Image

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍കോട് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കും: ജയറാം

Published on 16 April, 2020
ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍കോട് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കും: ജയറാം


ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുന്‍കരുതലിലുമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയും വിഷു ആശംസയും നേര്‍ന്ന് നടന്‍ ജയറാം എത്തിയിരുന്നു.  ഇദ്ദേഹത്തെ കൂടാതെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, കാളിദാസ്, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിഷു ആശംസകളുമായി എത്തി.

മന്ത്രി കെ.കെ.ശൈലജയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, കൊവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പലതരം രോഗങ്ങള്‍ ലോകത്തു പടര്‍ന്നു പിടിച്ചപ്പോഴും രക്ഷകരായെത്തിയത് ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ജയറാം പറഞ്ഞു. ഇത്രയും ചെയ്യാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ട്. രോഗം ഭേദമായി രോഗികള്‍ വീടുകളിലേക്ക് പോകുന്നത് വാര്‍ത്തകളിലൂടെ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍കോട് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ടെന്നും ജയറാം പറഞ്ഞു

ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കളിയും ചിരിയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. 'ചെമ്പഴുക്ക... ചെമ്പഴുക്ക' എന്ന ഗാനം ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിരവധി ഗാനങ്ങള്‍ പാടുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ അവബോധമുണ്ടാക്കുന്നതിന് ഗായകന്‍ ജി.വേണുഗോപാല്‍ തയ്യാറാക്കിയ ആല്‍ബം മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വേണുഗോപാല്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക