Image

മര്‍ത്ത്യാ, നിനക്കെത്ര ശത്രു?- (കവിത- മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 06 April, 2020
മര്‍ത്ത്യാ, നിനക്കെത്ര ശത്രു?- (കവിത- മാര്‍ഗരറ്റ് ജോസഫ് )
കാലം കണക്കു കൂട്ടുന്ന,
ലാഭനഷ്ടങ്ങള്‍ക്കിടയില്‍,
സൃഷ്ടിമകുടമാകുന്ന,
മര്‍ത്ത്യാ, നിനക്കെത്ര ശത്രു?
ഒന്നാമതായി നീയെങ്കില്‍,
സംഹാരദൂതരായ് വേറെ,
ആയുസ്സില്‍ നേര്‍ക്കോടിയെത്തി,
ഏറ്റുമുട്ടാനിടയ്ക്കിടെ;
കാറ്റുകളട്ടഹസിച്ച്-
ആര്‍ത്തു സുനാമികളാകാം;
പേമാരിപ്രളയപ്പിശാചായ്,
നാശപ്രവാഹത്തിലാഴ്ത്താം;
ഭൂകമ്പം, കാട്ടുതീയൊക്കെ,
ക്ഷാമം, മഹാമാരിയും ഹാ!
ആഗോള വ്യാപിയായിപ്പോള്‍,
ആഘോതമേകുന്നതാര്?
രോഗാണുവായ 'കൊറോണ'-
മായ'ക്കിരീട'മായാര്‍ക്കും;
അമ്പേ, യരൂപികളായി,
അമ്പരിപ്പിച്ചുടനെങ്ങും!
മൃത്യുവിന്‍ വിത്തുകള്‍പാകി,
ദുഃഖം വിളയച്ചിടുന്നോ?
 'കോവിഡ് പത്തൊമ്പ'തെന്ന,
മാരക വ്യാധിക്കു മുമ്പില്‍,
കുമ്പിട്ടു വീണുപോകുന്നോ,
ബുദ്ധികുടമകളെല്ലാം?
മൃതി, മാടിവിളിക്കുമീ-
വൈരിയെ തോല്‍പിക്കുവാന്‍,
സ്വാര്‍ത്ഥത ലേശമില്ലാത്ത,
ആരോഗ്യ പാലകന്മാരേ;
സേവനം പൂജയാക്കുന്ന,
സ്‌നേഹാര്‍ദ്രമൂര്‍ത്തികളായി,
ദീനന്റെ കണ്ണുനീരൊപ്പും,
ദൈവദൂതന്മാര്‍ നിങ്ങള്‍.
ഏതോ ദിവ്യകരസ്പര്‍ശം,
ജന്മങ്ങളാക്കി,
ഉള്‍ക്കരുത്തോടെ യാത്രയില്‍,
ദുര്‍ഘടങ്ങള്‍ കടന്നവര്‍!
ജീവിതം പ്രത്യാശയേകി-
ജാഗ്രതയാര്‍ന്നുമുന്നോട്ട്....
പ്രത്യനഷധ, മുണര്‍ത്തട്ടെ-
'ഫീനിക്‌സ്' പക്ഷിയെപ്പോലെ
ഞാനെന്നഭാവമെന്തിയെ,
ആനയിച്ചിടാമന്യരെ,
ഈ പ്രകൃതിമര്‍മ്മരങ്ങള്‍,
പ്രാര്‍ത്ഥനാമന്ത്രങ്ങളല്ലെ;
സാന്ത്വനം വരമായവര്‍-
താന്തര്‍ക്കഭയമാകട്ടെ;
സാഹോദര്യം തണലാക്കി,
ഭൂവില്‍ സ്വര്‍ഗ്ഗം പണിയട്ടെ,
എന്തും കാല്‍ക്കീഴിലാക്കുവാന്‍,
കഴിവുറ്റ സുകൃതികള്‍.

മര്‍ത്ത്യാ, നിനക്കെത്ര ശത്രു?- (കവിത- മാര്‍ഗരറ്റ് ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക