Image

അന്തോനീസ് പുണ്യവാളനും , ലില്ലി പൂക്കളും പിന്നെ ഞാനും - പുഷ്പമ്മ ആൻ്റണി

Published on 06 April, 2020
അന്തോനീസ് പുണ്യവാളനും ,  ലില്ലി പൂക്കളും പിന്നെ ഞാനും - പുഷ്പമ്മ ആൻ്റണി
ചെറുപ്പം മുതൽ ഞാൻ  അന്തോനീസ്  പുണ്യവാളന്റെ  ഭക്ത ആണ് , കാരണം എൻ്റെ അപ്പൻറ് പേര് ആൻ്റണി , ഞാൻ പുഷ്പമ്മ ആൻ്റണി . ജോസഫ് എന്ന  എന്റെ അപ്പൻറെ വല്യപ്പന്റെ പേരിനു പകരം , നേർച്ച പേരായ ആൻ്റണി എന്ന്  അപ്പച്ചിയും , പൊന്നമ്മച്ചിയും  വിളിച്ചു . ( എൻ്റെ അപ്പന്റെ അപ്പനെ ഞാൻ അപ്പച്ചി എന്നും വല്യമ്മച്ചിയെ പൊന്നമ്മച്ചി എന്നും ആണ് വിളിച്ചിരുന്നത് .) 
അങ്ങനെ പുഷ്പമ്മ ജോസഫ് ആകേണ്ട ഞാൻ പുഷ്പമ്മ ആൻ്റണി ആയി .
എൻ്റെ അപ്പൻ ഉണ്ടായത് , കൊല്ലവർഷം  1104 മലയാള മാസം കന്നി നാലാം തിയതി , അതായത്  സെപ്റ്റംബർ 19,  1928 . ഇത്ര കൃത്യം ആയിട്ട് പറയാൻ കാരണം , അപ്പനെ അന്ന് സിസേറിയൻ ചെയ്താണ് എടുത്തത്. അന്ന് അത് ഒരു അപൂർവ സംഭവം ആയിരിന്നു . ഭയത്താൽ  അവർ പ്രാർത്ഥിച്ചു കുട്ടിയും അമ്മയും ജീവനോടെ വന്നാൽ കൊച്ചിനെ അന്തോണി എന്ന് വിളിക്കാം എന്ന് .(  1920ൽ ആണു ആദ്യ മലയാളി വനിതാ സർജൻ മേരി പുന്നൻ ലൂക്കോസിന്റെ നേതൃത്വത്തിൽ തൈക്കാട് സർക്കാർ ആശുപത്രിയിൽ പിന്നീട് ചരിത്രമായി മാറിയ ആദ്യ സിസേറിയൻ  ശസ്ത്രക്രിയ നടന്നത് ....)

ഓർമ്മ വെച്ച നാൾ മുതൽ എൻ്റെ വീട്ടിൽ വിശുദ്ധ അന്തോനീസിന്റെ ഒരു പടം ഉണ്ട് , ഉണ്ണി യേശുവിനെയും കൂടെ ലില്ലി പൂക്കളും ആയി നിൽക്കുന്ന പുണ്യവാളൻ , കുഞ്ഞായ എന്നോട് പൊന്നമ്മച്ചി പറഞ്ഞു പുണവാളന് ലില്ലി പൂക്കൾ ആണ് ഇഷ്ടം എന്ന് . ലില്ലി പൂക്കളുടെ തൈ അന്വേഷിച്ചു കുറെ നാൾ നടന്നു , കിട്ടിയില്ല , പിന്നെ എപ്പോളോ പീച് നിറം ഉള്ള ഒരു ലില്ലി ചെടിയുടെ ബൾബ് കിട്ടി , ഒരുപാട് നാളുകൾക്കു ശേഷം ആണ് അത് ഒരു പൂവ് തന്നത് . ഞാൻ വളരുന്നതിന് ഒപ്പം , ലില്ലി പൂക്കളോടുള്ള എൻ്റെ ഇഷ്ടവും , വിശുദ്ധനോടുള്ള ഭക്തിയും കൂടി . 
കാലം പോയപ്പോൾ പുഷ്പമ്മ ആൻ്റണി , പുഷ്പമ്മ ചാണ്ടി ആയി , പുഷ്പമ്മ ചാണ്ടി എന്ന പേര് എൻ്റെ ഹൃദയത്തിനോട് ചേർത്ത് വെച്ചപ്പോളും , ആരെങ്കിലും പുഷ്പമ്മ  ആൻ്റണി അല്ലെ എന്നു ചോദിക്കുമ്പോൾ , പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നും .

അന്തോനീസ് പുണ്യവാളനോടുള്ള സ്നേഹം മൂലം , പാദുവായിലെ പോയി (പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് ) , ആ മണ്ണിൽ കാലു വെച്ചപ്പോൾ പുണ്യവാളൻ എൻ്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ച പോലെ തോന്നി . നേരത്തേ അവിടെ പോയത് നന്നായി , അടുത്ത കാലത്തൊന്നും ഇനി ഇറ്റലിക്ക് പോകാൻ പറ്റില്ലലോ . 

ഇത്രയൊക്കെ എഴുതിയത് എന്താണെന്ന് അറിയാമോ ? ചെന്നൈയിലെ എൻ്റെ വീട്ടിലെ ലില്ലി ചെടിയിൽ പൂക്കൾ വന്നു , പീച്ച് കളർ . 
സത്യം പറഞ്ഞാൽ കുറെ ദിവസം ആയിട്ട് അന്തോനീസും , ലില്ലി പൂക്കളും ഒക്കെ ഞാൻ മറന്നു , ചെന്നൈ വീട്ടിൽ നിന്നും നാല് മിനിറ്റ് നടക്കാവുന്ന ദൂരത്താണ് , Saint ആന്റണി യുടെ പള്ളി , എന്നിട്ടും ...

pushpachandy@yahoo.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക