Image

പ്രവാസികളുടെ മടക്കം; കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം

Published on 12 April, 2020
 പ്രവാസികളുടെ മടക്കം; കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം


കുവൈത്ത് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ മേയ് വരെ കാത്തിരിക്കണമെന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളിധരന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും പ്രവാസി വിരുദ്ധവുമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത്.

കുവൈത്തില്‍ കോവിഡ് രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യമാനുള്ളത് . കുവൈത്ത് ആരോഗ്യ മന്ത്രാലയം സാധ്യമാകുന്ന എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ താമസ ഇടങ്ങളിലും രോഗ വ്യാപനത്തിന്റെ ആശങ്കയും ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറാണ്. കൂടാതെ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി കുവൈത്ത് ഗവണ്‍മെന്റ് നല്‍കുന്ന സൗജന്യ ടിക്കറ്റുമായി നാട്ടിലേക്ക് മടങ്ങാന്‍ തയാറായി ആയിരങ്ങള്‍ വേറെയുമുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കുവൈത്ത് ഗവര്‍മെന്റ് തയാറാണ്. എന്നാല്‍ മേയ് വരെ കാത്തു നില്‍ക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാര്‍വും സ്വന്തം പൗരന്മാരോടുള്ള നീതി നിഷേധവുമാണ്.

ലോക്ക് ഡൗണിന്റെ പേരില്‍ മേയ് വരെ നാട്ടിലേക്ക് വരാന്‍ പറ്റില്ല എന്നു പറയുന്നത് പ്രവാസികളോടു കാണിക്കുന്ന നന്ദി കേടാണ്. അവരെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അവര്‍ തിരികെ വന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന വാദം പ്രവാസ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ വാങ്ങുന്നതു വരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക