Image

കോവിഡ് പ്രതിരോധത്തിനു അമേരിക്ക വാങ്ങിയ ക്ലോറോക്വിന്‍ ഇന്ത്യന്‍ ചെടിയുടെ സത്ത്

Published on 13 April, 2020
കോവിഡ് പ്രതിരോധത്തിനു അമേരിക്ക വാങ്ങിയ ക്ലോറോക്വിന്‍ ഇന്ത്യന്‍ ചെടിയുടെ സത്ത്
ഊട്ടി, ഇടുക്കി, വാല്‍പ്പാറ തേയില തോട്ടങ്ങളോടു ചേര്‍ന്ന് വളര്‍ത്തിയിരുന്ന സിങ്കോണ ചെടിയില്‍ നിന്നാണ് ആദ്യകാലത്ത് മലേറിയ മരുന്നായ ക്ലോറോക്വിന്‍ വാറ്റിയെടുത്തിരുന്നത്.  എസ്റ്റേറ്റുകളില്‍ ഈ ചെടികള്‍ ഇപ്പോഴും കാണാം. ഇന്ന് ലോകത്ത് കൃത്രിമ (സിന്തറ്റിക്) ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലേറിയ ഗുളിക ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലാണ്. യുഎസും മറ്റും ഈ ഗുളിക ഇന്ത്യയില്‍ നിന്നു വാങ്ങേണ്ട സാഹചര്യമാണിപ്പോള്‍.

സിങ്കോണയുടെ തൊലി അടര്‍ത്തിയെടുത്ത് നിര്‍മിക്കുന്ന ക്വിനൈന്‍ എന്ന സത്തില്‍ നിന്ന് വാറ്റിയെടുക്കുന്നതാണ് ക്ലോറോക്വിന്‍. സിങ്കോണ ചെടിയുടെ സത്തെടുത്ത് കുടിച്ച് സാമുവല്‍ ഹനിമാന്‍ സ്വയം നടത്തിയ പരീക്ഷണത്തെ തുടര്‍ന്ന് അദ്ദേഹത്തിനു മലേറിയ പിടിപെട്ടു. ഇതാണ് പിന്നീട് ഹോമിയോപ്പതി എന്ന ശാഖയായി വികസിച്ചതെന്ന് ചരിത്രം.

സിങ്കോണ ഡയറക്ടറേറ്റിനു കീഴില്‍ കൊല്‍ക്കത്തയിലെ ബംഗാള്‍ കെമിക്കല്‍സ് എന്ന ഇന്ത്യയിലെ ആദ്യ ഔഷധ കമ്പനിയില്‍ ഇപ്പോഴും ഡാര്‍ജിലിങിലെ മുങ്പൂവില്‍ സിങ്കോണ തൊലി ഉപയോഗിച്ച് പ്രകൃതിദത്ത ക്ലോറോക്വിന്‍ ഗുളിക ഉല്‍പാദിപ്പിക്കുന്നുണ്ട്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയും  ഇവിടെ ഉത്പാദിപ്പിക്കുന്നു.

ഡാര്‍ജിലിങിലെ 2500 ഹെക്ടറില്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ സിങ്കോണ മരമുള്ളത്. 200 ടണ്‍ പ്രതിവര്‍ഷ ഉല്‍പാദനം. വില കിലോയ്ക്ക് 110 രൂപ. അര്‍ബുദമരുന്നുകളും ഉത്തേജകങ്ങളും സംബന്ധിച്ച ഗവേഷണവും നടക്കുന്നു. പൈതൃക തോട്ടമായി ഇതിനെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

1864 ല്‍ ചൈനീസ് തടവുകാരെ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാര്‍ നീലഗിരി കുന്നുകളിലേക്കും മൂന്നാറിലേക്കും സിങ്കോണ കൃഷി വ്യാപിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1944ല്‍ പരീക്ഷണശാലയില്‍ ക്വിനൈന്‍ കൃത്രിമമായി ഉല്‍പാദിപ്പിച്ചതോടെ ഈ ചെടിയോടുള്ള താല്‍പര്യം കുറഞ്ഞു. അറുപതുകളില്‍ ഊട്ടിയില്‍ നിന്ന് ഇവ മലയിറങ്ങി.

കേരള അതിര്‍ത്തിയിലെ വാല്‍പ്പാറയില്‍ ഏതാനും വര്‍ഷം മുമ്പ് വന്‍കിട സിങ്കോണ തോട്ടവും മലേറിയ ഗുളിക ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുണ്ടായിരുന്നു. ബര്‍മയിലേക്കു വരെ ഇതു കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ തേയിലയ്ക്കു വഴിമാറി. സിങ്കോണ എന്ന പേരില്‍ ഇവിടെ തുറന്ന പോസ്റ്റ് ഓഫിസ് ഇപ്പോഴുമുണ്ട്. പിന്‍കോഡ് 642106.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക