Image

ന്യു യോര്‍ക്കില്‍ മരണ സംഖ്യ വീണ്ടും കുതിച്ചുയര്ന്നു

Published on 07 April, 2020
ന്യു യോര്‍ക്കില്‍ മരണ സംഖ്യ വീണ്ടും കുതിച്ചുയര്ന്നു
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രണ്ടു ദിവസം കുറവ് കാണിച്ച മരണ സംഖ്യ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 731 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ ആണിത്.

അതിനു മുന്‍പ് രണ്ടു ദിവസം മരണം 600-ല്‍ താഴെ നിന്നത് പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.

മരണ സംഖ്യ കൂടിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെയും ഐ.സി.യുവില്‍ ഉള്ളവരുടെയും എണ്ണത്തില്‍ നടകീയമായ കുറവ് ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രികള്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യാത്തതാവാം കാരണമെന്ന് ചില ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞു

അമേരിക്കയില്‍ മരണം 11,000 കടന്നു. പകുതി ന്യുയോര്‍ക്ക് സ്റ്റേറ്റിലാണ്-5489. ന്യു ജെഴ്‌സിയിലും മരണം 1000 കടന്നു.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രോഗം ബാധിച്ചവര്‍ 138,000 കടന്നു.

സ്പ്രിംഗ് തുടങ്ങിയതിനാല്‍ പുറത്തു പോകാന്‍ മോഹം തോന്നുമെങ്കിലും അത് ഉപേക്ഷിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ ആളുകള്‍ കൂടുതല്‍ എത്തുന്നതിനെതിരെ ഹസിഡിക്ക് യഹൂദര്‍ക്കും മറ്റുള്ളവര്‍ക്കും അദ്ധേഹം മുന്നറിയിപ്പും നല്കി.

ന്യു യോര്‍ക്ക് സിറ്റിയില്‍ മരണ സംഖ്യ 9/11 നു ഉണ്ടായതില്‍ കൂടി. 3200-ല്‍ പരം പേര്‍ മരിച്ചു.727 പേര്‍ ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മരിച്ചത് റിക്കോര്‍ഡാണ്. മരണ സംഖ്യയില്‍ ഒരു ദിവസം 30 ശതമാനം വര്‍ദ്ധന. 4500 പേര്‍ക്കു കൂടി രോഗം ബാധിച്ചു. മൊത്തം 72,000-ല്‍ പരം.

ന്യു യോര്‍ക്കില്‍ അത്യാവശ്യമല്ലാത്ത ഓഫീസുകളും കടകളും അടച്ചിടുന്നത് ഈ മാസം 29 വരെ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ നീട്ടി. ഇതിനായി 'ന്യു യോര്‍ക്ക് ഓണ്‍ പോസ്'എക്സിക്യൂട്ടിവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു.

ഇതോടെ ലക്ഷക്കണക്കിനു ജോലിക്കാര്‍ ഈ മാസവും വീട്ടില്‍ തന്നെ ഇരിക്കേണ്ട സ്ഥിതിയിലായി. മാര്‍ച്ച് 22 മുതലാണു ഭാഗികമായ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. ഗ്രോസറി സ്റ്റോര്‍, മെഡിക്കല്‍ സ്റ്റോര്‍, ഹോട്ടലുകള്‍ എന്നിവ തുറക്കും. പക്ഷെ പലതും ഏതാനും മണിക്കൂര്‍ മാത്രമാണ് തുറക്കുന്നത്. സേവനങ്ങളും കുറച്ചു.
ഇത് സമ്പദ് രംഗത്ത് ദോഷം ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പൊതുജനാരോഗ്യത്തിനാണു താന്‍ മുന്‍ ഗണന നല്‍കുന്നത്.

സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ഈ ശത്രുവിനെ ആദ്യ ദിനത്തില്‍ തന്നെ നാം ചെറുതായി കണ്ടു. അതിനു വലിയ വിലയും കൊടുത്തു.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് പിഴ 500 ഡോളറില്‍ നിന്ന് 1000 ഡോളറായി ഉയര്‍ത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.

ഇതേ സമയം മോര്‍ച്ചറികളും ഫ്യൂണറല്‍ ഹോമുകളും നിറഞ്ഞ സാഹചര്യത്തില്‍ പാര്‍ക്കുകളില്‍ സംസ്‌കാരം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ന്യു യോര്‍ക്ക് സിറ്റി കൗണ്‍സില്മാനും സിറ്റി കൗണ്‍സില്‍ ഹെല്ത്ത് ചെയറുമായ മാര്‍ക്ക് ലിവൈന്‍ ട്വീറ്റ് ചെയ്തു. പത്ത് കാസ്‌കറ്റ് വയ്ക്കാവുന്ന ട്രെഞ്ച് ആണു പരിഗണിക്കുക. ഇത് താല്ക്കാലികമായിരിക്കും. ഇറ്റലിയിലെ സ്ഥിതി ഇവിടെ ഉണ്ടാകാതിരിക്കാനാണിത്. മരണ നിരക്ക് കുറഞ്ഞാല്‍ ഇതിന്റെ ആവശ്യം ഉണ്ടാവില്ല.

എന്നാല്‍ പാര്‍ക്കില്‍ സംസ്‌കരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു മേയറും ഗവര്‍ണറും വ്യക്തമാക്കി. താല്ക്കാലിക സംസ്‌കാരത്തിനു സിറ്റിക്കു സംവിധാനമുണ്ടെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക