Image

വീട് ജീവിതം. ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവര്‍! (മീനു എലിസബത്ത്)

Published on 04 April, 2020
വീട് ജീവിതം. ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവര്‍! (മീനു എലിസബത്ത്)
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വീട്ടിലിരിക്കുമ്പോള്‍ ഇതുവരെ നേരം വെളുത്തിട്ടില്ലാത്തവരെക്കുറിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി ഒരു പ്രസംഗത്തില്‍ പറയുകയുണ്ടായി. അന്നത് ഒരു ചെറു ചിരിയോടെയാണ് കേട്ടതെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ ആ പ്രയോഗം കടമെടുത്തു കൊണ്ട് പറയേണ്ടി വരുകയാണ്. ഇവിടെ അമേരിക്കയിലും ചിലര്‍ക്കെങ്കിലും ഇത് വരെനേരം വെളുത്തിട്ടില്ല.

ഈ ലോക് ഡൗണ്‍ കാലത്തു ആര്‍ക്കാണ് പ്രധാനമായും നേരം വെളുക്കാത്തത്? അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇനിയും നേരംവെളുക്കാത്തതു പ്രധാനമായും ഇവിടുത്ത കുറെ ചെറുപ്പക്കര്‍ക്കും കൗമാരക്കാര്‍ക്കുമാണ്.

വിദ്യാഭ്യാസ സ്ഥാപങ്ങള്‍ മാര്‍ച്ച് ആദ്യത്തെ ആഴ്ച സ്പ്രിങ്ങ് ബ്രേക്ക് കാലത്തു അടച്ചതാണ്. ആ സമയങ്ങളിലെല്ലാംകൊറോണവുഹാനില്‍ അതിന്റെ മൂര്‍ധന്യത്തില്‍ താണ്ഡവമാടുന്ന സമയം.ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും സ്‌പെയിനിലേക്കുംമെല്ലെ മെല്ല കോവിഡ്കടന്നു വന്നു വരുന്നതിന്റെവാര്‍ത്തകള്‍. അന്ന് കൂട്ടും കൂടി സ്പ്രിങ്ങ് ബ്രേയ്ക്ക് ആഘാഷിക്കാന്‍ പോയ നല്ല ശതമാനം ചെറുപ്പക്കര്‍ക്കും ഇപ്പോള്‍ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളില്‍ കാണുന്നു.

ആഴ്ചകള്‍കടന്നു പോയി. മിക്ക സംസ്ഥാനങ്ങളിലും ഒന്നര ആഴ്ചയായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ഗവര്‍ണര്‍മാരും സിറ്റി മേയര്‍മാരും മുന്‍ കരുതലിന്റെ ഭാഗമായിപ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നുള്ള ഓര്‍ഡര്‍ ഇറങ്ങി. എവിടെ? മിലേനിയല്‍സ് എന്ന് ഓമന വിളിപ്പേരുള്ള ഈ യുവജനതക്കു ഇത് വല്ലതും തലയില്‍ കയറുമോ? രാത്രി മുഴുവന്‍ ഫോണിലും, ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളിലും കളിച്ചിരിക്കുന്ന മിക്ക മില്ലേനിയല്‍സുംഉറങ്ങിയെഴുന്നേറ്റു വരുമ്പോള്‍ ഉച്ചക്ക് പന്ത്രണ്ടു-ഒരു മണി. ഈ ലോകത്തെന്തു നടക്കുന്നുവെന്നോ, ലോക്ക് ഡൗണ്‍ ആണെന്നോ ഉള്ള വിവരമൊക്കെ അറിഞ്ഞാല്‍ തന്നെ, ഒരു 'ഹു കെയര്‍സ്' മനോഭാവം. വണ്ടിയുമെടുത്തു പിന്നെയങ്ങു ഇറങ്ങുന്നു. കൂട്ടുകാരുടെ വീടുകളിലോ വല്ല പാര്‍ക്കുകളിലോ ഒക്കെ കറക്കം. റസ്റ്റോറന്റുകള്‍ അടവായതിനാല്‍ ഡ്രൈവ് ത്രൂ കളിലൂടെഭക്ഷണം വാങ്ങി. പാര്‍ക്കുകളിലും ഒഴിഞ്ഞ കടകളുടെ പാര്‍ക്കിങ്ങ് ലോട്ടുകളിലും കൂട്ടം കൂടി സൊറ പറച്ചില്‍.

ഞങ്ങളുടെ പ്രദേശമായ വൈലിയിലോ അതിന്റെ അടുത്ത പ്രദേശങ്ങളിലോ ഒന്നും ഇത്വരെ ഒരു പോലിസും ഇവരെയൊന്നും, തടഞ്ഞു നിര്‍ത്തുന്നതായോ, എവിടെ പോകുന്നു എന്തിന് പോകുന്നുവെന്ന് തിരക്കുന്നതായോ കാണുന്നില്ല. വീട്ടിലിരിക്കാത്തവരെ കേരളാപോലീസ് തല്ലിയും അടിച്ചും, വീട്ടിലിരുത്തുന്നത് കണ്ടാപ്പോള്‍ ഇവിടെയും പോലിസുകാര്‍ എന്തെ ഒന്ന് തടഞ്ഞു നിര്‍ത്തുക പോലും ചെയ്യുന്നില്ലയെന്നു ആലോചിച്ചു പോയി.

പല സംസ്ഥാങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ് സ്ഥിതി എന്ന് പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
അമേരിക്കയിലെ ചെറുപ്പക്കാര്‍ക്ക് ക്വാറന്റീനൊന്നും ഒരു പ്രശ്‌നമായി തോന്നുന്നില്ല. കൊറോണ തന്നെ അവര്‍ക്കൊരു പ്രശനമല്ല. ആരെയും കൂസലില്ലാത്ത ആറ്റിട്യൂഡ് നല്ലതു തന്നെ. പക്ഷെ അവര്‍വെളിയില്‍ ഇറങ്ങി നടന്നുകൂട്ടിക്കൊണ്ടു വരുന്ന കോവിഡ് 19 വൈറസിന്റെ ആക്രമണം നേരിടുന്നത്പ്രായമുള്ള മാതാപിതാക്കളും, മറ്റു അണ്ടര്‍ലൈന്‍ ആരോഗ്യ പ്രശ്ങ്ങളുള്ളവരുമായിരിക്കും. ഇവര്‍ക്ക് യാതൊരു രോഗ ലക്ഷങ്ങളും, കാണണമെന്നില്ലങ്കില്‍ കൂടി ഇവര്‍ വാഹകരായിരിക്കും. ഇവര്‍ക്കൊരു പക്ഷെ കൊറോണപ്പനി വന്നു കൊള്ളണമെന്നു കൂടിയില്ല. എന്തിനു ഒരു തല വേദന പോലും കാണില്ല. പക്ഷെ ആരോഗ്യപ്രശനങ്ങള്‍ ഉള്ളവരുടെകാര്യം അങ്ങനെയല്ലല്ലോ. ഇറ്റലിയിലെ ജനങ്ങള്‍ക്ക് സംഭാവിച്ചതും ഇത് തന്നെയായാരിന്നു. ക്വാറന്റിന്‍ സമയം അവര്‍ കൂട്ടും കൂടി പാര്‍ട്ടി നടത്തി നടന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതാരാണ് ഈചെറുപ്പക്കാരെഒന്ന് മനസിലാക്കി കൊടുക്കുക.? അമേരിക്കയിലെ മലയാളി മത സ്ഥാപനങ്ങളിലൊക്കെ കുറെ ചെറുപ്പക്കാര്‍ സജീവമായി പങ്കെടുക്കുന്നവരാണ്. അത് പോലെ സ്‌പോര്‍ട്‌സ് ക്ലബ്ബ്കളും.മാതാപിതാക്കള്‍ പറഞ്ഞു വിലാക്കാഞ്ഞിട്ടാണെന്നു തോന്നുന്നില്ല. തല്‍ക്കാലം ഇവരുടെ യൂത്ത് വിങ്ങുകളുടെ നേതൃ നിര തന്നെ ഈ ബോധവല്‍ക്കരണത്തിനു മുന്നോട്ടുവന്നേ പറ്റു.

ഇത് കാണുമ്പോള്‍ കിലുക്കം സിനിമയിലെ വളരെ തമാശ നിറഞ്ഞ ഒരു ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. .
'അയ്യോ ആരെങ്കിലും ഈ യുവതലമുറയോടൊന്നു പറയു.. ഇങ്ങിനെ വെളിയില്‍ഇറങ്ങി നടന്നു നടന്നു നിങ്ങള്‍ വീട്ടിലേക്കു കോവിഡിനെ കൂട്ടിക്കൊണ്ടു വരുമെന്ന്.'

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോവിഡിനങ്ങിനെവലുപ്പച്ചെറുപ്പംഒന്നുമില്ലന്നാണ്.ഏത് പ്രായക്കാരും കോവിഡിന് പ്രിയം. അത് കൊണ്ട് എല്ലാവരും ജാഗരൂഗരായിരിക്കുക.

ഈ കാര്യങ്ങളെഴുതുന്നതു വഴി അമേരിക്കയെ താഴ്ത്തിക്കെട്ടുകയാണ് എന്നുള്ള വാദവുമായി ദയവു ചെയ്തു വരാതിരിക്കുക. ലേഖിക മുപ്പത്തി അഞ്ചു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നവരുംഇന്ത്യയെയും അമേരിക്കയെയും ഒരുപോലെ സ്‌നേഹിക്കുന്നയാളുമാണ്. സമൂഹ നന്മയെമുന്‍ നിര്‍ത്തി പറയേണ്ടചില കാര്യങ്ങള്‍ പറഞ്ഞെ പറ്റു. എഴുത്തുകാരുടെ പടലപ്പിണക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ലിത്.

ലോക ആരോഗ്യ മേഖലയും ഇന്ത്യന്‍ സമൂഹവും സാഹിത്യ ലോകവും ഒരു പോലെ അംഗീകരിച്ച ചില മലയാളികള്‍ദൃശ്യ മാധ്യമങ്ങളിലൂടെയും അക്ഷര മാധ്യമങ്ങളിലൂടെയും ലോകത്തിനു അറിവ് പകര്‍ന്നു കൊടുക്കുമ്പോള്‍ അവര്‍ അമേരിക്കന്‍ മലയാളികളാണെന്നുള്ളത് നമുക്ക് അഭിമാനത്തിന് വകയേകുന്നു.

ഇവിടെ നിന്നും ഇന്ത്യയിലേക്ക്വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ ചില അതിശയോക്തികളും അമേരിക്കന്‍ വിരുദ്ധതയുമിക്കെ ഉണ്ടെന്നുള്ളതിനെ കുറച്ചു കാണുന്നില്ല. എങ്കിലും സത്യങ്ങളും വസ്തുതകളും കാണാതെപോകരുത്. ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ മാധ്യമങ്ങള്‍ ഭരണാധികാരികളോട് നിരന്തരം ചോദിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഭരണകൂടത്തിനെതിരെ ലോകമെമ്പാടുംനിന്നും വന്നതരംവിമര്‍ശങ്ങളിലൂടെയും ശബ്ദമുയര്‍ത്തലിലൂടെയുമാണ് വൈകിയാണെങ്കിലും രാജാവ് തന്റെ നഗ്നത തെല്ലൊന്നു മറക്കാന്‍ തീരുമാനിച്ചത്.

ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. അമേരിക്കയിലെ ഭരണകൂടത്തിനും സാരഥിക്കും സമയത്തിനും കാലത്തിനും നേരം വെളുത്തിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ന്യൂ യോര്‍ക്കിലെ സ്ഥിതി ഇങ്ങിനെ ആകുമായിരുന്നില്ല. മൂന്നാഴ്ചയിലെ കാലതാമസത്തിനു നമ്മള്‍ കൊടുക്കാന്‍ പോകുന്ന വില... ഓരോരുത്തരും ഊഹിച്ചു കൊണ്ടാല്‍ മതി. ഭരണാധികാരികളുടെ ചില പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കാതെ തന്നെ ഭീതി ഉളവാക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് പറയുന്നത് നമുക്ക് അതി ജീവിക്കണം.അതിജീവിച്ചെ പറ്റു. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ചു തന്നെ മുന്നോട്ടു പോകാം.കാരണം നമ്മുടെ ജീവന്‍ കാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പകച്ചു നില്‍ക്കുന്ന അവസ്ഥയില്‍ നമുക്ക് നാം മാത്രമേഉണ്ടാവു.
meenuelizabeth@yahoo.com
വീട് ജീവിതം. ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവര്‍! (മീനു എലിസബത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക