Image

നന്നാവാം നമുക്ക് - ആൻസി സാജൻ

Published on 06 April, 2020
നന്നാവാം നമുക്ക് - ആൻസി സാജൻ
ഇന്ത്യയൊട്ടാകെ ഇന്നലെ രാത്രിയിൽ ദീപങ്ങൾ തെളിയിച്ചു... വ്യത്യസ്ത ആശയങ്ങളുള്ളവർ പോലും ഭാരതത്തെ പ്രതി ആണ് അതിനൊരുങ്ങിയത്. ഐക്യത്തിന്റെ ഒരാഹ്വാനം ചെവിക്കൊണ്ടു എന്നതല്ലാതെ ഈ രോഗഭീതിക്ക് അതു വഴി ശമനമുണ്ടാകാൻ വഴിയില്ല.
     കഷ്ടപ്പാടിന്റെ കുരുക്കുകൾ കൂടുതൽ മുറുകുന്ന ലക്ഷണങ്ങളാണ് കാണുന്നത്. സകല പ്രവൃത്തികളും നിർത്തി വീടുകൾക്കുള്ളിലാണിന്ന് ലോക ജനത.ഉള്ളതെല്ലാം എടുത്ത് കൈകാര്യം ചെയ്ത് ഈ ദുരിതകാലം കടക്കാൻ ശ്രമിക്കയാണ് നാം. എത്ര കാലമെന്നറിയില്ല.
    ഇപ്പോൾ ഒരു വിധം ഭംഗിയായി കാര്യങ്ങൾ പോകുന്നു.( നടന്നുവലഞ്ഞ് മരിച്ചും മരിക്കാതെയും വീടെത്താൻ ശ്രമിക്കുന്നവരെയും സർക്കാരിന്റെ ഔദാര്യങ്ങളോർത്ത് മാത്രം ജീവിക്കുന്നവരെയും മറന്നല്ല പറയുന്നത് )
എന്നാൽ ഈ കാലം കഴിയുമ്പോൾ നമ്മെ കാത്തിരിക്കുന്നത് വലിയ വറുതി ആയിരിക്കുമോ...?
തൊഴിലിടങ്ങളെല്ലാം അടയ്ക്കപ്പെട്ടിരിക്കുന്നു. ഒരു നിർമ്മാണ പ്രവൃത്തിയും നടക്കുന്നില്ല. അനേകർക്ക് തൊഴിൽ നഷ്ടപ്പെടേണ്ടി വരില്ലേ ...
ജോലിക്ക് കാത്തിരുന്ന് പ്രതീക്ഷ പുലർത്തിയവർക്ക് അവസരങ്ങൾ പൊയ് പോയെന്നു വരാം.നിലവിലുള്ള ശമ്പളം കയ്യിൽ കിട്ടാതെ ഇനി കിട്ടുമോ എന്നതുറപ്പില്ലാതെ എത്രയോ പേർ ..!
നമ്മളെങ്ങനെ തരണം ചെയ്യും.. ഇതൊക്കെ...?
   വിത്തെടുത്ത് ഭുജിക്കുന്ന അവസ്ഥയാണിപ്പോൾ. നാളേയ്ക്കുള്ള കരുതലുകൾ ശൂന്യമായാൽ മുന്നോട്ടുള്ള യാത്ര എത്രയോ ദുഷ്കരമാവും.
      ജീവിത രീതികളിൽ കൈമോശം വന്ന നന്മകളെ നമ്മൾ തിരികെ വിളിക്കേണ്ടതുണ്ടെന്നു തോന്നുന്നു. എത്രയൊക്കെ, എന്തൊക്കെ ഉണ്ടായിരുന്നവരാണ് നാം. എത്ര വേഗം കണ്ണടച്ചു തുറന്നാലെന്ന പോലെയാണ് എല്ലാം തകിടം മറിഞ്ഞത്. ആയുധമുപയോഗിച്ചുള്ള യുദ്ധമായിരുന്നെങ്കിൽ നിഷ്പ്രയാസം ജയിച്ച് വെന്നിക്കൊടി പാറിക്കാൻ
എത്രയോ സന്നാഹങ്ങൾ കൂട്ടി വച്ചിരുന്നു ലോക ശക്തികൾ .അതൊക്കെ തോറ്റ് നിലംപരിശായ അവസ്ഥയാണിപ്പോൾ.
    ഗൾഫിൽ കൊറോണ ബാധിച്ച് മരിച്ച മലയാളിയുടെ ശബ്ദ സന്ദേശം ഇന്നലെ വേദനയോടെ കേൾക്കേണ്ടി വന്നു.  കാര്യങ്ങൾ കൈവിട്ട് പോവുകയാണോ എന്ന ആ പാവത്തിന്റെ സന്ദേഹം സത്യമായി. അവിടങ്ങളിലൊന്നും മതിയായ രോഗ പരിരക്ഷ കിട്ടുന്നില്ലെന്നല്ലേ ഇതിനർത്ഥം. ഒരു പക്ഷേ, സാഹചര്യങ്ങൾ അത്തരത്തിലായതുകൊണ്ടാവാം. പരിഹാരം മരണം മാത്രമാവുന്നതുപോലെ.
      ജീവിത സങ്കല്പങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ആഢംബരങ്ങൾക്കും കണ്ണിനാനന്ദം പകരുന്ന കാഴ്ചകൾക്കുമൊക്കെയായി എത്രയോ പണം ചിലവഴിച്ചിരുന്നവരാണ് നമ്മളൊക്കെ .വീടുകളിൽ നയന മനോഹരമായ ചെടികൾ വളർത്തിയും പുൽമേടുകൾ വച്ചുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്ന നേരത്ത്, ഭക്ഷിക്കാനുതകുന്ന കായ്ഫലം തരുന്ന ഏതെങ്കിലുമൊരു മരമോ ചെടിയോ വളർത്താനാവണം ഇനി നമ്മുടെ ശ്രദ്ധ.   കുറഞ്ഞ കാലത്തിൽ കായ്ക്കുന്ന ഫല വൃക്ഷങ്ങളും മറ്റും കാർഷിക ശാസ്ത്രം വികസിപ്പിച്ചിട്ടുണ്ടല്ലോ ..!
 വീട്ടിൽ കറി വയ്ക്കാൻ ഒന്നുമില്ലെങ്കിലും അമ്മമാർ മുറ്റത്തിറങ്ങി ചുറ്റി നടന്നാൽ ഒരു മുറം സാധനങ്ങളുമായി കയറി വരുന്നത് കണ്ടിട്ടില്ലേ...?
അതുപോലെ പശുവിനെയും കോഴികളെയും വളർത്തിയിരുന്ന വീടുകൾ ഓർമ്മയില്ലേ.... നെറ്റി ചുളിക്കേണ്ട, മനുഷ്യനും പരിസരത്തിനും നന്മയായിരുന്നു ഇതൊക്കെ....

ജീവിതാനുഭവങ്ങളില്ലാത്ത പൊള്ളയായ സാഹിത്യമെഴുത്തും മാധ്യമ പ്രവർത്തനവുമൊക്കെ മറ്റ് രംഗങ്ങൾ പോലെ നമ്മുടെ വീഴ്ചകൾക്ക് ആക്കം കൂട്ടുകയാണ്. ആളും ബഹളവും കുടിയെന്നല്ലാതെ പ്രയോജനമുള്ള പ്രവൃത്തികൾ കുറഞ്ഞു വരിക തന്നെയാണ്.
    കൊറോണക്കാലത്ത് അമേരിക്കയെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പൊലിപ്പിച്ചെഴുതി അവസരം മുതലാക്കുന്ന ഒരു സമീപനം വളരുന്നു എന്നത് പലരും തുറന്നു പറയുന്നുണ്ടിപ്പോൾ. 'മാധ്യമ പെട്ടിക്കടക്കാർ ' എന്ന വിശേഷണം ഒരു അമേരിക്കൻ മലയാളിയുടെ എഴുത്തിൽ കണ്ടു.( വലിയ കടകൾ തുറന്നിരിക്കാൻ കെല്പില്ലാത്തവർ പെട്ടിക്കടകളുണ്ടാക്കുന്നു.)
സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചാനലുകളെയാവണം അദ്ദേഹം ഉദ്ദേശിച്ചത്.കേട്ടാൽ കേൾക്കുന്നവർ ഞെട്ടും എന്നു പറഞ്ഞ് ഓരോന്ന് അവതരിപ്പിച്ച് അവരിൽ പലരും തനിയെ ഞെട്ടുന്നത് നാം കാണുന്നുണ്ട്.
ഈയിടെ കായംകുളം എം.എൽ.എ. ക്ഷോഭിച്ച് പറഞ്ഞ വാക്കുകൾക്കെതിരെ സടകുടഞ്ഞ് അവരെക്കൊണ്ട് മാപ്പു പറയിക്കാനൊരുങ്ങിയതും നമ്മൾ കണ്ടു. അവരുടെ ഖേദ പ്രകടനം മാപ്പാണോ എന്നറിയില്ല. ഏതായാലും വിളിച്ചു  പറഞ്ഞതും മാപ്പ് പറഞ്ഞതും അന്തരീക്ഷത്തിൽ പറന്നു നടന്നു. കേരളത്തിന്റെ മുഖ്യമന്തി കടക്ക് പുറത്ത് എന്നു പറഞ്ഞപ്പോൾ കടന്നു പോയതും ഉന്നത ഉദ്യോഗസ്ഥന്റെ പത്രസമ്മേളനത്തിൽ ഒരു പത്രപ്രവർത്തകനെ ശകാരിച്ച് അവഹേളിച്ചപ്പോൾ ബാക്കിയുള്ളവർ മിണ്ടാതിരുന്നതും നമുക്കറിയാം.
പിന്നെ സ്ത്രീയെന്ന പരിഗണന വേണമെന്നുള്ളവർ അതിനനുസരിച്ച് പെരുമാറിയാലേ അതിഥി തൊഴിലാളികൾ എന്ന പരിഗണനയെങ്കിലും കിട്ടൂ എന്നതും ഇക്കാലത്തെ ഒരു സത്യമാണ്.
   പറഞ്ഞു വരുന്നത്, നമ്മൾ ആകെ മൊത്തം ഒന്നു നന്നാവേണ്ടതുണ്ട്. അതിനുള്ള സമയമാണിത്. നമുക്കൊന്നിച്ച് നന്നാവാം.

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക