Image

കോവിഡ് മുക്തമായ ശേഷം പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാം: റീ എന്‍ട്രി വീസകള്‍ സൗജന്യമായി പുതുക്കി തുടങ്ങി

Published on 09 April, 2020
കോവിഡ് മുക്തമായ ശേഷം പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാം: റീ എന്‍ട്രി വീസകള്‍ സൗജന്യമായി പുതുക്കി തുടങ്ങി

റിയാദ്: അവധിക്കും അല്ലാതെയും സൗദി അറേബ്യയുടെ പുറത്തുള്ള താമസരേഖയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്താന്‍ താമസമെടുക്കുമെന്നും രാജ്യം പൂര്‍ണമായും കോവിഡ് 19 ന്റെ പിടിയില്‍ നിന്നും മോചിതമായെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പു നല്‍കിയാല്‍ മാത്രം വീസ പുതുക്കി നല്‍കുമെന്നും പാസ്‌പോര്‍ട്ട് അതോറിട്ടി വ്യക്തമാക്കി.

ഫെബ്രുവരി 25 നും മേയ് 24 നും ഇടയില്‍ എക്‌സിറ്റ് റീ എന്‍ട്രി വീസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് സൗജന്യമായി മൂന്നു മാസത്തേക്ക് വീസ പുതുക്കി നല്‍കുന്നത് ആരംഭിച്ചതായും ജവാസാത്ത് വിഭാഗം പറഞ്ഞു. ഇത് ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടുമെന്നും ഇതിനായി ഒരു ഓഫീസിലും പോകേണ്ട ആവശ്യമില്ലെന്നും പാസ്‌പോര്ട്ട് അതോറിട്ടിയെ ഉദ്ധരിച്ചു കൊണ്ട് എസ്പിഎ റിപ്പോര്‍ട്ടു ചെയ്തു. ഓരോരുത്തരുടെയും അബ്ഷിറിലും (പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള പോര്‍ട്ടല്‍) ഇതിനുള്ള സൗകര്യമുണ്ടായിരിക്കും.

രാജ്യത്തിനു പുറത്തുള്ളവരുടെ എക്‌സിറ്റ് റീ എന്‍ട്രി വീസ പുതുക്കുന്നതിനുള്ള സംവിധാനം കഴിഞ്ഞ ആഴ്ച നിലവില്‍ വന്നിരുന്നു. എന്നാല്‍ രാജ്യം കോവിഡ് മുക്തമായെങ്കില്‍ മാത്രമേ ഇവര്‍ക്ക് തിരിച്ച് സൗദി അറേബ്യയില്‍ എത്താന്‍ സാധ്യമാവുകയുള്ളു. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ സൗകര്യങ്ങളും പുനഃസ്ഥാപിക്കപ്പെടണം. സാധാരണ നിലയിലേക്ക് ഈ സംവിധാനങ്ങളെല്ലാം എത്തിക്കഴിഞ്ഞാല്‍ മാത്രമേ സൗദിയുടെ പുറത്ത് അകപ്പെട്ടു പോയവര്‍ക്ക് തിരികെയെത്താന്‍ സാധ്യമാകൂ. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സ്‌പോണ്‌സര്‍മാരാണ് വീസ പുതുക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ആശ്രിതരുടെ വീസ പുതുക്കുന്നതിന് കുടുംബത്തലവന്‍ ആണ് വീസ പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ടത്. കൊറോണ മുക്തമാകുന്ന മുറക്ക് മാത്രമേ ഈ സൗകര്യങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളു.

അതിനിടെ യാത്രാവിലക്കിനെ തുടര്‍ന്നു സൗദി അറേബ്യയുടെ പുറത്ത് അകപ്പെട്ടു പോയ സൗദി പൗരന്മാരെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ആരംഭിച്ചു. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ മുഴുവന്‍ വിവരങ്ങളുമായി രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനാ ക്രമത്തില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇവരെ തിരിച്ചെത്തിക്കും. ആദ്യപടിയായി ബഹറിനില്‍ നിന്നും കിംഗ് ഫഹദ് കോസ്വേ വഴി 196 സൗദി പൗരന്മാരെ 12 ബസുകളിലായി രാജ്യത്ത് ഇന്നലെ തിരിച്ചെത്തിച്ചു. അന്താരാഷ്ട്ര വിലക്കുകള്‍ വന്ന ശേഷം ബഹറിനില്‍ കുടുങ്ങിയ 790 സൗദികളാണ് തിരിച്ചു വരാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരെ ഇനി 14 ദിവസം പ്രത്യേക സ്ഥലങ്ങളില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കും. അതിനായി സൗദി ടൂറിസം വകുപ്പ് 11000 ഹോട്ടല്‍ റൂമുകള്‍ നേരത്തെ സജ്ജീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക