അതിനുള്ള ഉത്തരവും നാം കണ്ടെത്തണം അത് അവരിൽ എത്തിക്കണം .

ഓട്ടിസം മാത്രമല്ല അതുപോലുള്ള മറ്റ് പല വൈകല്യമുള്ളവർക്കും ഒരത്താണി ഇല്ലാതെ പോയാൽ ...... ആ ഗണത്തിൽ പെട്ട ഒരു കുട്ടി എന്നോട് നേരിട്ട് പറഞ്ഞതും ചോദിച്ചതുമാണിത്

"എന്റെ അമ്മ ഇല്ലാതായാൽ ഞാൻ ?

ഈ ചോദ്യചിഹ്നത്തിനുള്ള ഉത്തരം , അതുകൂടി അല്ലേ ഈ ദിനത്തിൽ നമ്മൾ കൂട്ടി വായിക്കേണ്ടത് .
=============================
ഓട്ടിസം അവബോധന ദിനം ഏപ്രിൽ രണ്ട്
Join WhatsApp News
Samuel Geevarghese 2020-04-03 15:12:13
The article is touching the heart. Who will take care of the autistic children when their parents are gone?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക