Image

കോവിഡിനതിരെ റെംഡെസിവിര്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

Published on 17 April, 2020
കോവിഡിനതിരെ റെംഡെസിവിര്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: പരീക്ഷണദശയിലുള്ള റെംഡെസിവിര്‍ എന്ന മരുന്ന് നല്‍കുന്ന കോവിഡ്19 രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. എസ്ടിഎടി ന്യൂസാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ പോലും മരുന്ന് നല്‍കിയതോടെ ഒരാഴ്ചയോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതായി മരുന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് എസ്ടിഎടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഞങ്ങളുടെ ഭൂരിഭാഗം രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത''. മരുന്നു പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍ പറയുന്നു

പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം ലഭ്യമായാല്‍ ഉടന്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് 19 ചികിത്സക്കായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഒന്നുമില്ല. എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും ചികിത്സാരീതികളുടെയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ പെട്ടതാണ് റെംഡെസിവിര്‍ എന്ന മരുന്ന്.

ഗിലീഡ് സയന്‍സാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ മരുന്നിന് കൊറോണ വൈറസിനെ തടയാനും ചികിത്സിക്കാനും കഴിയുമെന്ന് പറയുന്നു. കോവിഡ് 19, സാര്‍സ് എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് പഠനം. ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടനയും  കോവിഡ് 19നെതിരെ റെംഡെസിവിര്‍ പ്രയോജനപ്പെടുമെന്ന് പറഞ്ഞിരുന്നു.

മറ്റു ക്ലിനിക്കുകളിലും മരുന്നിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 152 പരീക്ഷണ കേന്ദ്രങ്ങളില്‍ ഗുരുതരമായ കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 2,400 രോഗികള്‍ക്ക് ഗിലീഡ് മരുന്ന് പരിശോധനക്കായി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള 169 ആശുപത്രികളിലും ക്ലിനിക്കുകളിലും ചെറുതായി ലക്ഷണള്‍ പ്രകടിപ്പിക്കുന്ന 1,600 രോഗികളിലും മരുന്ന് പരീക്ഷിക്കുന്നുണ്ട്.

മാസാവസാനത്തോടെ ഈ പരീക്ഷണങ്ങളുടെ ഫലം ലഭിക്കുമെന്നാണ് ഗിലീഡിന്റെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക