Image

കോവിഡ് 19 പ്രതിരോധം; സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരേയും നഴ്സുമാരെയും സഹകരിപ്പിക്കുവാന്‍ തീരുമാനം

Published on 09 April, 2020
കോവിഡ് 19 പ്രതിരോധം; സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരേയും നഴ്സുമാരെയും സഹകരിപ്പിക്കുവാന്‍ തീരുമാനം


കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാര മെഡിക്കല്‍ ജീവനക്കാരെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു.

മാഹാമാരിയായ കൊറോണക്കെതിരെയുള്ള രോഗപ്രതിരോധത്തിനും ചികിത്സക്കും സ്വകാര്യ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് സ്റ്റാഫുകളുടെയും പാരിചയസമ്പത്ത് ഉപയോഗപ്പെടുത്തുവാനാണ് മന്ത്രാലയത്തിന്റെ ശ്രമം. ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ ഓഫീസിലേക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്താനുള്ള ഡോക്ടര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നഴ്‌സിംഗ് സ്റ്റാഫുമായി ബന്ധപ്പെട്ട അഭ്യര്‍ഥനകള്‍ മെഡിക്കല്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ ഓഫീസിലേക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ കോവിഡ് ചികിത്സക്ക് കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് പ്ലാസ്മ ശേഖരണം ആരംഭിച്ചു. കോവിഡ് ബാധിച്ചശേഷം രോഗമുക്തി നേടിയവരുടെ രക്തത്തില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികള്‍ക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ ചികിത്സക്ക് ഇത് പ്രയോജനപ്പെടുമെന്ന് രക്തദാന വിഭാഗം മേധാവി ഡോ. റീം അല്‍ റൗദാന്‍ പറഞ്ഞു. കോവിഡ് രോഗമുക്തി നേടിയവില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികളില്‍ പകരുന്നതോടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.ലോകാരോഗ്യ സംഘടനയുടെയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ബ്ലഡ് ബാങ്കിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കോവിഡ് മുക്തമായി വീട്ടുനിരീക്ഷണം കൂടി പൂര്‍ത്തിയായ ഉടനെയാണ് പ്ലാസ്മ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക