Image

കോവിഡ് 19: എവിടെ ടെസ്റ്റുകളും, മരുന്നുകളും, വാക്‌സിനേഷനും ? (ലക്ഷ്മി നായർ)

Published on 02 April, 2020
കോവിഡ് 19: എവിടെ ടെസ്റ്റുകളും, മരുന്നുകളും, വാക്‌സിനേഷനും ? (ലക്ഷ്മി നായർ)

ഒരു ഗുളിക കഴിക്കുമ്പോൾ, ഒരു ഇൻജെക്ഷൻ എടുക്കുമ്പോൾ, ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ തിരിച്ചു നല്കുന്ന ജീവജലം എന്ന് തന്നെ പറയാവുന്ന ഐ. വി  (I.V) സൊല്യൂഷൻ നമ്മുടെ സിരകളിലൂടെ ഒഴുകുമ്പോൾ,  എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ ഈ മരുന്നുകളുടെ ഉൽപ്പാദനത്തെക്കുറിച്ചു്? അതിന്റെ പിന്നിലെ നിരവധിപേരുടെ, അനേക വർഷങ്ങളുടെ  ഭഗീരഥപ്രയത്നത്തിനെക്കുറിച്ചു്? കോവിഡ്-19 എന്ന പകർച്ചവ്യാധിക്ക് എന്തുകൊണ്ട് ഒരു വാക്സിനേഷൻ ഇല്ല? എന്തുകൊണ്ട് പെട്ടെന്നൊരു ടെസ്റ്റ് കണ്ടുപിടിച്ചില്ല?  ചികിത്സക്കായി എന്തുകൊണ്ട് മരുന്നുകളില്ല? എന്നീ മുറവിളികൾക്ക് പെട്ടെന്നൊരുത്തരം പറയാൻ ശ്രമിക്കുമ്പോൾ, ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും, അവയുടെ അംഗീകാരപദ്ധതികളെക്കുറിച്ചും (Approval  process) നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.   

ഒരു പുതിയ മരുന്നിന്റെ കാര്യം തന്നെ എടുക്കുക. അതിന്റെ നിർമാണത്തിലെ ആദ്യഘട്ടമായ, മരുന്നിന്റെ തന്മാത്ര (Molecule)യുടെ കണ്ടുപിടുത്തം മുതൽ അത് രോഗികളിൽ എത്തിക്കുന്നത് വരെയുള്ള കാലഘട്ടം ഏകദേശം 12 -18 വർഷമെങ്കിലും വരും. സാമ്പത്തികച്ചിലവോ?  അമേരിക്കയിൽ ഏകദേശം 2 .6 ബില്യൺ ഡോളറോളമെങ്കിലും വരും  ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ.  ഇത് ഓരോ കൊല്ലവും കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എത്രയോ ശാസ്ത്രജ്ഞർ, ടെക്‌നിഷ്യൻസ്, മാനുഫാക്ച്ചറിംഗ് ജോലിക്കാർ, എഞ്ചിനിയേർസ്,  ലോയേഴ്സ്, റെഗുലേറ്ററി ജോലിക്കാർ, സ്റ്റാറ്റിറ്റീഷ്യൻസ് എന്നിവർക്ക് പുറമെ, മാർക്കറ്റിംഗ്, സെയിൽസ്, ക്വാളിറ്റി, എന്നിങ്ങനെ വിവിധ ഡിപ്പാർട്‌മെന്റുകളും, കമ്പനിയുടെ പുറത്തു നിന്നുമുള്ള വെന്റേഴ്‌സ്, മരുന്ന് അംഗീകരിക്കുന്ന ഓരോ രാജ്യത്തെയും റെഗുലേറ്ററി ഏജൻസികളും ചേർന്നാണ് ഒരു മരുന്നിനെ വികസിപ്പിച്ചെടുത്തുകൊണ്ടുവരുന്നത്. അമേരിക്കയിലെ റെഗുലറ്ററി ഏജൻസിയായ, ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (FDA)യുടെ അഗീകാരം കൂടാതെ ഒരു മരുന്നുകളും ടെസ്റ്റിംഗ് ഉപകരണങ്ങളും അമേരിക്കക്കുള്ളിൽ വിൽക്കാനോ, രോഗികൾക്ക് വേണ്ടി ഉപയോഗിക്കാനോ അനുവാദമില്ല. ഫ്. ഡി. എ യുടെ കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയിൽ നിലവിലുള്ളതുകൊണ്ടു, അവരുടെ അംഗീഗരത്തിനു ചിലപ്പോൾ കൊല്ലങ്ങൾ തന്നെയെടുത്തുവെന്നു വരാം. മറ്റു രാജ്യങ്ങളിലും അവരുടേതായ റെഗുലേറ്ററി ഏജൻസികളുണ്ടെങ്കിലും ഇത്തരം നിയന്ത്രണങ്ങൾ കുറവായതുകൊണ്ട് മരുന്നുകൾ അംഗീകരിച്ചു കിട്ടുവാൻ താരതമ്യേന എളുപ്പമാണ്. എന്തിനാണ് ഇത്തരം കർശനമായ നിയന്ത്രണങ്ങൾ? പൊതുജനത്തിന്റെ സുരക്ഷക്ക് വേണ്ടി മാത്രം. ഒരു മരുന്നുകൊണ്ടും ഒരിക്കലും ഒരു രോഗി പോലും മരിക്കാനോ അവർക്ക് അപകടങ്ങൾ സംഭവിക്കാനോ പാടില്ല എന്നതുകൊണ്ടുതന്നെ. വർഷങ്ങളായുള്ള അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത ഇത്തരം വ്യവസ്ഥകൾ രോഗികളുടെ പരിപൂർണ്ണ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

കോവിഡ് 19 -  ഡയഗ്‌നസ്റ്റിക് ടെസ്റ്റ്, മരുന്ന്, വാക്സിനേഷൻ

കോവിഡ്-19 (Corona Virus Disease, 2019ൽ കണ്ടുപിടിച്ചതുകൊണ്ടു, 19) എന്നത് രോഗത്തിന്റെ പേരും, ഈ രോഗത്തിന് കാരണമായ വൈറസിന്റെ പേര് സാർസ്-കോവ്-2 (severe acute respiratory syndrome coronavirus 2, SARS-CoV-2) എന്നുമാണ്. ചൈനയിൽ പൊട്ടിമുളച്ച കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ചു് ലോകാരോഗ്യസംഘടനക്ക് (WHO, World Health Organization) വിവരം ലഭിക്കുന്നത് ഡിസംബർ 31നാണ്. അമേരിക്കയിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 21നാണ്.അപ്പോൾ മുതൽ സാർസ്- കോവ് -2 (SARS-Cov-2) വൈറസിന്റെ ടെസ്റ്റുകൾ കണ്ടുപിടിക്കാനുള്ള പരക്കം പാച്ചിലാണ് ലോകമെമ്പാടുമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. എന്ന് മാത്രമല്ല, കോവിഡ്-19 രോഗം വ്യാപിക്കാൻ തുടങ്ങിയപ്പോൾ, അതിന്റെ ചികിത്സക്കായി അംഗീകരിക്കപ്പെട്ട മരുന്നുകളുമുണ്ടായിരുന്നില്ല.

ഡയഗ്‌നാസ്റ്റിക് ടെസ്റ്റുകൾ

കോവിഡ്-19 രോഗബാധയുടെ തുടക്കത്തിൽ ലോകത്തെവിടെയും വിശ്വാസയോഗ്യമായ, കൊറോണ വൈറസിനെ തിരിച്ചറിയുവാനുള്ള ഒരു ടെസ്റ്റുമുണ്ടായിരുന്നില്ല. കോറോണയുടെ മുൻഗാമികളായ സാർസ്, മെർസ് എന്നീ രോഗങ്ങൾക്കുപയോഗിച്ചിരുന്ന, പല ദശാബ്ദങ്ങളായി നില നിൽപ്പിലുള്ള പൊളിമെറെയ്‌സ് ചെയിൻ റിയാൿഷൻ (PCR) ടെസ്റ്റ്,  കൊറോണയുടെ ടെസ്റ്റിനും വേണ്ടി ഉപയോഗിക്കുകയായിരുന്നു. കോവിഡ് -19 റിപ്പോർട്ട് ചെയ്തതിനു ശേഷം,  ർ. ടി- പി സി ർ (RT-PCR,  Reverse Transcription PCR ) എന്ന സാർസ്- കോവ് -2  വൈറസിന് നിശ്ചിതമായ ടെസ്റ്റ് ആദ്യം ബെർലിനിലും, പിന്നീട് യുണൈറ്റഡ് കിംഗ്ടം (UK), സൗത്ത് കൊറിയ, ചൈന എന്നീ രാജ്യങ്ങളിലും വികസിപ്പിച്ചെടുക്കുകയാണുണ്ടായത്. അമേരിക്കയിലും സിഡിസി (CDC, Center for Disease Control) മുഖാന്തിരം ഇത്തരം ടെസ്റ്റിനുള്ള കിറ്റുകൾ ലഭിച്ചിരുന്നുവെങ്കിലും തുടക്കത്തിൽ ഈ ടെസ്റ്റുകളുടെ ചില അപാകതകൾ കാരണം രോഗഫലങ്ങൾ സൂക്ഷ്മമായും തിട്ടപ്പെടുത്താൻ കഴിയാതിരുന്നതിനാൽ ഒരു ദിവസം 100 ടെസ്റ്റുകൾ മാത്രമേ ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളൂ.

2020, മാർച്ച് 13നാണ് US FDA, റോഷ് ഡായഗ്നോസ്റ്റിക്ക്‌സിന്റെ (Roche Diagnostics) കോബാസ് 6800/8800 സിസ്റ്റം (Cobas6800/8800) സാർസ്-കോവ്-2 വിന്റെ ടെസ്റ്റിന് വേണ്ടി അംഗീകരിച്ചത്. ഒരു ദിവസത്തിൽ 4128 ടെസ്റ്റുകൾ 3.5 മണിക്കൂറിനുള്ളിൽ Coba8800 സിസ്റ്റത്തിനും, 1440 ടെസ്റ്റുകൾ Coba6800 സിസ്റ്റത്തിനും പൂർത്തിയാക്കാൻ കഴിയും. രോഗിയുടെ മൂക്കിൽ നിന്നോ, തൊണ്ടയിൽ നിന്നോ സ്വാബ് ചെയ്‌തെടുക്കുന്ന സാമ്പിൾ, ടെസ്റ്റിംഗ് സെന്ററുകളിലെ ലബോറട്ടറികളിൽ എത്തിക്കണം എന്നൊരു കുറവ് ഇതിനുണ്ടെങ്കിലും ഏറ്റവും അധികം സാമ്പിളുകൾ ഒരേ സമയത്തു് ടെസ്റ്റ് ചെയ്യാൻ കഴിയുമെന്നത് ഇതിന്റെ വലിയൊരു മെച്ചം തന്നെയാണ്. മാർച്ച് 21 ന്,  കാലിഫോർണിയയിലെ സെഫിഡ് Inc (Cepheid Inc) എന്ന കമ്പനിയുടെ 45 മിനിറ്റുകൊണ്ട് ഫലം തരുന്ന മറ്റൊരു മെഷീനും FDA അംഗീകരിച്ചിട്ടുണ്ട്.

മാർച് 29 ന്,  ആബട്ട് ലബോറട്ടറിയുടെ (Abbott Labs), ഒരു ടോസ്‌റ്ററോളം  (Toaster) മാത്രം വലുപ്പമുള്ള, അഞ്ചു മിനിറ്റിനുള്ളിൽ രോഗഫലം (positive) അറിയിക്കാൻ കഴിയുന്ന മെഷീനും (Abbott ID NOW COVID-19 Test) FDA അപ്പ്രൂവ് ചെയ്തു. രോഗിയുടെ അടുത്തേക്ക് കൊണ്ട് വരാൻ സാധിക്കുന്ന ഈ മെഷീൻ ( Point of Care), എമർജൻസി യൂസ് ഓതറൈസേഷൻ (Emergency Use Authorization) വഴി വേഗത്തിൽ അപ്പ്രൂവ് ചെയ്തപ്പോൾ, അമേരിക്കയിൽ ഇപ്പോൾ കൂടുതൽ ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യമുണ്ട്. മറ്റു പല കമ്പനികളും, ഏകദേശം 230 സാർസ്-കോവ്-2 വൈറസ് ടെസ്റ്റുകളുടെ വികസനത്തിലാണ് ഇപ്പോൾ.


മരുന്നുകൾ

കൊറോണ വൈറസിനെതിരെ ഈ വർഷം മാർച്ച് 30 വരെ

അമേരിക്കയിൽ അംഗീകരിച്ച മരുന്നുകളൊന്നും തന്നെയുണ്ടായിരുന്നില്ല. മാർച്ച് 30 നാണ് FDA, 45 കൊല്ലം പഴക്കമുള്ള, മലേറിയ ചികിത്സക്കുപയോഗിച്ചിരുന്ന രണ്ടു മരുന്നുകൾ ചെറിയൊരു പഠനത്തിന് ശേഷം, അടിയന്തിരാവസ്ഥയിൽ മാത്രം അംഗീകരിക്കുന്ന മാർഗത്തിലൂടെ അപ്പ്രൂവ് ചെയ്യുകയുണ്ടായത്.

ഹൈഡ്രോക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നീ മരുന്നുകളാണ് ഇവ. കോവിഡ്

-19 രോഗത്തിന് ഈ മരുന്നുകളുടെ ഫലം മുഴുവനും സ്ഥിരീകരിച്ചിട്ടില്ല എന്ന് FDA

പറയുകയുണ്ടായി. പഠനം തുടരുകയാണ്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ എഛ് ഐ വി (HIV), മലേറിയ എന്നിവക്ക് നിലവിലുള്ള ആന്റിവൈറൽ ലുകൾക്കു പുറമെ അസിത്രോമൈസിൻ (Azithromycin) പോലെയുള്ള ആന്റിബയോട്ടിക്‌സുകളും ചേർത്തുള്ള സമ്മിശ്ര മരുന്നുകളുടെയും ഗവേഷണത്തിലാണ് ഇപ്പോൾ.  

 

വാക്‌സിൻ

ഇവക്കെല്ലാം സമാന്തരമായി, കോറോണയെ ചെറുത്ത് നിൽക്കാനുള്ള വാക്‌സിനേഷൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുപ്പത്തിയഞ്ചോളം  ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. ഇതിനു മുൻപന്തിയിൽ നിൽക്കുന്നത്, മൊഡേർണ Inc. (Moderna Inc.) എന്ന അമേരിക്കൻ കമ്പനിയാണ്. March 16 ന് ജെന്നഫർ ഹാളേർ (Jennifer Haller) എന്ന വളന്റിയറിൽ കുത്തിവെച്ചുകൊണ്ടു വാക്‌സിനേഷന്റെ ക്ലിനിക്കൽ സ്റ്റഡിക്ക് (ആദ്യമായി മനുഷ്യരിൽ കുത്തി വെച്ചുള്ള പരീക്ഷണം) തുടക്കമിട്ടു. സാധാരണ നടത്താറുള്ള അനിമൽ സ്റ്റഡി (മനുഷ്യരിൽ കുത്തിവെക്കുന്നതിനു മുൻപേ, മൃഗങ്ങളിൽ കുത്തിവെച്ചുള്ള പഠനം) ചെയ്യാതെയാണ് മൊഡേർണക്ക് ഇതിനുള്ള അംഗീകാരം FDA കൊടുത്തത്. ചുരുങ്ങിയത് 18 മാസമെങ്കിലുമെടുക്കും വാക്സിൻ പുറത്തിറങ്ങാനെങ്കിലും, അടിയന്തരാവസ്ഥകളിൽ, വേഗത്തിൽ അപ്പ്രൂവ് ചെയ്യുന്ന പദ്ധതി മുഖേന ആദ്യത്തെ വാക്സിനേഷൻ ബാച്ച് ഈ വർഷം ഒക്ടോബർ/നവംബറിൽ അംഗീകരിക്കപ്പെടുമെന്നും, അത് ഇവിടുത്തെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി മാറ്റി വെക്കുമെന്നും അധികൃതർ പറയുന്നുണ്ട്.

കോവിഡ്-19 എന്ന മഹാമാരി ലോകത്തെമ്പാടും ആഞ്ഞടിക്കുമ്പോൾ, അതിനുള്ള ടെസ്റ്റുകളും മരുന്നുകളും, പ്രതിരോധത്തിനുള്ള വാക്സിനേഷനും എന്ത് കൊണ്ട് പെട്ടെന്ന് തയാറാകുന്നില്ല എന്നുള്ള ചോദ്യത്തിന് ചുരുങ്ങിയൊരുത്തരം മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ സംരഭങ്ങളെ വിജയിപ്പിക്കാൻ, തിരശീലക്ക് പിറകിൽ ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരടക്കം അനേകം പേർ രാപകലില്ലാതെ ജോലിയെടുക്കുന്നുണ്ടെന്നു നമ്മൾ ഓർക്കണം. ഭൂമിയിൽ പലയിടങ്ങളിലായി, ഓരോ കാലങ്ങളിൽ പുറത്തു് വരുന്ന  പുതിയ രോഗങ്ങളെ ചെറുത്തു് നിൽക്കാനുള്ള മരുന്നുകളും ഉപകരണങ്ങളും കണ്ടു പ്രിടിക്കാൻ ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ഇവരെക്കുറിച്ചു പുറംലോകത്തിനുള്ള അറിവ് പരിമിതമാണ്. വാഴ്ത്തപ്പെടാത്തവരുടെ ലോകമാണ് അവരുടേതെന്നു കൂടി ഞാൻ എടുത്തു പറയട്ടെ.  

(ചിക്കാഗോയിൽ ശാസ്ത്രജ്ഞയാണ് ലക്ഷ്മി നായർ)
Join WhatsApp News
Bindu Tiji 2020-04-02 21:50:35
Lakshmy, കോവിഡ് രോഗത്തെയും മരുന്നുകളെയും, വാക്‌സി നെയും ടെസ്റ്റ് കളുടെ ലഭ്യത യെയും കുറിച്ച് ധാരാളം വ്യാജ പ്രചാരണങ്ങൾ നടക്കുന്ന ഇക്കാലത്ത് ഇതുപോലെ ഒരു ലേഖനം അനിവാര്യമായിരുന്നു . അമേരിക്ക യുടെ റെഗുലേറ്ററി സംവിധാനങ്ങളും ഗുണനിലവാര നിയന്ത്രണവും പൊതുവെ പുറം ലോകത്തിനു അറിവില്ല . അത് മരുന്നിൽ മാത്രമല്ല മറ്റു ഏതു മേഖലയിലും . അവിടെയെല്ലാം ടെസ്റ്റ് ഉണ്ട് , അമേരിക്ക യ്ക്ക് ഇല്ല അവിടെയെല്ലാം മരുന്നുണ്ട് അമേരിക്കയ്ക്കില്ല എന്ന പ്രചാരണങ്ങൾക്ക് നല്ലൊരു വ്യക്തത നൽകി. Thanks and Congratulations.
Anthappan 2020-04-02 22:28:25
It doesn't matter what scientists, doctors, nurses, and technicians are doing, there are politicians and God, guarded by religions are waiting there to take the credit for it. If Trump had delegated his responsibility to the scientific community it would not have gotten this much aggregated. But, unfortunately we elect these morons again and again. Kudos to all the health care workers and scientists working hard to find a vaccine for this deadly virus. "They may forget your name, but they will never forget how you made them feel."Maya Angelou
josecheripuram 2020-04-02 22:58:11
We are born to die,then by death we born again.I was here at the start&at the end.
Varughese Abraham Denver 2020-04-03 17:40:29
You said it all Ms.Nair. This article should be made available to all malayalees. It is very timely and congratulations! Varghese Abraham Denver (A Retired Pharma Employee)
Ray Nair 2020-04-04 07:48:30
I read the article about COVID 19 medicine development and about the efforts thousands of professionals are undertaking. It was very informative and useful. Expect many more articles from you. Appreciated this one very much.
ഏറ്റവും നല്ല ഐറ്റം 2020-04-04 15:48:50
കോവിഡ് സംബന്ധിച്ച ഏറ്റവും നല്ല ഐറ്റം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക