Image

ഇത് ചതി ആയിപ്പോയി നേതാക്കളെ, ഞങ്ങളുടെ മാനം പോയിക്കിട്ടി (ത്രിശങ്കു)

Published on 04 April, 2020
ഇത് ചതി ആയിപ്പോയി നേതാക്കളെ, ഞങ്ങളുടെ  മാനം പോയിക്കിട്ടി   (ത്രിശങ്കു)
അമേരിക്ക ഒരു ഭയങ്കര സംഭവം ആണെന്നും അതില്‍ തന്നെ ന്യു യോര്‍ക്ക് എന്നു പറഞ്ഞാല്‍ അതിഭയങ്കര സംഭവം ആണെന്നുമാണ്  ഈയുള്ളവന്‍ കേരളത്തിലുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കുന്നത്. അവരാരും അമേരിക്കയില്‍ വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഒരല്പം കൂട്ടി പറഞ്ഞു. അതൊക്കെ കേട്ട് വാ പൊളിച്ച ചില പരിചിത മുഖങ്ങള്‍ ഓര്‍മ്മ വരുന്നു. വമ്പന്‍ വീട് (ഇവിടത്തെ കണക്കില്‍ ശരാശരി), മുറികളിലെല്ലാം ടിവി, കമ്പ്യൂട്ടര്‍, പിന്നെ പല കാറുകള്‍....അങ്ങനെ എന്തൊക്കെ. (മാസം മോര്‍ട്ട്‌ഗേജ് കൊടുക്കാന്‍ പാടു പെടുന്നത് മിണ്ടിയിട്ടില്ല!)

നാട്ടില്‍ ചെല്ലുമ്പോള്‍ ഇവിടത്തേക്കാള്‍ എത്രയൊ ഉന്നത നിലയിലാണ് പലരുമെന്നു കണ്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ അല്ലറ ചില്ലറ പൊങ്ങച്ചം പറയാതെ പിടിച്ചു നില്ക്കാനാവുമോ? പക്ഷെ പത്തു രൂപ ആര്‍ക്കെങ്കിലും കൊടുക്കുന്നത് അമേരിക്കക്കാരന്‍ തന്നെ.

അങ്ങനെ ഉണ്ടാക്കി വച്ച ഇമേജിലേക്കാണ് ഈ കൊറോണ എന്ന ചതി വന്നു ചാടിയിരിക്കുന്നത്. മാനം പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. നാട്ടില്‍ ഇരിക്കുന്നവര്‍ക്കണെങ്കില്‍ അമേരിക്കക്കിട്ട് ഒരു പണി കിട്ടുന്നത് കണ്ടാല്‍ മതി

ന്യു യോര്‍ക്ക് സിറ്റിയിലെ ആശുപത്രികളില്‍ മ്രുതദേഹങ്ങള്‍ അട്ടിയിട്ടിരിക്കുന്നു, ചികില്‍സ കിട്ടാതെ ജനം ചത്തു വീഴുന്നു തുടങ്ങി ആകെ ഡിപ്രസിംഗ് ആയ വാര്‍ത്തകള്‍ വീഡിയോ സഹിതമാണ് ലോകമെങ്ങും പരക്കുന്നത്. വെറും വാര്‍ത്ത ആയിരുന്നെങ്കില്‍ പറഞ്ഞു നില്ക്കാമായിരുന്നു. വീഡിയോ എന്തു ചെയ്യും

ഇന്ത്യയിലും കേരളത്തിലും സ്ഥിതി ഇതു പോലെ ആയിരുന്നെങ്കിലും സാരമില്ലായിരുന്നു. പക്ഷെ അതല്ലല്ലൊ സ്ഥിതി.

ആലോചിച്ചു നോക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളെയോ ജനത്തെയൊ കുറ്റം പറയുന്നില്ല. ഈയുള്ളവനും അവിടെ ഇരുന്ന് മധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെയെ എഴുതുമായിരുന്നുള്ളു.

പക്ഷെ ഇത് കൊണ്ട് അമേരിക്ക തകര്‍ന്നെന്നോ ലോക പോലീസിന്റെ തൊപ്പി ഊരി വച്ചെന്നോ ഒന്നും അര്‍ഥമില്ല. മാത്രമല്ല, ഇതൊരു കേമത്തം പറയാനുള്ള സമയവുമല്ല.

ചുറ്റിലും മനുഷ്യര്‍ മരിച്ചു വീഴുന്നു. നാളെ ആരുടെ ഊഴമാണ്. ആര്‍ക്കൊക്കെ കോവിഡ് വരാം? വന്നാല്‍ അത്രയൊക്കെ പേടിക്കണോ?

ഈ ഒരവസ്ഥ വന്നതില്‍ ഈയുള്ളവനു അമര്‍ഷം തോന്നുന്നുണ്ട്. മരണം ഒരു തമാശക്കാര്യമോ? മരണം ഇനിയും കൂടുകയേ ഉള്ളു എന്നാണു പ്രസിഡന്റ് ട്രമ്പും, ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുവോമൊയും ന്യു ജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോയും പറയുന്നത്.

അത് തടയാന്‍ എന്തു നടപടിയാണ് എടുത്തത്? സംഭവിക്കാവുന്നതൊക്കെ മുന്‍ കൂട്ടി കാണാനല്ലെ വിദഗ്ദരും ഉദ്യോഗസ്ഥ മേധാവികളും?  

വുഹാനില്‍ വന്‍ തോതില്‍ നാശം വിതച്ച വൈറസ് ഇവിടെ എത്തുമെന്ന് അറിയാന്‍ കോമണ്‍ സെന്‍സ് മതി. ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിയപ്പോഴേക്കും വൈറസ് ഇവിടെ എത്തിക്കഴിഞ്ഞു. അത് പിന്നെ ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വഴിയും വന്നു കൊണ്ടിരുന്നു.

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയവര്‍ക്ക് ഒരു പരിശോധനയും നടത്തിയില്ല. ഒരു ബോധവല്ക്കരണവും ചെയ്തില്ല.

ന്യു യോര്‍ക്ക് സിറ്റിയില്‍ എന്തു കൊണ്ടാണ് രോഗം ഇത്ര കൂടിയത്? വുഹാനില്‍ നിന്ന് വിമാനം പിടിച്ചാണു വൈറസ് വന്നതെങ്കില്‍, ന്യു യോര്‍ക്കില്‍ അത് ട്രയിന്‍ പിടിച്ചാണു പടര്‍ന്നത്. നഗരത്തിന്റെ ജീവനാഡി തന്നെയാണ് സബ് വേ ട്രയിന്‍ സര്‍വീസ്. തിങ്ങി നിറഞ്ഞ് ആള്‍ സഞ്ചരിക്കുന്നു. അതില്‍ ആര്‍ക്കാണു വൈറസ് ബാധ എന്നു എങ്ങനെ അറിയും? ഇനി വൈറസുള്ളവര്‍ സ്പര്‍ച്ശിച്ച സ്ഥലത്ത് പിന്നീട് ആളുകള്‍ തൊടുമ്പോള്‍ അവര്‍ക്കും വൈറസ് ബാധിക്കുന്നു.

അപ്പോള്‍ മുന്‍ കരുതല്‍ എടുക്കാന്‍ സബ് വേയെ നിയന്ത്രിക്കുന്ന ന്യുയോര്‍ക്ക്-ന്യു ജെഴ്‌സി ഗവര്‍ണര്‍മാരും ന്യു യോര്‍ക്ക് സിറ്റി മേയറും നടപടി എടുക്കേണ്ടതായിരുന്നില്ലേ? അവിടെ നിയന്ത്രണം കൊണ്ടു വരാനോ സര്‍വീസ് നിര്‍ത്താന്‍ പോലുമോ അവര്‍ക്കാകുമായിരുന്നു, അതിനു പ്രസിഡന്റിന്റെ അനുമതിയും ആവശ്യമില്ലായിരുന്നു എന്നു കരുതുന്നു. സബ് വേ സര്‍വീസ് തുടര്‍ന്നതിനു നൂറു ന്യായം കാണും. പക്ഷെ ഇപ്പോള്‍ എന്തു സംഭവിച്ചു?

റിപ്പബ്ലിക്കന്‍ അല്ലെങ്കിലും പ്രസിഡന്റ് ട്രമ്പിനോടു ത്രിശങ്കുവിനു വിരോധമൊന്നുമില്ല. ചില നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നു. പക്ഷെ ഇത്തരമൊരു മഹാമാരിയെ നേരിടാനുള്ള ഒരു നേത്രുത്വവും ഇതു വരെ കണ്ടില്ല. ഒബാമ ആയിരുന്നു പ്രസിഡന്റ് എങ്കിലൊ?

സത്യത്തില്‍ പബ്ലിക്ക് ഓഫീസ് കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ ആയിരിക്കണം നേത്രുസ്ഥാനങ്ങളിലൊക്കെ വരേണ്ടതെന്നു തോന്നിയിട്ടുണ്ട്. ട്രമ്പ് മികച്ച ബിസിനസ്മാനാണ്. അതിനാല്‍ ഇലക്ഷനു വിജയിക്കാന്‍ വേണ്ട ചേരുവകള്‍ അദ്ധേഹത്തിനു നന്നായി അറിയാമയിരുന്നു. അസ്ംത്രുപതരായ വെള്ളക്കാരുടെ പിന്തുണ നേടാന്‍ അദ്ധേഹത്തിനു കഴിഞ്ഞു. ഇല്ലീഗല്‍ ഇമ്മിഗ്രേഷന്‍ തുടങ്ങി പലതിലും മാറ്റങ്ങളും വരുത്തി. പക്ഷെ ഇതു പോലൊരു മഹാമാരിയുടെ സൂചന കണ്ടപ്പോള്‍ തന്നെ നടപടികള്‍ ആരംഭിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദ്യം?

ന്യു യോര്‍ക്ക് -ന്യു ജെഴിസ് ഗവര്‍ണര്‍മാര്‍ക്കും സിറ്റി മേയര്‍ക്കും അതാകാമായിരുന്നു. അതൊന്നും കണ്ടില്ല. ഇന്ത്യയിലെ പോലെ ലോക്ക് ഡൗണ്‍ ഒന്നും ഇവിടെ പറ്റില്ല. പക്ഷെ മറ്റു മുന്‍ കരുതലുകള്‍ ആവാമായിരുന്നില്ലെ? എത്ര അമാന്തിച്ചാണു മേയര്‍ സിറ്റിയിലെ സ്‌കൂളുകള്‍ പൂട്ടിയത്

എന്തായാലും അമേരിക്കക്കു ഒരു ദോഷം വന്നാല്‍ ജനം ചിരിക്കും. അത് സഹിച്ചേ പറ്റു. അത് കാണുമ്പോള്‍ പുത്തന്‍ അമേരിക്കക്കാരായ നമുക്കു കലി കയറുകയും ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക